ഗ്രീന്‍ലാന്‍ഡിലെ മുഖ്യ വിമാനത്താവളം അടച്ചുപൂട്ടുന്നതിന് നാമെന്തിന് ഭയപ്പെടണം? ഗോപിക സുരേഷ് എഴുതുന്നു
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികള്‍ ഉരുകിയപ്പോള്‍ സമുദ്രനിരപ്പ് ഏകദേശം കാല്‍ ഇഞ്ചോളം ഉയരാന്‍ കാരണമായി. ആഗോള സമുദ്രനിരപ്പ് ഏകദേശം 25 അടിയോളം ഉയര്‍ത്താന്‍ മതിയായ മഞ്ഞുപാളികള്‍ ഗ്രീന്‍ലാന്‍ഡ് പ്രദേശങ്ങളില്‍ ഉള്ളതിനാല്‍, പുതിയ ഉരുകല്‍ നിരക്കിന്റെ കണക്കിനെ കുറിച്ച് നമ്മള്‍ ഭയപ്പെടേണ്ടതുണ്ട്. കാരണം അത് കുറയുമെന്ന പ്രതീക്ഷ ശാസ്ത്രലോകത്തിനില്ല.
undefined
'എനിക്ക് നിങ്ങളുടെ പ്രതീക്ഷ വേണ്ട. നിങ്ങള്‍ പ്രതീക്ഷയോടെയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ പരിഭ്രാന്തരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും എനിക്ക് അനുഭവപ്പെടുന്ന ഭയം നിങ്ങളും അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടത് നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തെ സാധാരണ നിങ്ങള്‍ നേരിടുന്നത് പോലെ ഇപ്പോഴും നിങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വീടിന് തീപിടിച്ചതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അത് തന്നെയാണ് യഥാര്‍ത്ഥ അവസ്ഥ. '
ഇത് ഗ്രീറ്റ തുന്‍ബെര്‍ഗിന്റെ വാക്കുകള്‍. ഗ്രീറ്റയെ അറിയില്ലേ? ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയില്‍ കാലാവസ്ഥാ പ്രതിസന്ധിയെച്ചൊല്ലി പൊട്ടിത്തെറിച്ച ആ പതിനാറു വയസ്സുകാരി. ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് യുവാക്കളുടെ പ്രചോദനമായ, ജ്വലിക്കുന്ന വാക്കുകളുടെ ഉടമ. വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക മീറ്റിംഗിലെ അതിന്റെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളിലൊന്ന്, അവിടെയത്തിയ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായ 16 വയസുള്ള കാലാവസ്ഥാ പ്രവര്‍ത്തക. അതെ, ആ പെണ്‍കുട്ടി പറഞ്ഞത് സത്യമാണ്. ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ സമയമായി. ഇപ്പോഴുണ്ടാവുന്ന പലമാറ്റങ്ങളും തെളിയിക്കുന്നത് അതാണ്. സംശയമുള്ളവര്‍ ഗ്രീന്‍ലാന്റില്‍നിന്നുള്ള ഈ വാര്‍ത്ത അറിയൂ.
...................................................................
ഇത് ഗ്രീറ്റ തുന്‍ബെര്‍ഗിന്റെ വാക്കുകള്‍. ഗ്രീറ്റയെ അറിയില്ലേ? ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയില്‍ കാലാവസ്ഥാ പ്രതിസന്ധിയെച്ചൊല്ലി പൊട്ടിത്തെറിച്ച ആ പതിനാറു വയസ്സുകാരി.
ഗ്രീന്‍ലാന്‍ഡിലൈ പ്രധാന വിമാനത്താവളം അഞ്ച് വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. മണ്ണും പാറകളും മണലും മഞ്ഞിന്റെ ശക്തിയാല്‍ ഒത്തു ചേര്‍ന്ന്, പെര്‍മാഫ്രോസ്റ്റ് കാലാവസ്ഥാ വ്യതിയാനം കാരണം ഉരുകുന്നത് മൂലം റണ്‍വേ തകരുന്നതാണ് കാരണം.
