ഒട്ടും പ്രതീക്ഷിക്കാതൊരു ദിവസം അവള്‍ എന്റെ കൂടെ വന്നു...

By Deshantharam Series  |  First Published Jul 15, 2021, 6:48 PM IST

ഒന്നും മിണ്ടാതെ അവള്‍ എന്റെ  കൂടെ വന്നു...ദേശാന്തരത്തില്‍ ഇന്ന് നന്ദു കാവാലം എഴുതുന്നു


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.


Latest Videos

undefined

 

2019 മെയ് മാസത്തെ ഒരു വാരാന്ത്യത്തിലായിരുന്നു അത്. 

വെള്ളി, ശനി അവധിയാണ്. ഒറ്റക്കുള്ള താമസമായതിനാല്‍ ഒരു ദിവസമൊക്കെ കഴിയുമ്പോള്‍ ബോറടിക്കും.

നോമ്പുകാലമാണ്. ഹിന്ദുവായ എന്റെ ഏഴാമത്തെ നോമ്പാണ്. ഭക്ഷണം ഇനി നോമ്പു തുറ കഴിഞ്ഞു മാത്രം.

നടക്കാന്‍ പോക്കാണ് എന്റെ പ്രിയ ഹോബി. അതിനാല്‍ ഒന്ന് നടന്നു കളയാം എന്ന് കരുതി പ്രഭാതം ഉച്ചവെയിലിനു വഴിമാറുന്ന വേളയില്‍ ഞാന്‍ പുറത്തിറങ്ങി.

സ്ഥിരമായി പോകാറുള്ള വഴിയിലെ ഒരു വലിയ വില്ലയില്‍ നിരവധി വേലക്കാരുണ്ട്. ചിലപ്പോള്‍ ഒരു വേലക്കാരി പുറത്തുള്ള ചെടികള്‍ക്ക് വെള്ളം ഒഴിച്ച് നില്‍ക്കുന്നത് കാണാം. ഏതോ ആഫ്രിക്കന്‍ രാജ്യക്കാരിയാണ്. മെലിഞ്ഞു വിളറി, എന്റെ വിധി ഇതാണ് എന്ന മുഖഭാവത്തോടെ നില്‍ക്കുന്ന ഒരുവള്‍. എങ്കിലും സുന്ദരി. 

വഴി പോകുമ്പോഴൊക്കെ ഞാന്‍ അവളെ ശ്രദ്ധിക്കാറുണ്ട്. ഞാന്‍ അവളെ ശ്രദ്ധിക്കാറുണ്ട് എന്ന കാര്യം അവള്‍ ശ്രദ്ധിക്കാറുമുണ്ട് എന്ന് വേണമെങ്കില്‍ പറയാം. കാരണം,  ഞാന്‍ കടന്നു പോകുമ്പോള്‍ യാന്ത്രികമായി അവള്‍ ചെടിക്കു വെള്ളമൊഴിക്കല്‍ നിര്‍ത്തും. ഞാന് തിരിഞ്ഞു നോക്കും എന്നവള്‍ക്കറിയാം. മൂഡ് അനുസരിച്ചു ചിലപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കും. മറ്റു ചിലപ്പോള്‍  തിരിഞ്ഞു നോക്കാതെ നടക്കും.

പിന്നെ പിന്നെ അവളെ കടന്നു പോകുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കിയില്ലെങ്കില്‍ അവള്‍ എന്റെ മുന്നിലേക്ക് ഹോസില്‍ നിന്നും അല്പം വെള്ളം ചീറ്റിയ്ക്കും.

'എന്റെ അര്‍ബാബ് (Boss) ആരാണെന്നറിയാമോ..നീ എന്നെ ഒരു ചുക്കും ചെയ്യില്ല' എന്ന ഭാവം.

ഞങ്ങള്‍ രണ്ടു പേരും എന്തായാലും ഇതൊക്കെ രസിക്കുന്നുണ്ടായിരുന്നു എന്നത് സ്പഷ്ടം.

അന്നും അവള്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു. പക്ഷെ ഇത്തവണ നല്ല വേഷം ഒക്കെയാണ് ധരിച്ചിരിക്കുന്നത്.

