വൈറസിനെ മൈക്രോസ്‌കോപ്പിലെങ്കിലും  കാണാം; പ്രവാസിയുടെ ആധികളോ?

By corona days  |  First Published Mar 28, 2020, 5:01 PM IST

'കൊറോണക്കാലം: ലോകമെങ്ങുമുള്ള മലയാളികളുടെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു. യു എ ഇയില്‍നിന്ന് റഫീസ് മാറഞ്ചേരിയുടെ കുറിപ്പ്. 


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.


 

Latest Videos


ഇഷ്ടപ്പെട്ടവരെ കണ്ടുമുട്ടുമ്പോള്‍ പരസ്പരം മൂക്ക് മുട്ടിച്ച് ചുംബിക്കുന്നൊരു രീതി അറബികള്‍ക്കിടയിലുണ്ട്. ഇന്ത്യക്കാരനായ എനിക്ക് അത് കിട്ടാറുള്ളത് നീണ്ട അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കുന്ന നാളിലാണ്. ഒരു മാസത്തെ അവധിക്ക് ശേഷം മാര്‍ച്ച് ആദ്യവാരം ഓഫീസില്‍ ചെന്നപ്പോള്‍ അത് ഹസ്ത ദിനത്തില്‍ ഒതുങ്ങി. വീട്ടിലെ വിശേഷങ്ങള്‍ തിരക്കാറുള്ളവര്‍ ഇത്തവണ കൊറോണ എന്ന പേരും ചേര്‍ത്ത്  നാട്ടിലെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. ചുംബനം കിട്ടാത്തതൊഴിച്ച്  വൈറസ് ബാധയെ കുറിച്ചുള്ള വലിയ രീതിയിലുള്ള ഒരു ജാഗ്രതയോ കരുതലോ  ആരിലും കണ്ടില്ല. ദൂരെ നടക്കുന്നതൊക്കെ എല്ലാവര്‍ക്കും വെറും വാര്‍ത്തകള്‍ മാത്രമാണല്ലോ!

പക്ഷേ സ്ഥിതിഗതികള്‍ മാറിമറിഞ്ഞത് ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ്. ഈ രാജ്യത്തും  പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, വാര്‍ത്താ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും   സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ അറിയിച്ചതോടെ ഹസ്തദാനത്തിനു പകരം കയ്യുയര്‍ത്തിയുള്ള അഭിവാദ്യങ്ങള്‍ മാത്രമായി. പുറമെ നിന്നുള്ള സന്ദര്‍ശകരെ പേടിയോടെ കണ്ടു തുടങ്ങി. ഓഫീസിലെ പഞ്ചിംഗ് ഫിംഗറില്‍ നിന്നും കാര്‍ഡിലേക്ക് മാറി. ടോയ്ലറ്റിന് സമീപം മാത്രം സ്ഥാപിച്ചിരുന്ന ഹാന്‍ഡ് സാനിറ്റേഷന്‍ ഡിസ്‌പെന്‌സറുകള്‍ മറ്റു പലയിടങ്ങളിലും കൂടി വ്യാപിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളുടെ കവാടങ്ങളിലും മറ്റു കടകളിലുമൊക്കെ സാനിറ്റേഷനൊപ്പം  കൈകള്‍ വൃത്തിയാക്കാനുള്ളതും  സാമൂഹിക അകലം പാലിക്കാനുമുള്ള അറിയിപ്പുകള്‍ വന്നു.

പനി ജലദോഷം തുടങ്ങിയ സാംക്രമിക രോഗങ്ങളുള്ളവര്‍ മാത്രം നിര്‍ബന്ധമായി  മാസ്‌ക്  ഉപയോഗിച്ചാല്‍  മതിയെന്ന അറിയിപ്പ് വന്നെങ്കിലും ഭയചകിതമായ കണ്ണുകള്‍ മാത്രം സ്വതന്ത്രമാക്കി ബഹുഭൂരിപക്ഷവും മാസ്‌ക് ധരിച്ചു. കയ്യുറ കൂടി ധരിച്ച് ചിലരൊക്കെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. തുമ്മലിന്റെയും ചുമയുടെയും മുരടനക്കത്തിന്റേയും  ചെറിയ ശബ്ദം പോലും ചുറ്റിലുമുള്ളവരെയൊക്കെ അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അപായ സൈറണായി മാറി. ഇരുന്ന് കഴിക്കാന്‍ പറ്റില്ലെങ്കിലും ഹോട്ടലുകളില്‍ പാഴ്സല്‍ സേവനവും ഹോം ഡെലിവറിയും അനുവദിക്കുമെന്നും ഗ്രോസറിയും സൂപ്പര്‍മാര്‍ക്കറ്റുമൊക്കെ സദാസമയവും തുറന്നിരിക്കുമെന്നും അധികൃതര്‍ അറിയിച്ചെങ്കിലും ജനതാ കര്‍ഫ്യു തലേന്ന് നമ്മുടെ നാട്ടില്‍ സംഭവിച്ച പോലെ ആളുകള്‍ കൂടുതലെത്തിയപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍  അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു.

