Eastern Mangroves in Abu Dhabi: അബുദാബി നഗരമധ്യത്തില്‍ ഒരു ജലയാത്ര

By Deshantharam Series  |  First Published Jun 25, 2022, 1:56 PM IST

ദേശാന്തരത്തില്‍ ഒരു യാത്രാനുഭവം. അബൂദാബിയിലെ ഈസ്‌റ്റേണ്‍ മാന്‍ഗ്രോവ്‌സിലൂടെ ജലയാത്ര. ഡോ.ഹസീനാ ബീഗം എഴുതുന്നു
 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍, ഇവിടെ താമസിക്കുന്നവരുടെയും, മറ്റു ദേശങ്ങളില്‍ ഉള്ളവരുടെയും മനസ്സില്‍ ആദ്യം തെളിയുക അതിവിശാലമായ റോഡുകളും, അത്യാധുനികമായ നഗരക്കാഴ്ചകളും ആയിരിക്കും. എന്നാല്‍ നഗരത്തിനുള്ളില്‍ തന്നെ ഭൂമിശാസ്ത്രപരമായ പൗരാണികത നിലനിര്‍ത്തി കൊണ്ട്, വിശാലമായ കണ്ണിന് കുളിരേകുന്ന  സ്ഥലങ്ങള്‍ ഇവിടെയുണ്ട്. നേരില്‍ കാണുമ്പോള്‍ മാത്രം കിട്ടുന്ന അനുഭൂതിയുണ്ട്. 

ജീവിതത്തിലെ തിക്കുതിരക്കുകള്‍ക്കിടയില്‍ നിന്നും, പിരി മുറുക്കങ്ങളില്‍ നിന്നും അല്പം അവധി എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? എങ്കില്‍ അതിനു പറ്റിയ ഒരു നല്ല സ്ഥലം അബുദാബി നഗരത്തിനുള്ളില്‍ തന്നെയുണ്ട്. സലാം സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റേണ്‍ മാന്‍ഗ്രൂവ് മേഖല. കണ്ടല്‍ കാടിന് മധ്യത്തിലൂടെയുള്ള ബോട്ടിംഗ്, കയാക്കിങ് യാത്ര.

എല്ലാ വാരാന്ത്യത്തിലും ഓരോരോ സ്ഥലങ്ങള്‍ തേടി യാത്ര പുറപ്പെടുന്ന ഞങ്ങള്‍, റോഡ് പണി കാരണം ജി.പി.എസ് വഴി തെറ്റിച്ചതിനാല്‍ അവിചാരിതമായി എത്തപ്പെട്ടതാണിവിടെ. അങ്ങനെ കരയാത്ര മാത്രമുണ്ടായിരുന്ന ഞങ്ങള്‍ക്ക് ഒരു ജലയാത്ര തരപ്പെട്ടു എന്ന് പറയാം. ഇത്രയും നാള്‍ ഇവിടെ ഉണ്ടായിട്ടും ഇതുവരെ അറിഞ്ഞില്ലല്ലോ എന്ന ഒരു ജിജ്ഞാസ.  ഞങ്ങള്‍ അധികം വൈകാതെ ഓരോരോ ബോട്ട് ഉടമകളുടെ അടുത്തെത്തി. അവര്‍ പറയുന്ന പൈസ കൂടുതലാണോ അതോ പറ്റിക്കപ്പെടുമോ എന്നറിയാത്തതിനാല്‍ പലരോടായി മാറി മാറി ചോദിച്ചു. അവസാനം അക്രം എന്ന ഒരു ബോട്ടുകാരനുമായി യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു. യാത്ര തുടങ്ങാന്‍ അര മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഒരു പാട് ആളുകള്‍ യാത്രക്കായി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അത്രക്ക് തിരക്കാണ് അവിടെ. പോരാത്തതിന് വീക്കെന്‍ഡും 

