എന്നിട്ടും, ആയിഷ ഗള്‍ഫ് വിട്ടുപോവാത്തത് എന്തുകൊണ്ടാണ്?

By Deshantharam Series  |  First Published May 13, 2021, 3:19 PM IST

ദേശാന്തരം. ഒരു ഫിലിപ്പീനി അമ്മയുടെ പ്രവാസജീവിതം. ലിനി പത്മ  എഴുതുന്ന അനുഭവക്കുറിപ്പ്. 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

ആദ്യം കാണുമ്പോള്‍ ഓഫീസ് മുറികളോട് ചേര്‍ന്ന ചെറിയൊരു അടുക്കളജാലകത്തിലൂടെ, പുറത്തെ ഉഷ്ണക്കാറ്റിനൊപ്പം ചില്ലകളാട്ടി കുറുകിനില്‍ക്കുന്നൊരു ഈന്തപ്പനയിലേക്ക്, നോക്കിനില്‍ക്കുകയായിരുന്നു ആയിഷ.

ഏതു നാട്ടുകാരിയാണെന്നും നാട്ടില്‍ പോയിട്ട് എത്ര നാളായി എന്നുമുള്ള എന്റെ സംശയം ചോദിച്ചാണ് ഞാന്‍ ആയിഷയോട് സംസാരിച്ചു തുടങ്ങിയത്. ആറുമാസം കൂടി കഴിഞ്ഞ് രണ്ടുമാസത്തേക്ക് നാട്ടില്‍ പോയി മടങ്ങിയെത്തുമെന്ന് മറുപടി കിട്ടി.

സ്ഥലംമാറ്റത്തിലൂടെ എത്തിച്ചേര്‍ന്ന പുതിയ തൊഴില്‍സ്ഥലത്തോട് പൊരുത്തപ്പെടാനുള്ള എന്റെ വിഷമം മനസ്സിലാക്കി അപരിചിതത്വം ഒട്ടുമേയില്ലെന്നവണ്ണം അവരെന്നെ  ചേര്‍ത്തു പിടിക്കാന്‍ തുടങ്ങി. 

'നിനക്ക് ചായ വേണോ' എന്ന് ചോദിക്കാതെ 'നീ ഇത് കുടിക്കൂ' എന്ന് ഒരമ്മവാത്സല്യത്തിന്റെ ഒരു കപ്പ് ചായ എനിക്കു നേരേ നീട്ടി.

'ഞങ്ങളുടെ നാട്ടില്‍നിന്നും വരുന്നതാണ്' -കൈവെള്ളയിലെ ചോളമണികളിലേക്ക് നോക്കി അവര്‍ പറഞ്ഞു. 

അതിലോരോന്നും ചവച്ചരക്കുമ്പോള്‍, ഫിലിപ്പൈന്‍സിലെ ചോളവയലുകളില്‍ വെയില്‍കൊണ്ടുവാടിയ സ്വന്തം കുട്ടിക്കാലത്തിലേക്ക് യാത്ര പോയത് പോലെ അവര്‍ അല്‍പനേരം നിശ്ശബ്ദയായി വാടിനിന്നു.  

ജലസമൃദ്ധമായ, ദ്വീപുകള്‍ നിറഞ്ഞ, പച്ചപ്പിന്റെ ഒരു നാട് വിട്ട്  മരുഭൂമിയിലെ ഈ വരണ്ടമണ്ണില്‍ ഈ പ്രായത്തിലും ഇവര്‍ അദ്ധ്വാനിക്കുന്നതിന്റെ കാരണമെന്താവും എന്നൊരു ജിജ്ഞാസ എന്റെയുള്ളിലുണര്‍ന്നെങ്കിലും  ഏതൊരമ്മയെയുംപോലെ എന്റെയടുത്ത ചോദ്യം മക്കളെക്കുറിച്ചായിരുന്നു.

ആ ഒരൊറ്റ ചോദ്യത്തിന്റെ സ്വിച്ചമര്‍ത്തല്‍കൊണ്ട് വീടിനെയും ജീവിതത്തിനെയും എന്റെ ചുറ്റുമിട്ടു കറക്കുന്നൊരു യന്ത്രമായി ആയിഷ മാറി. 

ഫിലിപ്പൈന്‍സിലെ കുടുംബചിത്രം പെട്ടെന്ന് തന്നെ  എന്റെ മുന്‍പിലെത്തി. നാലു മക്കള്‍, അവരുടെ മക്കള്‍,  ആഘോഷനിമിഷങ്ങള്‍. എല്ലാം  തെളിഞ്ഞൊരുചിരിയോടെ  എന്റെ മുന്‍പിലെത്തി! 

