കൊറോണക്കാലം. ആംബുലന്‍സ് കണ്ടാല്‍ ഇപ്പോഴെനിക്ക് പേടിയില്ല. സുനീറ സി വി എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം
undefined
അന്നൊരു തിങ്കളാഴ്ചയായിരുന്നു. മൂന്നാലു ദിവസങ്ങളായി പെയ്യുന്ന തോരാമഴ ശമിച്ചെന്നു തോന്നിപ്പിക്കുന്ന ദിവസം. അവധിയാലസ്യം കഴിഞ്ഞു സ്‌കൂളില്‍ പോകുന്ന കുട്ടിയെപ്പോലെ സൂര്യകിരണങ്ങള്‍ മടിച്ചുമടിച്ച് വരുന്നുണ്ട്.
ഞാന്‍ സ്‌കൂളില്‍ പോകാനായി തയ്യാറെടുത്തു, തലേന്ന് സുബിന്‍മാഷ് വിളിച്ചു പറഞ്ഞിരുന്നു, മാഷ് ക്വാറന്റീനിലായതിനാല്‍ മാനേജര്‍ ശാന്തടീച്ചറുടെ വീട്ടിലും പോകേണ്ടി വരുമെന്ന് രഞ്ജുവും ഓര്‍മിപ്പിച്ചു. ഒരു ഓട്ടോ വിളിച്ചു ഞാന്‍ സ്‌കൂളിലെത്തി. മാഷുടെ കയ്യില്‍ നിന്നും ഒപ്പിടീക്കാനുള്ള പേപ്പറുകളും വാങ്ങി നേരെ മാനേജരുടെ വീട്ടിലേക്ക്. ഗെയ്റ്റ് കടന്നുചെന്ന ഞാന്‍ മുറ്റത്തു നിന്നു.
അപ്പോഴാണ് സാബുവിന്റെ വിളിയെത്തിയത്. നവാദിനു കോവിഡ് ടെസളറ്റ് ചെയ്തു പോസിറ്റീവ് ആണെന്ന്. ഞാനൊന്നു ഞെട്ടി. അങ്ങനെയെങ്കില്‍ ഞാനും മക്കളായ അദുവും അല്ലിയുമെല്ലാം പ്രൈമറി കോണ്‍ടാക്റ്റില്‍.
'പടച്ചോനേ... ഇതറിഞ്ഞാല്‍ ടീച്ചറോ?'
പിന്നെ താമസിച്ചില്ല തിരിച്ചു വീട്ടിലേക്ക്. പിന്നെ ക്വാറന്റീനില്‍. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പനി തുടങ്ങി. ഇപ്പോള്‍ പനിക്കാലമായതോണ്ട് ചിലപ്പോള്‍ അതാകാം, ഞാന്‍ സമാധാനിച്ചു.
സാബു വീണ്ടും വിളിച്ചു മാമന്റെ വീട്ടില്‍ എല്ലാവര്‍ക്കും പോസിറ്റീവ്.
ഞാന്‍ ശക്തമായി വീണ്ടു ഞെട്ടി. അപ്പോള്‍ എന്റെ പനി?
സംശയിക്കാം'- ഉത്തരവും ഞാന്‍ കണ്ടെത്തി.
'ടെസ്റ്റ് ചെയ്യണോ?'
ചെയ്താല്‍ ഉറപ്പായും പറയും, പോസിറ്റീവ്. പിന്നെ ഹോസ്പിറ്റല്‍ വാസം. തുടര്‍ന്ന് ക്വാറന്റയിന്‍ സെന്ററില്‍. അങ്ങനെ കൊവിഡ് പ്രക്രിയ നീണ്ടു പോകും.
എന്തുചെയ്യും ?
പനി മാത്രമല്ലേ ഉള്ളൂ തല്‍ക്കാലം വീട്ടില്‍ ഇരിക്കാം.
കുറിച്ചു ദിവസം വലിയ കുഴപ്പമില്ലാതെ പോയി.
