കൊറോണക്കാലം: വെന്റിലേറ്റര്‍ കുറവും കൊവിഡ് രോഗികള്‍ കൂടുകയും ചെയ്യുമ്പോള്‍, വൃദ്ധര്‍ക്കോ ചെറുപ്പക്കാര്‍ക്കോ മുന്‍ഗണന നല്‍കേണ്ടത്? വൃദ്ധരെ മരിക്കാന്‍ വിടുന്ന പുതിയ സാഹചര്യത്തില്‍ ഒരു നഴ്‌സിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.
undefined
പരിചയമുള്ള ഒരാളെക്കാണാന്‍ മറ്റൊരു യൂണിറ്റില്‍ പോകേണ്ടി വന്നപ്പോഴാണ് ഞാന്‍ ജോണിനെക്കുറിച്ചു കേട്ടത്. പറഞ്ഞു വന്നപ്പോള്‍ ഓര്‍മ്മയുണ്ട്. പണ്ടൊരിക്കല്‍ എന്റെ പേഷ്യന്റ് ആയിരുന്നു. ഐശ്വര്യമുള്ള മുഖം. പ്രായമാവുമ്പോഴുണ്ടാവുന്ന തേജസ്സ് പോലെ, സംതൃപ്തിയുള്ള മുഖം. ഇത്തവണ കൊവിഡ് ഉണ്ടോയെന്ന സംശയം ആയതിനാല്‍ നിരീക്ഷണത്തില്‍ ആണ്.
കുറച്ചു സമയം ജോണിന്റെ കൂടെ നില്‍ക്കേണ്ടി വന്നു. സംസാരപ്രിയനാണ് ജോണ്‍ (പേര് യഥാര്‍ത്ഥമല്ല) അതിനിടയിലൂടെയും ചിതറിത്തെറിച്ച വാക്കുകളിലൂടെ അദ്ദേഹത്തിന്റെ കുടുംബചരിത്രം യൂണിറ്റിലെ എല്ലാവര്‍ക്കും അറിയാം. ഹൈസ്‌കൂള്‍ കാലം മുതല്‍ പരിചയമുള്ള, പ്രണയിച്ചു വിവാഹം കഴിച്ച ലോറ (പേര് സാങ്കല്‍പികം). പിന്നീട് അവള്‍ അമ്മയും മുത്തശ്ശിയും, മുതുമുത്തശ്ശിയുമായി. കഴിഞ്ഞ 60 വര്‍ഷമായി കൂടെയുണ്ട്. കൊവിഡ് യൂണിറ്റ് ആയതുകൊണ്ട് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. 'എനിക്ക് എന്ന് വീട്ടില്‍ പോകാന്‍ പറ്റും? ഇപ്പോള്‍ നല്ല കുറവുണ്ട്. ആദ്യമായാണ് ഭാര്യയെ കാണാതെ ഇത്ര ദിവസം' അദ്ദേഹം ചോദിച്ചു.
'ഡോക്്ടര്‍ വരട്ടെ, അപ്പോള്‍ നമുക്ക് കൃത്യമായി അറിയാം', ഞാന്‍ പറഞ്ഞു. അത് പറയുമ്പോഴും ഈ മനുഷ്യന്റെ അവസ്ഥ അത്ര നല്ലതാണെന്ന് എന്തോ എനിക്ക് തോന്നിയില്ല. ഞാനും കണ്ടതാണ് എക്‌സ് റേ റിപ്പോര്‍ട്ട്. ശ്വാസകോശം മുഴുവന്‍ സ്രവങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. വീട്ടില്‍ പോകാം എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഒരാളോട് അതിന് പ്രതീക്ഷയില്ല എന്ന് പറയുന്നത് എങ്ങനെ? അടുത്ത മാസം കൊച്ചു മകന്റെ വിവാഹമാണ് അതില്‍ പങ്കെടുക്കുന്ന കാര്യവും കുറച്ചു മുമ്പേ എന്നോട് പറഞ്ഞിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. റിപ്പോര്‍ട്ട് എല്ലാം നോക്കിയതിനു ശേഷം ഡോക്ടര്‍ ജോണിനോട് പറഞ്ഞു: 'നിങ്ങളുടെ കണ്ടിഷന്‍ ഇന്നലെത്തേതിലും മോശമാണ്. ഒട്ടും മെച്ചപ്പെട്ടിട്ടില്ല. മാത്രവുമല്ല ഇനിയും സ്ഥിതി മോശമായാല്‍ കൃത്രിമമായി ശ്വാസോഛ്വാസം ചെയ്യുന്നതിന് വെന്റിലേറ്ററിലേക്ക് മാറ്റണം. താങ്കളുടെ പ്രായവും മറ്റ് രോഗാവസ്ഥകളും വച്ച് നോക്കുമ്പോള്‍ അത് ഒട്ടും പ്രയോജനകരം അല്ല. അതുകൊണ്ട് താങ്കളുടെ അവസ്ഥ ഇനിയും മോശമായാല്‍ ഇനി ഒന്നും ചെയ്യേണ്ടതില്ല എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്'.
