ആ പെണ്‍കുട്ടിയും അങ്ങനെ ഒരാളെ തിരഞ്ഞു വന്നതായിരിക്കുമോ?

By Deshantharam Series  |  First Published Sep 1, 2022, 2:32 PM IST

ഒറ്റനോട്ടത്തില്‍ അറിയാം അവളും എന്നെപ്പോലെ ഒരു സഞ്ചരിയാണെന്ന്. പക്ഷെ നേരത്തെ പറഞ്ഞ യാത്രികരുടെ തിളക്കമില്ല ആ നീല കണ്ണുകളില്‍. പകരം വിഷാദത്തിന്റെ വേലിയേറ്റം.


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Latest Videos

 

നാലാമത്തെ  ബിയറിനു കൂടെ ഓര്‍ഡര്‍ കൊടുത്തതിനു ശേഷം ഒരു സിഗാര്‍ എടുത്തു കത്തിച്ചു മുന്നിലുള്ള കസേര വലിച്ചിട്ട് അതില്‍ കാല്‍ കയറ്റി വെച്ച് ഞാനിരുന്നു.

കൗബോയ് തൊപ്പിയും ഷാളും ഇട്ട് ഒരു വൃദ്ധന്‍ തൊട്ട് അപ്പുറത്തിരുന്ന് രണ്ട് പെഗ് പടപടാ കീറിയപ്പോ ഓഫര്‍ ചെയ്തത് ആണ് ഈ സിഗാര്‍.

ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഫിന്‍ലാന്‍ഡ്. അവിടെയാണ് സാന്താക്ലോസിന്റെ രാജ്യം എന്ന് വിളിപ്പേരുള്ള ലാപ് ലാന്‍ഡ് എന്ന സ്ഥലം. ക്രിസ്തുമസ് രാവില്‍ സാന്താക്ലോസ് ഗ്രാമവാസികള്‍ക്കായുള്ള സമ്മാനപ്പൊതികളുമായി മലയിറങ്ങി വരുമെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം.

മഞ്ഞു വീണു കിടക്കുന്ന കുന്നിന്‍ ചെരുവിലായാണ് ഈ സ്ഥലം.

ഒരു ഭക്ഷണശാലയാണിത്. പരമ്പരഗതമായ ഫിന്നിഷ് വിഭവങ്ങളുടെ കൂടെ മദ്യവും വിളമ്പുന്നൊരിടം.  ഇതിന്റെ ഒരു ഭാഗം സംഗീതത്തിനും നൃത്തത്തിനുമായി മാറ്റി വെച്ചിരിക്കുന്നു. 

മേശകള്‍ മിക്കതും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാവരും സഞ്ചാരികളാണ്.

ഒരു നാട്ടിലെ ജനങ്ങളെയും ആ നാട്ടിലേക്കെത്തുന്ന സഞ്ചാരികളെയും കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാനാകും. എന്നും കണ്ടു മടുത്ത കാഴ്ചകളായത് കൊണ്ടാവണം ഒരുതരം നിസ്സംഗതയാണ് നാട്ടുകാരുടെ കണ്ണിലെങ്കില്‍ പുതിയ കാഴ്ചകള്‍ കാണുന്ന അത്ഭുതവും അമ്പരപ്പും ആഹ്ലാദവും ആയിരിക്കും യാത്രികര്‍ക്ക്.

അവര്‍ തങ്ങളുടെ കാഴ്ചകളെ ഹൃദയം കൊണ്ട് കാണുന്നു. ഇനിയങ്ങോട്ട് മരിക്കുവോളം ഉള്ളില്‍ തെളിയുന്ന വിളക്ക് ആയി അവര്‍ ആ കാഴ്ചകളെ സൂക്ഷിക്കുന്നു.

വാരാന്ത്യ സായാഹ്നങ്ങളില്‍ ഫിന്‍ലാന്‍ഡ് തെരുവുകള്‍ക്കു ഭ്രാന്ത് പിടിക്കുകയും തന്നിലേക്കെത്തുന്ന എല്ലാത്തിനെയും അത് ഉന്മാദത്തിലാഴ്ത്തുകയും ചെയ്യും.

