കൊവിഡ് പോസിറ്റീവാണ് എന്നറിഞ്ഞ നിമിഷം...കൊറോണക്കാലം. ഡോ. ഹസീനാ ബീഗം എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം
undefined
സ്വന്തം കൊറോണ ടെസ്റ്റ് റിസല്‍റ്റ് 'പോസറ്റീവ്' ആണ് എന്നറിയുന്ന നിമിഷം ആരും ഞെട്ടും. അതുപോലെ ഞാനും. തലപൊക്കാനാവാതെ കട്ടിലില്‍ കിടന്ന്, മൊബൈലിലെ മെസേജിന്റെ അലര്‍ട്ട് ശബ്ദം കേട്ട് പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോള്‍ ആദ്യ കണ്ട അക്ഷരം, 'P'. ഞെട്ടിപ്പോയി.
എല്ലാ റിസല്‍റ്റും പോസിറ്റീവ് കാണാന്‍ ആഗ്രഹിക്കുന്ന നാമെല്ലാവരും ഇവിടെ ആഗ്രഹിക്കുന്ന വാക്ക് നെഗറ്റീവ് എന്നാണല്ലോ. ഞാനത് ഒരു പത്ത് പ്രാവശ്യമെങ്കിലും തിരിച്ചും മറിച്ചും നോക്കിയിട്ടുണ്ടാവും. മകനെ കൊണ്ടും വായിപ്പിച്ചു. കൊവിഡ് പോസിറ്റീവ് തന്നെ!
ഞാന്‍ തളര്‍ന്നു. ഭര്‍ത്താവിനെ വിളിച്ചു. ഓഫീസിലായിരുന്ന അദ്ദേഹവും ഞെട്ടി. അഞ്ച് മിനിറ്റിന് ശേഷം പുള്ളി വിളിച്ചു, തന്റെ റിസള്‍ട്ട് നെഗറ്റീവ് എന്ന് പറഞ്ഞ്. അത് കേള്‍ക്കാനോ മറുപടി പറയാനോ എനിക്കായില്ല. അതായിരുന്നു സ്ഥിതി. മനസ്സ് എവിടെയോ എത്തിയിരുന്നു.
തുടക്കം
റമദാന്റെ അവസാന ദിനങ്ങളിലായിരുന്നു മാറ്റങ്ങളുടെ തുടക്കം. അല്‍പം ക്ഷീണവും, അസ്വസ്ഥതകളും, തലവേദനയും കണ്ട് തുടങ്ങിയിരുന്നു. റമദാന്റെ അവസാന നാളില്‍ ഇത്തരം ക്ഷീണങ്ങള്‍ സാധാരണമായതിനാല്‍ ഗൗനിച്ചില്ല. ഓണ്‍ലൈന്‍ ക്ലാസും, മീറ്റിംഗുകളും ഭക്ഷണമുണ്ടാക്കലും രാത്രിയില്‍ തറാവീഹ് നമസ്‌കാരവും എല്ലാമായി ആകെ തിരക്കായിരുന്നു. ദിവസം 24 മണിക്കൂര്‍ പോര എന്ന് തോന്നിയ നിമിഷങ്ങള്‍. അതിനിടെയാണ് കൊവിഡ് റിസല്‍റ്റ്.