ഒരു ദിവസം രാത്രി ഒരു മണി കഴിഞ്ഞു കാണും, ശ്വാസം എടുക്കാന്‍ പറ്റുന്നില്ല. പാതി ഉറക്കത്തില്‍ ഞാന്‍ ചെരിഞ്ഞും മറിഞ്ഞും കമഴ്ന്നുമെല്ലാം കിടന്നു നോക്കി.
നോ രക്ഷ. അവസാനം എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്നിട്ടും ശ്വാസം എടുക്കാന്‍ പറ്റുന്നില്ല.
വീട്ടിലാണെങ്കില്‍ ഞാനും മക്കളും തനിച്ചാണ്. തൊട്ടയല്‍ക്കാര്‍ വീട്ടിലില്ല. ഒന്നുവിളിച്ചുകരഞ്ഞാല്‍പോലും കേള്‍ക്കാനാളില്ല. ഒന്നു ഫോണ്‍ ചെയ്താല്‍ ആരെങ്കിലും എന്നെ ആശുപത്രിയില്‍ എത്തിക്കുമല്ലോ എന്ന ആശ്വാസത്തോടെ ഫോണെടുത്തു. അതില്‍ രണ്ടു ടെക്‌സ്റ്റ് മെസേജസ് വന്നിട്ടുണ്ട്, ഡാറ്റാപാക് തീര്‍ന്നതിന്റെ. റീചാര്‍ജ് ചെയ്താലേ വിളിക്കാന്‍ പറ്റൂ. സമയം രണ്ടു മണിയോടടുത്തു.
ഞാനെന്തു ചെയ്യും?
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മക്കള്‍?
ഞാനവരെ വെറുതെയൊന്നു നോക്കി. പാവങ്ങള്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്നു. പിന്നെയും കുറേ നേരം കൂടി മുറിയിലങ്ങോട്ടുമിങ്ങോട്ടും നടന്നു.
പടച്ചോനേ...എല്ലാം ഞാന്‍ ദൈവത്തിലര്‍പ്പിച്ചു.
ഏകദേശം ശ്വാസം വലിക്കാമെന്നായപ്പോള്‍ ഞാന്‍ പോയി കിടന്നു. എന്നാലോ ഉറങ്ങാനേ പറ്റുന്നില്ല.ഒരുവിധം നേരം പുലര്‍ന്നപ്പോള്‍ എണീറ്റു നിസ്‌കരിച്ചു. എന്നെക്കൊണ്ടാവുംപോലെ ദൈവത്തോടടുക്കാന്‍ ശ്രമിച്ചു. (അതങ്ങനെയാണല്ലോ മോശം അവസ്ഥയിലാണല്ലോ, ദൈവത്തെ കൂടുതല്‍ സമയം ഓര്‍ക്കുക).
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഉമ്മ വിളിച്ചു. നേരം വെളുത്തപ്പോള്‍ തന്നെ ടെസ്റ്റിനു ബുക്ക് ചെയ്തു. അന്നു ഞായര്‍, അടുത്ത ദിവസം ടെസ്റ്റിനു പോയി. റിസള്‍ട്ടിനു പിന്നെയും ദിവസമെടുത്തു. റിസള്‍ട്ടു വന്നത് രാത്രിയില്‍.
പോസിറ്റീവ്!
നേരം വെളുത്തപ്പോള്‍ തന്നെ നേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോയി, ആംബുലന്‍സില്‍, ജഗതി പറഞ്ഞ നിലവിളി ശബ്ദമൊക്കെയിട്ട്...
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
ഇതുവരെ കണ്ടിട്ടില്ലാത്ത അവിടേക്ക് പോയിക്കൊണ്ടിരിക്കുന്ന എനിക്ക് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയാലുള്ള അവസ്ഥയെക്കുറിച്ച് മുന്‍ധാരണ ഒക്കെയുണ്ട്. അതുണ്ടാക്കുന്ന ആശങ്ക വേറെയും.