ഡിസംബര്‍ മാസം ലോകത്തെല്ലായിടത്തും അതിന്റെ എല്ലാ സൗന്ദര്യത്തോടും പ്രഭാവത്തോടും കൂടെ തന്നെയാണ്  വിരുന്നുവരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

മഞ്ഞും, തണുപ്പും ക്രിസ്മസ് കാര്‍ഡും നക്ഷത്രങ്ങളും സാന്താക്‌ളോസും പുല്‍ക്കൂടും കരോള്‍ഗാനങ്ങളും ഒക്കെയായി അതു അതിന്റെ നിര്‍മലവും വിശുദ്ധവുമായ ആലസ്യത്തിലേക്ക് അതിദ്രുതം ഒഴുകിയിറങ്ങുന്നത് ആശ്ചര്യത്തോടെ കുറച്ചൊന്നുമല്ല നോക്കി നിന്നിട്ടുള്ളത്.

താഴെ ഒരു തടാകം. ചിലര്‍ ചെറു വഞ്ചികള്‍ തുഴഞ്ഞു നീങ്ങുന്നുണ്ട്. ബീയര്‍ കുപ്പികളുമായി ഇരിക്കുന്ന അവരുടെ ഉദ്ദേശം മീന്‍പിടിക്കല്‍ തന്നെ ആണെന്ന് വെറുതെ ഞാന്‍ ഊഹിച്ചു. ഇത്ര തണുപ്പിലും എങ്ങിനെയാണ് അവര്‍ തങ്ങളുടെ ജോലിയില്‍ ഏര്‍പ്പെടുകയെന്നത് എന്നില്‍ ആശ്ചര്യം ഉളവാക്കി.

അല്‍പനേരത്തെ വിശ്രമത്തിന് ശേഷം മഞ്ഞ് വീണ്ടും അതിന്റെ വരവറിയിച്ചപ്പോള്‍ ഞാന്‍ കസേര നെരിപ്പോടിന്റെ അരികിലേക്ക് ഒന്ന് കൂടെ നിരക്കിയപ്പോള്‍ ഉണ്ടായ ശബ്ദം അപ്പുറത്ത് ഇരുന്ന പെണ്‍കുട്ടിക്ക് അത്ര രസിച്ച മട്ടില്ല. എന്നെ ഒന്ന് നോക്കിയിട്ട് അവളുടെ ഭാഷയില്‍ എന്തോ പിറുപിറുത്ത് കത്തിച്ച സിഗരറ്റും  വൈന്‍ ഗ്ലാസ്സുമായി ജനാലയിലൂടെ തടാകത്തിനപ്പുറത്തുള്ള മലയിലേക്ക് അവള്‍ നോക്കി ഇരുന്നു. 

അവള്‍ക്കും ആ വൃദ്ധന്‍ കൊടുത്തതായിരിക്കുമോ ആ സിഗരറ്റ്?.

ഒറ്റനോട്ടത്തില്‍ അറിയാം അവളും എന്നെപ്പോലെ ഒരു സഞ്ചരിയാണെന്ന്. പക്ഷെ നേരത്തെ പറഞ്ഞ യാത്രികരുടെ തിളക്കമില്ല ആ നീല കണ്ണുകളില്‍. പകരം വിഷാദത്തിന്റെ വേലിയേറ്റം. കരഞ്ഞു കണ്ണീര്‍ ഒഴുകി ചാലുകള്‍ രൂപപ്പെട്ട കവിളുകള്‍. കമ്പിളികൊണ്ട് നെയ്യപ്പെട്ട ഇളം മഞ്ഞ നിറമുള്ള തൊപ്പി അണിഞ്ഞ അവളുടെ അലസമായി കിടന്നിരുന്ന ചെമ്പന്‍ തലമുടി അസ്തമയകിരണങ്ങളേറ്റ്  തിളങ്ങുന്നുണ്ടായിരുന്നു. ആര്‍ക്കും മുഖം കൊടുക്കാതെ ഇരുന്ന അവള്‍ക്ക് ആ തിരക്ക് ഒരു ഭാരമായി  തോന്നുന്നുണ്ടാവണം.

ഇവിടെയെത്തുന്ന ഓരോ യാത്രികര്‍ക്കും ഓരോ കഥകള്‍ ഉണ്ടായിരിക്കുമല്ലേ...

എന്തൊക്കെ കാരണങ്ങള്‍ക്കായാണ് മനുഷ്യര്‍ യാത്ര ചെയ്യുന്നത്. ചിലര്‍ക്കു യാത്ര ഒരു വിനോദമാണെങ്കില്‍ ചിലര്‍ക്കത് സ്വന്തം ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരിക്കില്ലേ? ചിലര്‍ക്കു നേരംപോക്കും ചിലര്‍ക്കു സ്വപ്നവും ആയിരിക്കില്ലേ?

