ഒന്നുശ്രമിച്ചാല്‍ സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം

By corona days  |  First Published Mar 27, 2020, 3:41 PM IST

കൊറോണക്കാലം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് അനുഭവക്കുറിപ്പുകള്‍ ആരംഭിക്കുന്നു. ആദ്യ ലക്കത്തില്‍, കവി സീന ശ്രീവല്‍സന്റെ കുറിപ്പ്
 


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Latest Videos

 

ജനുവരിയില്‍, ഇറ്റലിയില്‍ നിന്നുള്ള കവിസുഹൃത്തുമായുള്ള സംഭാഷണത്തിലാണ് കൊവിഡിനെക്കുറിച്ച് ആദ്യപരാമര്‍ശം ഉണ്ടാകുന്നത്. അന്ന് കൊറോണ വൈറസ്  കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപയെ നേരിട്ട നാടാണ്,  ഞങ്ങളുടെ കേരളം  സുരക്ഷിതമാണെന്ന് പറയാന്‍ അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. രണ്ട് മാസങ്ങള്‍ക്കിപ്പുറം ഇന്ത്യ ലോക്ക് ഡൗണില്‍ ആണ്. എന്റെ കൊച്ചു കേരളത്തില്‍ നൂറില്‍പ്പരം രോഗികള്‍ ചികിത്സയിലാണ്.ഒരു കേസുപോലും അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ഇറ്റലിയില്‍ , മരണസംഖ്യ ഉയര്‍ന്ന് ചൈനയെ മറികടന്നിരിക്കുന്നു. എത്ര പെട്ടെന്നാണ് ഒരു കുഞ്ഞുവൈറസ് ലോകത്തെ വിറപ്പിച്ചത്!

പ്രകൃതി ദുരന്തങ്ങളായും മഹാമാരികളായും മനുഷ്യര്‍ തമ്മിലുള്ള യുദ്ധമായും വംശഹത്യകളായും ഇരുണ്ടയിടങ്ങള്‍കൂടി നിറഞ്ഞതാണ് ഇന്നോളമുള്ള മാനവരാശിയുടെ ചരിത്രം. സമാനതകളില്ലാത്ത സങ്കീര്‍ണതകളെ നേരിട്ടും വെല്ലുവിളിച്ചും സമരസപ്പെട്ടുമാണ് മനുഷ്യന്‍ ഇന്ന് കാണുന്ന പുരോഗതികളിലേക്ക് എത്തിച്ചേര്‍ന്നത്.ഇണങ്ങിച്ചേരാനും ഇണക്കിയെടുക്കാനുമുള്ള കഴിവുതന്നെയാണ്  മാനവരാശിയെ നിയന്ത്രിച്ച  ഘടകങ്ങള്‍. കൂടിച്ചേരാനുള്ള അവന്റെ ത്വരയും വിചാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വിവേകത്തോടെ  അവയെ പ്രവൃത്തിയില്‍ കൊണ്ടുവരാനുള്ള  പ്രാപ്തിയും ആശയങ്ങളെ അന്യനിലെത്തിക്കാനുള്ള അവന്റെ അഭിലാഷവുമാണ് മനുഷ്യനെ അടയാളപ്പെടുത്തുന്ന സവിശേഷതകള്‍. ഒരുകൂട്ടം എന്ന നിലയില്‍ വര്‍ത്തിക്കുമ്പോഴും 'ഞാന്‍' എന്ന വ്യക്തിപ്രഭാവത്തെ ചലനാത്മകമാക്കാന്‍ ജൈവികമായ ഒരു പ്രേരണ ഓരോ വ്യക്തിയിലും നിലനില്‍ക്കുന്നതായി അനുഭവപ്പെടും. ആധുനികകാലത്ത്  ആഘോഷങ്ങളെ സ്‌നേഹിച്ച മനുഷ്യന്‍ സാമൂഹ്യ ജീവിയെന്നനിലയില്‍  ജീവിതത്തെ ഉത്സവമാക്കി.ലോകമെമ്പാടും വിവിധ രാജ്യങ്ങളില്‍ നടക്കുന്ന മതപരവും സാമൂഹ്യപരവും സാംസ്‌കാരികപരവും രാഷ്ട്രീയവുമായ ഇത്തരം സംഘം ചേരലുകളിലാണ്  മനുഷ്യനിന്ന് ആഹ്ലാദിക്കുന്നതെന്ന് അത്തരം കൂട്ടങ്ങളെ നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.

