ഒരിക്കൽ കൃഷ്ണന് രണ്ടര വയസ്സുള്ളപ്പോൾ അവന്റെ കരച്ചിൽ സഹിക്കാനാവാതെ, അന്നാദ്യമായി അവനെ അമ്മുവിന്റെ വീട്ടിൽ പോയി കളിക്കാൻ അനുവദിച്ചു. അവിടെ അമ്മുവിന്റെ അമ്മയുണ്ടായിരുന്നിട്ടും, എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
undefined
കുട്ടിക്കാലത്തോളം മധുരമായി മറ്റൊന്നുമില്ല, മക്കളുടെ കുട്ടിക്കാലയോർമ്മകൾക്കാണെങ്കിലോ മാറ്റു കൂടുതലായിരിക്കും.. കൃഷ്ണനെന്നു പേരുള്ള എന്റെ മോന് ഒരു വയസ്സുള്ളപ്പോഴാണ്, അതേ പ്രായമുള്ള അമ്മുക്കുട്ടിയും വീട്ടുകാരും വടക്കേവീട്ടിൽ താമസത്തിനായി എത്തിയത്. കൃഷ്ണൻ കുസുതിക്കുട്ടനായിരുന്നു.. വെറുതെ ഇരിക്കാനൊന്നും ഇഷ്ടമില്ല. ഞാനെന്തൊക്കെ ചെയ്യുന്നോ, അതൊക്കെ പുള്ളിക്കും ചെയ്യണം. പച്ചക്കറി അരിയണം, ചപ്പാത്തി പരത്തണം, തൂക്കണം തുണി കഴുകണം, എന്തിന് മീൻ മുറിക്കുമ്പോൾ അതിനകത്തു വരെ കൈയ്യിടും..
കൂട്ടുകൂടാൻ വലിയ ഇഷ്ടമാണ് കൃഷ്ണന്. രണ്ട് വയസ്സായപ്പോൾ കൃഷ്ണനും അമ്മുക്കുട്ടിയുമായി കൂട്ടായി, കളിക്കാനൊക്കെ തുടങ്ങി.. ആ പ്രായത്തിലും കൃഷ്ണന് 'ചങ്ക്സ് എന്നാൽ ചങ്കിടിപ്പായിരുന്നൂ' ട്ടാ. അമ്മുക്കുട്ടി ഇങ്ങോട്ട് വരുമെങ്കിലും, ഇവിടെയെത്തി പത്തു പതിനഞ്ച് മിനുട്ട് കഴിയുമ്പോൾ, സ്വന്തം കുടുംബത്തെ കുറിച്ച് ബോധമുള്ള കുലസ്ത്രീയായി, തിരിച്ചു പോവാൻ അവൾ ബഹളം വയ്ക്കും. അമ്മുക്കുട്ടി തിരിച്ചു പോകുമ്പോൾ, ഇവിടെ നിന്നും, "അമ്മൂ… എൻറമ്മൂ…” എന്ന അലറി കരച്ചിൽ ഉയരുമെങ്കിലും, അതിൽ മയങ്ങാതെ അവൾ അമ്മയുടെ കൈയ്യും പിടിച്ചു "ലറ്റ്സ് ഗൊ മൊം..'’ സ്റ്റൈലിൽ പോവും..
എന്റെ ദേഹത്തേയ്ക്ക് ഏങ്ങലടിയോടെ അവൻ കെട്ടിപ്പിടിച്ചിരുന്നു
മോനെ എന്റൊപ്പമല്ലാതെ അപ്പുറത്ത് ഞാൻ അയച്ചിരുന്നില്ല. കാരണം മറ്റൊന്നുമല്ല, കുഞ്ഞുങ്ങൾക്ക് അപകടം നടക്കുന്നത് തീർച്ചയായും മുതിർന്നവരുടെ ശ്രദ്ധക്കുറവാണ്. നമ്മൾ നമ്മുടെ കുഞ്ഞിന് കൊടുക്കുന്ന കരുതൽ, മറ്റൊരാൾക്ക് കൊടുക്കാനാവണമെന്നില്ല. അമ്മുവും കൃഷ്ണനും, ''അക്കരയിക്കരെ നിന്നാലെങ്ങനെ ആശ തീരും, നമ്മുടെ ആശ തീരും?'' എന്നു പാടിക്കൊണ്ടേയിരുന്നു.
