വംശനാശ ഭീഷണി നേരിടുന്ന ആനകള്‍; പ്രശ്നപരിഹാര ചിന്തകള്‍

By Jagadheesh Villodi  |  First Published Mar 7, 2023, 3:28 PM IST

ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിന്‍റെ സമകാലിക യാഥാർത്ഥ്യങ്ങളുടെ കണക്കുകൾ അവതരിപ്പിച്ച് കൊണ്ട്, ആനയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തിന് ഒരു പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഈ ലേഖനം. 


മ്മള്‍ മലയാളികളെ സംബന്ധിച്ച് ആന എന്നത് ദേശീബന്ധമായ ഒരുതരം വൈകാരിക അടുപ്പമുള്ള ജീവിയാണ്. കേരളീയരുടേത് മാത്രമല്ല, ഇന്ത്യയെ പൊതുവായി ഏടുത്താലും ഈ ബന്ധം കാണാം. ആനകള്‍ തദ്ദേശീയമായ ഒരു മൃഗമാണ്. നമ്മള്‍ നാട്ടിലും നമ്മക്കൊപ്പം കാട്ടില്‍ അവനും വളര്‍ന്നു. എന്നാല്‍ അങ്ങനെ വൈകാരികമായി മാത്രം കാണേണ്ട ഒരു മൃഗമാണോ കരയിലെ ഏറ്റവും വലിയ ജീവി എന്നറിയപ്പെടുന്ന ആന? അല്ലെന്ന് തന്നെയാണ് ഉത്തരം. ഓരോ ജീവി വര്‍ഗ്ഗത്തിനും അവനവന്‍റെ ജൈവ പരിസരത്തില്‍  സ്വന്തം നിലയില്‍ ചെയ്ത് തീര്‍ക്കേണ്ട കടമകളുണ്ട്. ഇത്തരം കടമകള്‍ ചെയ്യുമ്പോള്‍ മാത്രമാണ് അതാത് പ്രദേശങ്ങള്‍ക്ക് ജൈവികമായ ഉണര്‍ച്ച സാധ്യമാകുന്നതും സജീവമായ ജൈവ ബന്ധം നിലനിര്‍ത്തപ്പെടുന്നതും. വംശനാശം നേരിടുന്ന ഒരു ജീവിയെന്ന നിലയിൽ  ആന നേരിടുന്ന പ്രതിസന്ധികൾ ഇന്ത്യയെന്ന വലിയ കരപ്രദേശം മുന്നിലുള്ളപ്പോള്‍ കേരളത്തിന്‍റെ മാത്രം പശ്ചാത്തലത്തിൽ വിലയിരുത്തുക സാധ്യവുമല്ല. ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിന്‍റെ സമകാലിക യാഥാർത്ഥ്യങ്ങളുടെ കണക്കുകൾ അവതരിപ്പിച്ച് കൊണ്ട്, ഈ സംഘര്‍ഷത്തിന് ഒരു പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഈ ലേഖനം. 

പ്രോബോസിഡിയ (Proboscidea) എന്ന സസ്തനി കുടുംബത്തിൽ ഭൂമിയിൽ അവശേഷിക്കുന്ന ഏക ജീവിയായ ആനകൾ ഇന്ന് കടുത്ത വംശനാശ ഭീഷണി നേരിടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംഖ്യകളിലെ വലിയ അന്തരം ആനയെ ഭാവിയിലെ ദിനോസറുകൾ എന്ന വിശേഷണത്തിന് ഉടമകളാക്കുന്നു. അതിനാല്‍ IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ആനകളെ സംരക്ഷിക്കാൻ ലോകമെമ്പാടും സജീവമായ ശ്രമങ്ങൾ നടക്കുന്നു. 

Latest Videos

undefined

പാശ്ചാത്യർ ആഫ്രിക്കയിൽ കോളനികൾ സ്ഥാപിച്ച് തുടങ്ങുന്നതിന് മുൻപ് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഏകദേശം രണ്ട് കോടി 60 ലക്ഷം ആഫ്രിക്കൻ ആനകൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാല്‍, ആന വേട്ട തുടങ്ങി 1970 -ൽ എത്തിയപ്പോഴേക്കും ആഫ്രിക്കയിലെ ആനകളുടെ എണ്ണം ഒരു കോടി 30 ലക്ഷമായി ചുരുങ്ങി. IUCN ന്‍റെ 2011 -ലെ കണക്കനുസരിച്ച് ആഫ്രിക്കൻ ആനകളുടെ എണ്ണം 4.25 ലക്ഷലേക്ക് വീണു. 

മലയാളിക്ക് കാല്പനികതയുടെ നെറ്റിപ്പട്ടം കെട്ടിയ ആചാര അടയാളമാണ് ആന. പൊതു ഇന്ത്യനവസ്ഥയില്‍ ആന ദൈവീക സങ്കല്‍പ്പവുമായി ചേരുന്നു. ഇന്ത്യയിൽ ആനകളുടെ ചരിത്രത്തിന് പൌരാണിക ഇതിഹാസങ്ങളോളം പഴക്കമുണ്ട്. മഹാഭാരത യുദ്ധത്തിലെ ജീവനുള്ള ടാങ്കുകൾ ആയിരുന്നു ആനകൾ. ബി.സി. 558 – 491 വരെ മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ബിംബിസാര ചക്രവർത്തിയ്ക്ക് ആനകളുടെ പ്രത്യേക സൈന്യം തന്നെ ഉണ്ടായിരുന്നു. മുകൾ രാജവംശത്തിലെ ജഹാംഗീറിന്‍റെ പട്ടാളത്തിന് വേണ്ടി മാത്രം പന്ത്രണ്ടായിരം ആനകൾ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. മുഗൾ സാമ്രാജ്യത്തിന്‍റെ ഭാഗമായി മാത്രം 40,000 ആനകൾ ഉണ്ടായിരുന്നുവെന്ന് ‘ദ് ഇന്ത്യൻ എലെഫെന്‍റ്’ എന്ന പുസ്തകത്തിൽ ഇന്ത്യയുടെ എലെഫെന്‍റ് മാൻ എന്നറിയപ്പെടുന്ന അജയ് ദേശായി വിവരിക്കുന്നു. അതോടൊപ്പം തന്നെ തമിഴ് സംഘ സാഹിത്യത്തിലെ ചേര രാജവംശത്തിന്‍റെയും മൂഷിക രാജവംശത്തിന്‍റെയും കീഴിലുണ്ടായിരുന്ന ആന പടയുടെ വിവരണങ്ങള്‍ കൂടി കാണണം. ചരിത്രവും പൌരാണിക സാഹിത്യവും ആനകളുടെ അസംഖ്യം വിവരണങ്ങള്‍ നല്‍കുമ്പോള്‍ ഇന്ന് വെറും അമ്പതിനായിരത്തിൽ താഴെ ഇന്ത്യൻ ആനകൾ മാത്രമാണ് അവശേഷിക്കുന്ന തെന്നും നാം തിരിച്ചറിയണം. 

