തകര്‍ന്ന വണ്ടിക്കരികെ ഞാന്‍ ഭയന്നുവിറച്ചുനിന്നു, അന്യനാട്ടിലെ ആ അപരിചിതന്‍ എനിക്ക് തുണയായി!

By Deshantharam Series  |  First Published Nov 17, 2022, 5:22 PM IST

ന്നെ സംബന്ധിച്ച്, അദ്ദേഹം ഒരു മാലാഖയായിരുന്നു. തീര്‍ത്തും അപരിചിതമായ ഒരു രാജ്യം, രീതികള്‍, പിന്നെ അപകടം, എന്റെ ആ അവസ്ഥയില്‍ എവിടെ നിന്നോ പറന്നു വന്ന ഒരു മാലാഖ. 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

ഇന്നലെ രാത്രി 9 മണിക്ക് ഭര്‍ത്താവിന്റെ കൂടെ പോകുമ്പോഴാണ് എന്തോ സഹായം ആവശ്യമായിട്ടെന്ന പോലെ എമര്‍ജന്‍സി സിഗ്‌നല്‍ ഇട്ട് വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ മുന്നില്‍ കണ്ടത്. 

'എന്താണാവോ' എന്നുള്ള പുള്ളിക്കാരന്റെ ചോദ്യം ഞാന്‍ കേള്‍ക്കാത്ത പോലെയിരുന്നു.  

എന്താണെന്നറിഞ്ഞിട്ട് എന്ത് ചെയ്യാന്‍? ചുമ്മാ സമയം കളയാന്‍, പോരാത്തതിന് എല്ലുപോലും തുളച്ചു കയറുന്ന തണുപ്പും. 

'നീ എന്താ ഇങ്ങിനെ, എന്തു സ്വാര്‍ത്ഥതയാ ഇത്, ഇങ്ങിനെ ചെയ്യരുത്'  എന്നൊക്കെ പുള്ളിക്കാരന്‍ എന്നെ ഉപദേശിച്ചു കൊണ്ടിരുന്നു. അല്ലെങ്കിലും ഞാനടക്കം പലരും സ്വാര്‍ത്ഥവെടിയുന്നത് സമയവും സാഹചര്യവും നോക്കിയാണല്ലോ?

പെട്ടെന്നാണ് എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സന്ധ്യയിലേയ്ക്ക് ആരോ എടുത്തെറിഞ്ഞെന്നപോല്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. അന്ന് എനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളു. മനസ്സില്‍ ഭയമാണെങ്കിലും ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ജോലിയ്ക്ക് പോകാന്‍ എളുപ്പം ഡ്രൈവ് ചെയ്യുന്നത് തന്നെയായിരുന്നു.  

പകുതിദൂരം പിന്നിട്ട്, മഞ്ഞ സിഗ്‌നല്‍ കണ്ട ഞാന്‍ സ്പീഡ് കുറച്ചു റെഡ് സിഗ്‌നലില്‍ ഏറ്റവും മുന്നില്‍ നിര്‍ത്തിയതും ഭൂകമ്പം പോലെ ഒരു കുലുക്കവും, ചെവിയടയ്ക്കുന്ന ശബ്ദവും കേട്ടത്. എന്റെ തല മുന്നോട്ടാഞ്ഞു തിരികെ സീറ്റില്‍ വന്ന് ശക്തമായി തട്ടി. 

അപകടം നടന്നിരിക്കുന്നു എന്ന് മനസ്സിലായി വന്നപ്പോഴേയ്ക്കും മുന്നില്‍ പച്ച സിഗ്‌നല്‍ തെളിഞ്ഞു. ഇങ്ങിനെയുള്ള ഒരു സാഹചര്യം സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന ഞാന്‍ ആകെ പകച്ചു പോയി, സത്യം പറഞ്ഞാല്‍ കിളിപോയ ഞാന്‍ ആ തകര്‍ന്ന കാറുമായി വീണ്ടും യാത്ര തുടര്‍ന്നു. 

