ഒരു വൈകുന്നേരം അവളെ വിളിക്കാൻ പ്ലേ സ്കൂളിൽ ചെന്ന എനിക്കു ചുറ്റും വയറ്റിലുള്ള ഇരട്ടകൾക്കു അഭിനന്ദനങ്ങളുമായി ടീച്ചർമാർ. മൂന്നു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ അനിയത്തി വേണം എന്നു പറഞ്ഞു നടക്കുന്ന അമ്മു, കൂട്ടുകാരിക്ക് അനിയനുണ്ടായ വാർത്ത കേട്ടു അടിച്ചു വിട്ടതാണ് അമ്മേടെ വയറ്റിൽ ഇരട്ടകളുണ്ടെന്ന്
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
ഉരുളി കമഴ്ത്തലും ആയുർവ്വേദവും ഹോമിയോപ്പതിയും അലോപ്പതിയും കാക്കത്തൊള്ളായിരം ഹോർമോൺ ഇഞ്ചക്ഷനുകളും ഒരു അബോർഷനും അച്ഛന്റെ മരണവുമൊക്കെ കഴിഞ്ഞു ഇനി യോഗമുണ്ടെങ്കിൽ ഉണ്ടാവട്ടെ എന്നു വിചാരിച്ചിരിക്കെ, കല്യാണം കഴിഞ്ഞ് ആറു വർഷം കഴിഞ്ഞാണ് ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിക്കുന്നത്. ഏഴാം വാർഷികത്തിന്റെ പിറ്റേമാസം അമ്മു എന്ന നന്ദിനി ജനിച്ചു. തിരിച്ചറിവായ കാലം മുതലേ പെൺകുഞ്ഞെന്നു മന്ത്രിച്ചു നടന്ന ഞാൻ, പാതി ബോധത്തിൽ, ഓപ്പറേഷൻ ടേബിളിന്റെ അങ്ങേത്തലയ്ക്കൽ പെൺകുഞ്ഞാണെന്നു പറഞ്ഞു കൊണ്ടു ഡോക്ടർ ഉയർത്തിപ്പിടിച്ച കുഞ്ഞിനെ കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ തലയ്ക്കൽ നിന്ന ജൂനിയർ ഡോക്ടറെ തോണ്ടി വിളിച്ചു പെൺകുഞ്ഞു തന്നെയെന്നു ഒന്നു കൂടി ഉറപ്പിച്ചു.
ആദ്യത്തെപ്പണി അവളെനിക്ക് തരുന്നത് ഉറക്കത്തിന്റെ കാര്യത്തിലാണ്. നവജാത ശിശുക്കൾ ആദ്യ കുറേ ദിവസങ്ങൾ രാത്രി കൂടുതൽ സമയം ഉണർന്നിരിക്കുമെന്നും, കുഞ്ഞിന്റെ ഉറക്കത്തിനനുസരിച്ചു അമ്മയും ഉറക്കം ക്രമീകരിക്കണമെന്നുമൊക്കെ വായിച്ചു പഠിച്ചു വച്ചിരുന്ന എന്നെ വെറും മണ്ടിയാക്കിക്കൊണ്ടു രാപകലില്ലാതെ ഉറങ്ങി എല്ലാ ശിശുക്കൾക്കും അവളൊരു മാതൃകയായി. പാലു കുടിക്കാനുള്ള കരച്ചിൽ പോലും പാലു വന്നു തുടങ്ങാത്ത ആദ്യ രണ്ടു ദിവസം മാത്രം. പിന്നീട് എനിക്ക് വേണമെങ്കിൽ അവളെ കുത്തിപ്പൊക്കി പാലു കൊടുത്തുകൊള്ളണമെന്നായി. ജീവിതത്തിലന്നുവരെ വീട്ടിൽ വെറുതെ ഇരുന്നിട്ടില്ലാത്ത എന്നെക്കൊണ്ടവൾ ഇല്ലാത്ത കഴുക്കോലെണ്ണിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