അപ്പോഴേക്കും പെരുന്നാള്‍ എത്തി. നമസ്‌കാര ശേഷം, എങ്ങിനെയോ ഞാന്‍ കുറച്ച് ഭക്ഷണം ഉണ്ടാക്കി. അത് കഴിഞ്ഞപ്പോഴേക്കും പനി തുടങ്ങിയിരുന്നു. ഒപ്പം, കടുത്ത തലവേദന, ശ്വാസം മുട്ട്, ചുമ അങ്ങിനെ ഓരോന്നായി. എന്റെ മാനസിക ശാരീരിക സ്ഥിതി വളരെ വഷളായികൊണ്ടിരുന്നു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പിനായി സ്‌കൂളിലെത്തിയ എനിക്ക് വല്ലാത്ത അസ്വസ്ഥത തുടങ്ങി. കുട്ടികളെ പരീക്ഷാ ഹാളിലേക്ക് വിട്ടു കഴിഞ്ഞപ്പോഴേക്കും തല ചുറ്റി. ശ്വാസം മുട്ടി. ഉടനെ സ്‌കൂള്‍ അധികൃതര്‍ ഡ്യൂട്ടി ഡോക്ടറെയും നഴ്‌സുമാരെയും വിളിച്ചു. പനി 44°. രക്തസമ്മര്‍ദ്ദം 135 ആയി. ഹൃദയമിടിപ്പ് കൂടി. കടുത്ത തലവേദന. ശരീരവും, മനസ്സും കൈവിട്ട് തുടങ്ങിയിരുന്നു. പെട്ടെന്ന് തന്നെ ഡോക്ടറെ കാണണം എന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ എന്നെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് വിട്ടു. സ്‌കൂളിന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന എനിക്ക് വീട്ടിലേക്ക് നടക്കാനേ കഴിയുന്നില്ല. കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നു. ലിഫ്റ്റില്‍ കയറിയതും ഇറങ്ങിയതും അറിഞ്ഞതേയില്ല. എന്നെ കണ്ട ഭര്‍ത്താവും മകനും പേടിച്ചു പോയി.
ഉടനെ ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയി. ഡോക്ടര്‍ കുറിച്ച് തന്ന ആന്റിബയോട്ടിക് വാങ്ങി വീട്ടിലേക്ക് തിരിച്ചു. കോവിഡ് - 19 ടെസ്റ്റ് നടത്താന്‍ ഡോക്ടര്‍ പറയുകയോ ഞങ്ങള്‍ തിരിച്ച് അദ്ദേഹത്തോട് ചോദിക്കുകയോ ചെയ്തില്ല. അതും കൂടി കേള്‍ക്കാന്‍ എനിക്ക് ത്രാണിയും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് വീട്ടിലെത്തി, മാസ്‌ക് എല്ലാം മാറ്റി കിടക്കുകയായിരുന്നു ലക്ഷ്യം. അത്രമാത്രം ഞാന്‍ തളര്‍ന്നിരുന്നു.
മരുന്നുകള്‍ കഴിച്ച് റെസ്റ്റ് എടുക്കുന്നുണ്ടെങ്കിലും ശരീരം കീഴ്‌പ്പെടാന്‍ വിസമ്മതിച്ചു.
ഇരുട്ടുംതോറും ഭീതിയും ഹൃദയമിടിപ്പും കൂടി. ഞാന്‍ വെട്ടി വിയര്‍ത്തു. പനി മാറുന്നതാണ് എന്നാദ്യം ആശ്വസിച്ചു. അല്പം ആശ്വാസം കിട്ടാനായി ഞാന്‍ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു. കണ്ണുകളില്‍ ഇരുട്ട് കയറുംപോലെ...വിശാലമായി കിടക്കുന്ന ആകാശത്തിന്റെ അതിര്‍ത്തികള്‍പ്പുറം ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി. അശുഭ ചിന്തകള്‍ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. പുറത്തെ കാഴ്ചകള്‍ കൂടുതല്‍ വീര്‍പ്പ് മുട്ടിച്ചു. തല പിളരും വേദന.
അടഞ്ഞു കിടക്കുന്ന കടകള്‍, ശൂന്യമായ റോഡുകള്‍. ലോക് ഡൗണ്‍ മുന്നറിപ്പുമായി അബുദാബി പോലീസിന്റെ അലര്‍ട്ട് വാണിംഗ് മൊബൈലില്‍ മുഴങ്ങുന്നു.
