അതിജീവനം എന്നാല്‍ എനിക്കവളാണ്, പ്രിയപ്പെട്ട പെണ്‍കുട്ടി...

By corona days  |  First Published Apr 20, 2020, 5:44 PM IST

കൊറോണക്കാലം: അതിജീവനത്തിന്റെ പാതയില്‍.  രസ് ലിയ എം.എസ് എഴുതുന്നു


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Latest Videos

undefined

 

      

ഈ കൊറോണക്കാലത്തിനും എത്രയോ മുമ്പ് ലോക് ഡൗണ്‍ ആയിപ്പോയ ജീവിതങ്ങളെക്കുറിച്ചറിയാമോ? ഏകാന്തതയുടെ, മരവിപ്പിന്റെ തണുത്ത മുറികളില്‍ മരുന്നിന്റെ മണം മാത്രം നുകര്‍ന്ന് ജനലഴികളില്‍ക്കൂടി മാത്രം ജീവിതം കണ്ടവര്‍.

കുട്ടികള്‍ക്ക് മാത്രമായുള്ള ക്യാന്‍സര്‍ വാര്‍ഡില്‍ പതിമൂന്നാം വയസ്സില്‍ അവളുടെ ശൈശവം ബ്രേക്കിട്ടു നിന്നു. അവള്‍ 'എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു. എല്ലാവരോടും നിഷ്ങ്കളങ്കമായി ചിരിച്ച് കാര്യങ്ങളന്വേഷിച്ച്, പാട്ടുപാടി, കളിച്ച് രസിച്ചങ്ങനെ... ചെറിയ പ്രായത്തിലും അന്യന്റെ വേദന മനസ്സിലാക്കാനുള്ളൊരു ദേവചൈതന്യം അവളില്‍ പ്രകടമായിരുന്നു. പൂക്കളോടും കിളികളോടും പുഴകളോടും സംസാരിക്കുമായിരുന്ന അവളൊരു പൂവായിരുന്നു. ദൈവത്തിനുമേറ്റം പ്രlയപ്പെട്ടവളായതുകൊണ്ടാകണം ദൈവം വേദനകള്‍ നല്‍കി അവളെ തന്നിലേക്ക് കൂടുതലടുപ്പിച്ചത്.

ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയതിനുള്ള എന്‍ഡോവ്‌മെന്റ് വാങ്ങി വീട്ടിലേക്ക് വന്നപ്പോള്‍ മീനുവിന് പനിക്കുന്നുണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു. ആ പനിച്ചൂടിന് ജീവിതത്തെ തന്നെ പൊള്ളിക്കാന്‍ പ്രഹര ശേഷിയുണ്ടെന്ന് അന്ന് മനസ്സിലായില്ല. അനിത ഡോക്ടറാണ് ബേബി ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പറഞ്ഞത്.

കുടുംബാംഗങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും അപ്പോഴേക്കും എല്ലാം  മനസ്സിലായിരുന്നിരിക്കണം. എല്ലാരും ചേര്‍ത്ത് അവളെ പതിവിലും സുന്ദരിയായി ഒരുക്കി. നല്ല കട്ടിയുള്ള നീണ്ട മുടി പിന്നിയിട്ടുകെട്ടിയപ്പോള്‍ അമ്മായിയുടെ കണ്ണുനിറഞ്ഞു. പനി മാറി ഞാന്‍ വേഗം വരുമെന്ന് ആ കുരുന്ന് എല്ലാവരെയും ആശ്വസിപ്പിച്ചു. ആ യാത്ര വേദനകളുടേതാണെന്ന് അവളറിഞ്ഞിരുന്നില്ലല്ലോ.

കുഞ്ഞുകൈകളില്‍ ആദ്യമായി സൂചിയിറങ്ങുകയാണ്. വേദന കടിച്ചമര്‍ത്തി അവള്‍ ചിരിക്കയാണ്.. രക്ഷിതാക്കളോട് മാത്രം രോഗാവസ്ഥ പറയാന്‍ വന്ന ഡോക്ടറോട് എനിക്കും അറിയണമെന്ന് ശാഠ്യം പിടിക്കയാണ്. എല്ലാമറിഞ്ഞ് ഒരു പാട് പണച്ചെലവാകുമെന്നറിഞ്ഞപ്പോള്‍ തിരിച്ചു പോകാമെന്നവള്‍  അച്ഛനോട് കെഞ്ചി. അച്ഛനുറച്ചിരുന്നു എന്തുകൊണ്ടും അവളെ വീണ്ടെടുക്കാന്‍. പിന്നീട് ഉള്ളത് ലോക് ഡൗണ്‍ പര്‍വ്വമാണ് .
അസുഖം കൊണ്ട് ലോക്കായിപ്പോയെങ്കിലും ഡൗണാവാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു.