തുള്ളിച്ചാടുന്ന അമ്മുവിനോട് ഒരു അനിയൻ വേണ്ടേ എന്നു ഡോക്ടർ
ഭക്ഷണം കഴിക്കില്ല, കരയുമ്പോൾ ഇടയ്ക്ക് ശ്വാസം പിടിച്ചു ഞങ്ങളെ പേടിപ്പിക്കും എന്നീ കുഴപ്പങ്ങളൊഴിച്ചാൽ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ അമ്മു വളർന്നു കൊണ്ടിരുന്നു. അവൾക്കു രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ഷിക്കാഗോയിലേക്ക്. A for Apple എന്നു തികച്ചു പറയാനറിയാത്ത പെണ്ണു രണ്ടാഴ്‌ച കൊണ്ടു മദാമ്മയായി. എനിക്കു അമ്മയിൽ നിന്നു മമ്മിയിലോട്ടു പ്രൊമോഷനും കിട്ടി. ആറു മാസം കഴിഞ്ഞെത്തിയ അച്ഛനെ എയർപോർട്ടിൽ നിന്നു വീട്ടിലെത്തുന്നതിനിടയിൽ ഡാഡിയാക്കി. (പിന്നീട് മലയാളി കൂട്ടുകാരെ കിട്ടിയപ്പോൾ തിരിച്ചു അച്ഛനും അമ്മയുമായി.)
കുരുത്തക്കേടെല്ലാം വീട്ടിലേയ്ക്ക് മാറ്റി വച്ചു സ്കൂളിൽ ടീച്ചർമാരുടെ കണ്ണിലുണ്ണി. ചോറ് തട്ടിക്കളയുന്നതും അലറിക്കരഞ്ഞുകൊണ്ടു തറയിൽക്കിടന്നുരുളുന്നതുമൊക്കെ പറയുമ്പോൾ ഈ തങ്കപ്പെട്ട കുഞ്ഞിനെക്കുറിച്ചു ഇല്ലാവചനം പറയുന്നോ എന്ന ഭാവം അവളുടെ ടീച്ചറിന്റെ മുഖത്ത്.
ഒരു വൈകുന്നേരം അവളെ വിളിക്കാൻ പ്ലേ സ്കൂളിൽ ചെന്ന എനിക്കു ചുറ്റും വയറ്റിലുള്ള ഇരട്ടകൾക്കു അഭിനന്ദനങ്ങളുമായി ടീച്ചർമാർ. മൂന്നു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ അനിയത്തി വേണം എന്നു പറഞ്ഞു നടക്കുന്ന അമ്മു, കൂട്ടുകാരിക്ക് അനിയനുണ്ടായ വാർത്ത കേട്ടു അടിച്ചു വിട്ടതാണ് അമ്മേടെ വയറ്റിൽ ഇരട്ടകളുണ്ടെന്ന്.
പിന്നെയും ഒരു വർഷം കൂടിക്കഴിഞ്ഞ്, ഒരു വെളുപ്പാൻ കാലത്തു ഹോം പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് പോസറ്റീവ് കാണിച്ചിട്ടും, ആദ്യത്തെ അബോർഷന്റെ ഓർമയിൽ ഡോക്ടറെ കണ്ടുറപ്പിച്ചിട്ട് അമ്മുവിനോട് പറയാമെന്നു ഞങ്ങൾ തീരുമാനിച്ചു. അപ്പോഴുണ്ട് അമ്മു ഉറക്കമെണീറ്റു നേരെ വന്നു, ഓണത്തിനും വിഷുവിനും മാത്രം കത്തുന്ന വിളക്കിന്റെ മുന്നിൽ കൈകൂപ്പി 'എനിക്കൊരു അനിയത്തിയെത്തരൂ' എന്നു ദൈവത്തിനു ഓർഡർ കൊടുക്കുന്നു.
