'കൊറോണക്കാലം: ലോകമെങ്ങുമുള്ള മലയാളികളുടെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു. അമേരിക്കയില്‍നിന്ന് അഞ്ജലി ദിലീപ് എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാത്രിയില്‍ ഉറക്കം വരാറില്ല. കണ്ണടയ്ക്കുമ്പോള്‍ സിനിമാ റീല് പോലെ വരിവരിയായി മുന്നില്‍ വന്നുപോകുന്ന നിരവധി ചിത്രങ്ങള്‍. ബുള്ളറ്റ് ട്രെയിന്‍ പോലെ വേഗത്തില്‍ മുകളിലേക്ക് കുതിക്കുന്ന മരണ സംഖ്യ. വെളുപ്പിന് അഞ്ചിന് എഴുന്നേറ്റു പാതി ചാരിയിട്ടിരിക്കുന്ന ജനല്‍ വഴി പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത് നിര്‍ത്തിയിട്ടിരിക്കുന്ന കൂറ്റന്‍ ട്രക്കുകളാണ് എന്ന പറഞ്ഞ ഡോക്ടറുടെ മുഖം; ശവശരീരങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം തികയാത്ത മോര്‍ച്ചറികള്‍ക്കു പകരം ഫ്രീസറുകള്‍ ഘടിപ്പിച്ച കൂറ്റന്‍ ട്രക്കുകള്‍. അഞ്ചും ആറും മണിക്കൂര്‍ ടെസ്റ്റ് ചെയ്യാനായി മാത്രം ക്യുവില്‍ നില്‍ക്കുന്ന ആളുകള്‍. വേദന സഹിക്കാന്‍ വയ്യാതെ അലറിക്കരയുന്ന മനുഷ്യര്‍. ഓരോ ശ്വാസവും അതെടുക്കുന്ന ഓരോ നിമിഷവും പ്രിയപ്പെട്ടതാണെന്നോര്‍മിപ്പിക്കുന്ന നേര്‍ക്കാഴ്ചകള്‍. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളുടെ അനുഭവ സാക്ഷ്യങ്ങള്‍. അങ്ങനെ പലവിധം, എണ്ണിയാലും പറഞ്ഞാലും തീരാത്തവ.
ഓര്‍മയിലൊന്നും ഇതുപോലൊരു കാലമില്ല. അച്ഛനോ അമ്മയോ ഒരു സാംക്രമിക രോഗത്തിന്റെയും കഥകള്‍ പറഞ്ഞതായി ഓര്‍മയില്ല. അവര്‍ അനുഭവിച്ചിട്ടും ഇല്ല. ആകെ അറിയാവുന്നതു ചൂടുപനിയും മഞ്ഞപ്പിത്തവും ആണ്. എനിക്ക് കിട്ടിയിട്ടുള്ളത് രണ്ടു വയസില്‍ ബാധിച്ച ചൂടുപനി മാത്രമാണ . അത് വീട്ടില്‍ എല്ലാവക്കും കൊടുത്തിട്ടും ഉണ്ട്. കൊറോണ ഇതൊന്നുമല്ല. മനുഷ്യനെ മൊത്തമായി വിഴുങ്ങുന്ന മഹാവിപത്ത്. അമേരിക്കയെന്നോ ഇംഗ്‌ളണ്ട് എന്നോ വികസ്വര രാജ്യമെന്നോ വികസിത രാജ്യമെന്നോ ദരിദ്രരാജ്യമെന്നോ വ്യത്യാസമില്ലാത്ത മഹാമാരി.
കോവിഡ് -19 ന്റെ എപിസെന്റര്‍ ആയ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും 70 മൈല്‍ അകലെയാണ് ഞങ്ങളുടെ താമസം. ഞാനിതെഴുതുമ്പോള്‍ ഞങ്ങളുടെ കൗണ്ടിയില്‍തന്നെ (നമ്മുടെ ജില്ല പോലെ) മരണം 25 കഴിഞ്ഞു. (അമേരിക്കയിലെ മൊത്തം കാര്യങ്ങളും ന്യൂയോര്‍ക്ക് സംസ്ഥാനത്തെ കാര്യവും മാത്രം നിങ്ങള്‍ അറിയുന്നുണ്ടാകും) സമീപത്തെ ആശുപത്രികളിലൊക്കെയും ധാരാളം കൊറോണ ബാധിതര്‍ ഉണ്ട്. അവിടെ നടക്കുന്ന സംഭവങ്ങള്‍ ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളില്‍ നിന്നും അറിയാറുമുണ്ട്. പേടിയും അനുകമ്പയും സഹതാപവും ഒക്കെ ജനിപ്പിക്കുന്നവ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് നഴ്‌സ്മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും ചെയ്യുന്ന സേവനങ്ങളെ നമ്മള്‍ തലകുനിച്ചു ബഹുമാനിക്കേണ്ടത്.
