13 വിദേശ പ്രവിശ്യകളും വിദേശത്ത് താമസിക്കുന്ന ഫ്രഞ്ച് പൗരൻമാരുടെ 11 മണ്ഡലങ്ങളും എല്ലാം ചേർത്ത് 577 സീറ്റാണ് ദേശീയ അസംബ്ലിയിൽ. ഒറ്റക്ക് ഭരിക്കണമെങ്കിൽ 289 സീറ്റ് നേടണം.
ഫ്രാൻസിൽ തെരഞ്ഞെടുപ്പ് അടുക്കുന്തോറും വലതുപക്ഷം പിടിമുറുക്കുകയാണ്. 'എന്തിനിപ്പോഴൊരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം' എന്നാണ് മന്ത്രിമാരുടെ തന്നെ ചോദ്യം. ഭൂരിപക്ഷമില്ലാത്ത പാർലമെന്‍റാണ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ പ്രശ്നം. പക്ഷേ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പോയിട്ട് മൂന്നാം സ്ഥാനമാണ് മക്രോണിന്‍റെ പാർട്ടിക്ക് (Renaissance - RE) പ്രവചിക്കപ്പെടുന്നത്. ഒപ്പം തീവ്രവലതിന്‍റെ മുന്നേറ്റവും.
അല്പം തീവ്രവലത് ചരിത്രം
undefined
1972-ൽ ഫ്രാൻസ്വാ ദുപ്രെയും ഫ്രാൻസ്വാ ബ്രിനോയും ചേർന്ന് നാഷ്ണൽ ഫ്രണ്ട് സ്ഥാപിച്ചു. തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയ പാർട്ടി. 1972 ജീൻ മേരി ലിയു പെൻ പാർട്ടിയുടെ പേര് നാഷണൽ റാലി എന്നാക്കി. 2011 -ൽ മരിക്കും വരെ അദ്ദേഹം പാർട്ടി നേതാവായി തുടർന്നു. ഇന്ന്, മകൾ മറിൻ ലിയൂ പെൻ പാർലമെന്‍റിലെ നേതാവ്. മൂന്നുതവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ ചരിത്രം കൂടിയുണ്ട് മറിൻ ലിയൂ പെന്നിന്. പക്ഷേ, ഓരോ തവണയും അവർ കൂടുതൽ വോട്ടുകൾ നേടി. ഒടുവിൽ ഇത്തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് കരുതപ്പെടുന്നു. പക്ഷേ, ഭൂരിപക്ഷം ഒരു പാർട്ടിക്കും കിട്ടില്ലെന്ന് പ്രവചനം. ജോർദാന്‍ ബോർഡെല്ല പാർട്ടി പ്രസിഡന്‍റ്.
മക്രോണിന് തെറ്റിയ കണക്കുകൾ
13 വിദേശ പ്രവിശ്യകളും വിദേശത്ത് താമസിക്കുന്ന ഫ്രഞ്ച് പൗരൻമാരുടെ 11 മണ്ഡലങ്ങളും എല്ലാം ചേർത്ത് 577 സീറ്റാണ് ദേശീയ അസംബ്ലിയിൽ. ഒറ്റക്ക് ഭരിക്കണമെങ്കിൽ 289 സീറ്റ് നേടണം. മക്രോണിന് 2022 ൽ കിട്ടിയത് 250 സീറ്റ്. അതാണ് മക്രോണിന്‍റെ തലവേദന. എല്ലാ സഖ്യകക്ഷികളുടെയും പിന്തുണ കിട്ടിയാലേ നിയമങ്ങൾ പാസാക്കാൻ പറ്റൂ. പെൻഷൻ പരിഷ്ക്കരണത്തിൽ മക്രോണിന് കർശന നിലപാട് എടുക്കേണ്ടി വന്നു. കുടിയേറ്റ നിയമം പാസാക്കിയെടുക്കാന്‍ മറിൻ ലിയൂ പെന്നിന്നെ കൂടിയേ തീരുവെന്നതായി അവസ്ഥ.
