ക്ലിയോപാട്രയുടെ  നാട്ടുകാരി

By Deshantharam Series  |  First Published Jul 24, 2021, 8:03 PM IST

ഒന്നും മിണ്ടാതെ അവള്‍ എന്റെ  കൂടെ വന്നു...ദേശാന്തരത്തില്‍ ഇന്ന് സ്മിത്ത് അന്തിക്കാട് എഴുതുന്നു


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

ഒരു ടാക്‌സിഡ്രൈവറാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്ന റാസ് അല്‍ ഖൈമയിലെ  ആദ്യ ദിവസങ്ങള്‍. പലപ്പോഴും, ഒരു ഡ്രൈവറാണെന്നത് എന്നെ അലോസരപെടുത്തിയിരുന്നു.  ഞാന്‍ ഒരിക്കലും ആയിത്തീരാന്‍ പാടില്ലാത്ത ഒന്നാണതെന്നു ഞാന്‍ കരുതി.പരിചയക്കാരുടെ കണ്ണിലും വാക്കിലും പരിഹാസമുള്ളതായി എനിക്കു തോന്നി. 

ഒരു ടാക്‌സി ഡ്രൈവറാകാന്‍ മാത്രമായിട്ടാണോ ഞാനിത്രയും ദൂരേ ഈ മണല്‍ക്കാട്ടിലെത്തിയത?

എന്റെ വഴി എഴുത്തിന്റെതും വരയുടേതും ആയിരുന്നു. ടാക്‌സി വിസയിലേക്ക് മാറുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവും വിഷമം രോഹിത്തിനായിരുന്നു. വല്യേട്ടന്‍ ഒരു ടാക്‌സി ഡ്രൈവര്‍ മാത്രമായി മാറരുതെന്ന് എല്ലാ എഴുത്തിലും അവന്‍ ഓര്‍മിപ്പിച്ചു.
ഇവിടെ പക്ഷെ നമ്മുടെ ഇഷ്ടങ്ങള്‍ക്ക് നിലനില്‍പ്പില്ല. വന്നു കിട്ടുന്ന അവസരം അതിനൊത്തു രൂപം മാറുകയാണ് വഴി.

ഞാനിപ്പോള്‍ പരിണാമത്തിന്റെ ആ കഠിനവഴികളിലൂടെ പോയിക്കൊണ്ടിരിക്കയാണ്.

എനിക്കീ ജോലി മടുപ്പും മുഷിപ്പും നിറഞ്ഞതായി. ഷാര്‍ജയിലെ പഴയ അഡ്വര്‍ടൈസിഗ് ജോലിയിലേക്കു തിരിച്ചു പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. അതു പക്ഷെ അത്ര എളുപ്പമായിരുന്നില്ല. 

ടാക്‌സി ജോലിയെന്നത് ഇത് വരെയുള്ള ജോലികളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്. പ്രത്യേകിച്ചും ഗള്‍ഫില്‍. അവിടെ ടാക്‌സികള്‍ യാത്രക്കാരെ തേടി ഓടിക്കൊണ്ടിരിക്കും. ഗലികളിലൂടെ, നഗരപാതകളിലൂടെ, ഷാബിയകളിലൂടെ. യാത്രക്കാര്‍ വഴിയില്‍ കാത്തുനില്‍ക്കും.

മെമ്മുറയില്‍ നിന്നും പാസ്‌പോര്‍ട്ട് ഓഫീസിലേക്കു പോകും വഴി റാസ് അല്‍ ഖൈമ ജയിലിനു അരികിലായിരുന്നു ആ ഈജിപ്ഷ്യന്‍ സ്‌കൂള്‍. കുറച്ചു ഉള്ളിലേക്ക് ഇറങ്ങി, ഒരു ചെറിയ ഇടവഴിയുടെ അറ്റത്ത്.

സ്‌ക്കൂളിനരികില്‍ നിന്നും ഒരു മിസ്‌രി യുവതി (ഈജിപ്ഷ്യന്‍) കൈ കാണിച്ച് ഓടി വന്നു. അറബിപെണ്ണുങ്ങളില്‍ നിന്നും ഇവരുടെ വേഷം വ്യത്യസ്തമാണ്. നീണ്ട ഒരുടുപ്പും മഫ്തയുമാണ് അവരുടെ വേഷം. കറുപ്പ് പര്‍ദ്ദ ഉണ്ടാവില്ല.

ക്ലിയോപാട്രയുടെ പിന്മുറക്കാര്‍.

അഴകും ഉടല്‍ വടിവുകളും ഉള്ളവര്‍.

''സിര്‍, റാസ് അല്‍ ഖൈമ'' കയറിയ ഉടനെ അവര്‍ പറഞ്ഞു.
സിര്‍ എന്നു അറബിയില്‍ പറഞ്ഞാല്‍ പോകൂ എന്നാണെന്ന് ഞാന്‍ അതിനകം പഠിച്ചിരുന്നു.

ടാക്‌സി ഡ്രൈവറാകുന്നതിന്റെ ആദ്യഘട്ടം അറബി പറയാന്‍ പഠിക്കുകയെന്നതായിരുന്നു

''ഓയിന്‍ സിര്‍ (എവിടെ പോകണം)''

''ഖൈഫ ഹാല്‍(സുഖമാണോ)''

''തമാം (നല്ലത്)..''

എന്നിങ്ങനെ വളരെ കുറച്ചായിരുന്നു അറബിയില്‍ എന്റെ അറിവ്.

പലപ്പോഴും ആംഗ്യങ്ങള്‍ ആയിരുന്നു പതിവ്. ഇസാര്‍, യെമിന്‍, സീത..ഏറ്റവും അത്യാവശ്യമായ വാക്കുകള്‍ അതായിരുന്നു.

റാസ് അല്‍ ഖൈമ പുഴ കടന്ന് അക്കരെ ആയിരുന്നു. പുഴയെന്നു വിളിക്കാന്‍ കഴിയാത്ത ഒരു കനാല്‍ നഖീലിനെയും റാസ് അല്‍ ഖൈമയെയും വേര്‍തിരിച്ചുനിര്‍ത്തി. ദുബായ് ക്രീക്ക് പോലെ. അവിടെയാണ് റാസ് അല്‍ ഖൈമയിലെ പ്രധാന മാര്‍ക്കറ്റുകള്‍ ഉള്ളത്. കുവൈറ്റി ബസാര്‍ അറബ് സ്ത്രീകള്‍ കൂടുതല്‍ എത്തുന്ന ഒരിടമാണ്.

നഖീലില്‍ കൂടി പോയാല്‍ കൂടുതല്‍ സിഗ്‌നലുകള്‍ ഉള്ളതിനാല്‍ എളുപ്പത്തിന് ഞാന്‍ കാര്‍ മേരീസു വഴി തിരിച്ചു. ഒരു ഒഴിഞ്ഞ മൈതാനം ചുറ്റിയാല്‍, തിരക്ക് കുറഞ്ഞ പാതയിലൂടെ പാലത്തിനടുത്തേക്ക് ഒരു എളുപ്പവഴിയുണ്ടായിരുന്നു.

'ശിസ്മാ..,'
അവര്‍ പിന്നെയും ചോദിച്ചു.

അവര്‍ പത്തു മുപ്പത്തഞ്ചു വയസ്സു വരുന്ന ഒരു സ്ത്രീയായിരുന്നു. സുന്ദരിയെന്നു പറയാന്‍ വയ്യെങ്കിലും, മയ്യെഴുതിയ
വശീകരണ ശക്തിയുള്ള കണ്ണുകള്‍. ചായം തേച്ച് ചുവപ്പിച്ച ചുണ്ടുകള്‍.

റിയര്‍ വ്യൂ മിററില്‍ എനിക്കത്രയെ അവരെ കാണാന്‍ പറ്റിയിരുന്നുള്ളൂ.

ഞാന്‍ പേരുപറഞ്ഞു.

''ഇന്ത ഹബീബി'' അവര്‍ പറഞ്ഞു.

എനിക്കതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും ഞാന്‍ മൂളി.

ഒഴിഞ്ഞ ഗലികളിലൂടെ കാര്‍ ഓടിക്കൊണ്ടിരുന്നു. പിന്നെയും അവര്‍ പറഞ്ഞുകൊണ്ടിരുന്നു. അവര്‍ പറഞ്ഞത് ഒന്നും എനിക്ക് മനസ്സില്ലാകുന്നില്ലായിരുന്നു. ഞാന്‍ തിരിഞ്ഞു നോക്കി, എനിക്ക് അറബി അറിയില്ലെന്നു അവരെ പറഞ്ഞു മനസ്സിലാക്കണം, അതിനു നല്ലത്,ആംഗ്യ ഭാഷയാണ്. മുന്‍പും പലപ്പോഴായി ഞാനത് പ്രയോഗത്തില്‍ വരുത്തിയിട്ടുള്ളതാണ്.

തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ഉടലിലൂടെ ഒരു വിറ കയറി പടര്‍ന്നു.