ജോണ്‍ മറുപടിയൊന്നും പറഞ്ഞില്ല.
'ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ് ഒരു തീരുമാനം വളരെ ദുഷ്‌കരം'-ഡോക്ടര്‍ തുടര്‍ന്നു.
'പക്ഷേ താങ്കള്‍ പേപ്പര്‍ ഒപ്പിടണം എന്നാണ് എന്റെ അഭിപ്രായം.'
ഇത്രയും പറഞ്ഞിട്ട് ഡോക്ടര്‍ മുറിക്ക് പുറത്തേക്ക് പോയി. കേട്ടത് എനിക്ക് അത്രയ്ക്കങ്ങ് മനസ്സിലായില്ല. കാര്യം ഈ രോഗിക്ക് 81 വയസ്സായി. വേറെയും രോഗാവസ്ഥകള്‍ ഉണ്ട്. പക്ഷേ എന്റെ അവസ്ഥ മോശമായാല്‍ യാതൊരുവിധ ജീവന്‍ രക്ഷാ നടപടികളും എനിക്ക് വേണ്ട എന്നെഴുതി ഒപ്പിടാന്‍ മാത്രം കാര്യങ്ങള്‍ വഷളാണോ? എന്നിലെ റെബല്‍ സട കുടഞ്ഞെഴുന്നേറ്റു. ഞാന്‍ ഡോക്ടറിന്റെ പുറകെ പുറത്തേക്ക് നടന്നു.
'ഡോക്ടര്‍ അദ്ദേഹത്തിന് ഇപ്പോഴും നല്ല ബോധമുണ്ട്. അയാള്‍ സുഖമായി പോകുന്നെങ്കില്‍ നമുക്ക് പറ്റുന്നതൊക്കെ ചെയ്യുകയല്ലേ വേണ്ടത്'-ഞാന്‍ ഡോക്ടറോട് ചോദിച്ചു
ഡോക്ടര്‍ അന്യഗ്രഹജീവിയെ നോക്കുന്നതുപോലെ എന്നെ തുറിച്ചുനോക്കി.
'നിനക്കറിയാമോ, നമുക്കുള്ള ഉപകരണങ്ങള്‍ വളരെ പരിമിതമാണ്. മിസ്റ്റര്‍ ജോണ്‍ ഇനിയും മോശമായാല്‍ അയാളെ വെന്റിലേറ്ററില്‍ ആകണം. 81 വയസ്സായ ഒരാളെ വെന്റിലേറ്ററില്‍ ഇട്ട് രക്ഷിക്കാന്‍ ശ്രമിച്ചാല്‍, ഒരുപക്ഷേ ഒരു ചെറുപ്പക്കാരന്‍ രോഗിയായി വന്നാല്‍ അയാള്‍ക്ക് കൊടുക്കാന്‍ വെന്റിലേറ്റര്‍ ഉണ്ടാവുകയില്ല. .അതുകൊണ്ട് ജോണിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക. അല്ലെങ്കില്‍ ഫാമിലിയെ കൊണ്ട് പറയിപ്പിക്കുക'
ഇത്രയും പറഞ്ഞ് ഡോക്ടര്‍ അടുത്ത റൂമിലേക്ക് നീങ്ങി. ഞാന്‍ തിരിഞ്ഞു ജോണിനെ നോക്കി. ഡോക്ടര്‍ പറഞ്ഞത് പാതി എങ്കിലും അയാള്‍ കേട്ടിരിക്കണം. മുഖത്ത് ഒരു ഭാവമാറ്റം. 'എന്റെ മരണപത്രത്തില്‍ ഒപ്പിടാന്‍ ആണ് ഡോക്ടര്‍ പറഞ്ഞതല്ലേ?'-ജോണ്‍ ചോദിച്ചു.
ഒരു മറുപടിയും എന്റെ മനസ്സില്‍ വന്നില്ല.അല്ലെങ്കില്‍ തന്നെ എന്ത് പറയാന്‍! ഈ സന്ദര്‍ഭം ലഘൂകരിക്കാന്‍ എനിക്കാവില്ല. 81 വയസ്സ് ആയി എന്നതൊഴികെ മറ്റു കുറ്റങ്ങള്‍ ഒന്നും ഈ മനുഷ്യനില്‍ ഞാന്‍ കാണുന്നില്ല, ഒരു നിമിഷം ഞാന്‍ എന്റെ കൈകള്‍ കഴുകി പീലാത്തോസ്സായി ..'അവന്‍ മരിക്കട്ടെ ,ഞങ്ങള്‍ക്ക് വേണ്ടി വെന്റിലേറ്ററുകള്‍ സൂക്ഷിക്കുക'- എന്റെ ചിന്തകളുടെ മേല്‍ ആരവമുയര്‍ന്നു.
