ഇസ്രയേലിന്‍റെ പാളയത്തിലെ പടയും ലെബണനിലെ രാഷ്ട്രീയ അസ്ഥിരതയും പിന്നെ വെടിനിര്‍ത്തല്‍ കാരാറും

By Alakananda R  |  First Published Dec 3, 2024, 4:30 PM IST

13 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ 13 കാര്യങ്ങള്‍ മുന്നോട്ട് വച്ച് ധാരണയുണ്ടാക്കിയെങ്കിലും വെറും 48 മണിക്കൂറിന്‍റെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.  പക്ഷേ, നെതന്യാഹുവിന്‍റെ പാളയത്തിലെ പടയും ലബണനിലെ രാഷ്ട്രീയ അസ്ഥിരതയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. 



സ്രയേലും ഹിസ്ബുള്ളയും തമ്മിലെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് 48 മണിക്കൂറിനകം ലംഘിക്കപ്പെട്ടു. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഇരുപക്ഷവും. അതിർത്തി പ്രദേശങ്ങളിലുള്ളവർ തിരിച്ചെത്തിത്തുടങ്ങി. പക്ഷേ, സമാധാനം സ്ഥിരമാകുമോ എന്നതിൽ സംശയമുണ്ട്. രണ്ട് അതിർത്തികളിലും താമസിച്ചിരുന്നവർക്ക്. പതുക്കെ പതുക്കെ വെടിനിർത്തൽ സ്ഥിരവും സമഗ്രവുമായ സ്ഥിതിയിലേക്ക് നയിക്കണം എന്നാണ് മധ്യസ്ഥ രാജ്യങ്ങളുടെ ആഗ്രഹം. 13 മാസത്തെ യുദ്ധം 13 പോയിന്‍റുകളിൽ ഒതുങ്ങുന്ന ധാരണയിൽ തീരുമോ എന്നാണ് സംശയം. ലബനണിലെ യുദ്ധത്തിന് അവസാനം. ഹിസ്ബുളളയുടെ ഭീഷണി ഇനി ഇസ്രയേലിനുണ്ടാവാൻ പാടില്ല. ഇരുരാജ്യങ്ങൾക്കിടെയിലെ അനൗദ്യോഗിക അതിർത്തിരേഖയാണ് ബ്ലൂ ലൈൻ (Blue Line). അതിനും ലിറ്റനി നദിയുടെയും ഇടയ്ക്കുമുള്ള പ്രദേശത്ത് നിന്ന് ഹിസ്ബുള്ളയുടെ സായുധ വിഭാഗം പിൻമാറും, 40 കിമീ ദൂരത്തേക്ക്. 2023 -ന് ശേഷം കടന്നു കയറിയിരുന്ന പ്രദേശത്ത് നിന്ന് ഇസ്രയേൽ സൈന്യവും പിൻമാറണം.

ഇസ്രയേൽ - ലബനൺ ധാരണ

Latest Videos

ഇസ്രയേലും ലബനണും തമ്മിലാണ് ധാരണ. ഹിസ്ബുള്ള അതിൽ പങ്കാളിയല്ല. ലബനീസ് സർക്കാരിനാണ് ഹിസ്ബുള്ള നീക്കങ്ങളുടെ ഇനിയുള്ള ഉത്തരവാദിത്തം. ലംഘനം പാടില്ല. യുഎന്‍ സെക്യൂരിറ്റി കൌണ്‍സില്‍ റെസലൂഷന്‍ 1701 (UN Sceurity Council Resolution 1701) അനുസരിച്ചാണ് വെടിനിർത്തൽ ധാരണ. 2006 -ലെ യുദ്ധം അവസാനിപ്പിക്കാൻ നിലവിൽ വന്നതാണ് ഈ പ്രമേയം. അന്നത്തെ പിൻമാറൽ ധാരണ ഒരിക്കലും നടപ്പാക്കിയിട്ടില്ലെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഹിസ്ബുള്ളയുടെ നിരായുധീകരണവും അന്നത്തെ ധാരണയുടെ ഭാഗമായിരുന്നു.