അവസാനം ഞങ്ങള്‍ ബോട്ടില്‍ കയറി. നല്ല വൃത്തിയുള്ള ബോട്ട്. തുടക്കത്തില്‍ നീന്തല്‍ അറിയാത്തതിന്റെ ഒരു പരിഭ്രമം എന്റെ മുഖത്ത് ഞാനറിയാതെ നിഴലിച്ചു. പിന്നെ യാത്രയുടെ ത്രില്ലില്‍ അതങ്ങ് മറന്നു. ഞങ്ങളെയും കൊണ്ട് ബോട്ട് കണ്ടല്‍ കാടുകള്‍ക്കിടയിലൂടെ മന്ദം മന്ദം നീങ്ങി തുടങ്ങി. സാവധാനം വേഗത കൂടി കൊണ്ടിരുന്നു. ചുറ്റുവട്ടം ആസ്വദിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതി. തൊട്ടടുത്തുള്ള റസ്സ്‌റ്റോറന്റിലെ തീന്‍മേശകളിലിരുന്ന് ബോട്ടിംഗ് കണ്ടാസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരെയും കാണാമായിരുന്നു. 

കടല്‍ മധ്യത്തില്‍ കണ്ടല്‍ക്കാടിനിടയിലൂടെ ഒരു യാത്ര.

അഴിമുഖങ്ങളിലും, ചതുപ്പുകളിലും, കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും, കുറ്റിച്ചെടികളും അടങ്ങുന്നതാണല്ലോ കണ്ടല്‍ വനങ്ങള്‍. പുഴയും, കടലും ചേരുന്നിടത്തുള്ള ഉപ്പ് കലര്‍ന്ന വെള്ളത്തില്‍ ഇവ ഇടതൂര്‍ന്ന് വളരുന്നു. മനുഷ്യന് ശുദ്ധമായ വായുവും, ജലവും, അന്തരീക്ഷവും സമ്മാനിക്കുന്നു.

പല തരം സവാരികള്‍ നമുക്കിവിടെ കാണാനാവും. ഒറ്റക്ക് ഒരു ഊന്നലുകാരനായി കടലില്‍ കറങ്ങി നടക്കുന്നവരുണ്ട്.
പത്തോളം പേര്‍ക്കിരിക്കാവുന്ന ബോട്ടില്‍ യാത്ര ചെയ്യുന്നവര്‍, യാച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍. അങ്ങിനെയങ്ങിനെ. ചില ബോട്ടുകളില്‍ ബര്‍ത്‌ഡേ പാര്‍ട്ടി, വിവാഹ റിസപ്ഷന്‍ നടക്കുന്നു. അങ്ങനെ പാട്ടും ഡാന്‍സുമായി വെള്ളത്തില്‍ പാര്‍ട്ടികള്‍ തകര്‍ത്ത് അരങ്ങേറുകയാണ്.

കടലില്‍ അങ്ങുമിങ്ങും കളിവഞ്ചി കണക്കെ വഞ്ചികള്‍ ഒഴുകുന്നു. കായല്‍ മറികടന്ന് ഒത്ത നടുക്കടലിലാണ് ഈ അഭ്യാസങ്ങള്‍ എന്നോര്‍ക്കണം. സായാഹ്ന സവാരിക്കാര്‍ കടലിന്റെ ഉള്‍ഭാഗത്തേക്കുള്ള വിശാലതയിലേക്ക് തുഴ തിരിക്കുമ്പോള്‍ ഞങ്ങളെപ്പോലെ അന്ധാളിച്ചു കണ്‍വിടര്‍ത്തി നോക്കുന്ന യാത്രികരെ മറ്റു ബോട്ടുകളിലും ധാരാളം കാണാനായി. 

യാത്ര തുടങ്ങി കുറച്ചായപ്പോഴേക്കും വെയിലാറി തുടങ്ങി. കടലോരങ്ങളില്‍ ഭീമന്‍ ഫ്‌ളാറ്റുകള്‍ സ്വര്‍ണവര്‍ണത്തില്‍ പുതച്ചു നില്‍ക്കുന്നതായി കാണാം. കടലിലെ കാറ്റേറ്റ് അധികം ഓളങ്ങളില്ലാത്ത പരപ്പിലൂടെയുള്ള യാത്ര. 

