കുട്ടിച്ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍..

By Kutti Katha  |  First Published May 3, 2019, 6:39 PM IST

എന്റെ സകലമാന നിയന്ത്രണവും തെറ്റി തലകറങ്ങും പോലെ.. ഇത് കൊച്ച് തിന്നതോ.. തുപ്പിയതോ... അപ്പൻഡിക്സിൽ ഉണ്ടോ.. എന്നിങ്ങനെ ഒരായിരം സംശയങ്ങള്‍ എന്നെ തരിപ്പണമാക്കി.
 


കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

Latest Videos

എന്‍റെ കുറിഞ്ഞിക്ക് അന്ന് സ്കൂളില്‍ പോകാൻ മടി.. രണ്ട് അവധി ദിവസം കഴിഞ്ഞുള്ള തിങ്കളാഴ്ച ആയോണ്ടാരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ഓരോ പ്രാവശ്യവും വിളിക്കുമ്പോൾ 'അമ്മ പ്ലീസ് അഞ്ച് മിനിട്ട് കൂടി' എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടേയിരുന്നു..

സമയം 8.30 ആയപ്പോൾ എന്റെ ചങ്കിടിപ്പ് കൂടിപ്പോയി.. കുഞ്ഞ് ഇനിയും എഴുന്നേറ്റില്ലല്ലോ.. പതുക്കെ അടുക്കളയിൽ നിന്നും അരയും തലയും മുറുക്കിക്കെട്ടി ബെഡ് റൂമിൽ എത്തി.. ഇത്തിരി ഗൗരവത്തിൽ 'പൊന്നൂ...' എന്ന് വിളിച്ചു.. അവള്‍ അവിടുന്ന് നല്ല കുട്ടിയായി എഴുന്നേറ്റ് എന്റെ കൂടെ വന്നു..

പിന്നെ, വീട്ടിൽ സീൻ കോൺട്രാ.. അങ്ങോട്ട് ഓട്ടം ഇങ്ങോട്ട് ഓട്ടം.. സർവ്വത്ര ഓട്ടം.. 

അവളെ റെഡിയാക്കാൻ വല്ല്യ പാടില്ല.. ഭക്ഷണം കഴിപ്പിക്കാൻ പക്ഷെ, ഞാൻ ശരിക്കും താടകയാവണം... ആ താടകാവതാരം തുടരുമ്പോൾ തന്നെ പൊന്നൂന്‍റെ ബാഗ് തപ്പലും പുസ്തകം വെക്കൽ കലാപരിപാടികളും ഒക്കെ നടക്കണം... അങ്ങനെ പെൻസിൽ പൗച്ച് അണ്ടർ സെർച്ച് വാറന്‍റിയിൽ കണ്ടെടുത്തു... സെർച്ച് ചെയ്തെടുത്ത പൗച്ച് തുറന്ന ഞാൻ ഞെട്ടി. പെൻസിന്റെ പുറകുവശം ഒന്നര ഇഞ്ച് പൊളിച്ച് ലെഡ് സർജറി ചെയ്തെടുത്ത നിലയിൽ.

എന്റെ സകലമാന നിയന്ത്രണവും തെറ്റി തലകറങ്ങും പോലെ.. ഇത് കൊച്ച് തിന്നതോ.. തുപ്പിയതോ... അപ്പൻഡിക്സിൽ ഉണ്ടോ.. എന്നിങ്ങനെ ഒരായിരം സംശയങ്ങള്‍ എന്നെ തരിപ്പണമാക്കി.

പെൻസിൽ കടിക്കരുതെന്ന് നൂറ് പ്രാവശ്യം പറഞ്ഞ ഈ മണ്ടി അമ്മയെ അവൾ ഓർത്തില്ല എന്ന സങ്കടം ഒരു വശത്ത്.. ഇതങ്ങനെ വിട്ടാൽ പറ്റില്ലന്ന് അപ്പുറത്തു നിന്ന് പിശാചും പൊങ്ങി പറയുന്നു. പിശാച്‌ പറഞ്ഞതിനെ ഞാൻ അംഗീകരിച്ചു.. നേരെ ഈ പെൻസിൽ ഞാൻ വീട്ടിലെ പ്രിന്‍സിപ്പലായ അവളുടെ അച്ഛനെ കാണിച്ചു. അച്ഛൻ പെൻസിലുമായി പൊന്നുവിനോട്, 'ഇനി കാണിക്കല്ലേ മോളേ.. അസുഖം വരും. ഇനി ഇങ്ങനെ കാണിച്ചാൽ അച്ഛനടിതരും..'

അവളുടെ മുഖം കണ്ടാലോ, എന്നെ തിന്നാനുള്ള ആക്രാന്തം... അച്ഛൻ വഴക്ക് പറയുന്നത് സങ്കടമാണ്. കണ്ണൊക്കെ നിറഞ്ഞ് ഒഴുകി.. സ്കൂളിൽ പോകുന്നില്ലെന്നു പറഞ്ഞ പൊന്നുവിനെ അച്ഛൻ എന്തൊക്കെയോ ഗിമ്മിക്ക് കാണിച്ച് നേരെയാക്കി തന്ന് അച്ഛനോടി.

എല്ലാം റെഡിയായിക്കഴിഞ്ഞപ്പോൾ അവളെന്നോട്, 'അമ്മ എത്ര പെൻസിൽ കടിച്ചിട്ടുണ്ട്?' ഞാൻ ഞെട്ടി.. ഇവളെന്തായി പറയുന്നേ? 'അമ്മ ഫോൺ തന്നേ... ഞാൻ സുജയാന്റിയേം വർക്കി അങ്കിളിനേം  ഷാനു അങ്കിളിനേം അനി അങ്കിളിനേം വിളിച്ച് ഒന്ന് ചോദിക്കട്ടെ' എന്ന്.
 
നമ്മൾ ഇമ്മാതിരി തരികിട ഒന്നും കാണിച്ചിട്ടില്ലേലും അവൾ വർക്കിയെ വിളിക്കുന്നത് ഞാൻ മനസ്സില്‍ കണ്ടു. അവൻ അവൾ ചോദിച്ചതിന് മറുപടി പറഞ്ഞ് പ്രിയയുടെ കയ്യിൽ കൊടുക്കും. ആ പ്രിയയാണെങ്കിൽ എന്റെ വികൃതികൾ എവിടെ വേണേലും വർക്കിക്കു വേണ്ടി വിളിച്ചങ്ങ് കൂവും. ഒരു നാണവുമില്ലാതെ നമ്മളെ നാറ്റിക്കും.. ഇതൊക്കെ മനസ്സില്‍ കണ്ടിരുന്ന എന്നെ വന്ന് മോൾ കുലുക്കി വിളിച്ചു... 'അമ്മേ സതിഷങ്കിൾ വന്നു.' ഞാൻ ബാഗ് ഒക്കെ എടുത്തിറങ്ങാൻ നേരം പറഞ്ഞു, 'ഇനി പൊന്നു പെൻസിൽ കടിക്കല്ലേ..' അവള്‍ എനിക്ക് ഒരുമ്മ തന്നിട്ട് പറയുവാ, 'ഓക്കേ മാതാ ശ്രീ..' എന്ന്. അപ്പോ ഞാന്‍ ഒന്നൂടി ഞെട്ടി.. കുട്ടികളുടെ നാക്കും വാക്കും... 
 

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!