ആ യാത്ര ചെന്നു നിന്നത് കോവിഡ് രോഗികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ബില്‍ഡിംഗിന് മുന്നിലാണ്. ഡ്രൈവര്‍ ചൂണ്ടിയ സ്ഥലത്തേക്ക് ആശങ്കകളോടെ ഞാന്‍ ചെന്നു. എനിക്കു മുന്നേ വന്ന ഒരാള്‍ പറഞ്ഞു, ധരിച്ച് മാസ്‌ക് വേസ്റ്റ് ബിന്നിലിട്ട് പുതിയ ഒരെണ്ണം എടുക്കാന്‍. എന്നിട്ട് ഞാനും അവിടെ ഇരിപ്പുറപ്പിച്ചു. രജിസ്റ്റര്‍ ചെയ്യാത്തവരെ വിളിച്ചു, ഞാന്‍ ചെന്നു. ഒരു മതിലിനപ്പുറം ഇരിക്കുന്ന സ്റ്റാഫ് മൈക്കിലൂടെ എന്നോട് വിവരങ്ങള്‍ ചോദിച്ചു ഇപ്പുറത്തെ മൈക്കിലൂടെ ഞാന്‍ മറുപടി പറഞ്ഞു.
ഇനി ഡോക്ടര്‍ വിളിക്കുമെന്ന് അവര്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വിളിച്ചു രോഗ വിവരങ്ങള്‍ അന്വേഷിച്ചു. പിന്നീട് ഞങ്ങളെ കാഷ്വാലിറ്റിയിലേക്ക് മാറ്റി. ബാഗുകളും ഒക്കെയായി കാഷ്വാലിറ്റിയിലെ ഒരു ബെഡില്‍ ഇരുന്നു . ശ്വാസതടസ്സവുമായി വന്ന എന്റെ ഇസിജി, എക്‌സ്-റേ എല്ലാം എടുത്തു.
ഒട്ടംേ പ്രതീക്ഷിക്കാത്ത വിധത്തിലായിരുന്നു അവിടെയുള്ള അനുഭവം. ഒരു ഉത്തരവാദിത്വവും നമ്മള്‍ അറിയേണ്ട,ഏത് ബ്ലോക്കിലാണോ അവിടേക്ക് നമ്മെ കൊണ്ടുപോയി സംഗതി കഴിയുമ്പോള്‍ അവിടത്തെ സ്റ്റാഫ് തിരികെ ഇവിടേക്കുതന്നെ കൊണ്ടുവന്നു. പിന്നെ, കാഷ്വാലിറ്റിയില്‍ ഉള്ള എല്ലാ രോഗികളെയും രോഗ ഗൗരവമനുസരിച്ച് ഷിഫ്റ്റ് ചെയ്തുകൊണ്ടിരുന്നു. ഗൗരവതരം അല്ലാത്ത എന്നെ റജിസ്‌ട്രേഷന്‍ സ്ഥലത്തേക്ക് തന്നെ മാറ്റി.
അപ്പോഴേക്കും രാത്രി എട്ട് മണിയായി. രാത്രി ഭക്ഷണം കഴിച്ചശേഷം CFLTC ചേളാരിയിലേക്ക് മാറ്റാനായി ആംബുലന്‍സ് വന്നു.
ഇപ്പോള്‍ ആംബുലന്‍സ് എന്ന പേടിയില്ല. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുടെ കൂടെയാണ് അടുത്തയാത്ര, അതും രാത്രി. ഒരിക്കലും പോയിട്ടില്ലാത്ത വഴികളിലൂടെ ഞങ്ങള്‍ പോയിക്കൊണ്ടിരുന്നത്. എന്നെ ഓര്‍ത്ത് എനിക്ക് പേടിയില്ല, എന്റെ മോള്‍...