ക്രോമസോം ടെസ്റ്റിൽ പെൺകുഞ്ഞാണെന്നറിഞ്ഞു തുള്ളിച്ചാടുന്ന അമ്മുവിനോട് ഒരു അനിയൻ വേണ്ടേ എന്നു ഡോക്ടർ. എനിക്കു വേണ്ട, അച്ഛനും അമ്മയ്ക്കും വേണമെങ്കിൽ ആയ്ക്കോട്ടേന്നു അവൾ. കുഞ്ഞുവെന്ന ഭാവ്നി ജനിച്ചയുടനെ കൂടെ കളിക്കാത്തതിലുള്ള പ്രതിഷേധം, അമ്മയ്ക്ക് ആശുപത്രിയിൽ കിട്ടിയിരുന്ന ഭക്ഷണത്തിന്റെ പാതി അകത്താക്കിയാണ് അമ്മു തീർത്തത്. കുഞ്ഞുവിന്റെ കുറുമ്പ് കൂടുമ്പോൾ ഇങ്ങനെയാണെന്നറിഞ്ഞിരുന്നെങ്കിൽ ഒരനിയത്തി വേണമെന്ന് ആഗ്രഹിക്കില്ലായിരുന്നു എന്നു ഇടയ്ക്കൊക്കെ തലയിൽ വയ്ക്കുമെങ്കിലും, എന്നേക്കാൾ കരുതലോടെ അവളുടെ കൈപിടിച്ച് കൂടെക്കളിക്കാനും കഥ പറയാനും ചോറ് വാരിക്കൊടുക്കാനും കുളിപ്പിക്കാനും സുന്ദരിയായി ഒരുക്കാനുമൊക്കെ അമ്മു മുന്നിലുണ്ട്. കുളി കഴിഞ്ഞിട്ടും വെള്ളത്തിൽ കളിക്കുന്ന കുഞ്ഞുവിനെ, 'വെള്ളമില്ലെങ്കിൽ കോഴികളെല്ലാം ചത്തുപോകും, പിന്നെ കോഴിക്കറി കൂട്ടാൻ പറ്റില്ലെ'ന്ന് പറഞ്ഞു ടബ്ബിൽ നിന്നിറക്കാനും അവൾക്കേ പറ്റൂ.
അറിയാതെ എന്റച്ഛനോടും അമ്മയോടും സഹതാപം തോന്നും
ക്ലാസ്സിലവതരിപ്പിക്കാൻ ഓണത്തെക്കുറിച്ചെഴുതിക്കൊടുത്ത ഖണ്ഡശ്ശ വായിച്ച് 'മഹാബലി ബാഹുബലിയുടെ ചേട്ടനാണോ അമ്മേ' എന്നു ചോദിച്ച അതേ കൗതുകത്തോടെ തന്നെ ഡെമോക്രസി എന്താണെന്ന് അലക്സയോടും ചോദിക്കും. രൂപത്തിൽ അച്ഛനെ പകർത്തി വച്ചിട്ടുണ്ടെങ്കിലും സ്വഭാവത്തിലവൾ ഞാൻ തന്നെ. സന്തോഷവും സങ്കടവും അമർഷവുമൊന്നും മൂടിവയ്ക്കാതെയവൾ പൊട്ടിച്ചിരിക്കുമ്പോൾ, കരയുമ്പോൾ, ഭൂമികുലുക്കി ഇറങ്ങിപ്പോകുമ്പോൾ, കണ്മുന്നിൽ എന്റെ ബാല്യം പുനർജനിക്കുന്നു. അറിയാതെ എന്റച്ഛനോടും അമ്മയോടും സഹതാപം തോന്നും. (കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണല്ലോ!)
അടുത്ത പിറന്നാളോടെ ട്വീനേജിൽ (tweenage - അങ്ങനെയൊന്നുണ്ടെന്നു അവൾ പറഞ്ഞാണ് ഞാൻ അറിയുന്നത്) എത്തുന്നതിന്റെ ഉത്സാഹത്തിലാണമ്മു. ചേച്ചി എന്തിനാണ് ബഹളം വയ്ക്കുന്നതെന്നു മനസിലായില്ലെങ്കിലും കൂടെ കുഞ്ഞുവുമുണ്ട്.
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം