ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിപ്പുകാരുടെ ചില പരീക്ഷണങ്ങളും മാസ്ക്കും

By Web Team  |  First Published Apr 2, 2020, 4:23 PM IST

'കൊറോണക്കാലം: ലോകമെങ്ങുമുള്ള മലയാളികളുടെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു.നദീര്‍ കടവത്തൂര്‍ എഴുതുന്നു.


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

Latest Videos

 

കൊറോണാ വ്യാപനമുണ്ടായതോടെ വില കൂടിയ വസ്തുക്കളിലൊന്നാണ് മാസ്‌ക്കുകള്‍. പല്ല് കാണിക്കാന്‍ പോകുമ്പോള്‍ വായ്‌നാറ്റമുണ്ടാവാതിരിക്കാന്‍ ഡോക്ടര്‍മാരിടുന്ന മാസ്‌ക്കുകള്‍ മാത്രമല്ല മാസ്‌ക്കുകളെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്‍ 95, പി2 മാസ്‌ക്ക് തുടങ്ങി തോക്കുകളുടെ പേരുപോലെ വലിയ പേരൊക്കെയായി പാരമ്പര്യമുള്ള കുടുംബമാണ് മാസ്‌ക്ക് കുടുംബം. 

കൊറോണ വായുവിലൂടെ പടരുമെന്ന വ്യാജപ്രചരണം ഒക്കെ ഉണ്ടായതു കൊണ്ടാവാം കേരളത്തില്‍ ആദ്യ കൊറോണാ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടനെത്തന്നെ ഒരുപാടാളുകള്‍ മാസ്‌ക്കെടുത്തണിഞ്ഞത്. ആളുകളില്‍ ഭീതി ജനിപ്പിക്കാന്‍ ഇത് കാരണമായിട്ടുണ്ട്.

വീട്ടില്‍ ലോക്ക് ഡൗണിലാവുന്നതിനു മുമ്പ് കോഴിക്കോട് ഹോസ്റ്റലില്‍ ആയിരുന്നു. ഞങ്ങള്‍ രണ്ടുമൂന്നു പേര്‍ മാത്രമേ ഹോസ്റ്റലിലുള്ളൂ. ബാക്കിയെല്ലാവരും വീടു പിടിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ മുറ്റത്തു നിന്ന് വെട്ടി വെച്ച ഒരു കുല പഴം കേടു വന്ന് വീഴാന്‍ തുടങ്ങിയപ്പോള്‍ അത് ഷാര്‍ജാ ഷെയ്ക്ക് ആക്കി മാറ്റാന്‍ തീരുമാനിച്ചു. പാലൊക്കെ വാങ്ങി നല്ല ഷാര്‍ജാ ഷെയ്ക്ക് ഉണ്ടാക്കാന്‍ തുടങ്ങി. ഞങ്ങള്‍ മാത്രം കുടിച്ചാല്‍ തീരില്ല എന്നതു കൊണ്ട് ഹോസ്റ്റലിനടുത്തുള്ള ഒരു സുഹൃത്തിനെയും വിളിച്ചിരുന്നു.

ജ്യൂസ് ഉണ്ടാക്കുന്നതിനിടയിലാണ് കൂടെ റൂമിലുള്ള സുഹൃത്ത് അവന്റെ കൈയ്യിലുള്ള മാസ്‌ക്കുകള്‍ കാണിച്ചു തരുന്നത്. അവന്‍ മാസ്‌ക്ക് ഇട്ട് കണ്ണാടി നോക്കുന്നുണ്ട്. ഞാനും ഒന്ന് വാങ്ങി ധരിച്ചു. മാസ്‌ക്ക് ഇട്ട് കാണാന്‍ ഭംഗിയുണ്ടോ എന്ന് നോക്കാമല്ലോ. ഈ സമയത്താണ് ജ്യുസ് കുടിക്കാന്‍ വിളിച്ചു വരുത്തിയ സുഹൃത്ത് കയറി വരുന്നത്. മാസ്‌ക്കൊക്കെ ധരിച്ച ഞങ്ങളുടെ നില്‍പ്പ് കണ്ട് അവനൊന്ന് അന്ധാളിച്ചു. അവന്‍ ഞങ്ങളില്‍ നിന്ന് ദൂരെയായി നിന്നു. ഞങ്ങള്‍ അടുത്തേക്ക് ചെന്നതും അവന്‍ പുറകോട്ടോടി. ചുരുക്കത്തില്‍ അന്ന് ജ്യൂസ് കുടിക്കതെ അവന്‍ സ്ഥലം കാലിയാക്കി.