ഒമ്പത് പേര്‍ക്ക് സുഖമായി നില്‍ക്കാന്‍ കഴിയുമെങ്കിലും താമസ സ്ഥലത്തെ ലിഫ്റ്റില്‍ നാലില്‍ കൂടുതലായി ആരും കയറിയില്ല. സാധാരണ തിരക്ക് കൂട്ടാറുള്ള പലരും അടുത്തതില്‍ കയറാം എന്ന് സ്വയം തീരുമാനമെടുത്ത് മാറി നിന്നു. വൈറ്റ് കോളര്‍ ജോലിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കിയെങ്കിലും അടിസ്ഥാന മേഖലയിലെ തൊഴിലാളികള്‍ക്ക് വൈറസിനെയും നാട്ടില്‍ കാത്തിരിക്കുന്ന വയറുകളെയും പരിഗണിക്കേണ്ടി വന്നു. മാങ്ങയും ചക്കയും രുചിച്ചും തൊടിയിലെ ഇലകള്‍ കൊണ്ട് കറിയുണ്ടാക്കി ചോറുണ്ട് പുറം കാറ്റേറ്റ് ഉമ്മറത്ത് കാലുനീട്ടിയിരിക്കാനുള്ള സ്വപ്നവും അവര്‍ നിവര്‍ന്നിരുന്നാല്‍ തലമുട്ടുന്ന കട്ടിലിലിലിരുന്ന് നെടുവീര്‍പ്പിടുന്നുണ്ട്.

അണമുറിയാതെ വാഹനങ്ങള്‍ കടന്നുപോയിരുന്ന നിരത്തുകള്‍ പകല്‍ സമയങ്ങളിലും ശാന്തം. കാല്‍ നട യാത്രക്കാര്‍ക്കുള്ള സിഗ്‌നല്‍ വെളിച്ചങ്ങള്‍ കാണാനാളില്ലാതെ മിന്നിത്തെളിയുന്നത് ചരിത്രത്തിലാദ്യമായിരിക്കും.വ്യോമ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചതോടെ എല്ലാവരിലും  നെഞ്ചിടിപ്പേറി.. കട്ടിലിനടിയില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനായി വാങ്ങി വെച്ചവയും ഇനിയെന്ന് എന്ന ചോദ്യം പേറി ടിക്കറ്റും പാസ്പോര്‍ട്ടും അവരെ നോക്കി വിതുമ്പി. കുടുംബത്തിലെ വിവാഹം, മറ്റു വിശേഷ ചടങ്ങുകള്‍ അങ്ങിനെ കണ്ടുകൂട്ടിയ അവധി ആഘോഷത്തിന്റെ  സ്വപ്നങ്ങളെല്ലാം അവിടെയും ഇവിടെയും എന്നുമെപ്പോഴും  സുരക്ഷിതരായിരിക്കുക എന്ന കരുതലിലേക്ക് മാറ്റിവെക്കപ്പെട്ടു. രാജ ഭരണമുള്ള നാട്ടില്‍ നിയമം പാലിച്ചവര്‍ ജനാധിപത്യ ഭരണമുള്ള സ്വന്തം നാട്ടിലെത്തിയപ്പോള്‍ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചു. നാട്ടില്‍ പോയവരില്‍ ചിലര്‍ സുരക്ഷാ മാനദണ്ഡം ലംഘിച്ച് നിരീക്ഷണത്തില്‍ കഴിയാതിരുന്നതിന്റെ പാപഭാരം കൂടി പ്രവാസിക്ക് ചാര്‍ത്തിക്കിട്ടി.

വിസ തീര്‍ന്നവര്‍ക്കും യാത്ര മുടങ്ങിയവര്‍ക്കും മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്കുമൊക്കെ യു.എ.ഇ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വെള്ളവും ഭക്ഷണവുമൊക്കെ ലഭ്യമെങ്കിലും വിവിധ സന്നദ്ധ സംഘടനകളുടെ  സഹായങ്ങളുണ്ടെങ്കിലും നാട്ടിലും ഇവിടെയും കൂടി വരുന്ന പോസിറ്റിവ് റിപ്പോര്‍ട്ടുകള്‍  പ്രവാസിയുടെ ആധിയെയൊട്ടും തണുപ്പിക്കുന്നില്ല. പാര്‍ക്കും ബീച്ചും മാളുകളും അടച്ചെങ്കിലും മുറിയില്‍ തന്നെ കഴിയേണ്ടി വന്നാലും പ്രവാസിയുടെ മനസ്സ് മുഴുവന്‍ നാടാണ്. നാട്ടിലേക്ക് തിരിച്ചുവെച്ച സിസിടിവി കാമറയാണ് ഓരോ പ്രവാസിയുമെന്നത് എത്ര വാസ്തവം! നാടും വീടും വിട്ടവന്റെ ആധിയെന്നാല്‍ അങ്ങിനെയാണ്. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത വൈറസിനെ മൈക്രോസ്‌കോപ്പിലൂടെയെങ്കിലും കാണാം; പക്ഷെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കടലേഴും കടന്നവരുടെ ആധി വാക്കുകള്‍ കൊണ്ടെങ്ങനെ വരയ്ക്കും.

 

കൊറോണക്കാലം കുറിപ്പുകള്‍:
ഒന്നുശ്രമിച്ചാല്‍ സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം
 

click me!