വംശനാശവും അതിജീവനവും 

25 കോടി വർഷങ്ങൾക്ക് മുൻപ് സമുദ്രങ്ങളിലെ 96 % ജീവികളുടെയും അന്ത്യം കുറിച്ച ‘Great Dying’ എന്നറിയപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ ആഗോളതാപനമാണ് പെർമിയൻ ട്രയാസ്സിക് (Permian–Triassic). ലോകത്തിലെ ഏറ്റവും വലിയ ജീവ വംശനാശമായി ഈ പ്രതിഭാസത്തെ ശാസ്ത്രലോകം കണക്കാക്കുന്നു. ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന ഹോളോസീൻ  (Holocene) എന്ന വംശനാശ പ്രകൃയിയില്‍ ജനിതക വൈവിധ്യത്തിന്‍റെയും ആവാസ വ്യവസ്ഥയുടെയും ശോഷണം സംഭവിച്ച് കൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം. ഇതിൽ ആരെല്ലാം ബാക്കിയാവും എന്നത് ഓരോ ജീവി വര്‍ഗത്തിന്‍റെയും അതിജീവന ക്രമത്തെ അടിസ്ഥാനപ്പെടുത്തിയാകും. 

ബുദ്ധിമാനായ മനുഷ്യൻ ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തി സ്വയം ക്രമപ്പെടുത്തിയിരിക്കുന്നു. പെറ്റുപെരുകുന്ന ചില ജീവികളെ ക്ഷുദ്രജീവികളായി മുദ്രകുത്തി  നശിപ്പിച്ചു കളയുന്ന  (Selective Culling)പതിവും നമ്മുക്കുണ്ട്. അതേ സമയം ആനയെ പോലുള്ള അന്യം നിന്ന് പോകാൻ സാധ്യതയുള്ള ജീവികളെ മനുഷ്യൻ  ശാസ്ത്രീയമായ ഇടപെടലുകളിലൂടെ സംരക്ഷിക്കുകയും ചെയ്യുന്നു. കാരണം, തദ്ദേശീയമായ ജീവിവര്‍ഗ്ഗങ്ങളുടെ സന്തുലിതമായ നിലനില്‍പ്പ് ഓരോ ദേശത്തിന്‍റെയും ആരോഗ്യകരമായ നിലനില്‍പ്പുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന തിരിച്ചറിവ് നമ്മുക്കുണ്ട്. 

പരിണാമ ദുരന്തം!

പരിണാമത്തിലെ ദുരന്തമെന്ന വിശേഷണം ആനയ്ക്ക് മേലുണ്ട്. വിശപ്പും ചൂടും അവയുടെ അസ്വസ്ഥതകള്‍ക്ക് ചൂട്ട് പിടിക്കുന്നു. വിയർപ്പ് ഗ്രന്ഥികൾ വളരെ കുറവായതിനാൽ ശരീര താപനില നിയന്ത്രി‍ക്കുക ആനകള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. കാട്ടാനകൾ സദാസമയവും ദേഹത്ത് പൊടിവാരി ഇടുന്നത് അസഹനീയമായ ചൂട് കാരണമാണ്. ആനയുടെ ത്വക്കിന് ഏതാണ്ട് രണ്ടര സെന്‍റീമീറ്റർ കട്ടിയുണ്ട്. എന്നാൽ വായ്ക്ക് ചുറ്റുമുള്ളതും ചെവിക്കകത്തുമുള്ളതുമായ തൊലി താരതമ്യേന കട്ടി കുറഞ്ഞതാണ്. ചൂട് കൂടുമ്പോൾ കാലിൽ നഖത്തിനടുത്തായുള്ള വിയർപ്പ് ഗ്രന്ഥികളിലേക്ക് വായു കടക്കാനായി അവ കാലുകൾ ഉയർത്തുന്നു. ചിലപ്പോഴൊക്കെ ശ്രവണ സഹായിയായും ആന കാലുകളെ ആശ്രയിക്കുന്നു. ഈ വലിയ ശരീരം താങ്ങുന്ന കാലുകളില്‍ കുളമ്പുകളുടെ അഭാവം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. അത്തരമൊരു മൃഗത്തെയാണ് നാട്ടിലെ ഉത്സവത്തിനും  പെരുന്നാളിനും എരിപൊരി വെയിലിൽ ഉരുുകുന്ന ടാറുള്ള റോഡിൽ നിർത്തി നമ്മള്‍ ആസ്വദിക്കുന്നതും പുകഴ്ത്തുന്നതും. 

കഴിക്കുന്ന ഭക്ഷണത്തിന്‍റെ 40 % മാത്രമേ ആനകൾക്ക് ദഹിപ്പിക്കാൻ പറ്റൂവെന്ന് അറിയാമോ? ഇത് മൂലം ദിവസത്തിന്‍റെ ഏറിയ പങ്കും ഭക്ഷണം കഴിക്കാനായി ആന ചിലവഴിക്കുന്നു. ഭക്ഷണങ്ങളില്‍ പ്രധാനം മുളയും പുല്ലിനങ്ങളുമാണ്. ദിവസേന ഏകദേശം 140 – 270 കിലോഗ്രാം വരെ ഭക്ഷണം ഇവ അകത്താക്കും. അതില്‍ പകുതിയിലേറെയും ദഹിക്കാതെ തന്നെ പുറത്ത് പോകും. 