തന്നേക്കാള്‍ ചെറിയ കുഞ്ഞുങ്ങള്‍ക്ക് അവള്‍ ചേച്ചിയായി. ''വാക്കുകള്‍ കൂട്ടി ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ.. ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍'' ഈണത്തിലവള്‍ പാടുകയാണ്. ദീനം വന്ന അനിയത്തിക്കുട്ടിക്ക് വേണ്ടി നീലക്കൊടുവേലി തേടിപ്പോയ ജ്യേഷ്ഠന്റെ കഥ പറഞ്ഞു കൊടുക്കുകയാണ്. എല്ലാവരുടെയും ഉവ്വാവൂ മാറുമെന്ന് പിന്നെയും പിന്നെയും പറഞ്ഞ് സ്വയം അതിജീവിക്കയാണ്. എത്ര തന്നെ ധൈര്യമുള്ളവര്‍ക്കും വേദന കൊണ്ട് പിടയുന്ന ചില നേരങ്ങളുണ്ട്. ദൈവമെന്നെ മാത്രം എന്തിനീ നോവു താണ്ടാന്‍ തെരഞ്ഞെടുത്തു എന്ന് നൊന്തു പിടയുന്ന നേരം'. അവളുടെ രാത്രികള്‍ ദു:ഖത്തിന്റെ ഒപ്പുകടലാസായിരുന്നു. എല്ലാത്തിനും തണലായിരുന്ന അമ്മ കാണാതിരിക്കാന്‍ പകല്‍ അവള്‍ ചിരിച്ചുല്ലസിച്ച് ഒന്നുമില്ലാത്ത പോലെ കനല്‍പ്പൂവായി നിന്നു '

മരണം മണക്കുന്ന ആ തണുത്ത മുറികളില്‍ മൂന്ന് വട്ടം അവള്‍ മൃത്യുവിനെ മുഖാമുഖം കണ്ടു. മരണത്തോടടുക്കുമ്പോള്‍ മനസ്സ് തൂവലുപോല്‍ നേര്‍ത്ത് ഭാരമൊഴിഞ്ഞ് മുന്നില്‍ ഒരു ശൂന്യത മാത്രം ബാക്കിയാകും. ഞാന്‍ ഞാന്‍ എന്ന് കരുതി കലപില കൂട്ടുന്ന മനുഷ്യര്‍ എല്ലാം മറന്ന് ശാന്തമാകും. 'മൃത്യുവിന് മുന്നില്‍ വരൂ പോകാം' എന്ന് പുഞ്ചിരിച്ച് നിന്നതിനാലാവണം അവളുടെ കരം പിടിക്കാതെ മൃത്യദേവന്‍ യാത്രയായത്.എന്നാല്‍ ഇത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് മാത്രം കിട്ടുന്നൊരു ധൈര്യമുണ്ട്. അതിജീവനത്തിന്റെ അമൃതമാണത്.

ഇനിയേതു കടലും അവരൊറ്റക്ക് നീന്തും. വെയില്‍ മുറിച്ച് കടന്ന് ഇരുട്ടിന് കൂട്ടിരിക്കും. ഇന്ന് മാലോകര്‍ കൊറോണയെന്ന വൈറസിന്റെ പിടിയിലാണ്. ക്വാറന്‍ൈറനിലും ലോക് ഡൗണിലും നിയന്ത്രിക്കപ്പെട്ട് ജീവനു വേണ്ടി പോരാടുകയാണ്. ഇത്രയും കാലം 'ഞാന്‍ മനുഷ്യന്‍' എന്നഹങ്കരിച്ച്,  സര്‍വ്വ ചരാചരങ്ങളെയും കൂട്ടിലിട്ട് മെരുക്കി, ഈ ലോകം എന്റേത് മാത്രമെന്ന ഗര്‍വ്വില്‍ നടന്ന മനുഷ്യര്‍ കൂട്ടില്‍ കിടന്ന് പുറത്തെ ജീവലോകത്തെ കാണുകയാണ്. ഞാനെന്തായിരുന്നെന്ന് സ്വയം തിരിച്ചറിയുകയാണ്. ഇത്തിരി അരിമണിക്കും പയറിനും പരിപ്പിനുമുള്ള വിലയറിയുകയാണ്..

പൂഴ്ത്തിവെച്ചും തിന്നു മുടിച്ചും കലവറ നിറച്ച മനുഷ്യന്‍ പങ്കു വെക്കലിന്റെ പാഠം പഠിക്കയാണ്. കൊറോണക്കാലം ഭീതി നിറഞ്ഞതാണെങ്കിലും നമുക്ക് പകരുന്നത് വലിയ പാഠമാണ്. അതിജീവനത്തിന്റെ സ്‌നേഹത്തിന്റെ കരുണയുടെ സ്വയം തിരിച്ചറിയലിന്റെ വലിയ പാഠം.  കൊറോണക്കാലം കടന്നു പോയാലും നമുക്കീ പാഠങ്ങള്‍ മറക്കാതിരിക്കാം. ഇത് ഭൂമിയാണ് ഇവിടെ മനുഷ്യനും സര്‍വ്വ ചരാചരങ്ങളും ഒന്നാണ്..!

click me!