തെക്കൻ ലബനണായിരുന്നു ഹിസ്ബുളളയുടെ ശക്തികേന്ദ്രം. ഇനി ഹിസ്ബുള്ളയെ തെക്കൻ ലബനണിലേക്ക് കടത്തില്ലെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നു. ധാരണ നടപ്പാകുമെന്ന് ഉറപ്പിക്കാൻ ലബനീസ് സൈന്യമെത്തും. 10,000 സൈനികരുടെ സംഘം. അമേരിക്കയും ഫ്രാൻസും മേൽനോട്ടം വഹിക്കും. പക്ഷേ, അമേരിക്കൻ സൈന്യം ഉണ്ടാവില്ല. 60 ദിവസമാണ് രണ്ട് കൂട്ടർക്കുമുള്ള സമയപരിധി. തെക്കൻ ലബനണിൽ ഹിസ്ബുള്ളക്ക് ഒരുതരത്തിലുള്ള ആയുധശേഖരത്തിനും ഇനി അനുവാദമില്ല. അത് ഉറപ്പിക്കേണ്ടതും ലബനീസ് സൈന്യമാണ്. ലബനണിലേക്കുള്ള ആയുധ വിൽപന ഇനി സർക്കാരിന്‍റെ മേൽനോട്ടത്തിലായിരിക്കും. രാജ്യത്തിനുള്ളിലെ നിർമ്മാണവും. വിദേശ സൈന്യത്തിന് കടക്കാൻ സർക്കാരിന്‍റെ അനുമതി വേണം. പക്ഷേ, രാജ്യത്താകെ വ്യാപിച്ച് കിടക്കുന്ന ഹിസ്ബുളളയുടെ നിരായുധീകരണത്തിന് ധാരണയിൽ വ്യവസ്ഥയില്ല. അതേസമയം ഹിസ്ബുളള ധാരണ ലംഘിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന്‍റെ പ്രഖ്യാപനവുമുണ്ട്.

undefined

പശ്ചിമേഷ്യ; യുദ്ധത്തിന് താത്കാലിക വിരാമം വേണമെന്ന് ഇസ്രയേല്‍ സൈന്യം, സമ്മതിക്കാതെ നെതന്യാഹു

നെതന്യാഹുവും പാളയത്തിൽ പടയും

വെടിനിർത്തൽ ധാരണ ഇസ്രയേലി സൈനികർക്ക് ശ്വാസം വിടാനുള്ള അവസരമാണെന്ന് നെതന്യാഹു പറയുന്നു. ഹമാസിനുള്ള ഹിസ്ബുളള പിന്തുണ ഇല്ലാതാകുമെന്നും. പക്ഷേ, കാരണങ്ങൾ വേറെയുമുണ്ടാകണം. നെതന്യാഹുവിന് എതിരായി സ്വന്തം പാളയത്തിൽ തന്നെ പടനീക്കം തുടങ്ങിയിരുന്നു. പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് അതൃപ്തി പ്രകടിപ്പിച്ചത് ഉദാഹരണം. ദിവസങ്ങൾക്കകം ഗാലന്‍റ് പുറത്തായെങ്കിലും സൈന്യം കൂടി അവരും വെടിനിർത്തലിനെ അനുകൂലിച്ചതോടെ ഗാലന്‍റ് പറഞ്ഞത് സൈന്യത്തിന്‍റെ കൂടി അഭിപ്രായമാണെന്ന് തെളിഞ്ഞു. കാബിനറ്റിലെ തീവ്രപക്ഷക്കാരെ, പ്രത്യേകിച്ച് ബെൻ ഗവിറിനെ അവഗണിച്ച് നെതന്യാഹു ധാരണക്ക് തയ്യാറായത്. സൈന്യത്തിന്‍റെ അതൃപ്തി കണക്കിലെടുത്ത് തന്നെയാവണം. ഗാസയിലും ലബനണിലും ഒരേസമയം നടത്തിവന്ന പോരാട്ടം സൈന്യത്തെ തളർത്തി എന്നത് വസ്തുതയാണ്. മാത്രമല്ല, എത്ര നേതാക്കൻമാരെ ഇല്ലാതാക്കിയിട്ടും ഹിസ്ബുളളയുടെ ആക്രമണങ്ങൾക്ക് തീവ്രത കുറഞ്ഞയുന്നില്ല. അതിനിയും തുടർന്നാൽ പ്രതിരോധം നിലനിർത്തുക ഇസ്രയേലിനും എളുപ്പമല്ല.