മനുഷ്യന്‍റെ തടവില്‍ വളരുന്ന ‘നാട്ടാന’കളുടെ ആയുസ്സ് എത്താതെയുള്ള മരണത്തിന് ഒരു കാരണം എരണ്ടക്കെട്ടാണ്. ആനകൾക്ക് ഉണ്ടാകുന്ന ദഹനക്കേടാണ് എരണ്ടക്കെട്ട്. ഇതിന് വഴി തെളിക്കുന്നതാകട്ടെ ആനകൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത പനപ്പട്ട പോലുള്ള ഭക്ഷണങ്ങളും. പിന്നെ സ്നേഹം നടിച്ച് നമ്മള്‍ ഉരുട്ടി വായിലേക്ക് തള്ളിക്കൊടുക്കുന്ന ചോറും ശർക്കരയും. അതെ, ആ സാധു ജീവിയെ നമ്മളങ്ങ് സ്നേഹിച്ച് കൊല്ലുകയാണ്. സ്വന്തം ഗതികേടുകൊണ്ട് കൊടുക്കുന്നത് മാത്രം തിന്നാന്‍ അവ വിധിക്കപ്പെടുന്നു. 

ആനയുടെ മറ്റൊരു ദുരന്തമാണ്  മേൽചുണ്ടും മൂക്കും കൂടിച്ചേർന്നുണ്ടായ തുമ്പിക്കൈ എന്ന അവയവം. 40,000 ത്തിലധികം പേശികൾ ഉൾക്കൊള്ളുന്ന തുമ്പിക്കൈ അങ്ങേയറ്റം സംവേദനക്ഷമമാണ്. ആധുനീകമായ യന്ത്ര സംവിധാനങ്ങളുണ്ടെങ്കിലും നമ്മുക്ക് ഇന്നും ആന തന്നെ തടിപിടിക്കണം. നിയമം മൂലം  അവസാനിപ്പിക്കേണ്ട ക്രൂരതകളിൽ ഒന്നാണിത്. ആനയുടെ വേദന അറിയാൻ സ്വന്തം മൂക്കിന്‍റെ സംവേദനക്ഷമതയെ കുറിച്ച് നാം ഒരു നിമിഷത്തേക്ക് ഓർക്കുന്നത് തന്നാകും. 

യന്ത്ര ആന എന്ന സാധ്യത

തൃശ്ശൂരിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വേണ്ടി പെറ്റ ഇന്ത്യ (People for the Ethical Treatment of Animals) എന്ന സംഘടന മുൻകൈയെടുത്ത് നിർമിച്ച് നൽകിയ ‘ഇരിഞ്ഞാടപ്പിള്ളി രാമൻ‘ എന്ന യന്ത്ര ആന തിടമ്പേറ്റിയത് നമ്മൾ കണ്ടു. ഇരുമ്പ് കൊണ്ടുള്ള ചട്ടക്കൂടില്‍ റബര്‍ ഉപയോഗിച്ചാണ് ഈ ആനയുടെ ജന്മപ്രക്രിയ പൂര്‍ത്തിയാക്കിയത്. അഞ്ച് മോട്ടോറുകള്‍ ആനയ്ക്ക് ജീവന്‍ നല്‍കുന്നു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മാസമെടുത്ത് നിര്‍മ്മിച്ച ആനയുടെ ഭാരം 800 കിലോ വരും. ചലച്ചിത്ര താരം പാർവതി തിരുവോത്തിന്‍റെ സഹായത്തോടെയായിരുന്നു ഇതിന്‍റെ നിര്‍മ്മാണം. എഐയുടെ ലോകത്തേക്ക് ലോകം സഞ്ചരിക്കുമ്പോള്‍ മിനിമം യന്ത്രയാനയിലേക്കെങ്കിലും നമ്മളും വളരേണ്ടതുണ്ട്.   

ബിഹാറിയായ തെച്ചിക്കാട്ടുകാവ് രാമചന്ദ്രൻ എന്ന ‘നാട്ടാന’ കൊലപ്പെടുത്തിയത് 13 മനുഷ്യരെയാണ്. ഇതില്‍ ആറ് പാപ്പാന്മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു. ഈ ആനയെയാണ് ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് വേണ്ടി 6.75 ലക്ഷം രൂപയ്ക്ക് ആന പ്രേമികളുടെ ആഘോഷ കമ്മിറ്റി ഏക്കമേറ്റ് എടുത്തത്. ഏഷ്യയില്‍ ഉയരത്തില്‍ ഒന്നാം സ്ഥാത്തും ലക്ഷണമൊത്തതുമാണ് എന്നതാണ് ഏക്കത്തുക ഉയരാന്‍ കാരണം. ‘ആനപ്രേമി’കൾ റോബോട്ടിലേക്ക് തിരിയേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ ഒരു വര്‍ഷത്തെ ഏക്കത്തുകയ്ക്ക് അതിലും ഉയരുമുള്ളൊരു ലക്ഷണമൊത്ത യന്ത്രയാനയെ എഴുന്നള്ളിക്കാം.  വര്‍ഷാവര്‍ഷം ഏക്കത്തിനും മറ്റുള്ള ചെലവുകള്‍ക്കുമായി മാറ്റുന്ന തുക അന്നദാനത്തിനായി വകമാറ്റാം. ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളും പള്ളികളും ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ടതാണ്. സഹജീവി സ്നേഹത്തിന്‍റെ പേരിലെങ്കിലും ആനയെന്ന വന്യജീവിയെ നമ്മള്‍ വെറുതെ വിടേണ്ടതുണ്ട്. 