ചിലര്‍ മറ്റൊരു രാജ്യത്തേക്ക് തന്റെ ഉറ്റവരെയോ പ്രിയപ്പെട്ടവരെയോ കാണുവാന്‍ ആണെങ്കിലോ യാത്ര ചെയ്യുന്നത്? തേടി കണ്ടു പിടിച്ച സന്തോഷത്തില്‍ അവരുടെ യാത്ര അവസാനിപ്പിക്കുമ്പോള്‍ അവര്‍ ഹൃദയം കൊണ്ട് ചിരിച്ചുകാണില്ലേ. എന്നാല്‍ അവിടെ എത്തി പ്രിയപ്പെട്ടവനെ/വളെ കാണാനാകാതെ തിരികെ പോരേണ്ടി വരുന്നവരും ഉണ്ടാകില്ലേ!

അവര്‍ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും!

ആര്‍ക്കാണ് അവരെയൊന്നു ആശ്വസിപ്പിക്കാനാക്കുക. എത്ര വര്‍ഷത്തെ കാത്തിരിപ്പായിരിക്കും ഒരൊറ്റ നിമിഷം കൊണ്ട് പൊലിഞ്ഞു പോയിട്ടുണ്ടാകുക. ഒന്ന് കരയാന്‍ പോലും സാധിക്കാതെ ഉള്ളിന്റെ ഉള്ളില്‍ അവര്‍ എത്ര കിതയ്ക്കുന്നുണ്ടാകും!

ആ പെണ്‍കുട്ടിയും അങ്ങനെ ഒരാളെ തിരഞ്ഞു വന്നതായിരിക്കുമോ?

അതായിരിക്കുമോ അവളുടെ സങ്കടത്തിന് കാരണം!.

പെട്ടെന്നാണ് എന്റെ ചിന്തകളെ കീറിമുറിച്ചു കൊണ്ട് ഒരാള്‍ ബിയര്‍ കൊണ്ട് വന്നു മേശയില്‍ വെച്ചത്. ചെറിയൊരു പുഞ്ചിരി തന്ന് തിരക്കിട്ട് അയാള്‍  തിരികെ നടന്നു. 

എന്തു തന്നെയായാലും അവള്‍ അന്വേഷിക്കുന്ന സന്തോഷം അവളുടെ ഈ യാത്രയിലൂടെ വന്നുചേരട്ടെ.  സങ്കടങ്ങള്‍ മാറി കരഞ്ഞു കലങ്ങിയ അവളുടെ നീലക്കണ്ണുകളില്‍ പ്രതീക്ഷയുടെ പുത്തന്‍ പുലരി നിറയട്ടെ.

യാത്ര ചെയ്യുന്ന ഓരോരുത്തര്‍ക്കും അവരവരെ സ്വയം കണ്ടെത്തുമാറാകട്ടെ. 

താഴെ തടാകത്തില്‍ ഒരാള്‍ പിടിച്ച മീനിനെ അയാള്‍ എന്തുകൊണ്ടോ തിരികെ വിടുന്നു.

നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ ഇണയെ പെട്ടെന്ന് തിരികെ കിട്ടിയ മാത്രയില്‍ ആ മീനുകള്‍ ഒരുമിച്ചു തടകത്തിനടിയിലേക്ക് ഊളിയിട്ടു...

അങ്ങകലെ  മലമുകളിലെ നിഗൂഢമായ വീട്ടില്‍ ക്രിസ്മസ്  അപ്പൂപ്പന്‍ സമ്മാനപ്പൊതികള്‍ ഒരുക്കുന്ന തിരക്കിലായിരിക്കും. 

ചില മനുഷ്യര്‍, ചില സ്ഥലങ്ങള്‍, ചില കാരണങ്ങള്‍ നമ്മളിലെ യാത്രികരെ വളര്‍ത്താനുള്ള ഊര്‍ജ്ജങ്ങളാവുന്നു. 

ചില പ്രത്യേക സ്ഥലങ്ങള്‍ മാത്രമല്ല ഈ ലോകം മുഴുവന്‍ സന്തോഷമുള്ള ജനങ്ങള്‍ വസിക്കുന്നതാകട്ടെ.

കഥകളും നമ്മളും എല്ലാവരും ഓരോരോ യാത്രകളില്‍ വളരട്ടെ.


 

click me!