പിന്‍സീറ്റില്‍ അവര്‍ അവരുടെ ഉടുപ്പു തുടകള്‍ക്കു മീതേയ്ക്കു ചുരുട്ടിവെച്ച്, കാലില്‍മേലുള്ള സ്റ്റോക്കിങ്ങ്‌സ് വലിച്ചു കയറ്റുകയാണ്. ഒന്നുകില്‍ അവര്‍ മനഃപൂര്‍വം ഞാന്‍ കാണാന്‍വേണ്ടി ചെയ്യുന്നതാണ്. അല്ലെങ്കില്‍ അവര്‍  പ്രതീക്ഷയ് ക്കാത്ത നേരത്തു ഞാന്‍ അവരെ തിരിഞ്ഞു നോക്കിയതാവാം.

ഞാന്‍ വിറയലോടെ ചുറ്റും നോക്കി.

ദൈവമേ, അച്ഛനും, ഉണ്ണ്യേട്ടനും, സുരേഷേട്ടനും എപ്പോഴും പോകുന്ന വഴികളാണിത്. അവരാരെങ്കിലും എന്നെ ഇവര്‍ക്കൊപ്പം ഇങ്ങിനെ കണ്ടാല്‍. അവര്‍ പിന്നെയും എന്നെ വിളിച്ചു. ഞാന്‍ തിരിഞ്ഞുനോക്കാതെ എനിക്ക് അറബി അറിയില്ലെന്നു അവരോടു പറഞ്ഞു.

'ശൂഫ്ഫ്..(നോക്കൂ...)' അവര്‍ കല്‍പ്പിച്ചു.

നോക്കാതിരിക്കാന്‍ എനിക്കും പറ്റില്ലായിരുന്നു. ഈജിപ്ഷ്യന്‍ സൗന്ദര്യത്തിന്റെ നിറവും, മാദകത്വവും ഞാന്‍ കണ്ടു.

ഞാനൊന്നും മിണ്ടിയില്ല, അല്ലെങ്കില്‍ എന്റെ വാക്കുകള്‍ മരുക്കാറ്റു ഏറ്റപോലെ തൊണ്ടയില്‍ തന്നെ കരിഞ്ഞു വീണിരിക്കണം. തീക്കാറ്റ് എന്റെ ഉടലാകെ മൂടി. എസിയിലും ഞാന്‍ വിയര്‍ത്തു കുളിച്ചു.

അവര്‍ പിന്നെയും അറബിയില്‍ എന്തൊക്കെയോ എന്നോടു ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

എനിക്കൊന്നും മനസ്സിലായില്ല.

ഒടുവില്‍ ഒരു പാടു കാലങ്ങള്‍ക്കു ശേഷമെന്നു എനിക്കു തോന്നിച്ച ഒരു യാത്രക്കു ശേഷം, മണ്‍ചുവരുകളുള്ള ഒരു പഴയ വില്ലയ്ക്കു മുന്‍പില്‍ ആ യാത്ര അവസാനിച്ചു. അപ്പോഴും ഞാനവരെ തിരിഞ്ഞു നോക്കിയില്ല.

ഗൗരവത്തോടെയും പ്രൗഢമായ ചലനങ്ങളോടെയും അവര്‍ കാറില്‍ നിന്നിറങ്ങി, ഡ്രൈവര്‍ സീറ്റിനരികിലെത്തി.

''മാഫി ഫുല്ലൂസ്-പൈസയില്ല..''

അവര്‍ പഴയ ഗേറ്റ് തള്ളി തുറന്നു വില്ലയിലേക്ക് കയറിപ്പോയി. ഒരു നിമിഷത്തിനു ശേഷം തിരിച്ചു വന്ന് എന്നെ ഒന്നു കൂടി നോക്കി, പിന്നെ ഗേറ്റ് വലിച്ചടച്ചു.

തിരിച്ചു വരുമ്പോള്‍ ഞാന്‍ ആ സ്ത്രീയെക്കുറിച്ചാണ് ആലോചിച്ചത്. അഞ്ച് ദിര്‍ഹം ടാക്‌സി ചാര്‍ജ് തരാന്‍ അവരുടെ കയ്യില്‍ ഇല്ലായിരുന്നു. അതിന്റെ ഗതികേടില്‍ ആവണം അതിനു പകരം അവര്‍ സ്വന്തം ഉടലൊരു ഉപാധിയായി കണ്ടത്.നിലനില്‍പ്പിന്റെ പ്രാചീനമായ മറ്റൊരു രീതി. കാലങ്ങളായി നമുക്കിടയില്‍ ഉള്ളത്.

ഉടല്‍ വടിവുകളെക്കാള്‍ അപ്പോള്‍ അവരുടെ ആ ദയനീയതയാണ് എനിക്കുള്ളില്‍ അവശേഷിച്ചത്. 

click me!