ലബനണനിലെ രാഷ്ട്രീയ അസ്ഥിരത

പക്ഷേ, ലബനീസ് സർക്കാരിന്‍റെ പങ്കിൽ ചില പ്രശനങ്ങളുണ്ട്. കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത്. പ്രസിഡന്‍റില്ല. രണ്ട് ഷിയാ പാർട്ടികൾ തമ്മിലെ ഭിന്നതകളാണ് അതിന് തടസം. അമാൽ - ഹിസ്ബുളള രൂപീകരിക്കപ്പെടുന്നത് 1990 -ൽ അവസാനിച്ച ആഭ്യന്തര യുദ്ധത്തോടയാണ്. 15 വർഷം നീണ്ട ഈ യുദ്ധമാണ് ലബനന്‍റെ തകർച്ചയ്ക്ക് തുടക്കമിട്ടതും.അതിന്‍റെ തകർച്ചയിൽ നിന്ന് ലബനൺ രക്ഷനേടും മുമ്പ് 2019 -ലെ സാമ്പത്തിക തകർച്ച രാജ്യത്തെ പിന്നെയും തളർത്തി. അതോടെ സർക്കാർ വിരുദ്ധ പ്രതിഷേധം തുടങ്ങി. പിന്നെ 2020 -ൽ കൊവിഡെത്തി. അത് പ്രതിഷേധത്തിന് തടയിട്ടു. പക്ഷേ, രാജ്യം പിന്നെയും തകർത്തു. 

ആ വർഷം തന്നെ തുറമുഖത്തുണ്ടായ ഉഗ്ര സ്ഫോടനം ബെയ്റൂട്ടിലെ തുറമുഖം മാത്രമല്ല, ചുറ്റുമുള്ള പ്രദേശങ്ങളും ഒന്നടങ്കം ഇല്ലാതാക്കി. കടുത്ത നാണ്യപെരുപ്പമാണ് രാജ്യത്ത്. ദാരിദ്ര്യം രണ്ട് വർഷത്തിനിടെ മൂന്ന് മടങ്ങായെന്നാണ് കണക്ക്. ഇടത്തരക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചത്. ജനസംഖ്യയുടെ പകുതി ദരിദ്രരായി. അപ്പോഴും വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം കിട്ടിക്കൊണ്ടിരുന്നു ലബനണിന്. അതൊന്നും പക്ഷേ, ജനങ്ങളിലേക്കെത്തിയില്ല. രാഷ്ട്രീയ നേതാക്കളെ എഴുതിത്തള്ളിയിരിക്കുന്നു ജനം. രണ്ട് വർഷമായി പ്രസിഡന്‍റില്ലാതായിട്ട്. താൽകാലിക സർക്കാരാണ് ഭരണം.

യുദ്ധവും പ്രതിരോധവും; യുദ്ധാനന്തരം കരയറുമോ ഇസ്രയേലിന്‍റെ സമ്പദ് വ്യവസ്ഥ

അഭയാര്‍ത്ഥികൾ; അകത്ത് നിന്നും പുറത്ത് നിന്നും

ഹിസ്ബുളള അടക്കി വാഴുന്ന രാജ്യത്ത് അവരുടെ തീരുമാനങ്ങൾക്ക് തടസം നിൽക്കാനുള്ള ശേഷി സർക്കാരിനുണ്ടായിട്ടില്ല. ഇസ്രയേലിന്‍റെ ആക്രമണങ്ങളെത്തുടർന്ന് പലായനം ചെയ്തവരെ എങ്ങനെ പുനരധിവസിപ്പിക്കണം എന്ന് സർക്കാറിന് പോലും അറിയില്ലായിരുന്നു. വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും സർക്കാർ നൽകുന്നില്ല. അധ്യാപകരടക്കം പലർക്കും ശമ്പളം മുടങ്ങുന്നത് പതിവായി. പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവർ രാജ്യം വിട്ട് പോകുന്നു. ഇതൊന്നും പോരാതെ, സിറിയൻ അഭയാർത്ഥികളും. ഏഴര ലക്ഷം സിറിയൻ അഭയാർത്ഥികളുണ്ട് ലബനണിൽ എന്നാണ് കണക്ക്. അഭയമൊന്നും നൽകിയിട്ടില്ല. പക്ഷേ, അവർ എവിടെയെങ്കിലുമൊക്കെയായി കഴിഞ്ഞു കൂടുകയാണ്. ജനങ്ങൾ തന്നെ കഴിയുന്നത് സന്നദ്ധ സംഘടനകളുടെ സഹായത്താലാണ്.