ഈ പ്രശ്നങ്ങളെല്ലാം മറികടന്ന് ഭൂരിപക്ഷം ഉറപ്പിക്കാം എന്നായിരുന്നു മക്രോണിന്‍റെ കണക്ക് കൂട്ടല്‍. പക്ഷേ, അതാദ്യമേ തകർന്നടിഞ്ഞിരിക്കണം. അഭിപ്രായ വോട്ടെടുപ്പുകളെല്ലാം വലതിന് അനുകൂലം. മക്രോണിന്‍റെ മധ്യപക്ഷത്തിന് പിന്തുണ തീരെ കുറവ്. അഞ്ച് വർഷത്തെ കാലാവധി കഴിഞ്ഞ് 2027 -ലാണ് അടുത്ത ദേശീയ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പക്ഷേ, യൂറോപ്യൻ പാർലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മക്രോണിന്‍റെ സഖ്യം തോറ്റതോടെ ജൂൺ 30 -ന് മക്രോൺ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മന്ത്രിമാര്‍ ചോദിച്ചു. 'എന്തിനിപ്പോഴൊരു തെരഞ്ഞെടുപ്പ് ?'
(മറിൻ ലിയൂ പെൻ)
കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സൗഹൃദം തേടി, സഹായം തേടി പുടിന്‍റെ യാത്രകള്‍
ഫ്രഞ്ച് തെരഞ്ഞെടുപ്പ്
രണ്ട് റൗണ്ടായാണ് ഫ്രാൻസിൽ തെരഞ്ഞെടുപ്പ് നടക്കുക. മണ്ഡലങ്ങളിൽ 50 ശതമാനം വോട്ട് ആർക്കും കിട്ടിയില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയവർ രണ്ടാം റൗണ്ടിലെത്തും. 50 ശതമാനം വോട്ട് മാത്രം പോര. രജിസ്റ്റേഡ് വോട്ടർമാരിൽ 25 ശതമാനത്തിന്‍റെ വോട്ടും കിട്ടണം. അത് നേടുന്ന സ്ഥാനാർത്ഥികളും ഒപ്പം 12.5 ശതമാനം വോട്ട് കിട്ടിയവരും രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടും. രണ്ടാം റൗണ്ടിൽ രണ്ടോ നാലോ സ്ഥാനാർത്ഥികളുണ്ടാവും. അവരിൽ കൂടുതൽ വോട്ട് നേടുന്നവർ പാർലമെന്‍റ് അംഗമാകും. ഇടതുപക്ഷ പാർട്ടികൾ പരസ്പരം മത്സരിക്കില്ല. അതാണ് പാർട്ടി നയം.
അതേസമയം, ഒരു പാർട്ടി കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ച് രണ്ടാം റൗണ്ടിലെത്തിയാലും 'തന്ത്രപരമായ വോട്ടിംഗ്' (Tactical voting) എന്നൊരു വഴിയുപയോഗിച്ച് വോട്ടർമാർക്ക് ആ പാർട്ടിയെ അകറ്റിനിർത്താം. പക്ഷേ, പോളിംഗ് ബൂത്തിലെത്തുന്നവരുടെ ശതമാനവും വലിയ ഘടകമാണ്. കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയാലേ സ്ഥാനാർത്ഥികൾക്ക് രണ്ടാം റൗണ്ടിലെത്താൻ പറ്റൂ.
( ഇമ്മാനുവൽ മാക്രോൺ, നരേന്ദ്ര മോദിക്കൊപ്പം)
ജി 7 ഉച്ചകോടി; യുക്രൈന് ആശ്വാസം, പക്ഷേ, യൂറോപ്യന്‍ യൂണിയനിലെ തീവ്രവലത് മുന്നേറ്റത്തില്‍ ആശങ്ക
പ്രവചനങ്ങൾ
പുതിയ ഇടത് ഐക്യമായ ല ഫാൻസ്വാ സുമിസിൽ, ജീൻ ലുക് മെലെൻചോണിന്‍റെ തീവ്രഇടതായ 'ന്യൂ പോപുലർ ഫ്രണ്ട്' ഉണ്ട്. അതിനോട് താൽപര്യമില്ലാത്ത വോട്ടർമാർ ഈ ഐക്യത്തിന് വോട്ട് ചെയ്യാതിരിക്കാനും സാധ്യതകൾ കല്പിക്കപ്പെടുന്നു.