വല്ലാത്ത അവസ്ഥ. എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു. ഇതു വരെ 24 മണിക്കൂര്‍ തികയാതിരുന്ന എനിക്ക് ഇപ്പോള്‍ ക്ലോക്കിലെ മിനിറ്റ് സൂചികകള്‍ നിശ്ചലമായ പോലെ തോന്നി. ഭാവിയെക്കുറിച്ച് ഒരെത്തും പിടിയുമില്ലാത്ത പോലെ, കുറെ ആളുകള്‍ കൊറോണ എന്ന സൂക്ഷ്മ വൈറസുമായി യുദ്ധകാഹളം മുഴക്കി നടന്നു നീങ്ങുന്നതായി എനിക്ക് തോന്നി. ഞാനും അവരോടൊപ്പം പങ്കുചേരാന്‍ പോകുന്നതായി മനസ്സ് മന്ത്രിച്ചു.
വീണ്ടും ഡോക്ടറെ കാണാനെത്തിയപ്പോള്‍ ആന്റിബയോട്ടിക് തുടരാനും, ടെസ്റ്റ് ചെയ്യാനും പറഞ്ഞു. തീര്‍ച്ചയായും നിങ്ങള്‍ക്ക് നെഗറ്റീവ് ആയിരിക്കും എന്ന ആശ്വാസവാക്കും ഒപ്പം തന്നു.
ആ രണ്ട് ദിവസങ്ങള്‍
ടെസ്റ്റ് ഡേറ്റ് കിട്ടിയത് രണ്ട് ദിവസം കഴിഞ്ഞായിരുന്നു.
അതിനിടെ ചുറ്റും അശുഭവാര്‍ത്തകള്‍ നിറയാന്‍ തുടങ്ങി. വൈറസിനു മുമ്പില്‍ ബന്ധുക്കളും സുഹൃത്തുക്കളും കീഴടങ്ങുന്നു. ആരെയും കാണാതെ, ആരോടും യാത്ര പറയാതെ, നിറകണ്ണോടെ പലരും ആറടി മണ്ണിലേക്ക് മടങ്ങൂന്നു. പെട്ടി നിറയെ മിഠായിയും, കളിപ്പാട്ടങ്ങളും, കുഞ്ഞുടുപ്പുകളുമായി വരുന്ന ഉപ്പമാരെ കാത്ത് എത്രയോ കുഞ്ഞുമക്കള്‍ ഇപ്പോഴും കടലിനക്കരെ ഉറ്റവരുടെ വിയോഗമറിയാതെ കാത്തിരിക്കുന്നു. പിറന്ന മണ്ണില്‍ അലിഞ്ഞു ചേരുക എന്ന ജന്മാവകാശവും, സ്വപ്‌നവും കത്തിച്ചാമ്പലായി മരുഭൂമിയിലെ മണ്ണില്‍ എത്രയോ ആളുകള്‍ അഭയം പ്രാപിക്കുന്നു. പ്രിയപ്പെട്ടവരുടെ ശരീരമെങ്കിലും ഒന്നു കാണാനോ,
അന്ത്യചുംബനമോ അന്ത്യകര്‍മ്മമോ ചെയ്യാനോ കഴിയാതെ എത്രയോ സഹധര്‍മ്മിണികള്‍, അച്ഛനമ്മമാര്‍.
ആന്റിബയോട്ടിക് എന്റെ ശരീരത്തിനോട് മത്സരിച്ച് തോറ്റു പിന്‍മാറി എന്ന് പറയാം. കാരണം മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ വിദൂരതയിലേക്ക് പാഞ്ഞു. എന്തോ ഒരു ഭയം. ഉറക്കമേയില്ല. അഥവാ ഉറങ്ങിയാലോ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ബനിയാസിലെ ഖബര്‍സ്ഥാന്‍ വ്യക്തമായി മുന്നില്‍ തെളിയും. രണ്ടു മൂന്ന് പ്രാവശ്യം ഞാനെന്റെ അന്ത്യനിദ്ര സ്വപ്‌നം കണ്ടു. എത്രയോ പ്രാവശ്യം വിമാനം വായുവില്‍ നില്‍ക്കും പോലെ എന്നെയും നിര്‍ത്തി.