ഈ മനുഷ്യനെ പ്രതിയാണ് ഞാന്‍ സ്വപ്നത്തില്‍ ക്ലേശിച്ചത് എന്ന് മനസ്സ് പറഞ്ഞു. പല രാത്രികളിലും മുഖമില്ലാത്ത അനേകം പേര്‍ സ്വപ്നത്തില്‍ കടന്നു വരാറുണ്ട്. പാതി മുറിഞ്ഞ ഉറക്കവുമായി എത്രയോ രാത്രികള്‍! ഓരോ ജീവനും അവസാന നിമിഷം വരെ സംരക്ഷിക്കാന്‍ പ്രതിജ്ഞ എടുത്ത നേഴ്‌സ് ആണ് ഞാന്‍. കുറച്ച് മുന്‍പ് ഈ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയ ഡോക്ടറും അതേ പ്രതിജ്ഞ ചെയ്തയാള്‍. ഇപ്പോള്‍ അതൊന്നും പാലിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ആര് മരിക്കണം, ആര് ജീവിക്കണമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കുന്നു. ഒപ്പിടാനുള്ള പേപ്പര്‍ റെഡിയാക്കി കൊണ്ട് വരാം എന്ന് ജോണിനോട് പറഞ്ഞിട്ട് ഞാന്‍ പുറത്തേക്ക് പോകാന്‍ തിരിഞ്ഞു.
'തിടുക്കം കൂട്ടേണ്ട, എന്റെ ഫോണ്‍ ഒന്ന് എടുത്തു തരൂ'-ജോണ്‍ പറഞ്ഞു. നമ്പര്‍ കണ്ടു പിടിച്ച് അയാള്‍ ഭാര്യയെ വിളിച്ചു. 'ലോറ ഇനി നമ്മള്‍ കാണുമോ എന്ന് അറിയില്ല. എന്റെ അവസ്ഥ മോശമായി കൊണ്ടിരിക്കുന്നു'. പതിയെ മുറിഞ്ഞ വാക്കുകളില്‍ ജോണ്‍ ഭാര്യയോട് സംസാരിച്ചു.
'ഇല്ല, ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല'-പീലാത്തോസിനെപ്പോലെ പോലെ ഞാന്‍ വീണ്ടും വീണ്ടും കൈ കഴുകി കൊണ്ടിരുന്നു.
ഒരായുസ്സ് മുഴുവന്‍ സ്വപ്നങ്ങള്‍ പങ്കു വെച്ചവര്‍, വളര്‍ത്തി വലുതാക്കിയ മക്കള്‍, കൊച്ചുമക്കള്‍...ഇനിയും അവശേഷിക്കുന്ന സ്വപ്‌നങ്ങള്‍. നിനക്ക് 80 കഴിഞ്ഞു. ആവശ്യമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇല്ല. അതിനാല്‍ നിനക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. നിന്റെ അവശേഷിക്കുന്ന സ്വപ്നങ്ങളെ നിന്റെ ഒപ്പം കുഴിച്ചുമൂടുക. ജോണിനോട് മധുരം പുരണ്ട വാക്കുകളില്‍ ഇതൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഭാര്യയോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ ജോണ്‍ ചോദിച്ചു, 'ലോറയ്ക്ക് ഒന്ന് വരാന്‍ പറ്റുമോ, ഒന്നു കാണാന്‍?'
'ഇല്ല' എന്ന് പറയാന്‍ ഞാന്‍ മനസ്സിനെ ബലപ്പെടുത്തി. പക്ഷേ വാക്കുകള്‍ പുറത്തു വന്നില്ല. മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയം ചിലപ്പോള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ഒരു വാക്കും വേണ്ട. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് പരസ്പരം മനസ്സിലാകുന്നു. പറ്റില്ല എന്ന ഉത്തരം എന്റെ തലയുടെ അനക്കത്തിലൂടെ ജോണിന് മനസ്സിലായി. 'മരണമെത്തുന്ന നേരത്തു നീയെന്റെ അരികികിലിത്തിരി നേരമിരിക്കണേ' -എന്ന പാട്ട് മനസ്സിലേക്ക് കടന്നു വന്നു.
ഈ വൃദ്ധന്റെ മനസ്സിലും അതേ ചിന്തയാകാം. ഒരു പക്ഷെ ഇപ്പോള്‍ അയാള്‍ക്ക് കാണാവുന്ന ഏറ്റവും വിലയേറിയ സ്വപ്നം പ്രിയപ്പെട്ടവളുടെ കൈയും പിടിച്ചു , അവളുടെ കണ്ണില്‍ നോക്കി അവസാന യാത്രക്കൊരുങ്ങുക എന്നതാവാം.