സമൂഹ ജീവിയായ ആന

മനുഷ്യനെ പോലെ സാമൂഹ്യ ജീവിതം നയിക്കുന്ന ജീവിയാണ് ആന. പിടിയാനകളുടെ നേതൃത്വത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ആണുങ്ങള്‍ പൊതുവെ ഒറ്റയ്ക്കാണ് ജീവിക്കുക. ഇണ ചേരാനായി കൊമ്പന്മാര്‍ കൂട്ടത്തില്‍‍ കൂടുന്നു. ശാസ്ത്രജ്ഞന്മാരായ ഷിഫ്ര ഗോൾഡൻബർഗ്, ജോർജ് വിറ്റെമയർ (2020) എന്നിവർ നടത്തിയ പഠനങ്ങള്‍ ആനകളുടെ വൈകാരിക ജീവത്തിലേക്കുള്ള വഴി തുറക്കുന്നു. കൂട്ടത്തിലെ ഒരാളുടെ മരണം ആനകള്‍ക്ക് ഏറെ വേദന നിറഞ്ഞതാണ്. മൃതദേഹത്തിനൊപ്പം അവ മണിക്കൂറുകളോളം നിലയുറപ്പിക്കും. ഇടയ്ക്ക് മരിച്ചയിടം സന്ദര്‍ശിച്ച് നഷ്ടപ്പെട്ടവരുടെ ഓര്‍മ്മ പുതുക്കും. ഈ വികാര ജീവിയെ മനുഷ്യന് ഒരിക്കലും ഇണക്കി വളർത്താൻ കഴിയില്ല. എന്നാല്‍ മൊരുക്കി നിര്‍ത്താം. അതാണ് നമ്മള്‍ ചെയ്യുന്നതും. മനുഷ്യ ക്രൂരതയുടെ പാരമ്യം കാണണമെന്നുണ്ടെങ്കിൽ കാട്ടാനയെ മെരുക്കുന്ന ആനക്കൂടുകളിലേക്ക് പോകണം. 

സ്വന്തം വാസസ്ഥലമൊരുക്കുന്ന കാടിന്‍റെ എഞ്ചിനീയര്‍ 

സ്വന്തം വിശപ്പില്‍ നിന്നാണ് ആനകള്‍ കാടിനെ പുനഃര്‍നിര്‍മ്മിക്കുന്നത്. ഒടുങ്ങാത്ത വിശപ്പിന്‍റെ വിളികളില്‍  ആനകള്‍ ഉയർന്ന മരത്തിന്‍റെ ചില്ലകൾ ഒടിച്ച് സ്വന്തം വീശപ്പടക്കുന്നു. ഇത് സഹജീവികളായ മാനുകളുടെ വിശപ്പിനും ശമനമുണ്ടാകുന്നു. മാനുകളുടെ വിശപ്പ് ശമിക്കുന്നതോടെ കടുവകള്‍ സജീവമാകുന്നു. ആളനക്കമില്ലാതെ അടഞ്ഞ താഴ്വാരകളിലേക്കും മലയിടുക്കിലും വിശപ്പിന്‍റെ വിളി സഹിക്കാനാകാതെ ചവിട്ടിക്കയറി പുതിയ വഴിത്താരകള്‍ തീര്‍ക്കുന്നു. മണ്ണ് കുഴിച്ചെടുത്ത് സ്വന്തം ശരീരത്തിലെ ചൂടാറ്റുന്ന ആന കൂട്ടങ്ങള്‍ സൃഷ്ടിക്കുന്ന കുഴികള്‍ മഴക്കാലങ്ങളില്‍ ചെറിയ വെള്ളക്കെട്ടുകളായും കാലാന്തരത്തില്‍ ചെറു കുളങ്ങളായും രൂപം മാറുന്നതോടെ കാടിന് പുതിയൊരു ജൈവ മേഖല രൂപപ്പെടുകയും കാടുകള്‍ കാലാകാലങ്ങളില്‍ പുതുക്കപ്പെടുകയും ചെയ്യുന്നു. 

വൈല്‍ഡ്‌ ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ രാജ്യത്ത് 101 ആനത്താരകളുണ്ടെന്നാണ്‌ സ്ഥിരീകരിച്ചത്. റൈറ്റ് ഓഫ് പാസേജ് (ROP) എന്ന ആശയമാണ് കാട്ടാനകളുടെ വിഷയത്തില്‍ വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത്.ഇത് തന്നെയാണ് ആന സംരക്ഷണത്തിലെ  മികച്ച വഴിയും. ഈ മേഖലയിലെ പ്രഗൽഭനായ വനം വന്യജീവി ഗവേഷകൻ ഡോ.പി.എസ്. ഈസയുടെ അഭിപ്രായത്തിൽ കേരളത്തിലെ ആനത്താരകൾ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല. കാരണം, കേരളത്തിൽ ആറോളം ആനത്താരകളാണ് ഉള്ളത്, ഈ ആനകത്താരകളില്‍ നിന്ന് തന്നെ അവയ്ക്ക് വിശപ്പടക്കാനുള്ളത് കിട്ടുന്നുവെന്നത് തന്നെ കാരണം. 

പിന്നെന്തിനീ കാടിറക്കം 

ലോകമെമ്പാടും ആനകളുടെ എണ്ണത്തിൽ കുറവ് വരുമ്പോൾ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണ്. ഇന്ത്യയിലെ കണക്കെടുത്താൽ 38 വർഷത്തിനിടെ  (1979 - 2017) 122 % മാണ് ആനകളുടെ വർദ്ധന. അതിൽ കേരളത്തിന്‍റെ പങ്ക് നിർണ്ണായകമാണ്. വന്യമൃഗ സംഘർഷവുമായി ബന്ധപ്പെട്ട നിലവിലെ ഗുരുതരമായ സ്ഥിതി വിശേഷങ്ങൾ അതത് പ്രദേശത്തെ ജനസാന്ദ്രതയുമായി കൂട്ടി വേണം വായിക്കപ്പെടേണ്ടത്. 2014 മുതൽ 2022 വരെയുള്ള എട്ട് വർഷത്തെ കാലയളവിനുള്ളിൽ  3,938 മനുഷ്യരെയാണ് ഇന്ത്യയിൽ ആന കൊലപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. ഇതേ കാലയളവിനുള്ളിൽ  531 ആനകളാണ് വൈദ്യുതാഘാതമേറ്റ് മാത്രം കൊല്ലപ്പെട്ടതെന്ന് കൂടിചേര്‍ത്ത് വായിച്ചാലേ ആ സംഘർഷത്തിന്‍റെ ആഴം മനസ്സിലാവുകയുള്ളൂ.

തീരം മുതല്‍ മലവരെ നീണ്ട് വീതിപ്പാടില്‍ ഒരു ദേശം 

വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധികളിൽ ഒന്ന് വന്യമൃഗ സംഘർഷം തന്നെയാണ്. കാടും മനുഷ്യരും തോളോട് തോൾ ചേർന്ന് നിൽക്കുന്ന നാട്ടിൽ വന്യമൃഗ സംഘർഷങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധി ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. 