പരസ്യത്തില്‍ പറയും പോലെ, മനസ്സ് ഒരു സ്‌പോഞ്ച് പോലെയാണ്. മുങ്ങുന്നിടത്തെ സ്വഭാവം അത് കാണിക്കും . നിരാശയില്‍ മുങ്ങിയാല്‍ നിരാശയും, പ്രതീക്ഷയില്‍ മുങ്ങിയാല്‍ പ്രതീക്ഷയും തരും. ശാന്തമല്ലാത്ത മനസ്സ് നമ്മുടെ ആരോഗ്യത്തെ കൂടുതല്‍ തകര്‍ക്കും എന്ന് പറയേണ്ടതില്ലല്ലോ.
പരീക്ഷണ ദിനം
അങ്ങനെ ടെസ്റ്റിന്റെ ദിവസം. സ്‌കൂള്‍ ജോലികള്‍ കുറെ ചെയതു തീര്‍ത്തു. പോകും വഴി 'ബനിയാസ് ഗ്രേവ്‌യാര്‍ഡ്' ബോര്‍ഡ് കണ്ടതും എന്റെ ഹൃദയമിടിപ്പ് ഇരട്ടിയായി. രണ്ട് മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ എന്റെയും ഭര്‍ത്താവിന്റെയും ടെസ്റ്റിന്. സ്വദേശി, പ്രവാസി എന്ന ഒരു അന്തരവും അവിടത്തെ പോലീസ് ഉദ്യോഗസ്ഥര്‍ കാണിച്ചിരുന്നില്ല. ഒട്ടും സമയം എടുത്തില്ല. എമിറേറ്റ്‌സ് ഐ.ഡി കാട്ടിയതും രണ്ട് ഭാഗത്തായി രണ്ട് നേഴ്‌സുമാര്‍ വന്ന് വണ്ടിയില്‍ ഇരുത്തി തന്നെ ഞങ്ങളെ ടെസ്റ്റ് ചെയ്തു. റിസള്‍ട്ട് നാളെ മൊബൈലില്‍ മെസേജ് വരുമെന്ന് പറഞ്ഞു. നന്ദി പറഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നു.
ടെസ്റ്റ് റിസള്‍ട്ട് വരുന്ന ദിവസമായി. തോറ്റാല്‍ സന്തോഷിക്കുന്ന പരീക്ഷ റിസള്‍ട്ട്. ദിവസങ്ങള്‍ക്ക് പോലും നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യമായിരുന്നു. ഞാന്‍ ഫ്‌ലാറ്റിലെ കൊച്ചു ഹാളില്‍ ചെടികളുടെ എണ്ണം കൂട്ടി. മനസ്സിന്റെ വിങ്ങലകറ്റാന്‍ കൊച്ചു തോട്ടത്തിലിരുന്ന് ചെടികളെ തലോടിക്കൊണ്ടിരുന്നു. പ്രതീക്ഷയുടെ ചക്രവാളം സ്വപ്നം കണ്ട് കുറെ സമയം ചിലവഴിച്ചു.
റിസള്‍ട്ട് വരേണ്ട സമയം അടുത്ത. ഭാര്യയുടെ കന്നിപ്രസവത്തിന് ലേബര്‍ റൂമിനു മുമ്പില്‍ കൈ പുറകില്‍ കെട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സ്‌നേഹനിധികളായ ഭര്‍ത്താക്കന്‍മാരെ ഓര്‍ത്തു പോയി. സമയം അടുക്കുന്തോറും ശരീരഭാരം കൂടിക്കൂടി വന്നു. കടുത്ത തലവേദനയാല്‍ കണ്ണിലാകെ ഇരുട്ട് കയറി. വഴങ്ങാത്ത മനസ്സും ശരീരവും പതിയെ കട്ടിലില്‍ ചാഞ്ഞു. വല്ലാത്ത ക്ഷീണവും മന്ദതയും. മയങ്ങി പോകുന്ന പോലെ.