വിവിധ രാജ്യങ്ങളില്‍ നടക്കുന്ന കായിക മത്സരങ്ങള്‍, ഫിലിം ഫെസ്റ്റിവലുകള്‍, കാവ്യോത്സവങ്ങള്‍, താരനിശകള്‍ , സംഗീതനൃത്തവാദ്യപ്രദര്‍ശനങ്ങള്‍ എന്നിവയിലെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. വര്‍ദ്ധിച്ചുവരുന്ന ഹോട്ടല്‍, ബാര്‍ , ക്ലബുകളുടെ ശൃംഖലകള്‍ എന്നിവ ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ടതാണ്. തീക്ഷ്ണമായ സമരജ്വാലകളും മനുഷ്യനെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ വിഭിന്നമായ രീതികളിലൂടെ സംഘം ചേര്‍ന്നുതന്നെ  മനുഷ്യന്‍ തന്റെ വിയോജിപ്പുകളും വ്യക്തമാക്കിയതിന് ഇന്ത്യയുടെ വര്‍ത്തമാനം തന്നെ സാക്ഷി. ഈ മനുഷ്യവാസനയെയാണ് കൊറോണ വൈറസ് സംഹരിക്കാനൊരുങ്ങുന്നത്. അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യനെന്ന മഹാശൃംഖല പരസ്പരം ഇഴചേര്‍ന്നു കിടക്കുന്നതിനുള്ള തെളിവാണ് ഈ വൈറസിന്റെ പകര്‍ച്ച. ചൈനയും ഇറ്റലിയും സ്‌പെയിനുംദുബൈയിയും നമ്മുടെ മുറ്റത്തും തൊടിയിലും പാടവരമ്പത്തും റോഡിന്റെ വക്കിലുമുണ്ടെന്ന് മലയാളി തിരിച്ചറിഞ്ഞു കഴിഞ്ഞു. സാമൂഹിക അകലം പാലിക്കുകയല്ലാതെ ഈ വൈറസ്സിനെ പ്രതിരോധിക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന സത്യം അംഗീകരിക്കുകയാണ് സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള ഒരേയൊരു പോംവഴി.

വ്യക്തിശുചിത്വം സാമൂഹികശുചിത്വം പരിസരശുചിത്വം എന്നിവയിലൂടെ നമുക്ക് ഈ രോഗത്തെ തടയിടേണ്ടതുണ്ട്.രോഗമുണ്ടാകുന്നത് കുറ്റമല്ല. രോഗി വെറുക്കപ്പെടേണ്ടവനുമല്ല. തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകര്‍ത്താതിരിക്കാന്‍ നമുക്ക് കഴിയണം. ഉയര്‍ന്ന പൗരബോധം പ്രകടിപ്പിക്കേണ്ട അവസരമാണിത്.സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്.

ശാരീരികമായ അകലം പാലിക്കുന്നതിനോടൊപ്പം  സമ്പര്‍ക്കവിലക്കിന്റെ കാലത്ത്  ഒറ്റപ്പെടലിന്റെ സമ്മര്‍ദ്ദം അതിജീവിക്കാനും സാമൂഹിക ഒരുമ നിലനിര്‍ത്താനും നമുക്ക് കഴിയണം. സമൂഹമാധ്യമങ്ങള്‍ക്ക് ഇക്കാലത്ത് നമ്മെ ഒരുപാട് സഹായിക്കാനാകും.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ താമസിക്കുന്ന കൂട്ടുകാര്‍ കടുത്ത സംഘര്‍ഷങ്ങള്‍ക്കിടയിലും  കൊച്ചു സന്തോഷങ്ങള്‍ പങ്കുവക്കുന്നത് നമുക്ക് ആശ്വാസകരമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഒരു പക്ഷെ കടലുകള്‍ക്കപ്പുറത്താകാം . അകലെയായിരിക്കുമ്പോഴും ആശയ വിനിമയത്തിന്റെ കണ്ണികള്‍ സുദൃഢമാകുന്നിടത്തോളം കാലം അവര്‍ നമുക്ക് തൊട്ടടുത്തുണ്ട്.വിരല്‍ത്തുമ്പില്‍ കേള്‍ക്കാവുന്ന അകലത്തില്‍.
കൊറോണവൈറസ് വ്യാപനം തടയുന്നതിനുള്ള പ്രായോഗിക പാഠങ്ങള്‍ എല്ലാവരിലുമെത്തുന്നതിനും ഈ കൂട്ടായ്മയിലൂടെ കഴിയുന്നു.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  വിനിമയത്തെ പുതിയ പരിപ്രേക്ഷ്യത്തില്‍ വായിക്കാനും തിരുത്തിയെഴുതാനുമുള്ള സാഹചര്യമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.പ്രകൃതി വിഭവങ്ങളെ കരുതലോടെ ഉപയോഗിക്കാനും വിവേകത്തോടെ ജീവിക്കാനും മനുഷ്യനെ ഇണക്കിയെടുക്കാന്‍ ഒരു അവസരം ലഭിച്ചതാകാം.

ശ്രമിച്ചാല്‍  സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം. ഒരുപിടി മണ്ണുണ്ടെങ്കില്‍ എന്തെങ്കിലും നട്ടുവിളയിക്കാം. ഒരു കിളിയുടെ പാട്ടെങ്കിലും കേള്‍ക്കാം. വായിക്കാം വരക്കാം വെറുതെ സ്വപ്നം കണ്ടുമിരിക്കാം. കൈകളുടെ ശുചിത്വം ഉറപ്പുവരുത്തിക്കൊണ്ട്, ശാരീരിക അകലം പാലിച്ചുകൊണ്ട് ഒരു മുറിത്തേങ്ങയോ, ഒരു കഷ്ണം ചക്കയോ, ചുരുങ്ങിയത് നാലു മത്തന്റെഇലയെങ്കിലും മതിലിനപ്പുറത്തെ വീട്ടിലേക്ക് കരുതലോടെ നീട്ടാം. കൂടെയുണ്ടെന്ന്, നമ്മള്‍ അതിജീവിക്കുമെന്ന് പുഞ്ചിരിയോടെ പറയാം.

click me!