ഞാന്‍ അടുത്തെത്തിയതും അവള്‍ പതിവില്ലാതെ എന്റെ മുന്നിലേക്ക് അല്‍പം നീങ്ങി നിന്നു. 

എന്താ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ നോക്കി.

അവള്‍ക്കു ഇന്ന് ഒഴിവു ദിനമാണെന്നു തോന്നുന്നു. നല്ല വേഷമൊക്കെ.

ഞാന്‍ പതിയെ മുന്നോട്ടു നടന്നു. നോക്കുമ്പോള്‍ നിഴല്‍ പോലെ അവളും ഉണ്ട്.

അല്‍പ്പം നടന്നപ്പോള്‍ അവള്‍ എന്റെ ഒപ്പം എത്തി.

'എങ്ങോട്ടാ' 

ഞാന്‍ അവളെ നോക്കി. അവള്‍ അപ്പോഴും എന്നോടൊപ്പം നടക്കുകയാണ്.

ഞാന്‍ അവളോട് ഇംഗ്ലീഷില്‍ ചോദിച്ചതിനൊന്നും മറുപടി കിട്ടിയില്ല.

ഞാന്‍ ബസ് സ്റ്റോപ്പില്‍ എത്തി. സബീല്‍ പാര്‍ക്ക് വഴി പോകുന്ന ഒരു ബസ് വന്നു. എന്റെ കൈയില്‍ ബസ് യാത്രക്കുള്ള രണ്ടു കാര്‍ഡ് ഉണ്ടായിരുന്നു ഏതിലാണ് കാശുള്ളതെന്ന് എപ്പോഴും സംശയമാണ്. ഞാനത് അവളെ കാണിച്ചു. എന്നോടൊപ്പം അവളും ബസ്സില്‍ കയറി.

സബീല്‍ പാര്‍ക്കിനരികെയുള്ള ബസ് സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി പുറകെ അവളും.

ടിക്കറ്റ് എടുത്ത് ഞാനും അവളും പാര്‍ക്കിനുള്ളിലേക്ക് കയറി.

വിശാലമായ പുല്‍ത്തകിടി. മനോഹരമായി സജ്ജീകരിച്ച പാര്‍ക്. കുട്ടികള്‍ക്കുള്ള ഊഞ്ഞാലിനരികെ എത്തിയപ്പോള്‍ അവള്‍ നടത്ത ഒന്ന് പതുക്കെയാക്കി. അവള്‍ക്കു ഊഞ്ഞാലില്‍ കയറണമെന്നുണ്ട് എന്നെനിക്കു തോന്നി. ഞാന്‍ ആംഗ്യം കാട്ടിയ ഉടനെ അവള്‍ ഒരു ഊഞ്ഞാലില്‍ കയറിക്കൂടി.

കുട്ടികളുടെ മുഖത്തെ നിഷ്‌കളങ്കതയും സന്തോഷവും ആ മുഖത്തു ഞാന്‍ കണ്ടു.

പച്ചമരങ്ങളെ തട്ടി തലോടി വന്ന തണുത്ത കാറ്റു എന്നെയും തലോടി.

അല്‍പ്പസമയം കഴിഞ്ഞു അവള്‍ ഊഞ്ഞാലില്‍ നിന്നിറങ്ങി എന്റെ നിഴലായി.

അവള്‍ക്കു ഇന്നാവും ഒരു അവധി കിട്ടിയിട്ടുണ്ടാവുക. കൂട്ടുകാരും ഒന്നുമില്ലാതെ എന്ത് ചെയ്യും എന്ന നിരാശയില്‍ ഒരു ആശ്രയമായി തീര്‍ത്തും അപരിചിതന്‍ ആയ ഞാന് തന്നെ. എന്നോടൊപ്പം വിശ്വസിച്ചിറങ്ങി പോന്നിരിക്കയാണ്..പാവം' -ഞാന്‍ ചിന്തിച്ചു.

സമയം ഉച്ച കഴിഞ്ഞിരുന്നു. 

മെയ് മാസം അവസാനിക്കാറായിരിക്കുന്നു എങ്കിലും ചൂടില്ല . 