സമയം കൃത്യം 12 മണി. ഫോണില്‍ വന്ന മെസേജ് ഞാന്‍ പെട്ടെന്നറിഞ്ഞു. ചാടിയെഴുന്നേറ്റ് നോക്കി. ആദ്യം കണ്ടത് 'P' എന്ന അക്ഷരം. എന്നിലെ വികാരജീവി പുറത്ത് ചാടിയ നിമിഷം. പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ അടുത്ത റൂമിലുള്ള മകനടുത്തേക്ക് ഓടി. അതെ, റിസല്‍റ്റ് പോസിറ്റീവ്. മകനാണെങ്കിലും അവനുണ്ടായ
മന:ധൈര്യം എനിക്കില്ലാതെ പോയല്ലോ എന്നോര്‍ത്ത് ഇന്ന് ഞാന്‍ ലജ്ജിക്കുന്നു. എത്ര ലാഘവത്തോടെയാണ് അവന്‍ എന്നെ ആശ്വസിപ്പിച്ചതെന്നോ. 'പേടിക്കാനൊന്നും ഇല്ല. നന്നായി ശ്രദ്ധിക്കുക. അത്ര തന്നെ. റെസ്റ്റ് എടുക്കാതെ പറ്റിയതല്ലെ. ഇനി പറഞ്ഞിട്ട് കാര്യമില്ല. 'ബി പോസിറ്റീവ''-അവന്‍ പറഞ്ഞു.
വീണ്ടും പരിശോധന
പോസിറ്റീവ് ആയവര്‍ക്ക് രണ്ടാമത് ഒരു പരിശോധന കൂടിയുണ്ടെന്നും അഡ്നെകിലെ 'യെല്ലോ സോണില്‍ എത്തേണ്ടതുണ്ടെന്നുമുള്ള നിര്‍ദേശവും ആ മെസേജിനൊപ്പം ഉണ്ടായിരുന്നു. അതിനായി ആദ്യം ഭര്‍ത്താവിനെ വിളിച്ചു. പുളളി പെട്ടെന്ന് എത്താമെന്ന് പറഞ്ഞതേ എനിക്കറിയൂ. കത്തിക്കരിഞ്ഞ മുഖവുമായി പെട്ടെന്ന് തന്നെ അദ്ദേഹം എത്തി. വെള്ളം പോലും കുടിക്കാതെ പുള്ളി എന്നെയും കൊണ്ട് നേരെ അടുത്ത ടെസ്റ്റിന് പുറപ്പെട്ടു. യാത്രക്കിടയില്‍ എന്തെല്ലാം ചെയ്യണമെന്ന് മകന്‍ വിളിച്ച് പറഞ്ഞുകൊടുക്കുന്നുണ്ട്. പരിഭ്രാന്തനായ അദ്ദേഹം പകുതിയേ കേള്‍ക്കുന്നുള്ളൂ. വിതുമ്പി കൊണ്ടിരിക്കുന്ന എനിക്ക് ഒന്നും ശ്രദ്ധിക്കാനും കഴിയുന്നില്ല. പുറത്താകട്ടെ കനത്ത ചൂടും. വണ്ടിയേതോ കൊടുംകാട്ടിലൂടെ ഒറ്റപ്പെട്ട് പോകുന്നതായുംഏതാനും വന്യ മൃഗങ്ങള്‍ ആക്രമിക്കാന്‍ പാഞ്ഞ് അടുക്കുന്നത് പോലെയും എനിക്ക് തോന്നി.
അഡ്നെകിലെ 'യെല്ലോ '(yellow Zone) സോണില്‍ ഞങ്ങളെത്തി. റൂം നമ്പര്‍ മൂന്ന് ചൂണ്ടി കാണിച്ച് അവിടേക്ക് പോവാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ടെസ്റ്റ് കഴിഞ്ഞു. വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു. എത്ര പേരുണ്ട് വീട്ടില്‍? ബെഡ് റൂം, ബാത്‌റൂം എത്ര? അവസാനം ഹോം ക്വാറന്റീന്‍ മതിയെന്ന് നിര്‍ദേശിച്ചു. പകുതി ആശ്വാസം. വീട്ടില്‍ ഇവര്‍ രണ്ടു പേരും കൂടെ ഉണ്ടല്ലോ എന്ന സമാധാനം.
