'അനേകം ആളുകള്‍ പിച്ചിക്കീറിയ ഒരാഴ്ച പോരെ ഒരു സ്ത്രീയ്ക്ക് സ്വന്തം ശരീരത്തെ എന്നെന്നേക്കുമായി വെറുക്കാന്‍? ആര്‍ത്തിയോടെ എന്നെ എന്നും നോക്കി നില്‍ക്കുമായിരുന്ന സമീപത്തെ പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരന്‍ ആയിരുന്നു ആദ്യത്തെയും അവസാനത്തെയും ആള്‍. നൂറു ഡോളര്‍. ഡോളിയില്‍ നിന്ന് കേട്ട ഹോപ്പിന്റെ നിറുത്താതെയുള്ള കരച്ചില്‍ കേട്ടത് കൊണ്ടാവണം, അയാളെനിക്ക് നൂറു ഡോളര്‍ തന്നു. ശരീരം വൃത്തിയാക്കിയതിനു ശേഷം കുഞ്ഞിനേയും എടുത്തുകൊണ്ടു മാര്‍ക്കറ്റിലേക്ക് നടന്ന എന്റെ മുന്നില്‍ അയാളുടെ കാര്‍ വീണ്ടും വന്നു നിന്നു. കഥയേക്കാള്‍ വിചിത്രമായ ഒരു പെണ്‍ ജീവിതം. ഹരിതാ സാവിത്രി എഴുതുന്നു
''എന്റെ ഹോപ്! അവള്‍ എത്ര ചെറുതാണ്! എന്നെ അവള്‍ മറന്നു പോകും! കുളിച്ചു വരുമ്പോള്‍ അമ്മയ്ക്ക് എന്ത് നല്ല മണം എന്ന് പറഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ച് വയറില്‍ മുഖമമര്‍ത്തുന്നതും ഉറങ്ങാതെ കിടന്ന രാത്രികളില്‍ ജനാലച്ചില്ലിലൂടെ കണ്ട നക്ഷത്രങ്ങള്‍ക്ക് ഞങ്ങളിട്ട പേരുകളും അവള്‍ മറന്നു പോകും. ഞാന്‍ എപ്പോഴും ഉണ്ടാക്കുന്ന അവള്‍ക്കിഷ്ടമുള്ള കൂണ്‍ ചേര്‍ത്ത സൂപ്പിന്റെ രുചിയും ഞങ്ങള്‍ ഒളിച്ചു കളിക്കുന്ന ചതുരക്കളങ്ങള്‍ നിറഞ്ഞ കമ്പിളിപുതപ്പിന്റെ ചൂടും എന്റെ മകള്‍ മറക്കും.. ഞാന്‍ പതിയെ.. പതിയെ.. മാഞ്ഞു പോകും. പോകണം. അല്ലെ?''
undefined
അനേക വര്‍ഷങ്ങള്‍ ഭൂഗര്‍ഭത്തില്‍ നിന്ന് കുതറിത്തെറിച്ച ലാവ അടരുകളായി ഉണങ്ങിയുറച്ചു രൂപപ്പെട്ടതാണ് ഇറാനിയന്‍ അസര്‍ബൈജാനിലെ സഹന്‍ദ് എന്ന കൂറ്റന്‍ പര്‍വതനിര. സസ്യ, ജീവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായ സഹന്‍ദ് ഇറാനിലെ പര്‍വതങ്ങളുടെ വധു എന്നറിയപ്പെടുന്നു. അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത കുര്‍ദ് വംശജരായ ദദ്യാറും ഭാര്യ സനയും തങ്ങളുടെ പുത്രിയ്ക്ക് സഹന്‍ദ് എന്ന് പേരിടുമ്പോള്‍ അവരുടെ മനസ്സില്‍ തങ്ങള്‍ പിന്നിലുപേക്ഷിച്ചു വന്ന താഴ് വാരത്തിലെ കൊച്ചു വീടും ഇടതൂര്‍ന്നിരുണ്ട കടുംപച്ച നിറമുള്ള കാടുകളും പുല്‍മേടുകളും പൂത്തുലഞ്ഞ കാട്ടുവള്ളികളുമായിരുന്നിരിക്കണം ഉണ്ടായിരുന്നത്. വെയിലില്‍ ഉണക്കിയെടുത്ത ചെളി കൊണ്ടുള്ള കനത്ത കട്ടകളും പര്‍വ്വതത്തില്‍ നിന്ന് കൊത്തിയെടുത്ത കറുത്ത് മിനുത്ത പാറക്കല്ലുകളും വില്ലോ മരത്തിന്റെ തടിയും ചേര്‍ത്തുണ്ടാക്കിയ കാടിന്റെ മണമുള്ള ആ വീട് ഇപ്പോഴും സഹന്‍ദ് ഓര്‍മ്മിക്കുന്നുണ്ട്. അമേരിക്കയിലേക്ക് കുടുംബസമേതം കുടിയേറിപ്പാര്‍ത്തതിനു ശേഷം തങ്ങളുടെ വൃദ്ധരായ അച്ഛനമ്മമാര്‍ മരണത്തിനു കീഴടങ്ങുന്നത് വരെ ദദ്യാറും സനയും മക്കളുമൊത്ത് ആ താഴ് വാരത്തിലേക്ക് ദേശാടനപ്പക്ഷികളെപോലെ എല്ലാ വര്‍ഷവും പറന്നെത്തിക്കൊണ്ടിരുന്നു.
''അമ്മയുടെ അമ്മ മരിച്ചതിനു ശേഷം ഞാന്‍ നാട്ടില്‍ പോയിട്ടേയില്ല.''
വോഡ്കയുടെ അവസാനതുള്ളിയും നാക്കിലേക്ക് ഇറ്റിച്ച ശേഷം സഹന്‍ദ് കയ്യുയര്‍ത്തി എയര്‍ ഹോസ്റ്റസിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അവള്‍ വീണ്ടും മദ്യം ആവശ്യപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് മനസ്സിലായി. വിമാന യാത്രകളില്‍ സഹജമായ തലവേദന വരുമെന്ന് ഭയന്ന് ഞാന്‍ ഇളം ചൂടുള്ള മൃദുലമായ പുതപ്പ് കൊണ്ട് പുതച്ചു കൊണ്ട് അല്‍പ്പമൊന്നു ഉറങ്ങാന്‍ ശ്രമിച്ചു. തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന സഹന്‍ദ് വീണ്ടും കുടിക്കുകയാണ് എന്ന് അവളുടെ ചലനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നു. കണ്ണുകള്‍ എത്ര മുറുക്കിയടച്ചിട്ടും അവളുടെ നിസ്സഹായമായ ഇടറിയ ശബ്ദം ചെവികളില്‍ മുഴങ്ങുന്നത് പോലെ തോന്നി.
''എന്റെ കുഞ്ഞ് സുരക്ഷിതയാണ്. എന്റെ സ്‌നേഹം അവര്‍ക്ക് ഒരു ബാധ്യതയാവുകയേ ഉള്ളൂ..''
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് ഇങ്ങനെ മുറിവേല്‍ക്കുന്നത്? ഇറാനില്‍ ജനിച്ച, അമേരിക്കയില്‍ വളര്‍ന്ന, കുര്‍ദ് രക്തം സിരകളിലോടുന്ന മിലാന്‍ എന്ന ഗോത്ര വര്‍ഗ്ഗത്തില്‍ പെട്ട ഒരു സ്ത്രീ, ചിതറുന്ന വാക്കുകളില്‍ അവളുടെ കഥ നിശ്ശബ്ദയായി കേട്ട് കൊണ്ടിരുന്നപ്പോള്‍ ഇതെത്ര പരിചിതമാണ് എന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍. സ്‌നേഹവും, പ്രണയവും ഏല്‍പ്പിക്കുന്ന വൈകാരികാഘാതങ്ങള്‍, ഒരിക്കലും ഉണങ്ങാതെ, നീറിനീറിപ്പുകയുന്ന പൊള്ളലുകള്‍, അവയുടെ വേദന, ആഴം.. ഒടുങ്ങാത്ത നീറ്റല്‍.. എനിക്കറിയാം ഇത്.. ഈ വേദന പരിചയമില്ലാത്ത സ്ത്രീകള്‍ എന്റെ നാട്ടിലും ഉണ്ടാവില്ല.