ഇന്ത്യയിലെ ജനസംഖ്യയുടെ 2.76 % വരുന്ന മലയാളികൾ താമസിക്കുന്നത് ഇന്ത്യയുടെ 1.18 % മാത്രം വരുന്ന കേരളമെന്ന ഭൂപ്രദേശത്താണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ 29.65 % വനവും, 54.7 % വനാവരണവുമുള്ള നാട്ടിലാണ് 3.34 കോടി ജനങ്ങൾ (2021 Census) ജീവിക്കുന്നത്. അതിനിടയിൽ നമുക്ക് സഹ്യപര്‍വ്വതത്തില്‍ നിന്ന് ഉത്ഭവിക്കുന്ന 44 നദികളും 62 അണക്കെട്ടുകളും കൂടിയുണ്ടെന്നും ഓര്‍ക്കുക. ഇതിനെല്ലാം ഉപരി കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്നുണ്ടാവുന്ന  അപ്രതീക്ഷിത പ്രളയങ്ങളും കാലാവസ്ഥ മാറ്റങ്ങളും തീരം മുതല്‍ സഹ്യപര്‍വ്വതം വരെ വീതിപ്പാടില്‍ നീണ്ട് കിടക്കുന്ന ഈ ദേശത്തെ നേരിട്ട് ബാധിക്കുന്നു.

നേർക്കുനേർ തുറക്കുന്ന പോര്‍മുഖം 

1979-ൽ ഇന്ത്യയിൽ 13,500 ആനകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2017 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ആനകളുടെ എണ്ണം 29,964 ആണ്. ഏകദേശം 40 വർഷത്തിനിടെ 122% വർദ്ധന. ഇനി കേരളത്തിലെ കണക്കുകളിലേക്ക് വന്നാല്‍ 1989 ൽ വെറും 3,500 ആനകൾ ഉണ്ടായിരുന്നെങ്കില്‍ 2017 ലെ കണക്കിലേക്കെത്തുമ്പോള്‍ ആനകളുടെ എണ്ണം 5,706 ആയി ഉയര്‍ന്നു. അതായത് കേരളത്തിൽ മാത്രം, ഏകദേശം 30 വർഷത്തിനിടെ 63 % ന്‍റെ വർദ്ധന. ഇതോടൊപ്പം ചേർത്ത് വായ്ക്കേണ്ട രണ്ട് കണക്കുകൾ വേറെയുണ്ട്. 30 വർഷത്തിനിടെ  ജനസംഖ്യായില്‍ നമ്മള്‍, മനുഷ്യര്‍ 31  % ന്‍റെ വര്‍ദ്ധനവുണ്ടാക്കിയെന്നത്. 

വനം വളരുമ്പോൾ

കേരളത്തിലെ മനുഷ്യനെ പോലെ 'പാരിസ്ഥിതിക കുറ്റബോധം' പേറി ജീവിക്കുന്ന മറ്റൊരു ജനതയെ കാണാവില്ല. '80 ലെ കുട്ടിക്കാലം തൊട്ട് പലയാവര്‍ത്തി കേട്ടിട്ടുള്ള കാര്യമാണ് കേരളത്തിലെ വനം കയ്യേറ്റം.  1956 കേരള സംസ്ഥാന രൂപീകരണം തൊട്ട് ഇന്നേവരെയുള്ള കണക്കെടുത്താൽ സ്വാഭാവിക വനത്തിന്‍റെ വർദ്ധന 3.8 % മാണെന്നതാണ് യഥാർത്ഥ വസ്തുത. അതേ സമയം 60 വർഷത്തിനിടെ ഈ കൊച്ചു കേരളത്തിൽ 136  % ജനസംഖ്യാ വർധനവുണ്ടായി. ഈ രണ്ട് കണക്കുകളില്‍ കേരളത്തിന്‍റെ യഥാർത്ഥ വികസന മാതൃകയും പരിസ്ഥിതിയോടുള്ള കരുതലും കാണാം. അതെ നമ്മൾ എല്ലായിപ്പോഴും പ്രകൃതി സംരക്ഷണത്തിലെ മുന്നണി പടയാളികളാണെന്ന് കണക്കുകള്‍ തെളിവ് തരുന്നു. വംശവര്‍ദ്ധ  ഉണ്ടാക്കിയപ്പോഴും കാടിനെ നമ്മള്‍ വളരാന്‍ വിട്ടു. 

കേന്ദ്ര സര്‍ക്കാറിന്‍റെ വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം  കഴിഞ്ഞ 34 വർഷത്തിൽ (1987-2021) കേരളത്തിന്‍റെ വനാവരണം വർദ്ധിച്ചത് 110  % മാണ്. ഇന്ത്യയുടെ ദേശീയ വനനയം അനസരിച്ച്, പാരിസ്ഥിതിക സ്ഥിരത നിലനിർത്തുന്നതിന് സംസ്ഥാനത്തിന് 33  % ഫോറസ്റ്റ് കവർ വേണം. അതേ സമയം കേരളത്തില്‍ വന്യമൃഗ ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജില്ലകളിൽ ഒന്നായ വയനാട്ടിലെ ഫോറസ്റ്റ് കവർ 74.2% മാനമാണെന്നും കാണാം. കേരളത്തിലെ മനുഷ്യർ മരങ്ങൾ നശിപ്പിക്കുകയല്ല വളർത്തുകയാണ് ചെയ്തതെന്നതിന്‍റെ തെളിവ്. നിത്യഹരിത കേരളം മാതൃകയാണെന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. 

വനം വളരുമ്പോഴും നമ്മുടെ ആനകള്‍ കാടിറങ്ങുന്നു! 

ഇന്ത്യയില്‍ കാടിന് ഉൾക്കൊള്ളാവുന്നതിനും അപ്പുറത്തേക്ക് ആന സാന്ദ്രത (Elephant Density) ചിലയിടങ്ങളിലെങ്കിലും വർധിച്ചുവെന്നത് ഒരു യാഥാർത്ഥ്യമാണ്. കാടിന് എത്ര ആനയെ ഉൾക്കൊള്ളാമെന്നാണ് ചോദ്യമെങ്കിൽ ഇന്ത്യയുടെ 'Elephant Man' എന്നറിയപ്പെടുന്ന അജയ് ദേശായിയുടെ വിലയിരുത്തലിൽ 111 തൊട്ട്  266 വരെ ചതുരശ്ര കിലോമീറ്ററാണ് ആനകള്‍ക്ക് വേണ്ട 'Home Range'.

ജ്യോതി പി. ദാസിന്‍റെ നേതൃത്വത്തിൽ 2020 -ൽ നടന്ന വിശദമായ പഠനത്തിൽ (Population Estimation of Asian Elephants in a Tropical Forest of Northeast India) ആവറേജ് ഡെൻസിറ്റി  1.30 sqkm ആണെന്ന് പറയുന്നു. അപ്പോഴുും കണക്കുകളില്‍ കേരളത്തിലെ ആനയുടെ ഡെൻസിറ്റി 0.59 മാത്രമാണ്.  ആനയുടെ പോപ്പുലേഷൻ ഡെൻസിറ്റിയെ കുറിച്ച് ചോദിക്കുമ്പോൾ പരിസ്ഥിതി വാദക്കാർ ഉയർത്തുന്ന മറുചോദ്യം  മനുഷ്യന്‍റെ ജനസാന്ദ്രത (Population density) എത്രയെന്നാണ്. 

മനുഷ്യനെ, മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്നത് ബുദ്ധി വികാസമാണ്. അടിസ്ഥാന സൗകര്യങ്ങളെ  ഫലപ്രദമായി ഉപയോഗിക്കാന്‍ മനുഷ്യനിന്ന് നിഷ്പ്രയാസം സാധിക്കുന്നു. ബഹുനില കെട്ടിടങ്ങൾ ഉണ്ടാക്കി ഫ്ലാറ്റുകളിൽ താമസിച്ച് മനുഷ്യന്‍ സ്വന്തം സ്ഥല പരിമിതിയെ മറികടക്കുന്നു. മാത്രമല്ല, ചില മൃഗങ്ങളെ പോലെ മനുഷ്യൻ ഒരു ടെറിട്ടോറിയൽ ജീവിയുമല്ല. അവന്‍റെ ലോകം കുറേയേറെ വിശാലമാണ്. ചൈനയുടെ  മക്കാവു എന്ന 32.9 km2 മാത്രം വിസ്തീർണ്ണവുമുള്ള നഗരത്തിൽ ഏകദേശം 6,80,000 മനുഷ്യരാണ് ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം എന്ന പട്ടം മക്കാവിന്‍റെതാണ്.  20,556 sq km ആണ് മക്കാവിന്‍റെ പോപ്പുലേഷൻ ഡെൻസിറ്റി. തീരവും ഇടനാടുമുള്ള ജനസാന്ദ്രതയൊന്നും കേരളത്തിലെ സഹ്യന് മുകളിലില്ല.   

സ്വാഭാവികമായ പുൽമേടുകൾ  (Vegetation)

സാന്ദ്രതയുടെ കണക്ക് കഴിഞ്ഞാല്‍ പിന്നെയുള്ള പ്രശ്നം ആനകളുടെ ജൈവികമായ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയിട്ടുണ്ടോയെന്നതാണ്. നിലവില്‍ കേരളത്തിലെ കാടുകളിലെ വെജിറ്റേഷൻ ആനകൾക്ക് ചേരുന്നതാണോയെന്നത് തന്നെ. മഴക്കാലത്ത്  തുറന്ന പുല്ലുള്ള പ്രദേശങ്ങളാണ് ആന വെജിറ്റേഷനായി തെരഞ്ഞെടുക്കുന്നത്. വേനൽ ആകുന്നതോടെ ചൂട് കൂടുന്നു. വിശപ്പും ദാഹവും കൂടുന്നു. ഭക്ഷണത്തോടൊപ്പം വെള്ളം തിരഞ്ഞുള്ള യാത്രകളും ആരംഭിക്കുന്നു പഴയത് വിട്ട് പുതിയ വഴിത്താരകളിലേക്ക് കടക്കേണ്ടിവരുന്നു. ഈ കാലങ്ങളില്‍ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള ആനത്താരകളിലൂടെ കേരളത്തിലേക്ക് ആനകളെത്തുന്നത് പതിവാണ്.  

പുൽമേടുകളും മുളകളുമാണ് ആനയുടെ ഭക്ഷണ വേട്ടയിലെ പ്രധാന ഇനങ്ങള്‍. ആനയ്ക്ക് അവിശ്യം വേണ്ട പുല്ലുകളിൽ ഒന്നാണ് മുള. വയനാട്ടിലെ 344.44 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽ 500 ഹെക്ടറിൽ കൂടുതൽ വളരുന്ന മുള, കേരളത്തിലെ ആനകളുമായി ബന്ധപ്പെട്ട് സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്. ഒരിക്കൽ പൂക്കുന്നതോടെ ചോവിടോടെ നശിക്കുന്ന പുല്‍ വര്‍ഗമാണ് മുള. ഒരു പ്രദേശത്തെ മുളകൾ ഒരുമിച്ച് പൂക്കുകയും നശിക്കുകയും ചെയ്യുമ്പോൾ ആ പ്രദേശത്തെ ആനകൾ തീറ്റ തേടി, നാട്ടിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. 

കാട് കയറിയ അന്യദേശക്കാര്‍  

അധിനിവേശമെന്നാല്‍, നിലവിലുള്ളതിലേക്കെല്ലാമുള്ള കടന്ന് കയറ്റമാണ്. സഹ്യന്‍റെ മണ്ണിലേക്ക് എത്തിക്കപ്പെട്ട അന്യദേശ സസ്യങ്ങളെല്ലാം തഴച്ച് തന്നെയാണ് വളര്‍ന്നത്. വളരെ വേഗത്തിൽ മണ്ണിനെ കീഴടക്കി വേരാഴ്ത്തി മറ്റ് സസ്യങ്ങളിലേക്കുള്ള വായു സഞ്ചാരം കുറയ്ക്കും. വെള്ളമൂറ്റുന്നതിനൊപ്പം പ്രത്യേകതരം പുതിയ ചില  ഷഡ്പദങ്ങളുടെയും അവയോടൊപ്പം പുതിയ രോഗങ്ങളുടെയും വാഹകരായി സ്വയം മാറും. തദ്ദേശീയ ജൈവിക  ആവാസവ്യവസ്ഥ ഇതോടെ തകിടം മറിയുന്നു. തദ്ദേശീയ സസ്യങ്ങളുടെ വംശനാശം തദ്ദേശീയമായ ബാക്റ്റീരിയ മുതല്‍ പക്ഷിമൃഗാദികള്‍ വരെയുള്ളവയുടെ വളർച്ചയ്ക്കും പുനരുത്പാദനത്തിനുമെല്ലാം വിഘാതം സൃഷ്ടിക്കുകയും അവയുടെ വംശനാശത്തിന് കാരണമാവുകയും ചെയ്യുന്നു. മണ്ണിന്‍റെ ഘടനയില്‍ തന്നെ മാറ്റമുണ്ടാക്കുന്നു. 

കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ 'സെന്ന സ്‌പെക്ടാബിലിസ്' പോലുള്ള കളകൾ വയനാട് മുത്തങ്ങ വന്യജീവി  സങ്കേതമാകെ പടർന്ന് കഴിഞ്ഞുവെന്നതാണ് നമ്മുടെ മുന്നിലുള്ള യാഥാര്‍ത്ഥ്യം.  45 ചതുരശ്ര കിലോമീറ്റർ വനഭൂമി മലയാളത്തിൽ 'മഞ്ഞക്കൊന്ന' എന്നറിയപ്പെടുന്ന ഈ അധിനിവേശ കളള്‍ കയറി  നശിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ വനവുമായി മനുഷ്യ നിര്‍മ്മിത സാങ്കേതിക അതിര്‍ത്തി പങ്കിടുന്ന കർണാടകയിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രം, തമിഴ്‌നാട്ടിലെ സത്യമംഗലം കാടുകൾ എന്നിവിടങ്ങളിലേക്കും ഈ കള എന്നോ പടർന്ന് കഴിഞ്ഞിരിക്കുന്നുവെന്നും കൂട്ടിവായിക്കേണ്ടതുണ്ട്. ഒപ്പം കൂട്ടിന് ആനതൊട്ടാവാടിയും (Mimosa diplotricha), അരിപ്പൂച്ചെടിയും (Lantanas) കമ്മ്യൂണിസ്റ്റ് പച്ചയും (Chromolaena odorata), ധൃതരാഷ്ട്രപ്പച്ചയും (Mikania micrantha) നമ്മുടെ നാടും കാടും കീഴടക്കിക്കൊണ്ട് മുന്നേറുന്നു.  അനിധിവേശ സസ്യം പൂക്കുന്ന കാട്ടില്‍ നിന്നും നിറയാത്ത വയറുമായി ആനകള്‍ ഭക്ഷണം തേടി നാട്ടിലേക്കിറങ്ങുന്നു. 

കാട്ടു തീയേയ്... കാട്ടു തീയ്....

'അയ്യോ... കാട് കത്തിക്കുന്നേ...' - ന്ന് പറയാൻ വരട്ടെ. മനുഷ്യ നിയന്ത്രിത കാട്ടുതീ, അധിനിവേശ കളകളെ നശിപ്പിക്കുന്നതിനൊപ്പം തദ്ദേശീയ പുല്ലിനങ്ങളെ വളര്‍ത്തുമെന്ന് കൂടി അറിയണം. ഇത് കാട്ടില്‍ ആനകൾക്ക് ആവശ്യമായ വെജിറ്റേഷൻ  ഉണ്ടാകാന്‍ സഹായിക്കുന്നു. സ്വാഭാവികമായ  പുൽമേടുകളെ സംരക്ഷിക്കാൻ നിയന്ത്രിത കാട്ടുതീ (Controlled burning / Prescribed burning) സഹായകരമാണ്. ആസമിലെ കാസിരംഗ നാഷണൽ പാർക്കിൽ  നിയന്ത്രിതമായി വനം കത്തിച്ചാണ് ആനകൾക്കുള്ള വെജിറ്റേഷൻ ഉണ്ടാക്കുന്നതെന്നും അറിയണം.  

നിയന്ത്രിത കാട്ടുതീ  ആരോഗ്യകരമായ പുൽമേടുകളെ വളരാൻ സഹായിക്കുന്നു. കൂടാതെ അടിഞ്ഞുകൂടി കിടക്കുന്ന ഇലകളും മറ്റും നിയന്ത്രിതമായി കത്തിത്തീരുന്നത് വലിയ കാട്ടുതീ തടയാനും ഒപ്പം പുതുനാമ്പിന് കരുത്തേകാനും സഹായകരമാകുന്നു. ആനയുടെ ഇഷ്ട ഭക്ഷണമായ പോഷക സമ്പുഷ്ടമായ 'തനിക്കാടന്‍' പുല്ലുകളെ വളരാൻ സഹായിക്കുന്നു. ഉത്തരാഖണ്ഡിലെ കോർബറ്റ്, ആസാമിലെ മാനസ് എന്നീ നാഷണൽ പാർക്കുകളിലും നിയന്ത്രിത കാട്ടുതീ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അതിന് വനം വകുപ്പിന്‍റെ കരുതല്‍ വേണമെന്ന് മാത്രം. 

പ്ലാന്‍റേഷൻ ബഫർ സോണായാല്‍

കേരളത്തിലെ വനത്തിന്‍റെ 13.5 % (1562 sq km) ശതമാനം പ്ലാന്‍റേഷനാണ്. ഇതിൽ പകുതിയോടടുക്കും നമ്മുടെ തേക്ക് കൃഷി. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ആദ്യം ചെയ്യേണ്ടത് ഈ പ്ലാന്‍റേഷൻ ഭൂമി ശാസ്ത്രീയമായി കൈകാര്യം ചെയ്യുനുള്ള ജ്ഞാനമുണ്ടാക്കുകയാണ്. 