രണ്ടാഴ്ചകൊണ്ട് ഞങ്ങളുടെ ജീവിതം വല്ലാതെ മാറിയിരിക്കുന്നു. യാത്രാ നിബന്ധനകള്‍ വലിയ കാര്യമായി ഇല്ലാഞ്ഞിട്ടും വീടിനു വെളിയില്‍ ഇറങ്ങിയിട്ടില്ല. ആസ്ത്മ അലട്ടുന്നതിനാല്‍ പുറത്തു പോകാന്‍ പേടിയാണ്. പുതിയതായി തുടങ്ങുന്ന ജോലിയില്‍ എങ്ങനെ പ്രവേശിക്കും എന്ന ആശങ്ക ഉണ്ട്. എവിടെനിന്നാണ് എപ്പോഴാണ് അസുഖം കിട്ടുക എന്നറിയില്ല. അസുഖം വന്നുപോയാല്‍ രണ്ടു കുട്ടികളടങ്ങുന്ന നാലുപേരുടെ കുടുംബം വല്ലാത്തൊരു അവസ്ഥയിലാകും. പുറത്തു നിന്നൊരാള്‍ക്കു വീട്ടിലേക്കു വന്നു ചെറിയ സഹായങ്ങള്‍ ചെയ്തു തരാനുള്ള സാഹചര്യം പോലുമില്ല.
കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ സെപ്റ്റംബറില്‍ തീരുന്ന അവരുടെ അധ്യയനവര്‍ഷം ഇനി ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. ഓണ്‍ലൈന്‍ അധ്യയനം ഏപ്രില്‍ ആദ്യവാരം തുടങ്ങുന്നുണ്ട്. എത്രമാത്രം വിജയം ആകുമെന്ന് കാണേണ്ടിയിരിക്കുന്നു.വീട്ടിനുള്ളിലാണെങ്കിലും ഞങ്ങളും പൊരുതുന്നുണ്ട്, ഈ കാണപ്പെടാത്ത ശത്രുവിനെതിരെ. ഇടയ്ക്കിടെ കൈകഴുകിയും കുട്ടികളെ കൈ കഴുകാന്‍ പ്രേരിപ്പിച്ചും, ഓണ്‍ലൈനില്‍ വരുന്ന ആവശ്യ വസ്തുക്കള്‍ സാനിറ്റൈസിങ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കിയും,പുറത്തു നിന്നും വരുന്ന എന്തും കൈയ്യുറ ഉപയോഗിച്ച് മാത്രം കൈകാര്യം ചെയ്തും ഓരോ ദിവസങ്ങള്‍ കടന്നു പോകുന്നു.
എല്ലാ അനുഭവങ്ങളും ചരിത്രം ആകേണ്ടതാണ്. എല്ലാം എഴുതി വയ്ക്കേണ്ടവയും. ഇവ ചരിത്രത്തിന്റെ ഭാഗമാവേണ്ടതാണ്. മനുഷ്യനുള്ളിടത്തോളം കാലം. എന്റെ മാത്രം അനുഭവങ്ങള്‍ അല്ല ഇത്. എല്ലാവരുടേതും ആണ്. പാവപ്പെട്ടവനും പണക്കാരനും എല്ലാം ഒന്നിച്ചു അനുഭവിക്കുന്നത്. അതിജീവനത്തിനായി ഒന്നിച്ചു കൈകോര്‍ക്കുന്ന മനുഷ്യരാശിയുടേത്. എഴുതിയതിലും പതിന്‍മടങ്ങ് എഴുതാത്തതായി ഉണ്ട്
ഇനിയും ഇങ്ങനെ എത്ര മാസങ്ങള്‍ എന്ന് മാത്രമേ ഇപ്പോള്‍ ഓര്‍ക്കാറുള്ളൂ, അതിനെ ഞാന്‍ അതിജീവിക്കുമോ എന്നും.
'കൊറോണക്കാലം' കുറിപ്പുകള്‍:
സീനാ ശ്രീവല്‍സന്‍: ഒന്നുശ്രമിച്ചാല്‍ സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം
റഫീസ് മാറഞ്ചേരി: വൈറസിനെ മൈക്രോസ്‌കോപ്പിലെങ്കിലും കാണാം; പ്രവാസിയുടെ ആധികളോ?
ഡോ. ഹസ്‌നത്ത് സൈബിന്‍: കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ
സമീര്‍ ചെങ്ങമ്പള്ളി: ഇവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയായിരുന്നു സൗദിയിലെ ആദ്യ കൊവിഡ് രോഗി