നസ്റള്ള നയം മാറ്റി. രാഷ്ട്രീയ മാനിഫെസ്റ്റോ പുറത്തിറക്കി. 'ഇസ്ലാമിക റിപബ്ലിക്ക്' എന്ന ആശയം ഒഴിവാക്കി. പക്ഷേ, ഇസ്രയേൽ വിരുദ്ധത കൂടി.
ഹിസ്ബുല്ല നേതാവ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടുവെന്ന് ഇസ്രേയൽ സൈന്യം. വെള്ളിയാഴ്ച ഹിസ്ബുല്ല ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്റല്ല കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നസ്റല്ല മാത്രമല്ല, മറ്റ് നേതാക്കളും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ഓപ്പറേഷൻസിൽ വിദഗ്ധരാണ് ഇസ്രയേൽ. അത് ഒരിക്കൽ കൂടി തെളിയിച്ചു. അതും പേജർ വാക്കിടോക്കി സ്ഫോടനങ്ങൾ നടന്ന് അധികം കഴിയും മുമ്പ്.
അമേരിക്കൻ നേതൃത്വത്തിലെ സമാധാന നിർദ്ദേശങ്ങളും വെടിനിർത്തൽ നിർദ്ദേശവും പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇസ്രേയൽ ലബനണിൽ ആക്രമണം തുടങ്ങിയിരുന്നു. അതും പടിഞ്ഞാറിനെ നോക്കുകുത്തിയാക്കിക്കൊണ്ട്. വെടിനിർത്തൽ എന്ന ആശയമേ തള്ളിക്കളഞ്ഞ് കൊണ്ടുള്ള പ്രസംഗമാണ് നെതന്യാഹു യുഎന്നിൽ നടത്തിയതും. കാലങ്ങളായി അജ്ഞാതവാസത്തിലായിരുന്നു നസ്റള്ള. കൊല്ലപ്പെടുമെന്ന ഭീതി കാരണം. ഹിസ്ബുള്ളയെ ഇന്നത്തെ ഹിസ്ബുള്ളയാക്കിയത് നസ്റള്ളയാണ്.
undefined
ഹസൻ നസ്റള്ള
ലബനണിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ പുറത്താക്കാൻ പാടുപെട്ടിരുന്നു ലബനീസ് സൈന്യം. അവരെ സഹായിക്കാൻ വേണ്ടി രൂപംകൊണ്ട സായുധസംഘടനയാണ് പിന്നീട് ഹിസ്ബുള്ളയായത്. പച്ചക്കറി കച്ചവടക്കാരനായ അച്ഛന്‍റെ 9 മക്കളിൽ ഒരാൾ. ഇറാഖിലെ മതസ്ഥാപനങ്ങളിൽ പഠനം. തിരിച്ചെത്തി ഹിസ്ബുല്ലയുടെ ആദ്യരൂപമായ അമലിൽ (Amal) ചേർന്നു. പിന്നെയത് രണ്ട് സംഘമായി പിരിഞ്ഞതിൽ ഒരു വിഭാഗം 'ഇസ്ലാമിക് അമലാ'യി (Ismaic Amal). അതിലാണ് നസ്റള്ള പ്രവർത്തിച്ചത്. അധികം കഴിയുംമുമ്പ് ഇസ്ലാമിക് അമൽ ഔദ്യോഗിക സംഘടനയായി. അമേരിക്കയെയും സോവിയറ്റ് യൂണിയനെയും ശത്രുക്കളായി പ്രഖ്യാപിച്ചു. ഇസ്രയേലിന്‍റെ നിർമാർജ്ജനത്തിനും ആഹ്വാനം ചെയ്തു. പലസ്തീന് പ്രഖ്യാപിത പിന്തുണ എപ്പോഴുമുണ്ടായിരുന്നു.
ലബനണിലെ പേജർ സ്ഫോടനം; പഴയ തന്ത്രം പക്ഷേ, കൂട്ട ആക്രമണം ആദ്യം
യുദ്ധങ്ങൾ
ആദ്യത്തെ മേധാവിയായ മുസാവി ഇസ്രയേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ '92 -ൽ നസ്റള്ള ഹിസ്ബുള്ള മേധാവിയായി. '97 -ലാണ് അമേരിക്ക ഹിസ്ബുള്ളയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചത്. 2000 -ൽ ഹിസ്ബുള്ളയുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന് ഇസ്രയേലി സൈന്യം പിൻമാറി. അത് തങ്ങളുടെ വിജയമായി ആഘോഷിച്ചു നസ്റള്ള. പിന്നെ 2006 -ലെ യുദ്ധം. അതിർത്തി കടന്ന് 8 ഇസ്രയേലി സൈനികരെ വധിച്ച്, 2 പേരെ തട്ടിക്കൊണ്ട് പോന്നു ഹിസ്ബുള്ള. പിന്നാലെ ഇസ്രയേലിന്‍റെ ആക്രമണത്തിൽ ലബനൺ തകർന്ന് തരിപ്പണമായി. 34 ദിവസം നീണ്ട യുദ്ധം.