കൊറോണാ വ്യാപനം അധികമാവുകയും ഇന്ത്യ അടച്ചു പൂട്ടുകയും ചെയ്തതോടെ പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിക്കാന്‍ തുടങ്ങി. ഇത് വിവിധ രൂപത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട് ആളുകള്‍. ഇന്നലെ ഒരു സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തിരുന്നു. ടവ്വല്‍ കൊണ്ട് മുഖം മറച്ചാണ് അവന്‍ സംസാരിക്കുന്നത്.
''ഇതെന്തേ മാസ്‌ക്ക് ഒക്കെ ഇട്ട്?'' ഞാന്‍ ചോദിച്ചു.
''വെറുതെ'' അവന്റെ മറുപടി
''ഫോണിലൂടെ കൊറോണ പകരൂല ചെങ്ങായീ'' ഞാന്‍ പറഞ്ഞു.
''അതെനിക്ക് അറിയാം. ഇത് വെറുതെ'' അവന്‍ ഒരു ഇളിഞ്ഞ ചിരി.
അതങ്ങനെ പോയി. 

ഇന്നലെ എളാപ്പയുടെ മകന്‍ വീട്ടില്‍ വന്നിരുന്നു. അവനും ടവ്വല്‍ കൊണ്ട് മുഖം കെട്ടിയിട്ടുണ്ട്. ഇന്നലെയൊക്കെ മുഖം കെട്ടാതെ വന്ന അവന്‍ ഇന്ന് പെട്ടെന്നൊരു മുഖം മറക്കല്‍.
''എന്ത് പറ്റിയെടാ'' ഞാന്‍ ചോദിച്ചു
''ഗോ കൊറോണ ഗോ...'' അവനും ചിരിച്ച് മറുപടി പറഞ്ഞ് വിഷയം മാറ്റി.

താടിയും മീശയുമൊക്കെ എടുത്ത് പ്രായം കുറഞ്ഞ മുഖവുമായി ഇന്‍സ്റ്റഗ്രാമില്‍ പുതിയ സ്റ്റാറ്റസുകള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയപ്പോഴാണ് കാര്യം പിടികിട്ടിയത്. കുറേദിവസം ആളുകളൊന്നും കാണാതെ വീട്ടിലിരിക്കാന്‍ കഴിയുമെന്നതിനാല്‍ ഒരുപാട് ആളുകള്‍ താടിയും മീശയുമെല്ലാം എടുത്ത് പരീക്ഷണത്തിലാണ്. ലോക്ക് ഡൗണ്‍ സമയം കൊണ്ടുള്ള ഉപകാരങ്ങളേ.
 
പരീക്ഷിക്കാന്‍ മാത്രം താടിയും മീശയുമൊന്നും ഇല്ലാത്തതിനാല്‍ ലോക്ക് ഡൗണില്‍ വെറുതെ കുത്തിയിരുന്ന് ഇങ്ങനെ എഴുതുകയല്ലാതെ ഞാനെന്ത് ചെയ്യാന്‍. മാസ്‌കുകളൊക്കെ അഴിച്ചു വെച്ച് സുന്ദരമായ പുതിയ മുഖവുമായി എല്ലാവരെയും വേഗം നേരിട്ട് കാണുവാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ.

click me!