ഉറക്കത്തെ വെല്ലുവിളിച്ചു കൊണ്ട് വേദനയുടെ മൂര്‍ച്ചയുള്ള ചീളുകള്‍ തലയിലൂടെ കടന്നു പോയിക്കൊണ്ടെയിരുന്നു. ജനാലയുടെ മൂടി അല്‍പമൊന്നുയര്‍ത്തി വച്ച്, മൂക്ക് തണുത്തു കട്ടിയേറിയ ചില്ലിന്മേല്‍ അമര്‍ത്തി ഞാന്‍ പുറത്തേയ്ക്ക് നോക്കി. കരിമഷി പടര്‍ന്നത് പോലെ ഇരുണ്ടു നീലിച്ച, അനന്തമായ ഇരുട്ടല്ലാതെ മറ്റൊന്നും പുറത്തു കാണാന്‍ കഴിഞ്ഞില്ല. കറുത്തിരുണ്ട മലകളുടെ അടിവാരങ്ങളിലെ ഏകാന്തരായ വേട്ടക്കാരുടെ കുടിലുകളില്‍ നിന്നോ അടുത്ത ലക്ഷ്യത്തിലേക്ക് പതിയെ ഒഴുകി നീങ്ങുന്ന കപ്പലുകളില്‍ നിന്നോ മറ്റോ ഒരല്‍പം വെളിച്ചത്തിന്റെ ഒരു തരിയെങ്കിലും കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. അല്‍പ്പം മുമ്പ് കേട്ട കഥയിലെ നിസ്സഹായയായ പെണ്‍കുട്ടി ഉറങ്ങാന്‍ അനുവദിക്കാതെ തന്റെ വലുപ്പമുള്ള കടും തവിട്ടു നിറമുള്ള കണ്ണുകള്‍ ഉയര്‍ത്തി ദയനീയമായി നോക്കിക്കൊണ്ട് മുന്നില്‍ നില്‍ക്കുകയാണ്. ക്ലാസ്സില്‍ കുറഞ്ഞ ഗ്രേഡുകള്‍ മാത്രം നേടിയിരുന്ന പഠന വൈകല്യമുള്ള പെണ്‍കുട്ടി.. ഇരുണ്ട നിറമുള്ള കുടിയേറ്റക്കാരി...മുസ്‌ലിം രക്തം സിരകളിലോടുന്ന കുര്‍ദ്.. ദൂരെ ആകാശത്തൊരു മിന്നല്‍ പുളഞ്ഞു. കാലാവസ്ഥ വഷളാവുകയാണ് എന്ന് തോന്നുന്നു. വിമാനം ഇടയ്‌ക്കൊന്നുലഞ്ഞു. ഞാന്‍ തിരിഞ്ഞു സഹന്‍ദിനെ നോക്കി. അവള്‍ കണ്ണുകള്‍ അടച്ചു ഇരിപ്പിടത്തിലെയ്ക്ക് തലചായ്ച്ചിരിക്കുകയാണ്...സ്‌നേഹത്തോടെ ഒന്ന് തലോടാന്‍.. അവളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്‍കുട്ടി തെരുവിലാകുമായിരുന്നില്ല. ജനല്‍പ്പാളി അടച്ചതിനു ശേഷം ഒരു നെടുവീര്‍പ്പോടെ ഞാനും പുതപ്പിനുള്ളിലെ സുഖപ്രദമായ ചൂടിലേക്ക് നൂഴ്ന്നു.
ടര്‍ക്കിയിലേക്കുള്ള യാത്രയുടെ കാര്യം ചില സുഹൃത്തുക്കളോടു പങ്കു വച്ചപ്പോഴാണ് സഹന്‍ദിനെ പറ്റി ആദ്യമായി കേള്‍ക്കുന്നത്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരുന്ന കുര്‍ദ് യുവതി. ഒരു മാസമായി അവള്‍ നഗരത്തിലെ ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ഉണ്ട്. ചില മാനസികപ്രയാസങ്ങള്‍ മൂലം വലഞ്ഞിരുന്ന അവളെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാന്‍ സുഹൃത്തുക്കള്‍ക്ക് മടി. ഇസ്താംബുള്‍ വരെയുള്ള യാത്രയില്‍ അവളെക്കൂടി കൂട്ടാമോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെയാണ് സമ്മതം മൂളിയത്. ഇത്തരം യാത്രകളില്‍ അനുഭവിക്കേണ്ടി വരുന്ന ഏകാന്തതയും വിമാനത്താവളങ്ങളിലെ മണിക്കൂറുകളോളം നീളുന്ന മടുപ്പിക്കുന്ന കാത്തിരിപ്പും എന്നെ വല്ലാതെ അസ്വസ്ഥയാക്കാറുണ്ട്. ഉത്സാഹത്തോടെ ഞാന്‍ സഹന്‍ദിന്റെ നമ്പര്‍ കരസ്ഥമാക്കുകയും യാത്രയുടെ വിവരങ്ങളുമായി ചുരുക്കം ചില സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു.
എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ദൂരെ വച്ചു തന്നെ ഒരു തൂണിനു സമീപം എന്നെയും കാത്ത് നില്‍ക്കുന്ന സഹന്‍ദിന്റെ മെലിഞ്ഞ രൂപം കാണാമായിരുന്നു. അതുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കില്‍ പോലും അവള്‍ തികഞ്ഞ സൗഹൃദഭാവത്തില്‍ എന്റെ കയ്യിലെ കനത്ത ബാഗ് ഉള്ളിലേക്ക് വലിച്ചുകൊണ്ട് പോകാന്‍ സഹായിക്കുകയും ആകെ തളര്‍ന്നിരുന്ന എനിക്ക് പരുക്കന്‍ തുണി കൊണ്ട് തുന്നിയ ലളിതമായ തോള്‍സഞ്ചിയില്‍ നിന്ന് പുറത്തെടുത്ത ചെറിയൊരു പാക്കറ്റ് ജ്യൂസ് നല്‍കുകയും ചെയ്തു.
..........................................................................................................................................................................................................................
''നിനക്ക് എന്നെപ്പറ്റി എഴുതാമോ? എന്റെ കുഞ്ഞ് ഹോപ്പിനെ പറ്റി? എന്റെ തുടയിലെ പൊള്ളല്‍പ്പാടിനെ പറ്റി? ചെറിമരത്തിന്റെ ചുവട്ടില്‍ വച്ചു എമിലി എനിക്ക് നല്‍കിയ തീക്ഷ്ണമായ ചുംബനങ്ങളെ പറ്റി?? അതിജീവനത്തിനായി ആയുധമെടുത്തിറങ്ങേണ്ടി വന്ന കുര്‍ദ് സ്ത്രീകളെ പറ്റി?'
Image courtesy: Stela Di/ pixabay
ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട ആ കാത്തിരിപ്പിന്റെ തുടക്കത്തില്‍ ഞങ്ങള്‍ അവളുടെ പ്രസ്ഥാനത്തിന്റെ ആശയങ്ങളെ കുറിച്ചും അവരുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചുമാണ് സംസാരിച്ചത്. സാവധാനം ആ സംഭാഷണം കുര്‍ദ് സമൂഹത്തെയും കുടുംബസംവിധാനത്തെയും കുറിച്ചായി മാറി. രോഷം കലര്‍ന്ന വാക്കുകളില്‍ സഹന്‍ദ് തന്റെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥയെ പറ്റി വിശദീകരിച്ചപ്പോള്‍ അതിനു ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതത്തോടുള്ള അതിശയകരമായ സാമ്യത്തെ പറ്റി ഞാന്‍ ഓര്‍ക്കുകയായിരുന്നു. അവളുടെ സുഹൃത്തുക്കളോട് എനിക്കുള്ള അടുപ്പമോ സമാനമായ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന മറ്റൊരു സ്ത്രീ എന്ന തോന്നലോ ഉളവാക്കിയ ആത്മവിശ്വാസത്താലാവണം, ഒരു മടിയും കൂടാതെ തന്റെ ജീവിതം അവള്‍ എന്റെ മുന്നില്‍ തുറന്നു വച്ചു.