ലണ്ടനില്‍ ടീച്ചറായ ഇളയ മകളെക്കുറിച്ചുപറയുമ്പോള്‍ ആയിഷയുടെ കുഴിഞ്ഞ കണ്ണുകളിലെ തിളക്കത്തില്‍ വാത്സല്യവും അഭിമാനവും നിറഞ്ഞ വാചാലതയുണ്ടായിരുന്നു. 

'നിങ്ങള്‍ക്കിവിടെ എത്ര പണം കിട്ടുന്നുണ്ടെന്നു പറയൂ, ഞാനതു അയച്ചു തരാം. ഈ നാട് വിട്ട് സ്വന്തം വീട്ടിലേക്കു പോകൂ, ബാബയോടൊത്തു താമസിക്കൂ'
 
മകളുടെ വാചകങ്ങള്‍ എന്നോട് ആവര്‍ത്തിച്ചിട്ട് ആയിഷ പുഞ്ചിരിക്കുന്നു!

'എങ്കില്‍ പൊയ്ക്കൂടെ' എന്ന എന്റെ സംശയം, ചോദിക്കാതെ തന്നെ കണ്ണുകളില്‍  നിറച്ചുവെച്ച് ഞാനവരെ നോക്കിനിന്നു. 

'ഫിലിപ്പൈന്‍സില്‍ പണക്കാരുടെ വീടുകളിലെ വസ്ത്രങ്ങള്‍ കഴുകി കഴുകി വെളുപ്പിച്ചിട്ടും എന്റെ കുഞ്ഞുങ്ങളുടെ പകുതി  വിശപ്പുമാറ്റാനേ കഴിഞ്ഞുള്ളു . ഇവിടെ വന്ന ശേഷമാണ് അവരെ നന്നായി വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തതത്'.  
ആയിഷ  പറഞ്ഞു നിര്‍ത്തി.

'സദ്ദാം ഇവിടെ വന്ന് എല്ലാം നശിപ്പിച്ചപ്പോഴൊക്കെ ഞാനിവിടെയുണ്ട്, മുപ്പത്തിയഞ്ചുവര്‍ഷമായി ചവിട്ടിനില്‍ക്കുന്ന മണ്ണാണിത്...'

വിര്‍ജിയ എന്നായിരുന്നു എന്റെ ആദ്യപേര്. മതംമാറ്റത്തിനു ശേഷമാണ് ആയിഷയായത്'. തിളക്കുന്ന ഫ്രഞ്ച് കോഫി ചെറിയ കപ്പുകളില്‍ പകര്‍ത്തികൊണ്ട്  ആയിഷ ജീവിതകഥ തുടരുന്നു. 

 

ആയിഷയ്‌ക്കൊപ്പം ലേഖിക
 


അവരുടെ സ്വകാര്യതയിലേക്ക് കൂടുതല്‍ ചുഴിഞ്ഞുപോയി ചോദ്യങ്ങള്‍ ചോദിക്കണോ എന്നൊരു  മടികൊണ്ട് ഞാന്‍ നിശ്ശബ്ദയായിരുന്നു.

ആ പേരുമാറ്റം കൊണ്ട് കാര്യമുണ്ടായില്ലാന്ന് പറയാനാവില്ല. ഗള്‍ഫ് യുദ്ധാനന്തരം കിട്ടേണ്ട പണം മറ്റാരോ കൈമാറി വാങ്ങിപോയി! 

'റ്റൂ റ്റൈം ഐ ഗോ റ്റു ദ് ഓഫീസ് ആന്‍ഡ് സൈന്‍ ബട്ട് സംബഡി റ്റേക്ക് മൈ മണി'. ചിരിയോടെ ആയിഷ തുടരുന്നു.

' അതൊരു വലിയ തുകയായിരുന്നില്ലേ?'-ഞാന്‍ ആശങ്കപ്പെട്ടു.
 
'സാരമില്ല എല്ലാം ദൈവം കാണുന്നുണ്ട്' എന്ന് ആയിഷ 

ജീവിതം അതിലും  വലിയൊരു യുദ്ധഭൂമിയായി അനുഭവിച്ചറിഞ്ഞൊരാളുടെ നിസ്സംഗത നിറഞ്ഞ വാക്കുകള്‍!

'നിനക്കറിയാമോ, അവരുടെ അച്ഛന്‍ എപ്പോഴും മദ്യപിച്ച് കുഴഞ്ഞാടി മാത്രം നടന്നൊരു മനുഷ്യനായിരുന്നു. ഇപ്പോള്‍ നടക്കാനേ വയ്യ പോലും.' കുടിയനായൊരാളുടെ നടത്തം അനുകരിച്ചു കാണിച്ചവര്‍ ചിരിക്കുന്നു. 

'കുട്ടികള്‍...മുതിര്‍ന്നപ്പോള്‍ അവര്‍ പറയുന്നു. എന്തായാലും അവരുടെ ബാബയല്ലേ എല്ലാം  മറക്കാന്‍. ഇനി നാട്ടിലേക്ക് പോയി ഒരുമിച്ചു ജീവിക്കാന്‍!'