ലിയു പെന്നിന്‍റെ നാഷ്ണൽ റാലിക്ക് ഇപ്പോൾ 88 സീറ്റുണ്ട്. അത് 245 ഉയരുമെന്ന പ്രവചനം സത്യമായാൽ, പ്രസിഡന്‍റ് മക്രോണിന്‍റെ സ്ഥിതി കൂടുതൽ കുഴപ്പത്തിലാകും. രാജിവയ്ക്കില്ലെന്ന് മക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ സർക്കാർ രൂപീകരിക്കില്ലെന്ന് നാഷണൽ റാലി നേതാവ് ബാർഡെല്ലയും. അപ്പോൾ 'സഹവാസം' (Cohabitation) എന്നതാവും സ്ഥിതി. നാഷണൽ റാലി അംഗം പ്രധാനമന്ത്രിയാകും. രാജ്യത്ത് സഖ്യ സർക്കാരും.
അതിനോട് ഫ്രഞ്ച് ജനതക്ക് തന്നെ താൽപര്യമില്ല. ജാക് ഷിറാകിന്‍റെ കാലത്താണ് (1997 - 2002) അങ്ങനെയൊരു 'സഹവാസ സർക്കാർ' മുമ്പുണ്ടായത്. അന്ന് മടുത്താണ് ഈ സഹവാസ ഭരണം. പക്ഷേ, തീവ്രവലത് - മധ്യവലതായ ലെസ് റിപ്ലബ്ലിക്കന്‍സുമായി ധാരണയിലെത്തിയിരുന്നു. ചില മണ്ഡലങ്ങലിൽ പരസ്പരം പിന്തുണയ്ക്കാനുള്ള ധാരണ. സീറ്റുകൾ കൂടുതൽ നേടുകയാണ് ഉദ്ദേശ്യം. ചാൾസ് ഡി ഗല്ലെന്‍റെ പാർട്ടി അങ്ങനെയൊരു ധാരണയിലെത്തിയതിൽ വോട്ടർമാർക്ക് അനിഷ്ടമുണ്ട്. അടിയൊഴുക്കുകൾ പലതാണ്.
ഭരണം
ഫ്രഞ്ച് ഭരണഘടനയനുസരിച്ച് നയങ്ങൾ തീരുമാനിക്കുന്നത് സർക്കാരും നിയമങ്ങൾ പാസാക്കുന്നത് പാർലമെന്‍റുമാണ്. അതേസമയം സർക്കാരിനെ മറികടക്കാനുമാവും. പ്രസിഡന്‍റാണ് വിദേശ, യൂറോപ്യൻ, പ്രതിരോധ നയങ്ങൾ തീരുമാനിക്കുന്നത്. ആഭ്യന്തരം സർക്കാരിന്‍റെ കൈയില്‍. ക്രമസമാധാനം, വിദ്യാഭ്യാസം, പെൻഷൻ എന്നിവ പാർലമെന്‍റിന്‍റെ അധികാര പരിധിയില്‍. പ്രസിഡന്‍റാണ് പ്രധാനമന്ത്രിയെ നിയമിക്കുക. രണ്ടുപേരും ഒരു പാർട്ടിയാണെങ്കിൽ എല്ലാം ശുഭം.
പക്ഷേ, രണ്ടാണെങ്കിൽ? അതാണ് സഹവാസ സര്‍ക്കാര്‍. മക്രോണും വലതുപക്ഷ പ്രധാനമന്ത്രിയുമാണെങ്കിൽ അത് നല്ല സഹകരണമാവില്ല. മാത്രമല്ല തീവ്രവലത് നിയന്ത്രണത്തിലെ പാർലമെന്‍റ്. കുടിയേറ്റക്കാരെ പുറത്താക്കുന്നതിലടക്കം പല തർക്കവിഷയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കും. ഇതെല്ലാം യൂറോപ്പിനെ ആകെയും ബാധിക്കും. യുക്രൈന്‍ നയം പ്രസിഡന്‍റാണ് തീരുമാനിക്കുന്നതെങ്കിലും ഫണ്ട് വേണമെങ്കിൽ അതിന് പാർലമെന്‍റിന്‍റെ അനുമതി വേണം. മൂന്ന് വർഷം നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയിട്ടും മക്രോണിന് ഭരണം സുഗമമാവില്ല. ഉള്ളതിലും മോശമാവുമെന്ന് പ്രവചനം. പക്ഷേ, ഒന്നും അങ്ങനെ ഉറപ്പിക്കാറായിട്ടില്ല. ഇത് രാഷ്ട്രീയ കളിയാണ്. ജനഹിതം അറിയാന്‍ കാത്തിരിക്കാം.