പരിഹസിക്കുന്ന സഹപാഠികളും കുറഞ്ഞ ഗ്രേഡുകളും മൂലം സ്‌കൂളില്‍ വല്ലാതെ ഒറ്റപ്പെട്ടു പോയ കൗമാരകാലത്താണ് സഹന്‍ദ് തന്റെ തെരുവില്‍ തന്നെ താമസിക്കുന്ന എമിലിയുമായി അടുക്കുന്നത്. അവള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയായിരുന്നു എമിലിയും പഠിച്ചിരുന്നത്. രണ്ടു വര്‍ഷം മൂപ്പുള്ളത് കൊണ്ട് സഹന്‍ദിന് പ്രയാസമുള്ള വിഷയങ്ങളില്‍ കുറച്ചൊക്കെ സഹായിക്കാനും എമിലിയ്ക്ക് കഴിഞ്ഞിരുന്നു.
എമിലിയെ കുറിച്ചു പറഞ്ഞപ്പോള്‍ സഹന്‍ദിന്റെ ലഹരിയും വിഷാദവും നിറഞ്ഞ, പകുതി കൂമ്പിയ കണ്ണുകളില്‍ പ്രകാശം തുളുമ്പി. തന്റെ പുതിയ സുഹൃത്തിന്റെ വീട്ടിലെ കുതിരകളുമായി നദീതീരത്തു കൂടി കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഒറ്റയടിപ്പാതകളിലൂടെ സവാരികള്‍ നടത്തിയ കുളിര്‍ന്ന പ്രഭാതങ്ങളെ കുറിച്ചും മതിയാവോളം നീന്തിത്തുടിച്ചതിനു ശേഷം ഇളം കാറ്റ് വീശുന്ന തടാകതീരത്ത് മണിക്കൂറുകള്‍ സംസാരിച്ചിരിക്കുമായിരുന്ന സായാഹ്നങ്ങളെ കുറിച്ചും സന്തോഷത്തോടെയാണ് അവള്‍ ഓര്‍ത്തെടുത്തത്. മകളുടെ പുതിയ കൂട്ടുകാരിയെ പറ്റി മാതാപിതാക്കള്‍ക്ക് പരാതിയൊന്നും പറയാനുണ്ടായിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന എമിലിയുടെ സ്വാധീനം കൊണ്ടെങ്കിലും സഹന്‍ദ് നല്ല മാര്‍ക്കുകള്‍ വാങ്ങിക്കും എന്നവര്‍ പ്രതീക്ഷിച്ചു.
''ആ ബന്ധം ക്രമേണ പ്രണയമായി മാറി.'' സഹന്‍ദ് പുഞ്ചിരിയോടെയാണത് പറഞ്ഞത്. കണ്ണുകള്‍ എവിടെയോ ഉറപ്പിച്ച്, പുകയിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി, ഓര്‍മ്മകളില്‍ എവിടെയോ സ്വയം നഷ്ടപ്പെട്ടത് പോലെയുള്ള ആ ജീവനില്ലാത്ത ചിരി കണ്ടപ്പോള്‍ എനിക്ക് ഭയമാണ് തോന്നിയത്. വലിയ ബാഗുകളും വലിച്ചു കൊണ്ട് സമീപത്തു കൂടി തിരക്കിട്ട് നടന്നു പോകുന്ന ആളുകളെ ശ്രദ്ധിക്കാതെ ധരിച്ചിരുന്ന നനുത്ത പരുത്തിത്തുണി കൊണ്ട് തയ്ച്ച അയഞ്ഞ പാവാട പൊക്കി തുടയിലെ നീളത്തിലുള്ള പൊള്ളിയ പാട് സഹന്‍ദ് എനിക്ക് കാട്ടിത്തന്നു. വെളുത്തു വിളറിയ തുടയില്‍ ഇളം തവിട്ടു നിറത്തില്‍ ആഴത്തിലുള്ള പൊള്ളലിന്റെ, തീരാ വേദനയുടെ, പോകാപ്പാട്!
''വീടിനു പിന്നില്‍ നന്നായി കായ്ക്കുന്ന ഒരു ചെറിമരമുണ്ടായിരുന്നു. വേനല്‍ക്കാലത്ത് വയലറ്റ് നിറത്തില്‍ മധുരമുള്ള ചാറു നിറഞ്ഞ ചെറിപ്പഴങ്ങളുടെ കുലകളുടെ ഭാരം താങ്ങാനാവാതെ ആ മരത്തിന്റെ ശാഖകള്‍ വളഞ്ഞു തറയില്‍ മുട്ടാറുണ്ട്. ഒരു ദിവസം വൈകുന്നേരം കൂടകളുമായി പഴുത്ത കായകള്‍ ശേഖരിക്കാന്‍ പറഞ്ഞു വിട്ട കുട്ടികള്‍ തിരിച്ചെത്താന്‍ വൈകിയപ്പോള്‍ തിരഞ്ഞുവന്ന എന്റെ അമ്മ ഞങ്ങള്‍ ചുംബിക്കുന്നത് കണ്ടു.''
അവള്‍ ആ പാടിനെ തഴുകിത്തലോടി.
''നീണ്ട കത്തി തീയില്‍ കാണിച്ചു പഴുപ്പിച്ചു അമ്മ തന്നെയാണ് എന്റെ കാലില്‍ അമര്‍ത്തിയത്. അത് ചെയ്തപ്പോള്‍ എന്നെക്കാള്‍ ഉച്ചത്തില്‍ അവര്‍ അലറിക്കരയുന്നുണ്ടായിരുന്നു.''
ചുട്ടുപഴുത്ത കത്തി മാംസത്തിലേക്ക് തറഞ്ഞു കയറുന്ന ആ വേദനയുടെ മൂര്‍ച്ചയില്‍ എന്നോണം പിടഞ്ഞു കൊണ്ട് സഹന്‍ദ് മുഖം പൊത്തിപ്പിടിച്ചു. ചീകിയൊതുക്കാതെ കെട്ടുപിണഞ്ഞ പരുക്കന്‍ മുടി നിറഞ്ഞ ആ തലയില്‍ പതുക്കെ തലോടിക്കൊണ്ട്, കുതിച്ചു ചാടാന്‍ വെമ്പിയ കരച്ചിലടക്കി ഞാന്‍ അവള്‍ ശാന്തയാകുന്നത് കാത്തിരുന്നു.
''അന്നു സഹിക്കേണ്ടി വന്ന ഭീകര മര്‍ദ്ദനത്തിന്റെ ഫലമായുണ്ടായ മുറിവുകളുടെ പാടുകള്‍ ഏറെയും കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ മാഞ്ഞു പോയി. ഈ പാട് മാത്രം എമിലിയുടെ ഓര്‍മ്മയ്‌ക്കെന്നോണം ബാക്കിയായി.'' ചുറ്റും നിന്ന് നീണ്ടു വരുന്ന കണ്ണുകളെക്കുറിച്ചു യാതൊരു ബോധവുമില്ലാതെ സഹന്‍ദ് ആ അടയാളത്തിലേക്ക് തന്നെ തുറിച്ചു നോക്കിയിരിക്കുന്നത് കണ്ടു ഞാന്‍ നീളന്‍ പാവാട വലിച്ചു അവളുടെ മെലിഞ്ഞ കാലുകള്‍ മറച്ചു.
അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തുവെങ്കിലും യാഥാസ്ഥിതികമായ ചുറ്റുപാടുകളില്‍ തന്നെ ജീവിച്ചിരുന്ന ആ കുടുംബത്തിനു താങ്ങാവുന്നതില്‍ ഏറെയായിരുന്നു സഹന്‍ദിന്റെ പ്രണയം. മകളുടെ സ്വവര്‍ഗ്ഗാനുരാഗത്തെക്കാള്‍ എമിലിയുടെ കുടുംബത്തിനെ തകര്‍ത്തത് സഹന്‍ദിന്റെ മുസ്ലീം, കുര്‍ദ് വേരുകളാണ്. നല്ല സാമ്പത്തിക ചുറ്റുപാടുകള്‍ ഉണ്ടായിരുന്ന അവര്‍ എത്രയും പെട്ടെന്ന് മകളെ അനേകം കിലോമീറ്ററുകള്‍ ദൂരെയുള്ള ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് മാറ്റി. അപമാനവും മറ്റു കുട്ടികളുടെ ഭാവിയെപ്പറ്റി ഓര്‍ത്തുള്ള ഭയവും നിമിത്തം പച്ചപിടിച്ച് തുടങ്ങിയ കച്ചവടവുമായി ദൂരെയുള്ള ഒരു പട്ടണത്തിലേക്ക് താമസം മാറ്റാന്‍ ദദ്യാറും സനയും തീരുമാനമെടുത്തു.