ഒരു പരിഹാസച്ചിരിയോടെ അവര്‍  കാപ്പിക്കപ്പുകളുമായി അടുത്ത ഓഫീസ് റൂമിലേക്ക് നടന്നു.

മദ്യപന്മാരുടെ ഭാര്യമാരോട് പറയാന്‍ ഇങ്ങനെയൊരു വാചകം ദൈവം എല്ലാ നാട്ടിലും എഴുതിവെച്ചിട്ടുണ്ടോയെന്ന് ഞാനതിശയിച്ചു!

'നെവര്‍ ഫോര്‍ഗെറ്റ്, ഹി സ്‌പോയില്‍ മൈ യങ് ലൈഫ്.' വീണ്ടും പിറുപിറുത്തുകൊണ്ട്  മുന്‍പില്‍ ആയിഷ! 

വൈകുന്നേരങ്ങളില്‍ അടുത്ത ഷോപ്പിംഗ്‌സെന്ററിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ പോകാറുണ്ട് ഞാന്‍. 

അവിടെ ഒരുപാട് ഫാമിലികള്‍. കുട്ടികള്‍. ജമിയയിലെ (സൂപ്പര്‍മാര്‍ക്കറ്റ്) ഇന്ത്യക്കാരായ എന്റെ സുഹൃത്തുക്കള്‍  എന്നെ ആയിഷനാനിയ എന്ന് വിളിച്ചു കൈ ഉയര്‍ത്തും.
 
'ദേ ലവ്‌സ് മി എ ലോട്ട്.' പുഞ്ചിരിച്ചുകൊണ്ട് ആയിഷ പിറുപിറുക്കുന്നു.

ഞാനാ കാഴ്ച മനക്കണ്ണിലൊന്നു കണ്ടുനോക്കി. ആഹാ, എത്ര മനോഹരമായാണ് അവര്‍ അവരുടെ ഏകാന്തതയെ ആഘോഷമാക്കുന്നത്! 

അക്ഷോഭ്യമായൊരു മുഖത്തോടെ, മനോഹരമായൊരു പുഞ്ചിരിയോടെ, ആര്‍ക്കുമൊരു ഭാരമാകാതെ, പരാതികളില്ലാതെ  കൂട്ടത്തില്‍ നിന്നും മാറി ഒറ്റയ്ക്ക് പറക്കുന്ന ഒരു പക്ഷിയായി  യാത്രപോകുന്നത്!

എന്നെങ്കിലും ഈ നാട് വിട്ട് പോകും മുന്‍പ്, ഈ മരുഭൂമിയില്‍ ശിഷ്ട ജീവിതം ജീവിച്ചു തീര്‍ത്താല്‍ മതിയെന്ന് ആഗ്രഹിക്കുന്ന, ദ്വീപുകളുടെ നാട് നീന്തിയെത്തിയ, ആയിഷയെ  കാണാതെ പോയിരുന്നെങ്കില്‍ അതെത്ര വലിയ നഷ്ടമായിരുന്നേനെ എന്ന് ഞാനെന്നോടു തന്നെ ചോദിച്ചു.

വാത്സല്യത്തിന്റെ  ഒരു ദ്വീപ് പോലെ ആയിഷ എന്റെ മുന്നില്‍ നില്‍ക്കുന്നു.  

സ്‌നേഹത്തിന്റെ ഒരു വഞ്ചിയില്‍ ഞാനാ ദ്വീപ് നീന്തിക്കയറാന്‍ തയ്യാറെടുത്തൊരു മകളായി ഉടനെ മാറി.
 
'അമ്മയെന്നതിന്റെ ഫിലിപ്പിനോ വാക്കെന്താണ്?' ഞാന്‍ അയിഷയോട്  ചോദിച്ചു. 

'നാനിയ.' അവര്‍ പറഞ്ഞു. 

'ഞാനുമിനി നിന്നെ നാനിയ എന്നേ വിളിക്കു.' 

ആയിഷയെ ചേര്‍ത്തുപിടിച്ച് ഞാന്‍ നെറുകയിലൊരുമ്മ കൊടുത്തു.

ഇവിടെ മരുഭൂമിയിലിപ്പോള്‍ ശീതകാലം വിരിയിച്ചെടുത്ത ശലഭക്കുഞ്ഞുങ്ങള്‍ ഉഷ്ണച്ചൂടില്‍ ചിറകുകരിഞ്ഞു തളര്‍ന്നു വീഴാന്‍ തുടങ്ങുന്നു. ശലഭങ്ങളില്ലാത്ത മരുഭൂമിയുടെ ഏകാന്തതയിലേക്ക് ഞങ്ങളൊരുമിച്ചു നോക്കിനില്‍ക്കുന്നു.

click me!