ഒരിക്കൽ കൃഷ്ണന് രണ്ടര വയസ്സുള്ളപ്പോൾ അവന്റെ കരച്ചിൽ സഹിക്കാനാവാതെ, അന്നാദ്യമായി അവനെ അമ്മുവിന്റെ വീട്ടിൽ പോയി കളിക്കാൻ അനുവദിച്ചു. അവിടെ അമ്മുവിന്റെ അമ്മയുണ്ടായിരുന്നിട്ടും, എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. പത്തു മിനുട്ടിനുള്ളിൽ ഞാനവിടേയ്ക്കു ചെല്ലുമ്പോൾ, കൃഷ്ണനും അമ്മുവും മുറ്റത്ത് കിടക്കുന്ന അവരുടെ വണ്ടിക്കുള്ളിൽ നിന്നും ഇറങ്ങി വരുന്നു. അവനെ ബലമായി എടുത്തു ഞാൻ തിരികെ പോരുമ്പോൾ, അമ്മുവിനെയും വിളിച്ചെങ്കിലും അവൾ വരാൻ കൂട്ടാക്കിയില്ല.
അതിൽ പ്രതിഷേധിച്ച് കൃഷ്ണൻ അലറി കരയുകയും, അമ്മു ഗദ്ഗദകണ്ഠിതയായി കണ്ണീർ തുടയ്ക്കുകയും ചെയ്തെങ്കിലും അതൊക്കെ അവഗണിച്ചു ഞാൻ അവനുമായി വീട്ടിലെത്തി. കുറേ നേരം വാശി പിടിച്ചു കരഞ്ഞതിനു ശേഷം, കരിങ്കല്ലിനു കാറ്റടിച്ച പോലെയിരിക്കുന്ന എന്റെ ദേഹത്തേയ്ക്ക് ഏങ്ങലടിയോടെ അവൻ കെട്ടിപ്പിടിച്ചിരുന്നു. ആ നേരത്താണ് പെയിന്‍റിന്‍റേത് പോലൊരു മണം ചുറ്റും പരന്നതും, ഞാൻ മണം പിടിച്ചു മോന്റെ വായിൽ നിന്നും വരുന്നതാണെന്നു മനസ്സിലാക്കിയതും.
കുഞ്ഞ് അപ്പൊഴേയ്ക്കും ഉറങ്ങിയിരുന്നു. പുറത്തു കൊണ്ടുവന്ന് മുഖം കഴുകി ഉണർത്തി, അമ്മൂന്റെ വീട്ടിൽ നിന്നെന്താ കഴിച്ചത് എന്നു ചോദിച്ചപ്പോൾ, “വണ്ടീലെ ഗുപ്പീന്ന് വെള്ളം കുടിച്ചു"വെന്നായിരുന്നു മറുപടി. അവിടെ ചെന്ന് നോക്കുമ്പോൾ, മിനറൽ വാട്ടറിന്റെ ബോട്ടിലിൽ അവർ ഡീസൽ വാങ്ങി വണ്ടിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്നു.. മിനറൽ വാട്ടർ ആണെന്ന് കരുതിയായിരിക്കണം മോനത് കുടിച്ചത്. പക്ഷേ അമ്മു അത് കുടിച്ചിരുന്നില്ല കേട്ടോ.
വളരെ കുറഞ്ഞ അളവിലെ അവനത് കുടിച്ചിരുന്നുള്ളു
ഉടനെ തന്നെ ആശുപത്രിയിലേയ്ക്ക് പോയി. ഇരുപത്തിനാലു മണിക്കൂർ എൻ ഐ സി യു വിൽ കിടക്കേണ്ടി വന്നു. അവിടെയും അവൻ പിരുപിരുപ്പായിരുന്നു. കൈയ്യിൽ സൂചി വയ്ക്കാൻ അവൻ സമ്മതിക്കില്ലന്ന് കരുതി, അവനെ പിടിച്ചു വയ്ക്കാൻ മറ്റു മാലാഖമാരെയും കൂട്ടി വന്ന സിസ്റ്ററിനെ അതിശയിപ്പിച്ചു കൊണ്ട് അവൻ കൈ നീട്ടി കൊടുത്ത്, അതിലേയ്ക്ക് കൗതുകത്തോടെ നോക്കിയിരുന്നു.
ഈശ്വരാനുഗ്രഹം കൊണ്ട്, വളരെ കുറഞ്ഞ അളവിലെ അവനത് കുടിച്ചിരുന്നുള്ളു. അതു കൊണ്ട് ബുദ്ധിമുട്ടുകളൊന്നും സംഭവിക്കാതെ പിറ്റേന്ന് ഡിസ്ചാർജ്ജ് ആയി വീട്ടിലെത്തി. പിന്നീട്,കുറച്ച് നാളുകൾ, അവൻ മിനറൽ വാട്ടർ ബോട്ടിൽ കാണുമ്പോൾ കൈ ചൂണ്ടി പറയുമായിരുന്നു ''ഇച്ചീച്ചിയാ..''