പിന്നെയും ഏതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് പിന്നാലെ വരുന്ന ഒരു കാറില്‍ നിന്നും കൈകൊണ്ട് എന്തോ ആഗ്യം കാണിക്കുന്നത് റിയര്‍ മിററില്‍ കണ്ടത്. എമര്‍ജന്‍സി സിഗ്‌നല്‍ ഇട്ട്, വണ്ടി വഴിയുടെ ഓരം ചേര്‍ത്തു നിര്‍ത്തി. പിന്നാലെ വന്ന കാറുകാരനും ഇറങ്ങി, എന്റെ അടുത്തേയ്ക്ക് വന്നിട്ട് ചോദിച്ചു, 'ഈ കാര്‍ കണ്ടിട്ട് ആക്‌സിഡന്റ് ആയപോലുണ്ട്, എന്തെങ്കിലും സംഭവിച്ചായിരുന്നോ?'

ഞാന്‍ ഡോര്‍ തുറന്ന് പതിയെ പുറത്തിറങ്ങി, ജാക്കറ്റും കൈയുറകളും ധരിച്ചിട്ടും തുളച്ചു കയറുന്ന തണുപ്പ്, കാറിന്റെ പിന്‍ഭാഗം കണ്ട ഞാന്‍ ഞെട്ടിപ്പോയി, ഈ വണ്ടിയാണല്ലോ, ഇത്രയും ദൂരം ഓടിച്ചത്. ഭയം കൊണ്ട് പെരുവിരലില്‍ നിന്നും ഉല്‍ഭവിച്ച വിറയല്‍ ശബ്ദത്തിലും എത്തി.

തമിഴന്‍ എന്ന് തോന്നിക്കുന്ന ഏകദേശം 30 വയസ്സില്‍ താഴെ പ്രായം തോന്നിക്കുന്ന ആ ചെറുപ്പക്കാരന്‍, അപരിചിതന്‍. അദ്ദേഹം സ്വയം പരിചയപ്പെടുത്തി, ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായി ചെറുപ്പത്തിലേ കാനഡയില്‍ എത്തിയതാണെന്നും, വീട് ഞങ്ങള്‍ നില്‍ക്കുന്നിടത്തുനിന്നും രണ്ടു മണിക്കൂര്‍ അകലെയാണെന്നും, ഒരു അത്യാവശ്യത്തിന് സഹോദരന്റെ വീട്ടില്‍ വന്നതാണെന്നും മറ്റും.

തമിഴറിയാമോ എന്ന് ചോദിച്ചു, ഞാന്‍ തമിഴില്‍ സംസാരിച്ചു. ഏതാനും വര്‍ഷങ്ങള്‍ മലേഷ്യയില്‍ ജോലി ചെയ്തിരുന്നതിനാല്‍ തമിഴ് എനിക്ക് നല്ല വശമായിരുന്നു. 

എന്റെ അവസ്ഥ മനസ്സിലാക്കി അദ്ദേഹം പറഞ്ഞു, 'വീട്ടില്‍ വിളിച്ചു പറയൂ, പിന്നെ ജോലി സ്ഥലത്തും, എന്നിട്ട് സംഭവം നടന്ന ഇടത്തില്‍ പോകൂ. പോലീസ് വന്നിട്ടുണ്ടാകും.' അത് കൂടി കേട്ടപ്പോള്‍ എന്റെ ബോധം മറയുന്ന പോലെ തോന്നി, കൈകള്‍ വിറച്ചു.