അതെ, അനിയന്ത്രിതമായ കാലാവസ്ഥ വ്യതിയാനം ലോകമെങ്ങും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. നമ്മുടെ ലോകത്തെ ജീവയോഗ്യമാക്കുന്ന സാഹചര്യങ്ങളെ അത് വളരെയധികം ദുഷ്‌കരമാക്കുകയാണ്. കാര്യങ്ങള്‍ മാറിക്കഴിഞ്ഞു. താപനിലയിലെ വ്യത്യാസങ്ങള്‍ കുറച്ച് വര്‍ഷങ്ങളായി ഉയരുകയാണ്. ശക്തമായ കൊടുങ്കാറ്റുകള്‍ സാധാരണമാവുന്നു. മഞ്ഞുമൂടിയ പ്രദേശങ്ങള്‍ അപകടകരമാംവിധം ഉരുകുന്നു. വരുംവര്‍ഷങ്ങളില്‍ ഇവയെല്ലാം കൂടുതല്‍ വഷളാകാനാണ് സാധ്യത.
...................................................................
'കാംഗെര്‍ലൂസുവാക്ക്' വിമാനത്താവളത്തില്‍നിന്ന് പ്രതിവര്‍ഷം 11,000 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് അഞ്ച് വര്‍ഷത്തിനുള്ളില്‍ അടച്ചിടാന്‍ പോവുകയാണ്.
ഗ്രീന്‍ലാന്‍ഡില്‍ സംഭവിക്കുന്നത്
'കാംഗെര്‍ലൂസുവാക്ക്' വിമാനത്താവളത്തില്‍നിന്ന് പ്രതിവര്‍ഷം 11,000 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് അഞ്ച് വര്‍ഷത്തിനുള്ളില്‍ അടച്ചിടാന്‍ പോവുകയാണ്. ഇവിടെനിന്നുള്ള സിവിലിയന്‍ വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗ്രീന്‍ലാന്‍ഡ്. കാലാവസ്ഥാ വ്യതിയാനം കാരണം പ്രദേശത്തെ പെര്‍മാഫ്രോസ്റ്റ് ഉരുകുന്നത് റണ്‍വേയെ തകര്‍ക്കുന്നതാണ് കാരണം. വിമാനത്താവളം നിര്‍മ്മിച്ച സമയം തണുത്തുറഞ്ഞു നിന്നിരുന്ന നിലം ഉയര്‍ന്ന താപനിലയില്‍ ഉരുകാന്‍ തുടങ്ങിയപ്പോള്‍ റണ്‍വേയില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ തുടങ്ങി. ഗ്രീന്‍ലാന്റിലെ മറ്റൊരു സ്ഥലത്ത് ഡാനിഷ് വ്യോമസേനയുടെ സഹായത്തോടെ പുതിയ വിമാനത്താവളം നിര്‍മിക്കാനാണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഗ്രീന്‍ലാന്‍ഡിന്റെ ഉപരിതലത്തിന്റെ ഏകദേശം 80 ശതമാനവും ഹിമപാളികളാല്‍ മൂടപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുപാളികള്‍ നേരത്തെ വിചാരിച്ചതിലും വേഗത്തില്‍ ഉരുകുകയാണിപ്പോള്‍. ആഗോളതാപനം ഗ്രീന്‍ലാന്‍ഡിനെ വലിയതോതില്‍ മാറ്റിമറിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയെ മാത്രമല്ല , നമ്മുടെ നിര്‍മ്മിതികളെ കൂടി വലിയതോതില്‍ ബാധിക്കുന്നുവെന്ന് വിമാനത്താവളത്തിന്റെ അവസ്ഥ കാണിച്ചു തരുന്നു.
...................................................................
ഗ്രീന്‍ലാന്‍ഡിന്റെ ഉപരിതലത്തിന്റെ ഏകദേശം 80 ശതമാനവും ഹിമപാളികളാല്‍ മൂടപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുപാളികള്‍ നേരത്തെ വിചാരിച്ചതിലും വേഗത്തില്‍ ഉരുകുകയാണിപ്പോള്‍.
എന്താണ് പെര്‍മാഫ്രോസ്റ്റ്? അതിനെന്തു സംഭവിക്കുന്നു?
മണ്ണും പാറകളും മണലും മഞ്ഞിന്റെ ശക്തിയാല്‍ ഒത്തു ചേര്‍ന്നിരിക്കുന്നതാണ് പെര്‍മാഫ്രോസ്റ്റ്. പെര്‍മാഫ്രോസ്റ്റിലെ മണ്ണും മഞ്ഞും വര്‍ഷം മുഴുവനും മരവിച്ചിരിക്കും. ആഗോളതാപനം മൂലം ഭൂമിയുടെ താപനില വര്‍ധിക്കുമ്പോള്‍, പെര്‍മാഫ്രോസ്റ്റ് ഉരുകുകയാണ്. അതിനര്‍ത്ഥം പെര്‍മാഫ്രോസ്റ്റിനുള്ളിലെ മഞ്ഞ് ഉരുകി വെള്ളവും മണ്ണും തമ്മില്‍ വേര്‍പ്പെടുത്തുവെന്നാണ്. പെര്‍മാഫ്രോസ്റ്റ് ഉരുകുന്നത് നമ്മുടെ ഭൂമിയെയും ജീവജാലങ്ങളെയുമെല്ലാം വലിയതോതില്‍ തന്നെ ബാധിക്കും.