വീട്ടിലെത്തിയ ഞാന്‍ ഒരു റൂമില്‍ തനിച്ചായി. രണ്ട് ആഴ്ചകളോളം പനി കാരണം പൊടിയരി കഞ്ഞി മാത്രം കഴിച്ച എനിക്ക് ഒന്നും കഴിക്കാനും പറ്റുന്നില്ല. അതോടെ വയറിളക്കമായി. പനി,തലവേദന, ശ്വാസതടസം ഒപ്പം വയറിളക്കവും. ഒറ്റക്ക് റൂമില്‍ കിടക്കേണ്ടി വന്നില്ല. അധികവും വാഷ് റൂമില്‍. ഭര്‍ത്താവിന്റെയും മകന്റെയും ടെന്‍ഷന്‍ കൂടി. ഒന്നിനും പറ്റാത്ത അവസ്ഥ. ഒരു പോള കണ്ണടക്കാതെ ഒരു രാത്രി മൂന്നു പേരും തള്ളി നീക്കി. ഓരോരോ സാധനങ്ങള്‍ ഇരിക്കുന്ന സ്ഥലങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറയാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട്, സ്‌കൂളിലെ താക്കോല്‍ക്കൂട്ടം, സര്‍ട്ടിഫിക്കറ്റുകള്‍, അങ്ങനെ വിലപ്പെട്ടതെല്ലാം. എല്ലാം പറയുമ്പോഴും ഞാന്‍ കരയുന്നുണ്ട്. അദ്ദേഹം ഫ്‌ളാറ്റില്‍ തലയും മാന്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ആ സ്‌നേഹം, കരുതല്‍ എല്ലാം എനിക്ക് ബോധ്യമായി. ഇനിയും സഫലീകരിക്കാത്ത എന്റെ ചില സ്വപ്‌നങ്ങള്‍, മകന്റെ കല്യാണം അങ്ങനെയങ്ങനെ മനസ്സില്‍ ഓടിവന്നു.
നേരം നല്ലതുപോലെ വെളുത്തു. സൂര്യകിരണങ്ങള്‍ വീടിനുള്ളില്‍ ആഗമനം അറിയിച്ചെങ്കിലും അന്ധകാരത്തിലകപ്പെട്ട ഞങ്ങളുടെ മനസ്സിലേക്ക് പ്രകാശത്തിന് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.
സമയം പോയതറിഞ്ഞില്ല. തലേദിവസം ടെസ്റ്റ് ചെയ്ത എന്റെ രണ്ടാം റിസള്‍ട്ട് വന്നു. അത്ഭുതം എന്ന് പറയാനേ കഴിയൂ. അത് നെഗറ്റീവ്'. അങ്ങിനെ ഞാന്‍ രണ്ടാം പരീക്ഷ പാസായി. അടുത്ത ദിവസം തന്നെ മൂന്നാം പരീക്ഷയും പാസായി. ദൈവത്തിന് സ്തുതി.
നെഗറ്റീവ് റിസള്‍ട്ട് കണ്ട എന്റെ മനസ്സ് ആകെ മാറി. ഞാന്‍ സന്തോഷവതിയായി. എല്ലാ ജോലിയും ചെയ്യാന്‍ തുടങ്ങി. പക്ഷെ റെസ്റ്റ് എടുക്കാത്തത് കൊണ്ട് ഞാന്‍ വീണ്ടും തളര്‍ന്നു. ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കുഞ്ഞന്‍ വിക്രിയകളുമായി കൂടെ തന്നെയുള്ള കാര്യം ഞാന്‍ അറിഞ്ഞില്ല. അവന് ഇഷ്ടമുള്ളത് മാത്രം ചെയ്യുന്ന എന്നെ പിരിയാന്‍ അവനും മടി. റെസ്റ്റ് ഇല്ലായ്ക, പേടി, ഉറക്കമില്ലായ്മ ഇവയെല്ലാമാണ് അവന് ഏറെ ഇഷ്ടം. പിന്നീട് കാര്യം മനസ്സിലാക്കിയ ഞാനും അവനെതിരെ പോരാടി. എനിക്ക് തന്ന സമ്മാന പൊതികളുമായി കുഞ്ഞന്‍ വൈറസ് മറ്റാരെയോ തേടി പോയി.