വീട്ടിലെ പീഡനവും സഹപാഠികളുടെയും അയല്‍ക്കാരുടെയും പരിഹാസവും താങ്ങാനാവാതെ വീണ്ടും ഒറ്റപ്പെട്ടുപോയ സഹന്‍ദ് ഒരു രാത്രിയില്‍ തന്റെ ചെറിയ സഞ്ചിയില്‍ രണ്ടു ജോടി വസ്ത്രങ്ങളും കുത്തി നിറച്ചു എങ്ങോട്ടെന്നില്ലാതെ വീട് വിട്ടിറങ്ങി. വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോയ അവളെ കുടിച്ചു ലക്കുകെട്ട കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് വലിച്ചിഴച്ചു തങ്ങളുടെ ഫളാറ്റിലേക്ക് കൊണ്ടുപോയി. വീട്ടുകാരും നാട്ടുകാരും പോലീസും ഒന്നടങ്കം രാപകലില്ലാതെ തിരഞ്ഞുവെങ്കിലും ഒരു ഇരുണ്ട തെരുവില്‍ വസ്ത്രങ്ങളില്ലാതെ ബോധമറ്റ് കിടക്കുന്ന നിലയില്‍ അവളെ കണ്ടെത്തുമ്പോള്‍ ഒരാഴ്ച കഴിഞ്ഞു പോയിരുന്നു.
അനേക മാസങ്ങള്‍ നീണ്ടു നിന്ന ആശുപത്രി വാസവും കൗണ്‍സിലിംഗും മൂലം ആരോഗ്യവതിയായി മാറിയെങ്കിലും വീട്ടിലേക്കു തിരിച്ചു പോകാന്‍ സഹന്‍ദ് തയ്യാറായില്ല. അവളുടെ അച്ഛനെയും അമ്മയെയും സംബന്ധിച്ച് തങ്ങളുടെ രണ്ടാമത്തെ മകള്‍ മരിച്ചു കഴിഞ്ഞു എന്ന് കരുതുന്നതായിരുന്നു കൂടുതല്‍ എളുപ്പം. സഹന്‍ദ് തിരിച്ചു വരുന്നില്ല എന്ന് ബോധ്യമായപ്പോള്‍ ദാദ്യാറും സനയും തങ്ങളുടെ മറ്റു രണ്ടു പെണ്‍കുട്ടികളുമായി ഭൂതകാലം അലട്ടാനെത്താത്തയത്ര ദൂരെയുള്ള മറ്റൊരു നഗരത്തിലേക്ക് താമസവും കച്ചവടവും പറിച്ചു നട്ടു.
അവളെപ്പോലെ വേരുകള്‍ അറ്റുപോയ അനേകം കുട്ടികള്‍ താമസിക്കുന്ന ഒരു പുനരധിവാസ കേന്ദ്രത്തിലായിരുന്നു തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളിലെ ജീവിതം. തന്നെപോലെ നിസ്സഹായരായ, ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത കൂട്ടുകാരുടെ ഇടയിലുള്ള ജീവിതം സഹന്‍ദിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവള്‍ മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം തുടരുകയും അതിനു ശേഷം സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ ചെറിയൊരു ഫാക്ടറിയിലെ പാക്കിംഗ് വിഭാഗത്തില്‍ ജോലി സമ്പാദിക്കുകയും ചെയ്തു. സുഹൃത്തുക്കളുമായി ഫ്‌ളാറ്റ് പങ്കിട്ടു കൊണ്ടുള്ള താമസവും അവധി ദിനങ്ങളില്‍ അവരോടൊത്ത് ബീച്ചിലേക്കുള്ള ബഹളമയമായ യാത്രകളും മറ്റുമായി ജീവിതം തളിര്‍ത്ത നേരത്താണ് ശരീരത്തിലും മനസ്സിലും ഏറ്റ മുറിവുകളെ മറവിയിലേക്ക് തള്ളിമാറ്റിക്കൊണ്ട് പ്രണയം വീണ്ടും വിരുന്നു വന്നത്.
''ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഇരുവശവും മരങ്ങള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്ന നടപ്പാതയുടെ ഒരു ഓരത്ത് അയാള്‍ എന്നും ഉണ്ടാവും. ആ വയലിനില്‍ നിന്ന് ഉതിരുന്ന വിഷാദം കലര്‍ന്ന സംഗീതം കേട്ട് സമയം കടന്നു പോകുന്നതറിയാതെ, പരിസരബോധമില്ലാതെ, ഞാന്‍ നില്‍ക്കുമായിരുന്നു. വയലിന് മേല്‍ സാവധാനം ബോയുമായി ചലിക്കുന്ന തവിട്ടു നിറമുള്ള രോമങ്ങള്‍ നിറഞ്ഞ കൈകളില്‍ നിന്നും ശാന്തമായ, സ്‌നേഹം നിറഞ്ഞ പുഞ്ചിരിയില്‍ നിന്നും കണ്ണെടുക്കാതെ മണിക്കൂറുകള്‍ ഞാന്‍ ആ വഴിയരികില്‍ ചിലവഴിച്ചു. ഇരുട്ട് വീണു തുടങ്ങുമ്പോള്‍ ഗായകന്‍ തന്റെ സാധനങ്ങള്‍ അടുക്കിക്കൂട്ടി പോകാന്‍ തയ്യാറാവുന്ന നേരത്ത് കയ്യില്‍ കരുതുന്ന നാണയത്തുട്ടുകള്‍ അയാളുടെ പണപ്പെട്ടിയില്‍ ഇട്ടിട്ടു തിടുക്കപ്പെട്ടു ഞാന്‍ താമസ സ്ഥലത്തേയ്ക്ക് ഓടും. ആന്‍ഡ്രൂ എന്നെ നോക്കി ആദ്യമായി കുസൃതിയോടെ പുഞ്ചിരിച്ച ദിവസം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.''
''എന്നെപ്പോലെ അനാഥരായ മനുഷ്യരെ മാത്രമേ എനിക്ക് സ്‌നേഹിക്കാന്‍ കഴിയൂ.. നഷ്ടപ്പെടാന്‍ ഞങ്ങള്‍ക്ക് ഒന്നുമില്ല. ആണ്‍പെണ്‍ വ്യത്യാസങ്ങളില്ല. വേലിക്കെട്ടുകളില്ല. നിയമങ്ങളില്ല. സ്‌നേഹം മാത്രമേ ഉള്ളൂ. അതിന്റെ പരമകോടിയില്‍ എത്തുമ്പോഴുള്ള രതിയും.''
..........................................................................................................................................................................................................................
വാനിന്റെ ചില്ലുകളിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തില്‍ അവളുടെ തുടുത്ത കവിളുകളും ചുരുണ്ട തവിട്ടു മുടിയിഴകളും നോക്കിക്കൊണ്ട് ഞാന്‍ മണിക്കൂറുകളോളം കിടന്നു.
Image courtesy: StockSnap/pixabay
''ഞാന്‍ ഗര്‍ഭിണിയായി. ജോലി ചെയ്യാനുള്ള ആരോഗ്യം നഷ്ടമായപ്പോള്‍ എനിക്കും തെരുവിലേക്ക് താമസം മാറ്റേണ്ടി വന്നു. കയ്യിലുണ്ടായിരുന്ന അവസാനത്തെ ഡോളര്‍ വരെ ചിലവാക്കി ഞാന്‍ ഒരു പഴയ വാന്‍ വാങ്ങി. പോലീസും സാമൂഹ്യക്ഷേമ വകുപ്പുകാരും കടന്നു വരില്ല എന്നുറപ്പുള്ള, എന്നെപ്പോലെയുള്ള ആര്‍ക്കും വേണ്ടാത്തവരും പോക്കറ്റടിക്കാരും വേശ്യകളും താമസിക്കുന്ന ഒരു ഇടുങ്ങിയ തെരുവില്‍, പിന്നീടുള്ള മൂന്നു വര്‍ഷങ്ങള്‍ ഡോളി എന്ന് പേരിട്ടു വിളിച്ച ആ തുരുമ്പിച്ച വാനില്‍ കാവലിനു ഡെവിള്‍ എന്ന നായയുമായി ഞാനും എന്റെ കുഞ്ഞും താമസിച്ചു.''