സബീല്‍ പാര്‍ക്കില്‍ ഒരു ട്രെയിന്‍ ഉണ്ട്, വീഥിക്കു രണ്ടു വശത്തുമായി പരന്നു കിടക്കുന്ന പാര്‍ക്ക് മുഴുവനും കറങ്ങി വരും.
ഞങ്ങള്‍ അതില്‍ കയറി. എന്റെ അടുത്തു മടിച്ചു മടിച്ചു അവള്‍ ഇരുന്നു.

പാര്‍ക്കിന്റെ ഓരോ സ്ഥലത്തെയും പ്രത്യേകതകളെ കുറിച്ച് ഞാന്‍ ഒന്നും മനസ്സിലാവാത്ത അവളോട് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ക്കു എല്ലാം മനസ്സിലാകുന്നുണ്ടെന്നും തിരികെ പറയാന്‍ അറിയാത്തതു കൊണ്ട് മിണ്ടാതിരിക്കുന്നതാണെന്നും ഞാന്‍ വെറുതെ നിനച്ചു.

ട്രെയിന്‍ പാര്‍ക്കിനു അപ്പുറത്തെ ഒരു ചെറു തടാകത്തിനു അരികെ എത്തിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു. പുറകെ അവളും.
അവിടെ തടാകത്തില്‍ ചെറു ബോട്ടുകള്‍ കുഞ്ഞോളങ്ങളുടെ കൊഞ്ചലുകള്‍ കേട്ട് മയങ്ങുകയാണ്.

ടിക്കറ്റെടുത്തു ഒരു ബോട്ടില്‍ ഞങ്ങള്‍ കയറി. ഇത്തവണ അവളാണ് വാചാലയായത്.

ആഫ്രിക്കയിലെ സ്വാഹിലി ഭാഷയിലോ മറ്റോ ഒരു മടിയും കൂടാതെ അവള്‍ എന്തൊക്കെയോ എന്നോട് പറഞ്ഞു. ഒരക്ഷരവും മനസ്സിലാക്കാതെ ഞാന്‍ അതെല്ലാം കേട്ട് ചിരിക്കയും തല കുലുക്കുകയും ചെയ്തു.
ആരെങ്കിലും കണ്ടാല്‍ രണ്ടു ഉറ്റ സ്‌നേഹിതരാണെന്നെ തോന്നു. രണ്ടു പേര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല എന്ന് തോന്നുകയേ ഇല്ല . 

ബോട്ട് തിരികെ ഏല്‍പ്പിക്കാന്‍ ചെന്നപ്പോള്‍ സൂക്ഷിപ്പുകാരന്‍ അവളുടെ മതിയാകാത്ത മുഖഭാവം ശ്രദ്ധിച്ചു. മണിക്കൂറിനു 50 ദിര്‍ഹമാണ്. കൂടുതല്‍ നേരത്തേക്ക് എടുക്കാന്‍ എന്റെ കൈയില്‍ പൈസ ഇല്ലായിരുന്നു.

സാര്‍, ഒരു മണിക്കൂര്‍ കൂടി അവളെയും കൊണ്ട് തുഴഞ്ഞു പോയി വരൂ- അവന്‍ പറഞ്ഞു. അവളവനെ നോക്കി സന്തോഷത്തോടെ ചിരിച്ചു.

'ഞാന്‍ പറയുന്നത് മാത്രമേ മനസ്സിലാകാതുള്ളൂ, അല്ലേ.'

ഞാന്‍ നീരസത്തോടെ വള്ളം തുഴഞ്ഞു. അവള്‍ പെട്ടെന്ന് ഉറക്കെ ചിരിച്ചു. തടാകത്തിലെ വെള്ളത്തില്‍ കൈയ്യിട്ട് അത് എന്റെ നേരെ തെന്നിച്ചു.

'കാവാലം ചുണ്ടന്‍വള്ളം അണിഞ്ഞൊരുങ്ങി ....
കായല്‍ പൂ തിരകളാര്‍പ്പൂ വിളി തുടങ്ങി
കളികാണാനോടി വായോ 
നിന്റെ കൊതുമ്പു വള്ളം തുഴഞ്ഞു വായോ...

കുട്ടനാട്ടുകാരനായ ഞാന് കാവാലത്തെ ഓര്‍ത്തു അറിയാതെ പാടിപ്പോയി.

