പ്രവാസിയുടെ പുസ്തകത്തിലെ രണ്ടാം അധ്യായം. . ദേശാന്തരത്തില്‍ അമീറലി പിപിയുടെ കുറിപ്പ്
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
പ്രവാസത്തിന്റെ രണ്ടാം ഘട്ടം. അങ്ങനെയാണ് എഴുതി തുടങ്ങേണ്ടത്. കാരണം കൊറോണ തന്നെ. മനുഷ്യ കുലത്തെ വഴിമുട്ടിച്ച വൈറസിനെ കൂടുതലായൊന്നും വിശേഷിപ്പിക്കാനില്ലതാനും. ചിത്രശലഭങ്ങളെപ്പോലെ പറന്നു രസിച്ച എത്ര മനുഷ്യരുടെ സന്തോഷങ്ങളാണ് ഹോമിക്കപ്പെട്ടത്. വന്ദേഭാരത് മിഷന്‍ പ്രഖ്യാപിക്കപ്പെട്ട ഒരൊറ്റ മാസം തന്നെ ഒരുലക്ഷത്തി എഴുപതിനായിരം ആളുകള്‍ ജോലി ഉപേക്ഷിച്ചും ജോലി നഷ്ടമായും വിവിധ രാജ്യങ്ങളില്‍ നിന്ന് നമ്മുടെ രാജ്യത്തേക്ക് വന്നു എന്നാണ് കണക്ക്.
മാസങ്ങള്‍ പിന്നിട്ട് കൊറോണയുടെ വീര്യം പതിയെ കുറഞ്ഞു വരുന്ന സമയത്ത് ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടം കവാടങ്ങള്‍ തുറന്നിട്ടു. ഉപാധികളോടെ നേരിട്ട് വരാമെന്ന് ദുബായ് പോലുള്ള രാജ്യങ്ങളും മറ്റു രാജ്യങ്ങളില്‍ ക്വാറന്റീന്‍ എടുത്തും വരാമെന്ന് സൗദി അറേബ്യയും വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചു. പാസ്‌പോര്‍ട്ട്, വിസ, അര്‍ബാബ്, കഫീല്‍ എന്നീ പതിവുവാക്കുകള്‍ക്കിടയിലേക്ക് വാക്സിന്‍, ക്വാറന്റീന്‍, മാസ്‌ക്ക് എന്നീ വാക്കുകള്‍ കടന്നു കൂടി.
ഇവിടെ നിന്നാണ് പ്രതീക്ഷയുടെ ഭാണ്ഡവും പേറി പ്രവാസത്തിന്റെ രണ്ടാം അധ്യായത്തിനു തുടക്കം കുറിക്കുന്നത്. ബാഗില്‍നിന്നും പാസ്‌പോര്‍ട്ട് പുറത്തേക്കെടുത്തു. പൊടിയൊക്കെ തട്ടി പേജൊക്കെ ഒന്ന് മറിച്ചു നോക്കി . പാസ്പോര്‍ട്ട് കാലാവധി തീരാന്‍ ഇനിയും കാലം ബാക്കിയുണ്ട്. യാത്രാ നിബന്ധനകള്‍ വെച്ച് നോക്കുമ്പോള്‍ ദുബായിലാണ് തടസ്സങ്ങള്‍ കുറവുള്ളത്. കൂടുതല്‍ ജോലി സാധ്യതകളുടെ പരസ്യങ്ങള്‍ വന്നതും ഇവിടെനിന്നാണ്. പഠിച്ച കാര്യങ്ങളും മുന്‍പ് സൗദി അറേബ്യയിലും മറ്റുമൊക്കെ ജോലി ചെയ്ത പരിജ്ഞാനവും വെച്ച് റെസ്യൂം തയ്യാറാക്കി ദുബായിലേക്ക് യാത്ര തിരിച്ചു. സുഹൃത്ത് ഏര്‍പ്പാടാക്കി തന്ന ബെഡ് സ്‌പേസ് റൂമും ആ റൂമിലെ രണ്ട് മൂന്ന് സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുമായിരുന്നു ദുബൈയിലേക്ക് ആദ്യമായി പോവുമ്പോള്‍ കൂടെയുണ്ടായിരുന്നത്. ഫ്‌ലൈറ്റ് ലാന്‍ഡിങ്ങിനുള്ള അലെര്‍ട്ടുകള്‍ ക്യാബിന്‍ ക്രൂവില്‍ നിന്ന് വരാന്‍ തുടങ്ങി. വിന്‍ഡോ സീറ്റിനു തൊട്ടടുത്തായത് കൊണ്ട് തന്നെ പുറത്തേക്ക് നോക്കിയിരുന്നു.