''ആന്‍ഡ്രൂ നിന്നെ സഹായിച്ചില്ലേ?'' ആകാംക്ഷ താങ്ങാനാവാതെ ഞാന്‍ ചോദിച്ചു.
''ഒരു ഗിറ്റാര്‍ മാത്രം ഈ ലോകത്ത് സ്വന്തമായുള്ളവന്‍ എങ്ങനെ സഹായിക്കാനാണ്? സ്‌നേഹമുള്ളവനാണ്. കിട്ടുന്ന ചില്ലറത്തുട്ടുകള്‍ കൊണ്ട് എന്റെ വയറു നിറയ്ക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. അവന്റെ കയ്യിലെക്കാണ് എന്റെ കുഞ്ഞ് ജനിച്ചു വീണത്.'' ഒരു പുഞ്ചിരിയോടെ അവള്‍ കണ്ണുകള്‍ അടച്ചുകൊണ്ട് ഓര്‍മ്മകളില്‍ മുഴുകി. ''ഞാന്‍ ആ കുഞ്ഞിനു ഹോപ് എന്ന് പേരിട്ടു.'' സഹന്‍ദ് മന്ത്രിക്കുന്നത് പോലെ സംസാരിച്ചു കൊണ്ടേയിരുന്നു. ''എനിക്ക് പ്രതീക്ഷകള്‍ ഉണ്ടാവുകയായിരുന്നു. സ്‌നേഹത്തെ പറ്റിയുള്ള പ്രതീക്ഷ.. സന്തോഷത്തെ കുറിച്ചുള്ള പ്രതീക്ഷ...!''
''എനിക്കും കുഞ്ഞിനും ഭക്ഷണവും മരുന്നും വസ്ത്രങ്ങളും വേണമായിരുന്നു. അങ്ങനെയാണ് ഞാന്‍ അമേരിക്കയില്‍ താമസിക്കുന്ന കുര്‍ദുകളുടെ ഒരു സംഘടനയെ സമീപിച്ചത്. അവര്‍ എനിക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും തന്നു. വിദ്യാഭ്യാസം തുടരാനുള്ള സംവിധാനവും താമസിക്കാനൊരു സ്ഥലവും വാഗ്ദാനം ചെയ്തു. സംഘടനയുടെ മാതൃ ഭാഷാ ക്ലാസുകളിലും കുര്‍ദ് സംസ്‌കാരത്തെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പരിപാടികളിലും ഞാന്‍ ഉത്സാഹത്തോടെ മുടങ്ങാതെ പങ്കെടുത്തു. എന്റെ നാട് അനുഭവിക്കുന്ന അടിമത്തത്തെ കുറിച്ചും ചൂഷണത്തെ കുറിച്ചും ഞാന്‍ ആദ്യമായി മനസ്സിലാക്കിത്തുടങ്ങി.''
''ഒരു ക്ലാസ്സില്‍ പങ്കെടുത്തു കൊണ്ടിരുന്നപ്പോഴാണ് എന്നെ സെക്രട്ടറി വിളിപ്പിച്ചത്. എന്നെക്കുറിച്ചു ലഭ്യമായ വിവരങ്ങളുടെ സഹായത്തോടെ അവര്‍ എന്റെ മാതാപിതാക്കളെ തേടിപ്പിടിച്ചു എന്ന് അയാള്‍ പറഞ്ഞു. കുടുംബത്തിലേക്ക് തിരിച്ചു പോകുന്നതാണ് നല്ലത് എന്ന് ആ മനുഷ്യന്‍ നിര്‍ബന്ധിച്ചു. നിശ്ശബ്ദയായി കുറച്ചു നേരം കേട്ടുകൊണ്ടിരുന്നപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് അടുക്കളയിലെ തണുത്ത തറയില്‍ ഒരു പുഴുവിനെ പോലെ ചുരുണ്ടുകിടന്നുകൊണ്ട് ശരീരത്തിലേറ്റ് വാങ്ങിയ ഓരോ അടിയും വീണ്ടും പുകഞ്ഞുനീറിത്തുടങ്ങി. ചുട്ടുപഴുത്ത കത്തി ഭീഷണമായി അയാളുടെ കണ്ണുകളില്‍ തിളങ്ങി. തുടയില്‍ മാംസം കരിഞ്ഞു താഴുന്ന പ്രാണവേദന ഞാന്‍ വീണ്ടും അനുഭവിച്ചു. അപസ്മാരം ബാധിച്ചത് പോലെയുള്ള അലര്‍ച്ച കേട്ട് ആ കെട്ടിടത്തില്‍ ഉണ്ടായിരുന്നവര്‍ എല്ലാം ഓടിക്കൂടി. ഭയന്ന് നിലവിളിക്കുന്ന കുഞ്ഞിനേയും എടുത്തുകൊണ്ടു ഡോളിയിലെത്തും വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരം ഞാന്‍ നിറുത്താതെ ഓടി. കരിമ്പടങ്ങള്‍ക്കടിയില്‍ കുഞ്ഞുമായി ചുരുണ്ട് കൂടിയപ്പോള്‍ മാത്രമാണ് എന്റെ വിഭ്രാന്തമായ അവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും മാറ്റം വന്നത്. ഏങ്ങല്‍ അടക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ടേയിരുന്ന എന്റെ കണ്ണുനീര്‍ നക്കിത്തുടച്ചു കൊണ്ട് ഡെവിള്‍ അവനു കഴിയുന്നത് പോലെയൊക്കെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പരിഭ്രാന്തിയോടെ തിരഞ്ഞ് പുറകെ വന്നവരെ അവന്‍ തന്റെ കര്‍ക്കശമായ ശബ്ദത്തില്‍ കുരച്ചുകൊണ്ടു വിരട്ടിയോടിച്ചു.''
വീണ്ടും സംഘടനയിലേക്ക് പോകാന്‍ എനിക്ക് ഭയം തോന്നി. എന്റെ അച്ഛനമ്മമാരുടെ തടവില്‍, അവരുടെ ശാപവാക്കുകളും കേട്ട് കഴിയുന്നതിനേക്കാള്‍ ഡോളിയുടെ സുരക്ഷിതത്വത്തില്‍.., ഡെവിളിന്റെ കാവലില്‍ എന്റെ മകളുടെ സ്‌നേഹക്കൊഞ്ചലുകള്‍ കേട്ടുകൊണ്ട് ജീവിച്ചാല്‍ മതി എന്നായിരുന്നു എന്റെ ആഗ്രഹം. സംഘടന തന്ന ഭക്ഷ്യധാന്യങ്ങളും ആഹാരം വാങ്ങാനുള്ള കൂപ്പണുകളും അധിക കാലം നീണ്ടു നിന്നില്ല. ഞാന്‍ വീണ്ടും പട്ടിണിയായി. തണുപ്പ് കാലം അടുത്തു വരികയായിരുന്നു. എനിക്കും കുഞ്ഞിനും കമ്പിളി വസ്ത്രങ്ങള്‍ വാങ്ങേണ്ടിയിരുന്നു. പട്ടിണി കിടന്നു എന്റെ നെഞ്ചിലെ പാല് വറ്റുന്നു എന്ന് തോന്നിയ ദിവസം ഞാന്‍ എന്റെ ശരീരം വിറ്റു.''
എന്റെ അന്തം വിട്ട നോട്ടം കണ്ടു അവള്‍ വീണ്ടും ചിരിച്ചു.