പെര്‍മാഫ്രോസ്റ്റ് തണുത്തുറഞ്ഞിരിക്കുമ്പോള്‍ അത് കോണ്‍ക്രീറ്റിനേക്കാള്‍ കഠിനമായിരിക്കും. എന്നാല്‍ ഇത് ഉരുകുമ്പോള്‍ കളി മാറും. വലിയ മണ്ണിടിച്ചിലുകള്‍ ഉണ്ടാവും. വീടുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മണ്ണിടിച്ചിലില്‍ നശിപ്പിക്കും. കൂടാതെ, പെര്‍മാഫ്രോസ്റ്റ് ഉറഞ്ഞിരിക്കുമ്പോള്‍, ഓര്‍ഗാനിക് കാര്‍ബണ്‍ എന്നറിയപ്പെടുന്ന മണ്ണിലലിഞ്ഞ ജൈവവസ്തുക്കളെ സൂക്ഷ്മാണുക്കള്‍ക്ക് വിഘടിപ്പിക്കാനാവില്ല. അവ ചീഞ്ഞഴുകിപ്പോവില്ല. പെര്‍മാഫ്രോസ്റ്റ് ഉരുകുമ്പോള്‍, സൂക്ഷ്മാണുക്കള്‍ ഈ പദാര്‍ത്ഥത്തെ വിഘടിപ്പിക്കാന്‍ തുടങ്ങുന്നു. ഈ പ്രക്രിയയിലൂടെ വളരെയധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് വമിക്കപ്പെടുന്നു.
ഇതുകൂടാതെ പെര്‍മാഫ്രോസ്റ്റ് ഉരുകുമ്പോള്‍, മഞ്ഞിലും മണ്ണിലുമുള്ള പുരാതന ബാക്ടീരിയകളും വൈറസുകളും മറ്റും സ്വാതന്ത്രമാക്കപ്പെടും. ഈ പുതുതായി പുറത്തുവന്ന സൂക്ഷ്മാണുക്കള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പുതിയ രോഗങ്ങള്‍ പടരാനും കാരണമാകും. 400,000 വര്‍ഷത്തിലേറെ പഴക്കമുള്ള സൂക്ഷ്മാണുക്കളെ വരെ ഇവിടെ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
...................................................................
പെര്‍മാഫ്രോസ്റ്റ് തണുത്തുറഞ്ഞിരിക്കുമ്പോള്‍ അത് കോണ്‍ക്രീറ്റിനേക്കാള്‍ കഠിനമായിരിക്കും. എന്നാല്‍ ഇത് ഉരുകുമ്പോള്‍ കളി മാറും.
മഞ്ഞുരുക്കം: ഗ്രീന്‍ലാന്‍ഡ് അനുഭവം
'ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ്' ജേണലില്‍ പ്രസിദ്ധീകരിച്ച ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. കെന്റ് മുറേയുടെ നേതൃത്വത്തിലുള്ള പുതിയ പഠനമനുസരിച്ച്, ഗ്രീന്‍ലാന്‍ഡിന്റെ ഏറ്റവും പഴയതും കട്ടിയുള്ളതുമായ മഞ്ഞുപാളികള്‍ പുതിയ മഞ്ഞുപാളികളേക്കാള്‍ ഇരട്ടി വേഗത്തില്‍ ഉരുകുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിന് വടക്ക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ ആര്‍ട്ടിക് പ്രദേശത്തെ മറ്റെവിടെയേക്കാളും പഴക്കവും കട്ടിയുള്ളതുമാണ്, പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.
