അന്നൊക്കെ മോൾടെ തലയിൽ നല്ല പോലെ പേനുണ്ട്.. ചറപറാന്നു തല മാന്തുന്നത് ആൾക്കാർ കണ്ടാൽ അമ്മയെ കുറ്റം പറഞ്ഞാലോ എന്ന് എന്റെ ദുരഭിമാനം ഉണർന്നു. അത് ലഘൂകരിക്കാൻ അവൾക്കൊരു സൂത്രം പറഞ്ഞു കൊടുത്തു..
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
ഞങ്ങൾ അന്ന് ഒരു വടക്ക് കിഴക്കൻ സംസ്ഥാനത്തിലാണ്. മോൾക്ക് മൂന്നു വയസ്സ് കഴിഞ്ഞിട്ടേ ഉള്ളൂ. ഒരു പ്ലേ സ്കൂളിൽ പൊയ്ക്കൊണ്ടിരിക്കുന്നു. അവൾക്കന്നു മലയാളം അല്ലാതെ വേറൊരു ഭാഷയും പിടിയില്ല. അവിടെ ആണെങ്കിലോ ഹിന്ദി പോലും കുറച്ചു പേർക്കേ അറിയൂ. ഇവൾക്കത് തീരെ അറിയില്ല. അതിനാൽ ക്ലാസ്സിലെ മിണ്ടാക്കുട്ടിയാണ് ഇവൾ.
അന്നൊക്കെ മോൾടെ തലയിൽ നല്ല പോലെ പേനുണ്ട്.. ചറപറാന്നു തല മാന്തുന്നത് ആൾക്കാർ കണ്ടാൽ അമ്മയെ കുറ്റം പറഞ്ഞാലോ എന്ന് എന്റെ ദുരഭിമാനം ഉണർന്നു. അത് ലഘൂകരിക്കാൻ അവൾക്കൊരു സൂത്രം പറഞ്ഞു കൊടുത്തു.. വല്ലാതെ ചൊറിയുമ്പോൾ തല മാന്തണ്ടാ, പകരം അവിടെ തടവിയാൽ മതീന്ന്. മാനം പോവില്ലല്ലോന്നൊരു ആശ്വാസത്തിന്!
ഒരു ദിവസം പതിവ് പോലെ മോളെ വിളിക്കാൻ ചെന്നപ്പോൾ ടീച്ചർ പറഞ്ഞു, 'ഇന്നവൾക്കു "ഹെഡ് pain" ആയിരുന്നു.. തല താഴ്ത്തി ഇരിക്കുകയായിരുന്നു' എന്നൊക്കെ. എനിക്കതിശയമായി. അന്നേവരെ ഒരു വയറു വേദന പോലും പറയാത്ത കുട്ടിയാ. കണ്ടിട്ടാണെങ്കിൽ വേദനയുടെ ഒരു ലക്ഷണവും ഇല്ല. തിരിച്ചു നടക്കണ വഴി 'എന്താ പറ്റിയെ, നിനക്കിപ്പോഴും തല വേദനിക്കുന്നുണ്ടോ' എന്ന് ചോദിച്ചപ്പോൾ അവൾ പറയാ 'എനിക്കൊന്നൂല്ലലോ' ന്ന്. 'ങേ അപ്പൊ നീ ടീച്ചറോട് എന്തിനാ head pain' ന്ന് പറഞ്ഞെ' എന്ന് വീണ്ടും ചോദിച്ചപ്പോൾ അവൾ 'ഓ.. അത് ഞാൻ തല തടവണത് എന്തിനാണ് എന്ന് ടീച്ചർ ചോദിച്ചു. അപ്പൊ ഞാൻ 'ഹെഡ് പേൻ' എന്ന് പറഞ്ഞു...' നമ്മുടെ പുത്രിക്ക് ഇംഗ്ലീഷ് വലിയ പിടിയില്ലാന്നു ടീച്ചർ ഓർത്തില്ല.. പേൻ ആണ് ടീച്ചർ 'pain 'ആക്കി എടുത്തത്..
കുട്ടികൾ മാലാഖാമാരാണെന്നും നിഷ്കളങ്കതയുടെ മൊത്ത കച്ചോടക്കാരാണെന്നും എനിക്കൊരിക്കലും തോന്നിയിട്ടില്ല... പക്ഷെ അപൂർവമായി ഇങ്ങനെ ചില അബദ്ധങ്ങൾ അവർക്കും പറ്റാറുണ്ട്. ഓർമയിൽ നിഷ്കളങ്കമായ ചില നർമ്മമുഹൂർത്തങ്ങൾ അവ സമ്മാനിക്കാറുമുണ്ട്.