''അനേകം ആളുകള്‍ പിച്ചിക്കീറിയ ഒരാഴ്ച പോരെ ഒരു സ്ത്രീയ്ക്ക് സ്വന്തം ശരീരത്തെ എന്നെന്നേക്കുമായി വെറുക്കാന്‍? ആര്‍ത്തിയോടെ എന്നെ എന്നും നോക്കി നില്‍ക്കുമായിരുന്ന സമീപത്തെ പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരന്‍ ആയിരുന്നു ആദ്യത്തെയും അവസാനത്തെയും ആള്‍. നൂറു ഡോളര്‍. ഡോളിയില്‍ നിന്ന് കേട്ട ഹോപ്പിന്റെ നിറുത്താതെയുള്ള കരച്ചില്‍ കേട്ടത് കൊണ്ടാവണം, അയാളെനിക്ക് നൂറു ഡോളര്‍ തന്നു. ശരീരം വൃത്തിയാക്കിയതിനു ശേഷം കുഞ്ഞിനേയും എടുത്തുകൊണ്ടു മാര്‍ക്കറ്റിലേക്ക് നടന്ന എന്റെ മുന്നില്‍ അയാളുടെ കാര്‍ വീണ്ടും വന്നു നിന്നു. ഒരു വലിയ സഞ്ചി നിറയെ ആഹാര സാധനങ്ങള്‍ ആയിരുന്നു ആ മനുഷ്യന്റെ കയ്യില്‍. പിന്നീടൊരിക്കലും എന്റെ കണ്‍ മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചുവെങ്കിലും ആഴ്ചയില്‍ ഒന്നെന്ന വണ്ണം അല്‍പ്പം പണവും ഒരു ചാക്ക് നിറയെ പച്ചക്കറികളും പാലും ധാന്യങ്ങളും ഡോളിയുടെ മുന്നില്‍ മുടങ്ങാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടെയിരുന്നു.''
''ഒരു ദിവസം ഞാന്‍ കുര്‍ദുകളുടെ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടി. കേള്‍ക്കാന്‍ നില്‍ക്കാതെ ഓടിപ്പോയേക്കും എന്ന് ഭയത്തോടെ അവര്‍ നിറുത്താതെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ആരും എന്നെ അച്ഛനമ്മമാരുടെ അരികിലേക്ക് തിരിച്ചു പോകാന്‍ നിര്‍ബന്ധിക്കുകയില്ല എന്നും സംഘടനയിലേക്ക് തിരിച്ചു ചെല്ലണം എന്നും അവര്‍ പറഞ്ഞു. അങ്ങനെ വീണ്ടും ഞാന്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തുടങ്ങി. ടര്‍ക്കിയിലെ കുര്‍ദുകളുടെ തൊഴിലാളി സംഘടനയിലെ പ്രവര്‍ത്തകര്‍ ഞങ്ങളെ സന്ദര്‍ശിക്കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്തു. സ്വന്തമെന്നവകാശപ്പെടാന്‍ മണ്ണോ മേല്‍വിലാസമോ ഇല്ലാതെ, ടര്‍ക്കിയിലും ഇറാക്കിലും സിറിയയിലും ഇറാനിലും അര്‍മേനിയയിലുമായി ചിതറിക്കിടക്കുന്ന, മാതൃഭാഷ സംസാരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട എന്റെ ആളുകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എല്ലായിടത്തും പൊതുസ്വഭാവമാണ് ഉള്ളതെന്ന് ഞാന്‍ പതിയെ മനസ്സിലാക്കുകയായിരുന്നു.''
..........................................................................................................................................................................................................................
എന്തോ മനസ്സിലായത് പോലെ ഡെവിള്‍ ആ ചില്ല് ഭിത്തിമേല്‍ കൈകള്‍ വച്ചു നിന്ന് കൊണ്ട് വഴിയിലേക്ക് നോക്കി ദീനമായി മോങ്ങിക്കൊണ്ടേയിരുന്നു. അവന്റെ നിലവിളി കേള്‍ക്കാതിരിക്കാനായി ഞാന്‍ ചെവികള്‍ പൊത്തിക്കൊണ്ട് ആവുന്നയത്ര വേഗത്തില്‍ ഓടി.
Image courtesy: Sven Lachmann/Pixabay
''സംഘടന എന്നെ വീണ്ടും സഹായിച്ചു തുടങ്ങിയിരുന്നു. ചില അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ അല്ലറ ചില്ലറ പണികള്‍ ചെയ്തു കൊടുക്കുന്നത് വഴി അല്‍പ്പം വരുമാനവും ലഭിച്ചു തുടങ്ങി. മാസത്തിലൊരിക്കല്‍ ഡെവിളിനു ഏറ്റവും പ്രിയപ്പെട്ട കൊഞ്ച് ചേര്‍ത്ത ഭക്ഷണപാക്കറ്റുകളും ഹോപ്പിനു ഒന്ന് രണ്ടു വിലകുറഞ്ഞ പാവകളും വാങ്ങുന്ന ദിവസം ആ തകര്‍ന്നു തുടങ്ങിയ വാനിനുള്ളില്‍ ഉത്സവമായിരുന്നു.''
''കാര്യങ്ങള്‍ക്ക് അല്‍പ്പം അടുക്കും ചിട്ടയും വന്നുവെങ്കിലും ഹോപ്പിന്റെ ജീവിതത്തില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ് എന്ന് എനിക്കറിയാമായിരുന്നു. അവളെ സ്‌കൂളില്‍ ചേര്‍ക്കേണ്ട സമയമടുക്കുന്നു. മറ്റുള്ള കുട്ടികളെപ്പോലെ ചൂടുള്ള കിടക്കയും വീടിന്റെ സുരക്ഷിതത്വവും സമയം തെറ്റാതെ ലഭിക്കുന്ന പോഷകഗുണമുള്ള ഭക്ഷണവും നല്ല വസ്ത്രങ്ങളും അവള്‍ക്കു ആവശ്യമുണ്ട്. തുരുമ്പെടുത്ത വാനില്‍ ഒരു നായയുടെ സംരക്ഷണത്തില്‍ സമൂഹത്തിനു ബാധ്യതയായ ഒരമ്മയുടെ കൂടെയല്ല അവള്‍ വളരേണ്ടത് എന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. വീട്ടിലേക്കു തിരിച്ചു പോയാലോ എന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. ഞാന്‍ അനുഭവിച്ചത് എന്റെ മകള്‍ അനുഭവിക്കേണ്ടി വന്നാലോ എന്ന മറുചിന്തയില്‍ അടുത്ത നിമിഷം തന്നെ ആ ആശയം ഉപേക്ഷിക്കേണ്ടി വന്നു.''
''ആയിടയ്ക്കാണ് പരിചയക്കാരിയായ ദില്‍വയ്ക്ക് നല്ല സുഖമില്ല എന്നറിഞ്ഞു അവളെ സന്ദര്‍ശിക്കാന്‍ ഞാന്‍ പോയത്. ഹോപ്പിനെ അവള്‍ക്കും ഭര്‍ത്താവിനും വലിയ കാര്യമായിരുന്നു. ക്ലാസുകള്‍ കേള്‍ക്കാന്‍ പോകുന്ന സമയങ്ങളില്‍ അവര്‍ അവളെ താലോലിക്കുകയും വല്ലപ്പോഴും പാല്‍പ്പൊടിയും പഴങ്ങളും അടങ്ങിയ സഞ്ചികള്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. പട്ടണത്തിലെ പണക്കാര്‍ മാത്രം താമസിക്കുന്ന ഭാഗത്തായിരുന്നു അവളുടെ വീട്. ദില്‍വയുടെ സ്വീകരണമുറിയിലെ വിലപിടിപ്പുള്ള സോഫയില്‍ ഇരുന്നു പുറത്തെ പുല്‍ത്തകിടിയില്‍ കളിക്കുന്ന ഹോപ്പിനെയും ഡെവിളിനെയും നോക്കിയിരുന്നു സംസാരിക്കുകയായിരുന്നു ഞങ്ങള്‍. അല്‍പ്പം പോലും പൊടിയില്ലാത്ത, വെളുത്ത നിറമുള്ള ചായം പൂശിയ, കൂറ്റന്‍ പെയിന്റിംഗുകള്‍ അലങ്കരിക്കുന്ന പ്രൗഢിയില്‍ ഇരുന്നപ്പോള്‍ എനിക്ക് വല്ലാത്ത അപകര്‍ഷതാ ബോധം അനുഭവപ്പെട്ടു.''
''ദില്‍വ വല്ലാതെ വിളറിയിരുന്നു. അവളുടെ ശരീരമാകെ വീങ്ങിയത് പോലെ കാണപ്പെട്ടു. എന്താണ് അസുഖം എന്ന് അന്വേഷിക്കണം എന്നുണ്ടായിരുന്നുവെങ്കിലും മര്യാദയോര്‍ത്ത് ഞാന്‍ ആകാംക്ഷ ഉള്ളിലടക്കി. കളിച്ചു തിമിര്‍ക്കുന്ന ഹോപ്പിനെ നോക്കിയിരുന്നു കൊണ്ട് മിന്റ് ഇലകള്‍ ചേര്‍ത്ത ചൂട് ചായ കുടിക്കുകയായിരുന്ന ദില്‍വ പെട്ടെന്ന് കപ്പു താഴെ വച്ചിട്ടു കരയാന്‍ തുടങ്ങി.''
''നീയെന്തു ഭാഗ്യവതിയാണ്!''
''ഭാഗ്യവതിയോ? ഞാനോ?'' എനിക്ക് ചിരി വന്നു.
''നിനക്ക് ഹോപ് ഉണ്ടല്ലോ!'' തേങ്ങലുകള്‍ക്കിടയില്‍ അവള്‍ അടിക്കടി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന തന്റെ വന്ധ്യതാ ചികിത്സയെക്കുറിച്ച് പറഞ്ഞു.
''ഇനിയും ഹോര്‍മോണുകള്‍ എനിക്ക് താങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല.'' അവളുടെ നിരാശ കലര്‍ന്ന കരച്ചില്‍ ഒന്നടങ്ങുന്നത് വരെ ഞാന്‍ കാത്തിരുന്നു.
''നീയെന്താ ഒരു കുഞ്ഞിനെ ദത്തെടുക്കാത്തത്?'' ഉദ്വേഗം അടക്കിപ്പിടിച്ചു കൊണ്ട് ഞാന്‍ അന്വേഷിച്ചു. പ്രതീക്ഷ കലര്‍ന്ന ഒരു പുഞ്ചിരി കണ്ണീര്‍ നിറഞ്ഞ, മേഘങ്ങളുടെ നിറമുള്ള മിഴികളില്‍ വിരിഞ്ഞു.
''ഇനി അത് മാത്രമേയുള്ളൂ ഒരു പ്രതീക്ഷ.'' ദില്‍വ സ്വപ്നം കാണുന്നത് പോലെ പറഞ്ഞു. ''ഹോപ്പിനെ പോലെ ഒരു പെണ്‍കുട്ടിയെ വേണം മകളായി കിട്ടാന്‍ എന്ന് ഞാന്‍ എപ്പോഴും അര്‍മാനോട് പറയാറുണ്ട്.''
''ഹോപ് തന്നെയായാലോ?'' എന്റെ ചോദ്യം കേട്ട് അവള്‍ നടുങ്ങിപ്പോയി.
''നീ എന്താ ഈ പറയുന്നത്?'' അവള്‍ വികാരാധിക്യം കൊണ്ട് വിറച്ചു.
കുതിച്ചു ചാടുന്ന ഹൃദയത്തെ അടക്കിപ്പിടിച്ചു കൊണ്ട് ഞാന്‍ ഗൗരവത്തോടെ പറഞ്ഞു. ''ഹോപ്പിന് ഒരു അഭയസ്ഥാനം വേണം. എന്നെപ്പോലെ ഒരമ്മ അവള്‍ക്കു ഒരു ബാധ്യത മാത്രമാണ്. സോഷ്യല്‍ സര്‍വീസിന്റെ കണ്ണില്‍ പെടാതെ ഇങ്ങനെ ഒളിച്ചു കഴിയുന്നതിനു ഒരു പരിധിയുണ്ട്. അര്‍മാന്‍ വരുമ്പോള്‍ സംസാരിച്ചിട്ടു വിവരമറിയിക്കൂ.
ഞാന്‍ പോകാനിറങ്ങി. ആ സന്ധ്യ ഞാന്‍ ഒരിക്കലും മറക്കുകയില്ല. സൂര്യന്റെ ചുവന്ന പ്രകാശം ദില്‍വയുടെ സന്തോഷം കൊണ്ട് തുടുത്ത കവിളുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ''അമ്മേ, പോകാം..'' എന്ന് പറഞ്ഞു കൊണ്ട് ഓടിവന്നു എന്റെ കൈകളിലേക്ക്ചാടിക്കയറിയ ഹോപ്പിന്റെ പൊടി നിറഞ്ഞ കവിളുകളില്‍ ഞാന്‍ ആര്‍ത്തിയോടെ ചുംബിച്ചു. കളിച്ചു മതിയാകാതെ അവള്‍ ഡെവിളിന്റെ വലിയ ചെവികളില്‍ പിടിച്ചു വലിക്കുകയും തന്റെ കയ്യിലിരുന്ന നിറപ്പകിട്ടുള്ള പന്ത് കാട്ടി പ്രലോഭിപ്പിക്കുകയും ചെയ്തുവെങ്കിലും എന്റെ വിഷാദം പകര്‍ന്നത് പോലെ അവന്‍ എന്നെ ഇടയ്ക്കിടയ്ക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് മുട്ടിയുരുമ്മി നടന്നതെയുള്ളൂ.
പിന്നീട് കാര്യങ്ങള്‍ എല്ലാം വളരെ വേഗത്തിലാണ് നടന്നത്. അര്‍മാന്‍ വിവരം അറിഞ്ഞപ്പോള്‍ വളരെ സന്തോഷിക്കുകയും ദത്തെടുക്കലിനുള്ള കടലാസുകള്‍ വേഗം മുന്നോട്ടു നീക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. എന്റെ ഹോപ്പിന് അവിടെ സുഖമായിരിക്കുമെന്നും ദില്‍വയും അര്‍മാനും അവളെ ഒരു രാജകുമാരിയെപോലെ വളര്‍ത്തും എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു.
സ്വന്തം ആത്മാവിനോടെന്ന പോലെയാണ് സഹന്‍ദ് മന്ത്രിച്ചു കൊണ്ടിരുന്നത്. എന്റെ സാമീപ്യം അവള്‍ മറന്നു പോയത് പോലെ തോന്നി.
''ഈ ലോകത്ത് എനിക്ക് ആകെയുള്ള സ്വത്ത്! രാത്രികളില്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. വാനിന്റെ ചില്ലുകളിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തില്‍ അവളുടെ തുടുത്ത കവിളുകളും ചുരുണ്ട തവിട്ടു മുടിയിഴകളും നോക്കിക്കൊണ്ട് ഞാന്‍ മണിക്കൂറുകളോളം കിടന്നു. ഒരുമിച്ചുള്ള അവസാന ദിവസങ്ങള്‍ ആഘോഷമാക്കാനായി ഞാന്‍ അവളെയും കൊണ്ട് പാര്‍ക്കുകളില്‍ പോയി. തടാകക്കരയില്‍ മീന്‍ പിടിക്കാന്‍ പോയി. ശക്തിയില്ലാത്ത കാലുകള്‍ വലിച്ചു വച്ചു കൊണ്ട് ശിരസ്സില്‍ വലിയൊരു ഭാരം എടുത്തു വച്ചത് പോലെ ഇഴഞ്ഞു വലിഞ്ഞാണ് അവള്‍ക്കു വേണ്ടി ഞാന്‍ ഓരോന്നും ചെയ്തത്.''
''എന്റെ ഹോപ്! അവള്‍ എത്ര ചെറുതാണ്! എന്നെ അവള്‍ മറന്നു പോകും! കുളിച്ചു വരുമ്പോള്‍ അമ്മയ്ക്ക് എന്ത് നല്ല മണം എന്ന് പറഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ച് വയറില്‍ മുഖമമര്‍ത്തുന്നതും ഉറങ്ങാതെ കിടന്ന രാത്രികളില്‍ ജനാലച്ചില്ലിലൂടെ കണ്ട നക്ഷത്രങ്ങള്‍ക്ക് ഞങ്ങളിട്ട പേരുകളും അവള്‍ മറന്നു പോകും. ഞാന്‍ എപ്പോഴും ഉണ്ടാക്കുന്ന അവള്‍ക്കിഷ്ടമുള്ള കൂണ്‍ ചേര്‍ത്ത സൂപ്പിന്റെ രുചിയും ഞങ്ങള്‍ ഒളിച്ചു കളിക്കുന്ന ചതുരക്കളങ്ങള്‍ നിറഞ്ഞ കമ്പിളിപുതപ്പിന്റെ ചൂടും എന്റെ മകള്‍ മറക്കും.. ഞാന്‍ പതിയെ.. പതിയെ.. മാഞ്ഞു പോകും. പോകണം. അല്ലെ?''
..........................................................................................................................................................................................................................
''അമ്മേ, പോകാം..'' എന്ന് പറഞ്ഞു കൊണ്ട് ഓടിവന്നു എന്റെ കൈകളിലേക്ക്ചാടിക്കയറിയ ഹോപ്പിന്റെ പൊടി നിറഞ്ഞ കവിളുകളില്‍ ഞാന്‍ ആര്‍ത്തിയോടെ ചുംബിച്ചു
Image courtesy: fancycrave1/pixabay
പഴ്‌സിനുള്ളില്‍ നിന്ന് ഒരു ചെറിയ ഫോട്ടോ എടുത്തു സഹന്‍ദ് എന്നെ കാണിച്ചു. അവളുടെ വിദൂര സാദൃശ്യമുള്ള, വിശാലമായ നെറ്റിത്തടവും കുസൃതിച്ചിരിയുമുള്ള ഒരു ചെറിയ പെണ്‍കുട്ടി. അടുത്തു തന്നെ സംശയദൃഷ്ടിയോടെ കാമറയിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് ആ കൂറ്റന്‍ നായ്. ഡെവിള്‍!
''അവളെ ദില്‍വയ്ക്ക് നല്‍കിയ ദിവസം ഞാന്‍ ആ നാട് വിട്ടു. അവര്‍ ഡെവിളിനെയും നോക്കാമെന്ന് ഏറ്റിരുന്നു. എനിക്കാവശ്യമുള്ള എന്തും തരാന്‍ ദില്‍വയും അര്‍മാനും തയ്യാറായിരുന്നു എങ്കിലും കുര്‍ദിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റുകള്‍ മാത്രമേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ. അവരെ ദില്‍വയുടെ വീട്ടിലാക്കിയിട്ടു ഒന്നും സംഭവിക്കാത്തത് പോലെ ആ പടികളിറങ്ങുമ്പോള്‍ എന്റെ കുഞ്ഞ് പ്രതീക്ഷ ഒന്നുമറിയാതെ, ഒന്ന് നോക്കുക പോലും ചെയ്യാതെ അര്‍മാന്റെ തോളിലിരുന്നു കളിക്കുകയായിരുന്നു. ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴ്ത്താതെ ഞാന്‍ ഇറങ്ങിപ്പോയെങ്കിലും എന്തോ മനസ്സിലായത് പോലെ ഡെവിള്‍ ആ ചില്ല് ഭിത്തിമേല്‍ കൈകള്‍ വച്ചു നിന്ന് കൊണ്ട് വഴിയിലേക്ക് നോക്കി ദീനമായി മോങ്ങിക്കൊണ്ടേയിരുന്നു. അവന്റെ നിലവിളി കേള്‍ക്കാതിരിക്കാനായി ഞാന്‍ ചെവികള്‍ പൊത്തിക്കൊണ്ട് ആവുന്നയത്ര വേഗത്തില്‍ ഓടി. അവരില്‍ നിന്നും, മൂന്നു വര്‍ഷം എനിക്ക് അഭയമേകിയ ആ തെരുവില്‍ നിന്നും, പഴയ ചില പാത്രങ്ങള്‍ മാത്രം ബാക്കിയായ ആ പഴകിപ്പൊളിഞ്ഞ വാനില്‍ നിന്നും, എന്റെ കൊച്ചു സ്വര്‍ഗത്തില്‍ നിന്നും എനിക്ക് ഓടിയകലണമായിരുന്നു. '
പ്രതിമയെപോലെയിരുന്ന അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു. ''ഒരേയൊരു ആഗ്രഹമേയുള്ളൂ.എന്റെ മകള്‍ക്ക് അഭിമാനിക്കാന്‍ പറ്റുന്ന ഒരമ്മയാവണം എനിക്ക്. എന്നെയോര്‍ത്ത് ഒരിക്കലും അവള്‍ക്കു തലകുനിക്കേണ്ടി വരരുത്.''
ദിയര്‍ബക്കറിലേക്കുള്ള എന്റെ ഫ്‌ളൈറ്റ് അനൗണ്‍സ് ചെയ്തു കഴിഞ്ഞിരുന്നു. അവള്‍ക്കു ദമാസ്‌കസിലെക്കാണ് പോകേണ്ടത്. അവിടെ നിന്ന് തങ്ങളുടെ മണ്ണും മാനവും കാക്കാന്‍ യുദ്ധത്തിലേര്‍പ്പെടുന്ന കുര്‍ദ് സ്ത്രീകളുടെ ക്യംപിലേക്കും. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സുസംഘടിതമായ ആ സായുധ സൈന്യത്തിലെ വിദഗ്ദ്ധരായ ഒളിപ്പോരാളികളില്‍ നിന്ന് അവള്‍ക്കു കഠിനമായ പരിശീലനം ലഭിക്കും.
''സഹന്‍ദ് , ഈ യുദ്ധം നിന്റെ നാടിനു വേണ്ടി മാത്രമല്ല.., നിന്നെയും എന്നെയും പോലെയുള്ള അടിച്ചമര്‍ത്തപ്പെട്ട അനേകം സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണ്. നിന്റെ മകള്‍ എന്നും നിന്നെയോര്‍ത്തു അഭിമാനിക്കും.''
ഞങ്ങള്‍ പരസ്പരം നോക്കി നിന്നു. ഇനിയൊരിക്കലും പരസ്പരം കാണുകയില്ല എന്ന് രണ്ടുപേര്‍ക്കും അറിയാമായിരുന്നു. പോകാന്‍ നേരമായിരിക്കുന്നു. ആശംസിക്കാന്‍ ഒന്നുമില്ലാതെ.., വാക്കുകള്‍ കിട്ടാതെ, ഞാന്‍ നട്ടം തിരിഞ്ഞു.
''നിനക്കായി ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?'' വാക്കുകള്‍ പ്രയാസപ്പെട്ടാണ് എന്റെറ തൊണ്ടയില്‍ നിന്ന് പുറത്തേയ്ക്ക് വന്നത്.
''നിനക്ക് എന്നെപ്പറ്റി എഴുതാമോ? എന്റെ കുഞ്ഞ് ഹോപ്പിനെ പറ്റി? എന്റെ തുടയിലെ പൊള്ളല്‍പ്പാടിനെ പറ്റി? ചെറിമരത്തിന്റെ ചുവട്ടില്‍ വച്ചു എമിലി എനിക്ക് നല്‍കിയ തീക്ഷ്ണമായ ചുംബനങ്ങളെ പറ്റി?? അതിജീവനത്തിനായി ആയുധമെടുത്തിറങ്ങേണ്ടി വന്ന കുര്‍ദ് സ്ത്രീകളെ പറ്റി?''
സഹന്‍ദ് പ്രതീക്ഷയോടെ എന്നെ നോക്കി. ഞാന്‍ അവളുടെ മൃദുലമായ കയ്യ് പിടിച്ചമര്‍ത്തിയിട്ട് ഒന്നും പറയാനാവാതെ തലയാട്ടി.
മാഡം.. നിങ്ങള്‍ ദിയര്‍ബക്കറിലേയ്ക്കാണോ?
ഉയര്‍ത്തിക്കെട്ടിയ മുടിയും ഇളം ചുവപ്പ് ചായം പുരട്ടിയ സുന്ദരമായ ചുണ്ടുകളുമുള്ള ഒരു എയര്‍ലൈന്‍ സ്റ്റാഫ് തിടുക്കത്തില്‍ ഓടി വന്നു. അവരുടെ സൂചി പോലെ നേര്‍ത്തുയര്‍ന്ന മടമ്പുകള്‍ ഉള്ള ചെരുപ്പുകള്‍ നിലത്തടിച്ചു ശബ്ദമുണ്ടാക്കി.
''പോകാന്‍ സമയമായിരിക്കുന്നു..!'' അവര്‍ വെപ്രാളത്തോടെപറഞ്ഞു.
അതേ, പോകാന്‍ സമയമായിരിക്കുന്നു.
ചുണ്ടുകള്‍ കടിച്ചമര്‍ത്തി, കണ്ണുകളില്‍ നിര്‍വികാരവും ശൂന്യവുമായ ഒരു നോട്ടവുമായി നിന്ന സഹന്‍ദിന്റെ തണുത്ത കൈ വിട്ടു ഞാന്‍ മുന്നോട്ടു നടന്നു.
സാന്‍ഗ്രിയ: ഹരിത സാവിത്രി എഴുതിയ മറ്റ് കുറിപ്പുകള്‍