ഇരുട്ട് പരന്നു തുടങ്ങിയതിനാല്‍ റോഡുകളും വലിയ വലിയ കെട്ടിടങ്ങളും പ്രകാശങ്ങള്‍ കൊണ്ട് സജീവമായിട്ടുണ്ട്. കൂട്ടത്തില്‍ തലപൊക്കത്തോടെ ബുര്‍ജ് ഖലീഫയും. എയര്‍പോര്‍ട്ടിലിറങ്ങി ഇന്റര്‍നെറ്റ് ഓണ്‍ ചെയ്തു. റൂമിലുള്ള ഒരാളുടെ മെസേജ്. എയര്‍പോര്‍ട്ടിലിറങ്ങി മെട്രോ കയറി ഈ സ്റ്റേഷന്‍ എത്തുമ്പോള്‍ ഇറങ്ങിയാല്‍ മതി, അവിടെ ഞങ്ങളുണ്ടാകുമെന്ന്. മെട്രോയില്‍ ഇതുവരെ കയറാത്ത ഒരാളെന്ന നിലയ്ക്ക് ആ അനുഭവവും ലഭിക്കാനിടയായി. എയര്‍പോര്‍ട്ടിലെ ചെക്കിങ്ങെല്ലാം കഴിഞ്ഞ് മെട്രോയിലേക്ക്.
തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്ന സുഡാനിയോട് അറിയാവുന്ന അറബി വാക്കും വെച്ച് ഇറങ്ങേണ്ട സ്റ്റേഷനെക്കുറിച്ച് ആരാഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കാര്യങ്ങള്‍ ചെയ്തു. സ്റ്റേഷനില്‍ ഇറങ്ങി തൊട്ടടുത്ത കഫ്തീരയ നടത്തുന്ന മലയാളിയുടെ ഫോണ്‍ വാങ്ങി പുതിയ സുഹൃത്തുക്കളെ ബന്ധപ്പെട്ടു. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്നത് ഇവിടെയും പാലിക്കപ്പെട്ടിരിക്കുന്നു. അല്പ സമയത്തിനകം കൂട്ടുകാരെത്തി.അവരുടെ വിഭവ സമൃദ്ധമായ സല്‍ക്കാരം കഴിഞ്ഞ് നേരെ റൂമിലോട്ട്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ട് തൊട്ടടുത്ത നിമിഷം തന്നെ റെസ്യൂം എല്ലാവര്‍ക്കും കൈമാറി. അവര്‍ക്കറിയാവുന്നതും അറിയുന്നവരുമായവര്‍ക്ക് റെസ്യൂം കൈമാറാമെന്ന സ്‌നേഹത്തോടെയുള്ള മറുപടി.
പതിയെ ഓണ്‍ലൈനായും ഓഫ് ലൈനായും ജോലി അന്വേഷിച്ചുള്ള പരതലാരംഭിച്ചു. ജോബ് ഹണ്ടിംഗ് സൈറ്റുകളില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ഉദ്ദേശിക്കുന്ന ജോലികള്‍ സെര്‍ച്ച് ചെയ്ത് മെയിലുകള്‍ അയക്കാന്‍ തുടങ്ങി. പലതിനും മറുപടി വന്നില്ല. മറുപടിവന്ന ചിലതാവട്ടെ നമുക്ക് പറ്റാത്തതും. ഭൂരിഭാഗം സ്ഥാപനങ്ങള്‍ നമ്മെ പറ്റാത്തവയും.
പ്രതീക്ഷകള്‍ കൈവിടാതെയുള്ള മുന്നേറ്റവും മുന്നൊരുക്കവും തന്നെയായിരുന്നു ഓരോ ദിവസങ്ങളും. രാവിലെ മെട്രോയിലൂടെയോ ബസ് മാര്‍ഗമോ കമ്പനികള്‍, ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും സെര്‍ച്ച് ചെയ്ത് ജോലി തേടി ഇറങ്ങലായി. ജോലി തേടി നടക്കുന്ന പല മുഖങ്ങളെയും യാത്രകള്‍ക്കിടയില്‍ കണ്ടു മുട്ടും. ബി.ടെക്കും എം.ബി.എയും ഡിഗ്രിയുമൊക്കെ കഴിഞ്ഞവരും അല്ലാത്തവരുമായി കുറെ പേര്‍. പരസ്പരംപരിചയപ്പെട്ടും വിവരങ്ങള്‍ കൈമാറിയും ജോലി അന്വേഷണ പരമ്പര തുടര്‍ന്നു. ദേരയും കറാമയും അജ്മാനും ഷാര്‍ജയും ബിസിനസ് ഹബുകളും നിത്യാനുഷ്ഠാനത്തിന്റെയും ദിനചര്യകളുടെയും ഭാഗങ്ങളായി. ഓഫീസ് ഏതെന്നറിയാതെ ദുബായ് ജവാസാത്തില്‍ (പാസ്‌പോര്‍ട്ട് വിഭാഗം) വരെ ജോലി അന്വേഷിച്ച് എത്തി. ഇത് ജവാസാത്ത് ഓഫീസാണെന്ന ചിരിയൊളിപ്പിച്ച മറുപടിയ്ക്ക് ജവാസാത്തില്‍ നമ്മെക്കെന്താ ജോലി ആയിക്കൂടെ എന്ന ചോദ്യം മൗനമായി ഉയര്‍ത്തി പുറത്തേക്കിറങ്ങി. പുതിയ തൊഴില്‍ ഭേദഗതി നിയമങ്ങള്‍ വരുന്നത് കൊണ്ട് ഇടയ്ക്ക് ഇന്റര്‍വ്യൂകള്‍ കുറഞ്ഞതും ദുബായ് ജോലി അനുഭവം ഇല്ലാത്തതും പല ജോലി സാധ്യതകള്‍ക്കും തടസ്സം സൃഷ്ടിച്ചു.
മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി എന്ത് കൊണ്ട് ശരിയാകുന്നില്ല എന്ന സ്വന്തം ചോദ്യത്തിനും ജോലി എന്തായി എന്ന നാട്ടില്‍ നിന്നുള്ള ചോദ്യത്തിനും ഉത്തരം കണ്ടത്തേണ്ടതായി.
ദുബായ് കൂടാതെ മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചു കൊണ്ടിരുന്നു. സൗദി അറേബ്യയില്‍ മുന്‍പുണ്ടായിരുന്ന എക്‌സ്പീരിയന്‍സ് കണ്ടത് കൊണ്ടാവാം അധികം വൈകാതെ ഒരു ജോലി സാധ്യത ഒത്തുവന്നു. ഓണ്‍ലൈന്‍ വഴി ഇന്റര്‍വ്യൂ കഴിഞ്ഞ് സെലക്റ്റഡ് ആയി എന്ന സന്തോഷ വിവരം അവര്‍ അറിയിച്ചു. അവരയച്ച ഓഫര്‍ ലെറ്ററിലും ഒപ്പ് വെച്ച് ഏറെ നാള്‍ക്ക് ശേഷം ജോലി സഫലീകരണവും പൂര്‍ത്തിയായി.
പുതിയ ഇടത്തേക്കുള്ള യാത്രാ ഒരുക്കത്തിനിടെ ജോലി അന്വേഷിച്ചെത്തിയ സുഹൃത്തിന്റെ വാട്ട്‌സാപ്പ് മെസേജ് 'ഡാ, എനിക്ക് ഇവിടെ ഷാര്‍ജയില്‍ ഒരു ജോലി ശരിയായിട്ടുണ്ട്'.
ഗള്‍ഫ് രാജ്യങ്ങള്‍ അങ്ങനെയാണ്. വെറും കൈയോടെ മടക്കി അയക്കാന്‍ പിശുക്കുള്ളവര്‍. കനിഞ്ഞു തന്നതിനത്രയും നിനയ്ക്കാണ് സ്തുതി!