അബുദാബിയിലെ റീം, മായ തുടങ്ങിയ മിക്ക ഐലന്റുകളും ഈ യാത്രയിലൂടെ കാണാനും, ആസ്വദിക്കാനും കഴിയും.
വിശാലവും നൂതനവുമായ ഇരിപ്പിടങ്ങള്‍ എല്ലാ ബോട്ടിലും ഉണ്ടെങ്കിലും, സഞ്ചാരികള്‍ ആരുംഇരിപ്പിടത്തില്‍ ഇരിക്കുന്നില്ല. നീലയും, പച്ചയുമായ കടല്‍പരപ്പിന്റെ സൗന്ദര്യം. കണ്ടല്‍കാടുകള്‍ കാണാനും ആസ്വദിക്കാനുമുള്ള തിടുക്കമായിരുന്നു ഓരോരുത്തര്‍ക്കും . പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ ഹുങ്കാര ശബ്ദവും വീര്യവും ചുറ്റുപാടുമുള്ള പ്രകൃതിയെ ഉന്മത്തമാക്കുന്നു. സഞ്ചാരികള്‍ ഏതോ അലൗകിക അനുഭൂതികളില്‍ ലയിച്ച് നില്‍ക്കുകയാണ്. അലച്ചൊഴുകുന്ന വെള്ളം ആകെ പുക പരത്തുന്നുണ്ട്. 

ബോട്ട് പോകുന്നത് അറിയാതെ / ശ്രദ്ധിക്കാതെ എല്ലാവരും ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് കാണാമായിരുന്നു. മാനത്തെ മഴവില്ല് വ്യക്തമായി തെളിഞ്ഞു നില്‍ക്കുന്നത് കാണാം. പണ്ട് വായില്‍ നിറയെ വെള്ളമെടുത്ത് സൂര്യപ്രകാശത്തിന് നേരെ തെറിപ്പിച്ച് നാം ഉണ്ടാക്കിയ മഴവില്ലുകള്‍ ഓര്‍മ്മ വന്നു.

വെളളത്തില്‍ മുങ്ങി നില്‍ക്കുന്ന കാടുകളും, പൊങ്ങി നില്‍ക്കുന്ന കരയും ഉള്ള തണുപ്പും, തണലുമുള്ള കണ്ടലുകളുടെ പച്ചപ്പട്ടാല്‍ ചുറ്റപ്പെട്ട സ്ഥലം. അതിനപ്പുറം തിരക്കേറിയ മഹാനഗരം ഉണ്ടെന്നുള്ളത് ഇവിടെയെത്തിയപ്പോള്‍
സങ്കല്‍പിക്കാനേ കഴിയുന്നില്ല. കലങ്ങും തോറും തെളിയുന്ന വെള്ളത്തിന്റെ വിശുദ്ധി ഞങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞു. തണുത്ത മന്ദമാരുതന്‍ തൊട്ടുതലോടുന്നതിനാല്‍ അല്പം മയക്കം വന്നു തുടങ്ങിയോ എന്ന സംശയം.

ഒരു വട്ടം കറങ്ങി ചുറ്റി മടക്കയാത്രക്കായി ബോട്ട് തിരിഞ്ഞപ്പോള്‍ അതാ ഒരു കൂട്ടം കൊക്കുകള്‍, കാക്കകള്‍, പറവകള്‍.
ഞങ്ങള്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി. വെള്ളം കണ്ട് മതിവരാത്തപോലെ. പറവകളെ കണ്ടതും ഇപ്പോഴാണ്. ശരിക്കൊന്ന് കാണാന്‍ പറ്റിയില്ല എന്ന ദു:ഖം ബാക്കിയായി.ആ വെള്ളത്തിന്റെ ഹുങ്കാര ശബ്ദവും ഒരു തീരാ നഷ്ടം തന്നെയാണ്. കണ്ണിനും, കാതിനും, മനസ്സിനും ലഭിച്ച ആവേശത്തോടെ ഞങ്ങള്‍ ബോട്ടിറങ്ങി. 

അകലെ അസ്തമയ സൂര്യന്റെ ദൃശ്യം. വെള്ളത്തിന്റെ സംഗീതാത്മകത. തണുത്ത കാറ്റ്. 

click me!