നയം മാറ്റം
ഒടുവിൽ നസ്റള്ള നയം മാറ്റി. രാഷ്ട്രീയ മാനിഫെസ്റ്റോ പുറത്തിറക്കി. 'ഇസ്ലാമിക റിപബ്ലിക്ക്' എന്ന ആശയം ഒഴിവാക്കി. പക്ഷേ, ഇസ്രയേൽ വിരുദ്ധത കൂടി. ഇതിനിടെ ലബനൺ സർക്കാരിൽ ഭാഗമായിരുന്ന ഹിസ്ബുള്ള കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയായി. പ്രസിഡന്‍റിന്‍റെ പദവി കുറേക്കാലം ഒഴിഞ്ഞു കിടന്നു. സംഘർഷം തുടർന്നതോടെ ഖത്തർ ഇടപെട്ട് ഹിസ്ബുള്ളക്ക് കൂടുതൽ സീറ്റുകൾ നൽകി. പക്ഷേ, തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പരാജയമായിരുന്നു ഫലം. സർക്കാരിൽ നിന്ന് പിന്മാറിയെങ്കിലും നിർണ്ണായക രാഷ്ട്രീയ ശക്തിയായി ഹിസ്ബുള്ള മാറിയിരുന്നു.
ലെബനണിലെ പേജർ സ്ഫോടനം; രാജ്യാതിർത്തികള്‍ കടക്കുന്ന അന്വേഷണം
നെറ്റോയെ (NATO) പ്രതിരോധിക്കാന്‍ സിറിയയിലേക്ക് നസ്റള്ള തന്നെയാണ് സൈന്യത്തെ അയച്ചത്. ഇതിന് ഹിസ്ബുള്ളയ്ക്കുള്ളില്‍ നിന്നും എതിര്‍പ്പുണ്ടായി തീരുമാനത്തിൽ ലബനണിലെ സുന്നി നേതാക്കളും ഇടഞ്ഞു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കടുത്തപ്പോള്‍ സർക്കാരിനെതിരെ തിരിഞ്ഞ ജനത്തെ പക്ഷേ, നസ്റള്ള പിന്തുണച്ചില്ല. സർക്കാരിനെ കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇറാന്‍റെ ആക്സസ് ഓഫ് റെസിസ്റ്റന്‍സിലെ (Axis of resistance) നിർണായക ഘടകമായിരുന്നു നസ്റള്ള.
അപ്രതീക്ഷിതം
ഹമാസിന്‍റെ ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് നസ്റള്ളയ്ക്കും അറിവുണ്ടായിരുന്നു എന്ന് വ്യക്തമാണ്. പക്ഷേ, ഇസ്രയേലിന്‍റെ അപ്രതീക്ഷിതമായ പേജർ ആക്രമണങ്ങൾ ഹിസ്ബുള്ളയെ തളർത്തി. പിന്നാലെ അവിചാരിമായ ആഘാതമായി നസ്റള്ളുടെ മരണം. പക്ഷേ, ഹിസ്ബുള്ള ഇതോടെ ഇല്ലാതെയാകും എന്ന് വിചാരിക്കാൻ പ്രയാസം. പ്രവർത്തനരീതി മാറുമായിരിക്കും, അത്രമാത്രം. ജൂലൈ 30 -നാണ് ഹിസ്ബുള്ളയുടെ ഉന്നത കമാണ്ടർ ഫുആദ് ശുകൂർ (Fuad shukur) ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനുമുമ്പ് മുഹമ്മദ് നാസർ, തലബ് അബ്ദുല്ല, ഏറ്റവും ഒടുവിലത്തെ പേര് നസ്റള്ള.
ഒക്ടോബർ ഏഴിന് ശേഷം ഇസ്രയേൽ ആദ്യമായി ബെയ്റൂട്ട് നഗരാതിർത്തി കടന്ന് ആക്രമണം ആരംഭിച്ചു. യുദ്ധം, ഇന്ന് ലെബനണിന്‍റെ കര അതിര്‍ത്തിക്കുള്ളിലേക്ക് വ്യാപിച്ചിരിക്കുന്നു.