ഗോവിന്ദൻസില്‍ നിന്നും കാശ് കൊടുത്തു മേടിച്ചതാ നിന്നെ, എന്‍റെയല്ല എന്ന് പറയുമ്പോഴും, പെൺകുട്ടി മതിയായിരുന്നു നിന്നെ തിരിച്ചു കൊടുത്തു പെൺകുട്ടിയെ എടുക്കാം എന്ന് പറയുമ്പോഴും കൊച്ചിന്റെ ദേഷ്യവും സങ്കടവും കാണാനൊരു രസാണ്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
പത്തൊൻമ്പതാം വയസ്സിൽ അമ്മയാകാൻ പോകുന്നുവെന്ന് അറിഞ്ഞ അന്ന്, ഞാൻ സന്തോഷിച്ചോ ഇല്ലയോ എന്നൊന്നും ഇന്നും ഓർമയില്ല. ഒൻപത് മാസവും പത്തു ദിവസവും എനിക്ക് സാധരണ ദിനങ്ങൾ തന്നെയായിരുന്നു. പക്ഷെ, ചിന്നുക്കുട്ടി ജനിച്ചയന്ന് ഞാൻ സന്തോഷിച്ചു, എനിക്കും ജനിച്ചു ഒരു കുഞ്ഞ്, ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നൊന്നും അറിയാൻ കഴിയില്ലല്ലോ, പക്ഷെ, ഞാൻ നോക്കിയതൊക്കെയും ആൺകുട്ടികൾക്കുള്ള പേരായിരുന്നു, ആഗ്രഹിച്ച അതെ പേര് തന്നെയിട്ടു. "Azaan". ഒരു കുഞ്ഞുങ്ങളെയും താലോലിക്കാൻ അറിയാത്തെനിക്ക് കുഞ്ഞിനെ എങ്ങനെ നോക്കണമെന്ന് ഒരു പിടിത്തവുമില്ല. പകൽ മുഴുവൻ ഉറങ്ങുന്ന, രാത്രിയായാൽ കണ്ണും മിഴിച്ചു കിടക്കുന്ന കുഞ്ഞിനെ ഉമ്മി പൊന്നു പോലെ നോക്കുന്ന കണ്ട് ഞാനും പഠിച്ചു, ഒറ്റയ്ക്ക് നോക്കാൻ തുടങ്ങി. ഓരോ ദിവസവും ഓരോ പേരവനെ വിളിക്കാൻ തുടങ്ങി. മമ്മാടെ മാത്രം മോനായിട്ട് വളരാൻ തുടങ്ങി.
കുഞ്ഞിലെയൊക്കെ ഒരു വികൃതിയുമില്ലാത്തൊരു പാവം കൊച്ച്, ഒരു ചെറു പുഞ്ചിരി കൊണ്ടവൻ എല്ലാരേയും മയക്കും. പിന്നെ പിന്നെ വർത്തമാനം തുടങ്ങി, മമ്മാന്ന് വിളിച്ചു തുടങ്ങി, നടക്കാൻ തുടങ്ങി, അപ്പോഴൊക്കെയും ഇത് പോലെ പാവം കുഞ്ഞിനെ വേറെ കണ്ടിട്ടില്ല. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോ മുതലവൻ മാറാൻ തുടങ്ങി. വർത്തമാനത്തിന്റെ അളവ് കൂടി ( മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന് വീട്ടുകാർ പറഞ്ഞ് തുടങ്ങി ). അവനായിട്ട് ഓരോ കഥയുണ്ടാക്കി ഓരോ പടം വരക്കും, അതിന്റെയൊക്കെ കഥ എപ്പോഴും കള്ളനും പോലീസും സൂപ്പർമാനും ഒക്കെയായിരുന്നു. കളിപ്പാട്ടത്തിനേക്കാൾ ഇഷ്ടം സോപ്പ് പൊടി വെള്ളത്തിലിട്ട് അവന്റെ ചെറിയ കാറും ചെറിയ കളിപ്പാട്ടം കഴുകലും ഒക്കെയായിരുന്നു. സ്വന്തമായിട്ടൊരു സ്ഥലം അവന്റേതായിട്ട് അവനുണ്ടാക്കും, അവിടാണ് പിന്നെ കളിയൊക്കെയും.
ഗോവിന്ദൻസില്‍ നിന്നും കാശ് കൊടുത്തു മേടിച്ചതാ നിന്നെ, എന്‍റെയല്ല എന്ന് പറയുമ്പോഴും, പെൺകുട്ടി മതിയായിരുന്നു നിന്നെ തിരിച്ചു കൊടുത്തു പെൺകുട്ടിയെ എടുക്കാം എന്ന് പറയുമ്പോഴും കൊച്ചിന്റെ ദേഷ്യവും സങ്കടവും കാണാനൊരു രസാണ്. എവിടെ പോകാൻ ഇറങ്ങിയാലും എനിക്ക് മുന്നേ പടിക്കലുണ്ടാകും ഞാനും വരുന്നുണ്ടെന്ന് പറഞ്ഞ്. മീനിനെ വളർത്താൻ ഭയങ്കര ഇഷ്ടാണ്, പക്ഷെ മീൻ കഴിക്കില്ല. സദ്യ കഴിക്കാൻ ഇലയിട്ടാൽ എല്ലാ കറിയും വിളമ്പണം എന്നാലേ സദ്യ കഴിക്കുന്ന ഫീൽ കിട്ടു എന്ന പക്ഷക്കാരനാ. പൃഥിരാജിന്റെ ഒരു പരസ്യം പോലും വെറുതെ വിടില്ല. കണ്ട സിനിമ പിന്നെയും പിന്നെയും കാണണം. ലംബോർഗിനിയിൽ കേറാൻ വേണ്ടി പൃഥിരാജിനെ കല്യാണം കഴിക്കാൻ പറഞ്ഞവനാ.
വീട്ടിലെ അവന്റെ കളിക്കൂട്ടുകാരൻ എന്റെ മിട്ടാപ്പ (അപ്പൂപ്പൻ )ആയിരുന്നു, മരിച്ച ശേഷവും കഥ പറയാൻ അവൻ പോകും വെള്ളിയാഴ്ച പള്ളിയിൽ. നാട്ടീന്നു പോരുമ്പോ പേപ്പറിൽ ഓരോ പടം വരച്ച് "ലവ് യു "മമ്മാ എന്നൊക്കെയെഴുതി ആരും കാണാതെ ബാഗിൽ വെക്കും, ഗിഫ്റ്റ് ആണ് അതൊക്കെ, എനിക്ക് മാത്രമുള്ള ഗിഫ്റ്റ്. അവനെ ഇഷ്ടപെട്ട ശേഷമേ വേറെയാരെയും ഇഷ്ടപ്പെടാൻ പാടുള്ളൂ. ആറു മാസം കഴിഞ്ഞാൽ ഞാനൊരമ്മയായിട്ട് എട്ടു വർഷം തികയുന്നതോർക്കുമ്പോ എല്ലാം ഇന്നലെ കഴിഞ്ഞ പോലൊരു തോന്നൽ. എയർ ഹോസ്റ്റസ്സിന്റെ കൂടെ എന്റെയടുത്തേക്ക് ഫ്ലൈറ്റിൽ വരുന്നതും കാത്തവൻ നാട്ടിലുണ്ട്, എന്റെ മാത്രം ചിന്നുക്കുട്ടി.
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം