ചെവി തുളച്ച വെടിയുണ്ട; റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ച അപ്രതീക്ഷിത മുന്‍തൂക്കം

By Alakananda RFirst Published Jul 23, 2024, 10:14 PM IST
Highlights

'എന്നെയല്ല, അവർ നിങ്ങളെയാണ് ലക്ഷ്യമിടുന്നത്' എന്നാണ് ട്രംപിന്‍റെ പതിവുവാചകം. തങ്ങൾക്കിടയിൽ നിൽക്കുമ്പോൾ വെടിയേറ്റ, ജീവൻ നഷ്ടപ്പെടുന്നതിന്‍റെ അറ്റം വരെയെത്തിയ മുൻപ്രസിഡന്‍റിനെ അനുയായികൾ ഇനി കൂടുതൽ ആരാധിക്കാനാണ് സാധ്യത. 


വെടിയേറ്റ് വലതുചെവിയിൽ നിന്ന് ചോര വാർന്നൊഴുകുന്നു. എന്നിട്ടും ജനങ്ങളെ നോക്കി, ചുരുട്ടിയ മുഷ്ടി ഉയർത്തിപ്പിടിച്ച് എഴുപത്തിയെട്ടുകാരനായ ഡോണൾഡ് ട്രംപ്, പിന്നിൽ അമേരിക്കയുടെ ദേശീയ പതാക. ചിത്രം തൽക്ഷണം 'ഐക്കോണിക്' ആയിമാറി. അസോസിയേറ്റഡ് പ്രസിലെ എവാൻ വുച്ചി ആണ് ചിത്രമെടുത്തത്. ഈ ചിത്രം പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനെ തന്നെ മാറ്റിമറിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇക്കാലത്തെ വിഭജന രാഷ്ട്രീയത്തെ ഇതെങ്ങനെ സ്വാധീനിക്കുമെന്നതും ചിന്താവിഷയം. ഐക്കണിന്, പക്ഷേ സത്യവുമായി വിദൂര ബന്ധമേ കാണൂ. എങ്കിലും സ്വാധീനം ശക്തമായിരിക്കും. അതാണ് ആശങ്കപ്പെടുത്തുന്ന ചിന്തയെന്ന് നിരീക്ഷകപക്ഷം.

വീഡിയോയിൽ പിന്നെയുമുണ്ട്. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നതിനിടെ 'ഫൈറ്റ് ഫൈറ്റ്' എന്ന് പറയുന്നുണ്ട് ട്രംപ്. അതോടെ റിപ്പബ്ലിക്കൻ പാർട്ടി മുഴുവനായും പാർട്ടി ചായ്‍വുള്ളവരും ഒറ്റക്കെട്ടാകുന്നു. തെരഞ്ഞെടുപ്പിനെ യുദ്ധമായി കാണുന്ന ട്രംപ്, എപ്പോഴും അപകടങ്ങളുടെ നടുവിൽ. അതാണ് ചിത്രവും ദൃശ്യങ്ങളും നൽകുന്ന സന്ദേശമെന്ന് വായിക്കുന്നു ചിലർ. അമേരിക്കയുടെ തോക്ക് സംസ്കാരവും രാഷ്ട്രീയവും അക്രമവുമായി ഇതിനെ മറ്റ് ചിലര്‍ വ്യാഖ്യാനിക്കുന്നു. എന്തുതന്നെയായാലും ഇത് ട്രംപ് സംഘത്തിന്‍റെ ആഖ്യാനവുമായി ഒത്തുപോകുന്നതാണ്. അതാണ് അപകടം എന്നാണ് വിദഗ്ദപക്ഷം. ട്രംപിന് ഏറ്റ വെടി നേട്ടമാക്കിയത് ട്രംപും റിപബ്ലിക്കൻ പാർട്ടിയുമാണ്. കോട്ടമായത് ജോ ബൈഡനും. കരുത്തൻ ട്രംപ്, പിന്നിൽ പാർട്ടി ഒന്നാകെ. മറുവശത്ത് ഓർമ്മക്കുറവും ആരോഗ്യക്കുറവുമുള്ള ജോ ബൈഡൻ. പോരാത്തതിന് സ്വരം കടുപ്പിക്കുന്ന പാർട്ടിയിലെ തന്നെ പ്രമുഖരും ജോർജ് ക്ലൂനി അടക്കമുള്ള സെലിബ്രിറ്റി ഡോണർമാരും. ഇപോൾ ഉറ്റസുഹൃത്തായ ബരാക് ഒബാമയും കൈവിട്ടു ബൈഡനെ. ഒടുവില്‍ അപ്രതീക്ഷിതമായി, എന്നാല്‍ ഏറെ പ്രതീക്ഷിച്ച ആ തീരുമാനം ബൈഡന്‍ അറിയിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നുള്ള സ്വന്തം പിന്മാറ്റം.

Latest Videos

ട്രംപ് - ബൈഡന്‍ സംവാദം; പ്രായാധിക്യത്തില്‍ കിതയ്ക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

കോറി കോമ്പെറേറ്റർ

വെടിയുണ്ട ട്രംപിന്‍റെ വലത് ചെവിയില്‍ മുറിപ്പാട് തീർത്ത് ചീറിപ്പാഞ്ഞു പോയി. ചോര ചീറ്റി. ട്രംപിന് പകരം അഗ്നിരക്ഷാ പ്രവർത്തകനായ കോറി കോമ്പെറേറ്റർ ആ വെടിയുണ്ട ഏറ്റുവാങ്ങി. കുടുംബത്തെ രക്ഷിക്കാൻ തന്‍റെ ശരീരം മറയാക്കി ഉപയോഗിച്ചു 50 കാരനായ കോറി. കടുത്ത ട്രംപ് അനുയായായിരുന്ന കോറി എന്ന അഗ്നിരക്ഷാ പ്രവർത്തകന്‍റെ നിമിഷാർദ്ധത്തിലെ തീരുമാനമായിരുന്നിരിക്കണം അത്. വേറെയും രണ്ട് പേർക്ക് മുറിവേറ്റു. ഡേവിഡ് ഡച്ച്, എന്ന 57 കാരൻ, ജെയിംസ് കോപ്പൻഹാവർ എന്ന 74 കാരൻ. രണ്ടുപേരുടെയും ആരോഗ്യനില ഗുരുതരമല്ല. കോറിയുടെ കുടുംബത്തിന് സഹായം പ്രവഹിക്കുകയാണ്. ചിലെരെങ്കിലും കോറിക്കുവേണ്ടി ട്രംപിന് വോട്ടുചെയ്യാൻ തീരുമാനിച്ചു എന്നും റിപ്പോർട്ടുണ്ട്. രണ്ടു പെൺമക്കൾ, ഭാര്യ, രണ്ട് സഹോദരിമാർ, ഒരു സഹോദരൻ എന്നിവരാണ് കോറിയുടെ കുടുംബാംഗങ്ങൾ.

 

The day after DJT escaped the AR15 gun shots by 20 yr old Republican Thomas Matthew Crookes, Trump was on the golf course and grifting his idiot Maga supporters for money with “Assassination trading cards that can be theirs for the low price of only 29.99.”… pic.twitter.com/39zykAu0oB

— Democracy Deb🌊💙🌈🇺🇸🇺🇦 (@deb_democracy)

വിഭജന രാഷ്ട്രീയം

പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ വെടിവച്ചു എന്നതല്ല, എതിരഭിപ്രായമുള്ളവരെ ആക്രമിക്കുക എന്ന മനസ്ഥിതി, അസഹിഷ്ണുത, വളർന്നു വരുന്നു എന്നതിലാണ് ആശങ്ക. അല്ലെങ്കിൽ തന്നെ അമേരിക്കയിൽ ഇപ്പോൾ വിഭജന രാഷ്ട്രീയമെന്ന ആരോപണം ഒരു വസ്തുതയാണ്. തീവ്രവലതിന്‍റെ പ്രചാരണവും അതിന്‍റെ സ്വാധീനവും വേരുറച്ചിരിക്കുന്നു രാജ്യത്ത്. അതെത്ര നാൾ മുമ്പ് തുടങ്ങി എന്നതിലേയുള്ളൂ സംശയം. ട്രംപിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് അമേരിക്കയിലെ യുവതലമുറ ഇത്രയും പരസ്യമായി വിഭജന രാഷ്ട്രീയം കേൾക്കുന്നത്.

പക്ഷേ, ട്രംപിനെതിരായ മുന്നറിയിപ്പുകളാണ് വെടിവയ്പിന് കാരണമായത് എന്നാരോപിക്കുന്നു റിപബ്ലിക്കൻ അംഗങ്ങൾ. ട്രംപ് അധികാരത്തിൽ വന്നാൽ ഏകാധിപതിയാകും, ജനാധിപത്യത്തിന് ഭീഷണിയാകും എന്ന തരത്തിലെ പ്രചാരണങ്ങൾക്ക് ഡമോക്രാറ്റുകളെ പഴിക്കുന്നു ട്രംപ് അനുയായികൾ. പ്രസിഡന്‍റ് ബൈഡനെയടക്കം. സ്വകാര്യ ഫണ്ട് ഡോണേഴ്സ് യോഗത്തിൽ ട്രംപിന് നേർക്കുള്ള ആക്രമണങ്ങൾ ശക്തമാക്കണമെന്നും ലക്ഷ്യം ട്രംപാകണം എന്നും ബൈഡൻ പറഞ്ഞത് ചോരുകയും ചെയ്തു. അത് ഒരബദ്ധമായിരുന്നു എന്ന് ബൈഡൻ പിന്നീട് വിശദീകരിച്ചു. എതിരാളികൾ പലതരത്തിൽ ആക്രമിച്ചിട്ടും ഫലിച്ചില്ല. ജയിലിലാക്കാൻ വരെ നോക്കി. വെടിവയ്പിൽ സന്തോഷിക്കുന്നത് പോലെ തോന്നുന്നു എന്നാണ് ട്രംപിന്‍റെ മകൻ ടെലിവിഷൻ അഭിമുഖത്തിൽ ആരോപിച്ചത്.

ഗാസയില്‍ ഹമാസിന് പിന്തുണ നഷ്ടമാകുന്നുവോ?

'എന്നെയല്ല, അവർ നിങ്ങളെയാണ് ലക്ഷ്യമിടുന്നത്'

എന്തായാലും ട്രംപിന് ഈ സംഭവം ഇരട്ടിപ്രചാരണത്തിന്‍റെ ഗുണം ചെയ്തിട്ടുണ്ട്. പിന്നെ നടന്ന റിപബ്ലിക്കൻ കൺവെൻഷൻ ആരവത്തോടെയാണ് ട്രംപിനെ സ്വീകരിച്ചത്. ഏകസ്വരത്തിൽ തെരഞ്ഞെടുക്കുകയും ചെയ്തു. 'എന്നെയല്ല, അവർ നിങ്ങളെയാണ് ലക്ഷ്യമിടുന്നത്' എന്നാണ് ട്രംപിന്‍റെ പതിവുവാചകം. തങ്ങൾക്കിടയിൽ നിൽക്കുമ്പോൾ വെടിയേറ്റ, ജീവൻ നഷ്ടപ്പെടുന്നതിന്‍റെ അറ്റം വരെയെത്തിയ മുൻപ്രസിഡന്‍റിനെ അനുയായികൾ ഇനി കൂടുതൽ ആരാധിക്കാനാണ് സാധ്യത. അതും വെടിയേറ്റ് രക്തം ചിന്തുന്ന മുഖവുമായി സീക്രട്ട് സർവീസിന്‍റെ വലയത്തിൽ നീങ്ങുന്നതിനിടെയും ജനത്തെ നോക്കി, 'ഫൈറ്റ് ഫൈറ്റ്' എന്ന് പറഞ്ഞ ട്രംപിനോട് അതുവരെയില്ലാത്ത ബഹുമാനം തോന്നിയാലും കുറ്റംപറയാനാവില്ല.

ജനപ്രീതിയിൽ ട്രംപാണ് ഇപ്പോഴും മുന്നിൽ, അതിതുവരെ പിന്നോട്ടായിട്ടില്ല.ബൈഡന്‍റെ പിന്മാറ്റവും കമലാ ഹാരിസിന്‍റെ കടന്നുവരവും ഡെമോക്രാറ്റിക്കുകളില്‍ വിജയപ്രതീക്ഷ തുലാസിലാക്കിക്കഴിഞ്ഞു. ഡമോക്ലീസിന്‍റെ വാളായി ട്രംപിന്‍റെ തലക്കുമീതെ തൂങ്ങിയിരുന്ന കേസുകളിലൊന്ന് തള്ളിയും പോയി. ക്ലാസിഫൈഡ് രേഖകൾ സ്വന്തം വീട്ടിൽ സൂക്ഷിച്ചു എന്ന കേസ് ഫ്ലോറിഡ കോടതിയും തള്ളി. പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ ശേഷമാണ് രേഖകൾ ട്രംപിന്‍റെ മാരാലാഗോ ബംഗ്ലാവിൽ നിന്ന് കണ്ടെടുത്തത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക് സ്മിത്തിനെ നിയമിച്ച ജസ്റ്റിസ് വകുപ്പിന്‍റെ നടപടി ഭരണഘടനാ ലംഘനമെന്ന് കോടതി വിധിച്ചു. കോടതി എന്നാൽ, എലീൻ കാനോണ്‍ എന്ന ജഡ്ജി. ട്രംപ് നിയമിച്ച ജഡ്ജി. വിധി പ്രതീക്ഷിച്ചത് തന്നെയാണ്. കേസ് തള്ളിയത് ട്രംപിന് വലിയ വിജയമാണ്. അതിന് മുമ്പത്തെ ആഴ്ചയാണ് ട്രംപിന് ഭാഗിക നിയമപരിരക്ഷ വിധിച്ച സുപ്രീംകോടതി ഉത്തരവുണ്ടായത്. അതും ട്രംപ് നിയമിച്ച ഭൂരിപക്ഷ ജഡ്ജിമാരാണ്. 'ഭാഗികം' എന്ന നൂലാമാല അഴിക്കേണ്ടത് സർക്കാരിന്‍റെ ചുമതലയുമായി. ഇതുരണ്ടും വെടിവയ്പും കൂടിയായപ്പോൾ ട്രംപിന് വിജയം കൈയെത്തുന്ന അകലത്തായിട്ടുണ്ട് എന്നൊരു പ്രവചനം വരുന്നുണ്ട്. പക്ഷേ, കാര്യങ്ങള്‍ ഇപ്പോഴും പ്രവചനാതീതമാണ്.
 

click me!