'അവസാന ഹിമമേഖല (last Ice Area)' എന്നറിയപ്പെടുന്ന ഈ ഹിമപ്രദേശം ഗ്രീന്‍ലാന്‍ഡിന്റെ വടക്കന്‍ തീരത്ത് നിന്ന് കനേഡിയന്‍ ആര്‍ട്ടിക് ദ്വീപസമൂഹത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് ഏകദേശം 1,200 മൈലിലധികം (2,000 കിലോമീറ്റര്‍) വ്യാപിച്ചു കിടക്കുന്നു. ഇവിടെ നിലനില്‍ക്കുന്ന ഹിമപാളികള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം പഴക്കമുണ്ട്. കൂടാതെ അയല്‍ പ്രദേശങ്ങളെ അപേക്ഷിച്ച് ഏകദേശം 13 അടി (4 മീറ്റര്‍) കട്ടിയുമുണ്ട്. ഇത് തുടര്‍ന്നാല്‍ 'അവസാന ഹിമമേഖലയെ' വളരെക്കാലം നീണ്ടുനില്‍ക്കുന്ന മഞ്ഞുപാളികളുടെ ഏകശിലാ പ്രദേശമായി കണക്കാക്കാനാവാതെ വരും.
ദശകങ്ങളായി വേനല്‍ക്കാലത്ത് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. 1998 മുതല്‍ ഗ്രീന്‍ലാന്‍ഡിന്റെ മഞ്ഞുപാളികളുടെ ഒരു രീതിയില്‍ ഉള്ള വികസനവും നടന്നിട്ടില്ലെന്ന് പ്രൊസീഡിങ്‌സ് ഓഫ് ദ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ (PNAS) മൈക്കല്‍ ബെവിസിന്റെ നേതൃത്വത്തില്‍ നടന്ന പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത് സൂചിപ്പിക്കുന്നത് തണുത്ത ഋതുക്കളില്‍ പോലും പുതിയ മഞ്ഞുപാളികള്‍ക്ക് രൂപപ്പെടാന്‍ കഴിയാത്തവിധം ഭൂമി ചൂടായിക്കൊണ്ടിരിക്കുന്നുവെന്നാണ്.
...................................................................
ദശകങ്ങളായി വേനല്‍ക്കാലത്ത് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
സമുദ്ര നിരപ്പിനെ എങ്ങനെ ബാധിക്കും?
വ്യാവസായിക വിപ്ലവം ആരംഭിച്ചതിനുശേഷം മനുഷ്യര്‍ സൃഷ്ടിച്ച പ്രകൃതി ചൂഷണത്തെ തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനത്താല്‍ അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ച താപത്തിന്റെ 90 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രമാണ്. കാലക്രമേണ, സമുദ്രത്തിന്റെ താപനിലയില്‍ വര്‍ദ്ധനവുണ്ടാവുകയും മഞ്ഞുപാളികള്‍ ഉരുകാനുള്ള കൂടുതല്‍ താപനിലയില്‍ ഉള്ള ജലം ലഭ്യമാകുകയും ചെയ്തു. ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലേയുമൊക്കെ ഹിമപാളികള്‍ ഉരുകുമ്പോള്‍ ഗുരുത്വാകര്‍ഷണം കുറയുന്നു. ഇത് ഹിമപാളികള്‍ക്ക് ചുറ്റുമുള്ള സമുദ്രനിരപ്പില്‍ കുറവുണ്ടാക്കുന്നു.
ഈ ഉരുകിവരുന്ന അധിക ജലം എവിടെയെങ്കിലും ഒഴുകിപ്പോകേണ്ടതുണ്ട്. ഭൂമിയുടെ മറ്റുഭാഗങ്ങളിലെ സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ട് മാത്രമേ ഇതിനു സന്തുലിതമാകാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികള്‍ ഉരുകിയപ്പോള്‍ സമുദ്രനിരപ്പ് ഏകദേശം കാല്‍ ഇഞ്ചോളം ഉയരാന്‍ കാരണമായി. ആഗോള സമുദ്രനിരപ്പ് ഏകദേശം 25 അടിയോളം ഉയര്‍ത്താന്‍ മതിയായ മഞ്ഞുപാളികള്‍ ഗ്രീന്‍ലാന്‍ഡ് പ്രദേശങ്ങളില്‍ ഉള്ളതിനാല്‍, പുതിയ ഉരുകല്‍ നിരക്കിന്റെ കണക്കിനെ കുറിച്ച് നമ്മള്‍ ഭയപ്പെടേണ്ടതുണ്ട്. കാരണം അത് കുറയുമെന്ന പ്രതീക്ഷ ശാസ്ത്രലോകത്തിനില്ല.
കൂടുതല്‍ വായിക്കാന്‍:
അറബിക്കടല്‍, പഴയ കടലല്ല; ക്യാര്‍, മഹ ചുഴലിക്കാറ്റുകള്‍ വലിയ മുന്നറിയിപ്പ്
'മഹ' ചുഴലിക്കാറ്റ് എവിടെയെത്തി?
പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ എന്താണ് കാരണം ?