കെട്ടകാലത്ത് കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളും അത്രമാത്രം ഭീതിയുള്ളതാണ്. ആകെയുള്ള സമാധാനം റിസപ്ഷനിലെ സ്റ്റാഫാണ് ഞങ്ങളെ സംബന്ധിക്കുന്ന ഡോക്യുമെന്റ് ഡ്രൈവര്‍ക്കു കൈമാറിയത്. അവര്‍ക്കറിയാവുന്ന ഒരാളാണല്ലോ വിജനമായ റോഡിലൂടെ ഞങ്ങളെയും കൊണ്ട് പായുന്നത്. ആത്മസംഘര്‍ഷം നിറഞ്ഞ മനസ്സുമായി ഞാന്‍ ആംബുലന്‍സില്‍ ഒരു മണിക്കൂറോളം സമയം ഇരുന്നു.
ഡ്രൈവര്‍ കൃത്യമായി കോമ്പൗണ്ടില്‍ നിര്‍ത്തി . രേഖകള്‍ അവിടെ ഏല്‍പ്പിച്ചു
പേരറിയാത്ത, നാടറിയാത്ത, നന്മയുള്ള ആ സ്വകാര്യ ആംബുലന്‍സ് സന്നദ്ധപ്രവര്‍ത്തകനെ നോക്കി ഞാന്‍ നന്ദിപൂര്‍വ്വം ചിരിച്ചു. അവിടെയുള്ള വളണ്ടിയര്‍
ഞങ്ങള്‍ക്കുള്ള മുറി കാണിച്ചു തന്നു. ആശ്വാസത്തോടെ മുറിയിലേക്ക് കയറി ആദ്യം മരുന്ന് കഴിച്ചു.
ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും അസുഖത്തിന് നല്ല മാറ്റം വന്നു.
പിറ്റേന്ന് ഉച്ച ഭക്ഷണം ഒക്കെ കഴിച്ചു റൂമില്‍ ഇരിക്കുന്ന സമയം ഒരു ഫോണ്‍ കോള്‍ വന്നു. മഞ്ചേരിയില്‍ നിന്നും കൗണ്‍സിലിങ്ങിന് വിളിക്കുന്നു എന്ന് പറഞ്ഞു. കോവിഡ് രോഗിയുടെ മാനസിക സംഘര്‍ഷം കുറയ്ക്കുക എന്നതാണ് അവരുടെ ലക്ഷ്യം എന്നു മനസ്സിലാക്കിയ ഞാന്‍ ആദ്യം അവരോട് തട്ടിക്കയറി. ഒരുപാട് മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ എന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചശേഷമുള്ള വിളിയാണ്. എങ്ങനെ ദേഷ്യപ്പെടാതിരിക്കും?
പക്ഷേ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് എനിക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം വളരെ സൗമ്യമായി അവര്‍ തുടങ്ങി. എന്റെ മനസ്സിനെ തണുപ്പിക്കുന്ന വാക്കുകളായിരുന്നു പറഞ്ഞത്. ദേഷ്യപ്പെടേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. 'ഇനിയും ഏതെങ്കിലും സന്ദര്‍ഭത്തില്‍ എന്റെ ആവശ്യം വരുകയാണെങ്കില്‍ തീര്‍ച്ചയായും വിളിക്കാം' എന്ന് ഉറപ്പും തന്നിട്ടാണ് ജിഷ എന്ന പേരുള്ള കൗണ്‍സിലര്‍ ഫോണ്‍ കട്ട് ചെയ്തത്.
എന്റെ മുന്‍ധാരണകളെ എല്ലാം കശക്കിയെറിഞ്ഞു അവിടെക്കണ്ട മനുഷ്യര്‍. ഇതുവരെ അനുഭവിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വ്യത്യസ്തരായിരുന്നു അവിടെ നിന്നുണ്ടായ അനുഭവങ്ങള്‍. എന്റെ സഹപാഠിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ അജിത് ബാല്‍, CFLTC-യിലേതടക്കമുള്ള
ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും...അവര്‍ വിശ്രമമില്ലാതെ ജോലിയെടുക്കുന്നു, ഒപ്പംതന്നെ രോഗികളോട് വളരെ മാന്യമായി പെരുമാറുന്നു.