മലയാളം അറിയാത്തതിനാലും എന്റെ ശബ്ദം എനിക്ക് തന്നെ ഇഷ്ടമല്ലെന്നു അവള്‍ക്കറിയാത്തതിനാലും അവള്‍ വള്ളത്തില്‍ നിന്നെടുത്തു ചാടാതെ പകരം കൈ കൊണ്ട് താളമിട്ടു.

ബോട്ട് തിരിച്ചേല്‍പ്പിച്ചു പുല്‍ത്തകിടിയില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ സന്ധ്യ ആകുന്നു. വാങ്കു വിളി ഉയര്‍ന്നു. 

സ്ഥിരം കൈയ്യില്‍ കരുതാറുള്ള ഒരു കുപ്പി വെള്ളം, ആപ്പിള്‍, ഓറഞ്ച് എല്ലാം പകുതി വീതം ഞങ്ങള്‍ കഴിച്ചു.
തിരികെ ബസ്സില്‍.

ബസ്സിറങ്ങി നേരെ അവര്‍ക്കിഷ്ടമുള്ള ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങള്‍ക്കു മുന്നിലൂടെ ഞങ്ങള്‍ നടന്നു. ഒരു റസ്റ്ററന്റിനു മുന്നില്‍ അവള്‍ കൊതിയോടെ നിന്നു.

അവളോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് ഞാന്‍ ഓടി അകത്തു കയറി ക്രെഡിറ്റ് കാര്‍ഡ് എടുക്കുമോ എന്ന് ചോദിച്ചു. എടുക്കും എന്ന് പറഞ്ഞതിന് പിന്നാലെ ഞാന്‍ അവളെ അകത്തേക്ക് വിളിച്ചു.
 
അവള്‍ കൊച്ചു കുട്ടിയെ പോലെ ഭക്ഷണം എത്താന്‍ കാത്തിരുന്നു.

ഭക്ഷണം എത്തിയ പാടെ അതവള്‍ എനിക്ക് നേരെ നീട്ടി. അവളുടെ മര്യാദ നമ്മുടെ കൂട്ടര്‍ക്കില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചു .
ഒരല്‍പം ഞാനെടുത്തു. ബാക്കി അവള്‍ കഴിച്ചു.

പുറത്തിറങ്ങുമ്പോള്‍ ചക്രവാളത്തില്‍ നിന്നും എന്നോണം വന്ന ഒരു പറ്റം പറവകള്‍ റൗണ്ട് അബൗട്ടിന് മുകളിലൂടെ എങ്ങോട്ടോ പറന്നു പോകുന്നുണ്ടായിരുന്നു.

അവളുടെ ജോലി സ്ഥലമായ വലിയ വീടിനു മുന്നിലെത്തുമ്പോള്‍ ഇരുട്ടായിരുന്നു. ഒന്നും മിണ്ടാതെ ഒരു നിമിഷം ഞങ്ങള്‍ നിന്നു.

എന്തായാലും എന്റെ ഭാഷ അവള്‍ക്കറിയില്ല അവളുടേത് എനിക്കും. മലയാളത്തില്‍ തന്നെ ഞാന്‍ അവളോട് ചോദിച്ചു.
പേരെന്താ? 

'നാന്‍സി'-അവള്‍ ഉടനെ തന്നെ മറുപടി പറഞ്ഞു 

ഞാന്‍ നന്ദു.

നടക്കാന്‍ ഒരുങ്ങുമ്പോള്‍ ഞാനോര്‍ത്തു. ഒന്നും പറഞ്ഞില്ല ഒരു വാഗ്ദാനവും നടത്തിയില്ല. ഒന്ന് തൊട്ടു പോലും ചതിച്ചില്ല, ഒരു ദിവസം മുഴുവന്‍ അവള്‍ സുരക്ഷിതയായിരുന്നു.

അകത്തേക്ക് മുഖം കുനിച്ചു നടന്ന അവള്‍ പെട്ടെന്ന് തിരികെ വന്നു എന്റെ കൈ പിടിച്ചു ശക്തിയായി കുലുക്കി. അതില്‍ എല്ലാം ഉണ്ടായിരുന്നു. 

click me!