ജോണ്‍ ഭാഗ്യവാനാണ്. ഈയൊരു നടക്കാത്ത സ്വപ്നമേ അയാള്‍ക്കുണ്ടാവൂ, കാരണം നല്ല രീതിയില്‍ ജീവിച്ചു കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളും അവര്‍ക്ക് നല്ല ഓര്‍മ്മകളും സമ്മാനിച്ച ശേഷമാണ് ജോണ്‍ പോകാന്‍ ഒരുങ്ങുന്നത്. എന്റെ പ്രിയപ്പെട്ട ഒരു സുഹൃത്തിനോട് ഈയിടെ സംസാരിക്കുമ്പോള്‍ പ്രധാന വിഷയം മരണമായിരുന്നു. തനിയെ മരിക്കുന്ന ആളുകളുടെ കാര്യം ഓര്‍ത്ത് അവള്‍ പറഞ്ഞു: 'എന്തു കഷ്ടമാണ് അല്ലേ ,ആരെയും ഒന്നു കാണാന്‍ പോലും പറ്റാതെ, യാത്ര പറയാന്‍ പോലും പറ്റാതെ തന്നെ ഒരു പോക്ക്. അങ്ങനെ മരിക്കുന്നവരുടെ കാര്യം ഓര്‍ത്തിട്ട് ഒരു വിഷമം'.
ഞാന്‍ അവളോട് പറഞ്ഞു: 'മരിക്കുന്നവര്‍ പോയി. മരിക്കുന്നതിന് മുന്‍പ് അവര്‍ക്ക് വിഷമം ഉണ്ടാകും. പക്ഷേ ജീവിച്ചിരിക്കുന്നവരോ? ഇനിയൊരിക്കലും സ്‌നേഹിക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവില്‍, വീണ ബന്ധങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ പറ്റിയില്ലല്ലോ എന്ന നോവില്‍, നീറിനീറി മരണംപോലൊ തണുത്തുറഞ്ഞ ഒരു ജീവിതം'.
പണ്ടൊക്കെ മരിച്ചാല്‍ ആറടിമണ്ണ് കുറേ കാലത്തേക്കെങ്കിലും സ്വന്തമായിരുന്നു. ഇപ്പോള്‍ സെമിത്തേരിയില്‍ സ്ഥലം തികയാതെ വന്നാല്‍ കൂടെ പോരാന്‍ വേറെ ആളു കാണും. പിന്നെ എന്തിന് യുദ്ധങ്ങള്‍? എന്തിന് ബലാബലങ്ങള്‍? രണ്ട് ദിവസം കഴിഞ്ഞ് ജോണ്‍ മരിച്ചു. വിശദവിവരങ്ങള്‍ തിരക്കാനേ പോയില്ല. കൊറോണ കാലം തുടങ്ങിയതില്‍പ്പിന്നെ നെഞ്ചിലൊരു വേവാണ്. എന്തൊക്കെ വൈകാരിക നിമിഷങ്ങള്‍ ആകും ഓരോ ദിവസവും കാണേണ്ടി വരിക! കാലത്തിന്റെ കണക്കുപുസ്തകത്തില്‍ എനിക്കായി ഇനി എന്തൊക്കെ കുറിമാനങ്ങളുണ്ടാകും! എത്ര തവണ ഞാന്‍ പീലാത്തോസിനെ പോലെ കൈ കഴുകി വേണ്ടിവരും? ഇതൊരു യുദ്ധമാണ്. പഠിച്ച പാഠങ്ങളും ചെയ്യേണ്ടി വരുന്ന കാര്യങ്ങളും തമ്മിലുള്ള യുദ്ധം, നിയമങ്ങളും മനഃസാക്ഷിയും തമ്മിലുള്ള യുദ്ധം.
ആരു ജയിക്കും? നെഞ്ചിലെ നോവ് അടങ്ങാതെ ഇനി ഉറങ്ങാന്‍ ആവില്ല. ഈ നൊമ്പരം ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വേവലാതിയാണ്. 'അമ്മാ , നാളെ ജോലിയുണ്ടോ' എന്ന കിളിക്കൊഞ്ചല്‍ കാതില്‍ പതിഞ്ഞു. 'ഉം' എന്നൊരു മൂളലില്‍ മറുപടിയൊതുക്കി പതിയെ ഞാന്‍ കണ്ണടക്കുകയാണ്, ശാന്തമായ ഒരുറക്കത്തിന് പ്രാര്‍ത്ഥിച്ചു കൊണ്ട്.