കാടും നാടും അതിരിടുന്ന പ്രദേശമെല്ലാം ഇന്ന് അധിനിവേശ കളകളുടെ പിടിയിലാണ്. അവയുടെ ഉന്മൂല നാശത്തിലൂടെയും നമ്മുക്ക് ആനയുടെ കാടിറക്കം കുറയ്ക്കാം. അനിധിവേശ സസ്യം ഉന്മൂലം ചെയ്യുന്നതിലൂടെ ചുരുങ്ങിയത് അര കിലോമീറ്റർ ചുറ്റളവിലെങ്കിലും കാടും നാടുമായുള്ള ഒരു സ്വാഭാവിക അതിര്‍ത്തി വേർതിരിക്കുന്ന തരത്തില്‍ പ്ലാന്‍റേഷനുകളെ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിഞ്ഞാൽ അതൊരു സംരക്ഷണ കവചം പോലെ നാടിനെയും കാടിനെയും വേർതിരിക്കുകയും  മനുഷ്യവാസ കേന്ദ്രങ്ങൾ കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും. യഥാർത്ഥ ബഫർ സോണായി പ്ലാന്‍റേഷനുകള്‍ രൂപം മാറും. 

നിലവിൽ കാടും നാടും വേർതിരിക്കുന്ന അതിരുകൾ ഫലപ്രദമല്ലാത്തതും ഭക്ഷണത്തിനായി അലയുന്ന മൃഗങ്ങളെ അതിവേഗം കാടിറക്കുന്നു. മറിച്ച് പ്ലാന്‍റേഷൻ ബഫർ സോണുകളാകുന്നതോടെ കാടും നാടും ഇടയില്‍ ഒരു സ്വാഭാവിക വേര്‍തിരിവ് രൂപപ്പെടുന്നു. ഈ മേഖലയിലേക്ക് കടക്കുന്ന മൃഗങ്ങളെ നിരീക്ഷിച്ച് പ്രശ്നക്കാരനെങ്കില്‍ തിരിച്ചയക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏർലി വാണിംഗ് സിസ്റ്റം പോലുള്ളവ നടപ്പാക്കുകയും  പല തട്ടുകളിലായി സുരക്ഷാ കവചങ്ങൾ തീർത്ത് വന്യജീവി സംഘർഷം നല്ലൊരു പരിധിവരെ പരിഹരിക്കാം. 

ലോറി കയറി അതിര്‍ത്തി കടക്കുന്നവ!

ഞെട്ടിയോ ! അതെ, ഇന്ത്യയിൽ ഇന്നും വ്യാപകമായി ആനക്കള്ളക്കടത്ത് നടക്കുന്നുണ്ട്. 2022 ജൂണിൽ അരുണാചൽപ്രദേശിലെ ഈസ്റ്റ് സിയാങ് ജില്ലയുടെ ആസ്ഥാനമായ പാസിഘട്ടിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക്  പോവുകയായിരുന്ന ഒരു സംഘം ട്രക്കുകളെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു സംഘം വിദ്യാർഥികൾ  തടഞ്ഞത്. വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വിദ്യാര്‍ത്ഥികള്‍ തടഞ്ഞ ആ ട്രക്കുകളില്‍ വളരെ മോശപ്പെട്ട അവസ്ഥയിൽ പത്തോളം ആനകളായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസമിൽ നിന്നുള്ള ഏകദേശം 1,000 ആനകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ, കൂടുതലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബന്ദികളാണെന്ന് കണ്ടെത്തിയത് പ്രമുഖ വാർത്താ ചാനൽ ആയ ഇന്ത്യ ടുഡേയുടെ അന്വേഷണ സംഘമായിരുന്നു.

വന്യജീവി സംരക്ഷണ നിയമത്തിന്‍റെ (2003-ൽ ഭേദഗതി വരുത്തിയ) സെക്ഷൻ 43 പ്രകാരം തദ്ദേശീയ വന്യമൃഗങ്ങളെ (ആനകൾ ഉൾപ്പെടെ) വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളായ കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ആനകൾക്ക് ആവശ്യക്കാര്‍ ഏറെയാണ്.  ബാംഗ്ലൂർ ആസ്ഥാനമായുള്ള എൽസ ഫൗണ്ടേഷന്‍റെ  2022 ഫെബ്രുവരിയിലെ  റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 500 ആനകളാണ് കള്ളക്കടത്തിന് ഇരയായിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യവും അറിയേണ്ടതുണ്ട്. ആനക്കൊമ്പ് കഥകള്‍ കേരളത്തിനും അന്യമല്ല.  
 
സ്വകാര്യ വ്യക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ആനകളെ സ്വന്തമാക്കാനോ പരിപാലിക്കാനോ അനുമതിയില്ലെന്ന മദ്രാസ് ഹൈക്കോടതി വിധി ഇന്നല്ലെങ്കിൽ നാളെ കേരളത്തിലും ഉണ്ടാകുമെന്ന് മാത്രം നമ്മുക്ക് പ്രതീക്ഷിക്കാം.

ആന ഭാവിയുടെ ദിനോസർ ആവാതിരിക്കണമെങ്കിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. അതിന് മനുഷ്യ ജീവന്‍റെ വിലയുണ്ടാവരുത്. ആ കൊമ്പുകളിൽ ചോര പുരണ്ടാൽ ഉത്തരം പറയേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാറുകൾ മാത്രമല്ല. അതോടൊപ്പം ആന സംരക്ഷണത്തിന്‍റെ പേരിൽ  വൻ തുക കൈപ്പറ്റുന്ന NGO കൾ നടത്തുന്ന ഇടപെടലുകൾ എത്രമാത്രം ശാസ്ത്രീയവും സുതാര്യവുമാണെന്നും പരിശോധിക്കേണ്ടി വരും. ആനകൾക്കായുള്ള സംരക്ഷണ പദ്ധതികൾ നാട്ടിലെ മനുഷ്യരെ കൂടെ വിശ്വാസത്തിൽ എടുത്തുകൊണ്ടും അവരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും ചെയ്യേണ്ട ഒന്നാണ്. കാടും നാടും ഒരു ദേശത്തിന്‍റെതാണ്. ഒരു ദേശത്ത് കാട്ടിലും നാട്ടിലും മൃഗവും മനുഷ്യനും തമ്മില്‍ സങ്കര്‍ഷമില്ലാതെ സഹജീവിതം സാധ്യമാകുമ്പോഴല്ലേ, മനുഷ്യനെ മൃഗത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ബുദ്ധിയാണെന്ന വാക്യത്തിന് അര്‍ത്ഥ പൂര്‍ണ്ണത ഉണ്ടാകുന്നൊള്ളൂ.
 

click me!