'ആരാണ് എന്താണ് എന്നറിയാതെ ഞാന്‍ ചോദിച്ചു, താങ്കള്‍ക്ക് പറ്റുമെങ്കില്‍ എന്നെ അവിടെ കൊണ്ട് പോകാമോ?'-അനുവാദം ചോദിക്കാതെ തന്നെ താക്കോല്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. 'നില്‍ക്കൂ' എന്ന പറഞ്ഞിട്ട് അദ്ദേഹം തന്റെ കാര്‍ അടുത്തുള്ള കടകളുടെ മുന്നില്‍ പാര്‍ക്കുചെയ്ത് മജ്ജപോലും ഉറച്ചു പോകുന്ന ആ തണുപ്പില്‍ മഞ്ഞിലൂടെ തിരിച്ചു നടന്ന് എന്റെ അടുത്തേയ്ക്ക് വന്നു.  

അദ്ദേഹം ഡ്രൈവ് ചെയ്ത് ഞാന്‍ പറഞ്ഞ സ്ഥലത്ത് എന്നെ എത്തിച്ചു. ഞങ്ങള്‍ എത്തിയപ്പോഴേയ്ക്കും പോലീസും ആംബുലന്‍സും എന്റെ കാറിനെ ഇടിച്ച വാഹനവും അവിടെ ഞങ്ങളെ കാത്ത് നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ പോലീസിനെ കണ്ട് വിവരങ്ങള്‍ പറഞ്ഞു. 

ആദ്യമായിട്ടാണെന്നും പുതിയ ഡ്രൈവര്‍ ആയതിനാല്‍ നെര്‍വസ് ആയതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും അറിയിച്ചു. എന്റെ തെറ്റല്ലാതിരുന്നതിനാല്‍, എനിക്ക് ഫൈന്‍ അടക്കേണ്ടിവരികയോ, ലൈസന്‍സില്‍ നെഗറ്റീവ് മാര്‍ക്ക് വരികയോ ചെയ്തില്ല. 

അപ്പോഴേയ്ക്കും എന്റെ ഭര്‍ത്താവും കൂട്ടുകാരും സ്ഥലത്തെത്തി. പോലീസിനോട് അനുവാദം വാങ്ങി, ബാക്കി ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി വീട്ടിലേയ്ക്ക് പോരും വരെ ഒരു സഹോദരനെ പോലെ അദ്ദേഹവും കൂടെ നിന്നു. 

ഫോണ്‍ നമ്പര്‍ തന്നിട്ട്, ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിച്ചോ എന്ന് പറഞ്ഞപ്പോഴാണ്, പേര് ചോദിച്ചത്. 'കൃപ', സ്വഭാവത്തെ അന്വര്‍ത്ഥമാക്കുന്ന പേര്. എന്റെ മുഖത്തെ അതിശയം കണ്ട്, അദ്ദേഹം ചിരിച്ചു. 

എന്നെ സംബന്ധിച്ച്, അദ്ദേഹം ഒരു മാലാഖയായിരുന്നു. തീര്‍ത്തും അപരിചിതമായ ഒരു രാജ്യം, രീതികള്‍, പിന്നെ അപകടം, എന്റെ ആ അവസ്ഥയില്‍ എവിടെ നിന്നോ പറന്നു വന്ന ഒരു മാലാഖ. വളരെ തിരക്കുള്ള അദ്ദേഹത്തിന്റെ ആവശ്യത്തെ മാറ്റിവച്ച്  തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയെ സഹായിക്കാന്‍ മനസ്സുണ്ടാവുക. പ്രതികൂലമായ കാലാവസ്ഥ, മിനിട്ടുകള്‍ക്ക് പോലും ഡോളര്‍ വിലവരുന്ന സമയം എനിക്ക് വേണ്ടി മാറ്റി വയ്ക്കുക. കൃപ എന്ന പേരുള്ള ഒരു മാലാഖ. 

ഏറെ നേരം മിണ്ടാതിരുന്ന എന്നോട്, നീ എന്താ ചിന്തിക്കുന്നതെന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന്, ഞാന്‍ പണ്ടത്തെ കാര്യം ഓര്‍ത്തു പോയി എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..'

അതെ, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം....

click me!