2020 -ലെ തുറമുഖ സ്ഫോടനത്തിൽ സർക്കാരിന്‍റെ അഴിമതിയും അവഗണനയുമാണ് ആരോപിക്കപ്പെട്ടത്. സ്ഫോടനത്തിൽ തകർന്ന അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ പോലും സർക്കാരിന്‍റെ ഇടപെടലുണ്ടായില്ല. ജനങ്ങളാണ് അതും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അന്ന് തുടങ്ങിയ താൽകാലിക ഭക്ഷണ വിതരണം ഇന്നൊരു കമ്മ്യൂണിറ്റി കിച്ചനായി വളർന്നിരിക്കുന്നു. അവസാനിപ്പിക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം. പേരിന് മാത്രമുള്ള ഒരു സർക്കാരിന് വെടിനിർത്തൽ ധാരണ നടപ്പാക്കാനുള്ള ശേഷിയുണ്ടോയെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. അതും നിരന്തര നിരീക്ഷണം ആവശ്യമുള്ള വെടിനിർത്തൽ. ഹിസ്ബുള്ള ഇന്നും രാജ്യത്ത് സാമുഹ്യ രാഷ്ട്രീയ ശക്തി തന്നെയാണ്. പാർലമെന്‍റിൽ 15 അംഗങ്ങളുണ്ട്. എതിർപ്പ് തുടരും എന്നാണിപ്പോഴും ഹിസ്ബുളള എംപി ഹസൻ ഫദല്ല പ്രതിജ്ഞയെടുത്തിരിക്കുന്നത്. തങ്ങൾ തോറ്റിട്ടില്ല എന്നും. ഇസ്രയേലിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചു എന്ന അവകാശവാദവുമായി ഇനിയും മുന്നോട്ടു പോകാം ഹിസ്ബുള്ളക്ക്. പക്ഷേ, ലബനണിലെ സാധാരണക്കാർക്ക് മാത്രം എങ്ങനെ മുന്നോട്ട് പോകണമെന്ന് വലിയ ഉറപ്പില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

ഇറാനും വെടിനിർത്തലും

ഒരു വെടിനിർത്തൽ ഇറാനും ആവശ്യമായിരുന്നു എന്നാണ് നിരീക്ഷണം.  'ആക്സിസ് ഓഫ് ഇവിൾ' (Axis of Evil) എന്ന അമേരിക്കയുടെ ചാപ്പകുത്തൽ അലങ്കാരമായെടുത്ത് 'ആക്സിസ് ഓഫ് റെസിസ്റ്റന്‍സ്' (Axis of Resistance) എന്ന് പേരിട്ട് അതിന് പലമുഖങ്ങളുണ്ടാക്കിയെടുത്തു ഇറാൻ. എല്ലാം, ഇസ്രയേൽ എന്ന മുഖ്യശത്രുവിനെ എതിരിടാൻ. ഹിസ്ബുള്ള, ഹമാസ്, ഹൂതി... ഇതിനായി സുന്നി - ഷിയാ സംഘടനകളെ വൈരം മറന്ന് ഒരുമിച്ച് നി‍ർത്തി. ഹമാസിന്‍റെ ഒക്ടോബർ 7 ആക്രമണത്തിന് ശേഷം ഇസ്രയേൽ ഹമാസിന് നേരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ ലബനൺ അതിർത്തിയിൽ നിന്ന് ഹിസ്ബുള്ളയും തുടങ്ങി ഇസ്രയേലിനെ ആക്രമിക്കാൻ. പലമുഖങ്ങളിൽ നിന്ന് ഒരേസമയം.

പക്ഷേ, വിചാരിച്ചത്ര ഫലപ്രദമായില്ല അത്. തിരിച്ചടികൾ ഇറാനും കിട്ടി. ഹന്യയുടെ കൊലപാതകം അടക്കം. ഹിസ്ബുള്ളയെ ഇസ്രയേലിന്‍റെ ശത്രുവായി വാർത്തെടുത്തത് ഹസൻ നസ്റള്ളയും ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്‍റെ ഖുദ്സ്. ഫോഴ്സ് (Quds Force) മേധാവിയായിരുന്ന ഖ്വാസിം സൊലൈമാനിയും ചേർന്നാണ്. രണ്ടുപേർക്കും കാരണങ്ങൾ രണ്ടായിരുന്നിരിക്കണം. നസ്റള്ളക്ക് ലബനന്‍റെ ശത്രു, സൊലൈമാനിക്ക് ഇറാന് നേരെയുള്ള ആക്രമണം വഴിതിരിച്ചു വിടാനുള്ള മാർഗം. പക്ഷേ, രണ്ട് പേരും കൊല്ലപ്പെട്ടു. സൊലൈമാനിയെ കൊല്ലാൻ ഉത്തരവിട്ടത് അമേരിക്കൻ പ്രസി‍ഡന്‍റായിരുന്ന ഡോണൾഡ് ട്രംപ്. ഇപ്പോഴത്തെ യുദ്ധത്തിൽ ഇസ്രയേലിനെതിരായി ഇറാൻ കെട്ടിയുയർത്തിയിരുന്ന പ്രതിരോധമെല്ലാം തകർന്നു. തുടക്കം പേജർ സ്ഫോടനങ്ങളാണെന്നാണ് വിലയിരുത്തൽ. പിന്നെ നസ്റള്ള, പിന്നാലെ പല നേതാക്കൾ, തെക്കൻ ലബനൺ ആകെ തകർത്ത വ്യോമാക്രമണം, ഇതിനിടെയുണ്ടായ ഇറാന്‍റെ മിസൈൽ വർഷമൊന്നും ഇസ്രയേലിനെ ബാധിച്ചില്ല. ഒരിടവേള ഇറാനും ആവശ്യമായിരുന്നു.

പക്ഷേ, ഇനിയെന്തെന്ന് ചിന്തിക്കാനും കാരണമുണ്ട്. അമേരിക്കയിൽ ഭരണം മാറുകയാണ്. ഇറാനെ സംബന്ധിച്ച് ഏറ്റവും വലിയ വിരോധി. ആണവ കരാറിൽ നിന്നുവരെ പിൻമാറിയതാണ് ട്രംപ്. വെടിനിർത്തൽ ധാരണയിലെ പിൻമാറ്റത്തിനുള്ള സമയപരിധി 60 ദിവസം. അപ്പോഴേക്ക് ട്രംപ് അധികാരമേൽക്കും. ലബനണിൽ മാത്രമല്ല, എല്ലായിടത്തും യുദ്ധം അവസാനിപ്പിക്കണം എന്നാണ് ട്രംപിന്‍റെ പക്ഷം. പക്ഷേ, എങ്ങനെ എന്നതിന് മാത്രം വ്യക്തയില്ല. പശ്ചിമേഷ്യയുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഇസ്രയേലിനോടുള്ള പ്രത്യേക സ്നേഹമാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ രണ്ട് രാജ്യമെന്ന അംഗീകരിക്കപ്പെട്ട പരിഹാരമാവില്ല ട്രംപ് പിന്തുടരുകയെന്ന് ചിലരെങ്കിലും ഭയക്കുന്നു. പശ്ചിമേഷ്യൻ പ്രശ്നങ്ങളുടെ ആണിക്കല്ലായ പലസ്തീൻ - ഇസ്രയേൽ സംഘർഷത്തിന് പരിഹാരം കാണാതെ  അവിടെ സമാധാനം വരില്ല.

 

click me!