കൊവിഡിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച രണ്ടു മനുഷ്യര്‍!

By corona days  |  First Published Nov 21, 2020, 4:14 PM IST

കൊറോണക്കാലം. കൊവിഡ് സെന്ററിലെ പ്രണയം. റസിയ സിദ്ദിഖ് എഴുതുന്നു


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

Latest Videos

undefined

 


പ്രിയപ്പെട്ടവരുടെ ആശങ്കകളോടും പിന്‍വിളികളോടും കൈ വീശി, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (CFLTC) ചുമതലയിലേക്ക് നടന്നുകയറുമ്പോള്‍ സമ്മിശ്ര വികാരങ്ങളായിരുന്നു. മഹാമാരിക്കാലത്തു വേണ്ട സാമൂഹ്യ ഉത്തരവാദിത്വവും, അല്‍പ്പം ആവേശവും ചിലപ്പോഴൊക്കെ തല നീട്ടിയ ഭയാശങ്കകളുമെല്ലാം ചേര്‍ന്ന ഒരു മാനസികാവസ്ഥ. പോയി നോക്കാം, എന്നിട്ടാകാം അടുത്ത ചുവട് എന്ന തീരുമാനത്തിലെത്തിയപ്പോഴാണ് സംഭവബഹുലമായ CFLTC കാലത്തിന്റെ തിരശ്ശീല പൊങ്ങിയത്.

പലരും വന്നു പോയി. പോസിറ്റീവിന്റെ ഏകാന്ത തുരുത്തില്‍ ഒറ്റപ്പെട്ടവര്‍, ഒരു സ്‌നേഹം കൊണ്ട് ചേര്‍ത്തുപിടിക്കുന്ന ഒരു സംഘം നല്‍കിയ കൈത്താങ്ങില്‍ ആര്‍ദ്രമാകുന്നത്, കൂട്ടത്തിലൊരുവളായി കണ്ടു നിന്നപ്പോള്‍, മനസ്സിലും നിലാമഴതണുപ്പ്.

ഏതൊക്കെയോ മനുഷ്യര്‍. ഇതുവരെ കാണാത്തവര്‍. ഞങ്ങള്‍ക്കവര്‍, അവിടെയെത്തുന്ന ക്ഷണമാത്രകളില്‍ അടുത്തറിയുന്നവരായി മാറി. അവരുടെ ശ്വാസഗതികളിലെ മാറ്റം പലരാവുകളിലും ഞങ്ങളുടെ ഉറക്കത്തെ അപഹരിച്ചു. ഓരോ ദിവസവും നെഗറ്റീവ് ആകുന്നവര്‍ പരീക്ഷക്ക് വിജയിച്ച ആഹ്ലാദത്തോടെ യാത്ര പറഞ്ഞു പോയി 

പൊള്ളിച്ചു കളയുന്ന ഒരുപാട്  അനുഭവങ്ങള്‍ ഇട മുറിയാതെ പെയ്തു വീണുകൊണ്ടിരുന്നു. ഇടക്ക് പൊട്ടിവീഴുന്ന വേര്‍പാടിന്റെ മുറിപ്പാടുകള്‍. 
മുഖമില്ലാത്ത യാത്രപറച്ചിലുകളുടെ വിങ്ങലും നീറ്റലും. മിഴികളില്‍ തളംകെട്ടി കിടക്കുന്ന നന്ദിയും സ്‌നേഹവും. താങ്ങിയും തലോടിയും
എല്ലാത്തിനും സാക്ഷിയായി ഊര്‍ജ്ജസ്വലരായ കുറെ പോസിറ്റീവ് മനുഷ്യര്‍

അവിടേക്കാണ് അവര്‍ എത്തിച്ചേര്‍ന്നത്. എണ്‍പതുകള്‍ പിന്നിട്ട രണ്ടു പേര്‍. പ്രായാധിക്യം കാരണമുള്ള അപകട സാധ്യത ഒന്നുകൊണ്ട് മാത്രമാണ് മാത്രമാണ് അവര്‍ ഇവിടേക്ക് എത്തിപ്പെട്ടത് .

ഒരാള്‍ മറ്റേയാളുടെ കൈ പിടിച്ചിറക്കി, പതിയെ കൈവരിയില്‍ പിടിച്ച്, സൂക്ഷ്മതയോടെ അകത്തേക്കു കയറി പോയി. അഡ്മിഷന്റെ ഭാഗമായി vitals എടുക്കുമ്പോഴും, വിവരങ്ങള്‍ ചോദിച്ചറിയുമ്പോഴും ഒരാള്‍ മറ്റേയാളുടെ കൈക്കുള്ളിലായിരുന്നു.  രണ്ടു പേര്‍ക്കും  രണ്ടിടത്താണ് ബെഡ് എന്നറിഞ്ഞതു മുതല്‍ അവര്‍ക്ക് സങ്കടം തുടങ്ങി.

രാത്രി ഉറങ്ങുന്നത് വരെ അടുത്തിരിക്കാല്ലോ, അതുവരെ കാണാല്ലോ എന്ന ആശ്വാസവാക്കുകള്‍ പല തവണ ആവര്‍ത്തിച്ചപ്പോള്‍
തെളിച്ചമില്ലാത്ത മൂളലില്‍ അര്‍ദ്ധ സമ്മതം രേഖപ്പെട്ടു.

പിന്നെ പൊരുത്തപ്പെടാനുള്ള ശ്രമങ്ങളായിരുന്നു.  മനസ്സെത്തുന്നിടത്ത് ശരീരം എത്താത്ത പ്രായമായതിനാല്‍ അപരിചിതത്വം അവരെ കീഴടക്കി കൊണ്ടിരുന്നു. അത് വളര്‍ന്നു, വീണു പോകുമോ എന്ന ഭയാശങ്കയായി മാറി.

അതോടെ രണ്ടു പേരും പിരിഞ്ഞിരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമായി. രാവിലെ മുതല്‍ ഒരാള്‍ വന്നു മറ്റേയാളുടെ കിടക്കയില്‍ കാവലും കരുതലുമായി ഇരിക്കുന്നത് കണ്ടപ്പോള്‍  ഒരേ സമയം ആനന്ദവും സങ്കടവും തോന്നി. 

ജീവിതത്തിന്റെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളെ ദശാബ്ദങ്ങളായി ഒന്നിച്ചു പങ്കിട്ടവര്‍ നിസ്സഹായരായി ഇരിക്കുന്ന കാഴ്ച ആരുടേയും ഉള്ളുലച്ചു കളയും.

വീട്ടില്‍ പോകണമെന്ന ആവശ്യം,  ആദ്യമൊക്കെ പരിഗണിക്കാതെ വിട്ടെങ്കിലും, ഓരോ നിമിഷം കഴിയുന്തോറും അത് ഒഴിവാക്കാനാവാത്ത
അത്യാവശ്യമായി മാറി.

എണ്‍പതുകള്‍ പിന്നിട്ട, കൊവിഡ് പോസിറ്റീവ് ആയ രണ്ടു പേര്‍ വീട്ടില്‍ പോകുന്നതിന്റെ അപകടസാധ്യത കൂടുതല്‍ ആയതിനാല്‍ ആദ്യഘട്ടത്തില്‍ അനുമതി നിഷേധിക്കപ്പെട്ടു

അതോടെ അടക്കി പിടിച്ച സങ്കടം, ചെറിയ ചെറിയ പരിഭവം പറച്ചിലിനും, എങ്ങലടികള്‍, പൊട്ടിക്കരച്ചിലിലും എത്തിച്ചേര്‍ന്നു.. ആദ്യമായി സ്‌കൂളില്‍ പോയി ഒറ്റയാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അരക്ഷിതബോധം പോലെ.

പി പിഇ വസ്ത്രം ഇട്ടുള്ള അണച്ചു പിടിക്കലുകളും, ആശ്വാസിപ്പിക്കലും ആവുന്നത്ര നടത്തുന്നുണ്ടെങ്കിലും, സ്പര്‍ശനങ്ങളില്‍  ജീവാംശങ്ങളുടെ അപര്യാപ്തത കൊണ്ടാവും ഒന്നും ഫലത്തില്‍ എത്തിയില്ല. 

ഇന്ന് എത്ര രാത്രിയായാലും വീട്ടില്‍ എത്തിച്ചിരിക്കും എന്ന് ഉറപ്പ് കൊടുത്തു, ഞങ്ങള്‍ ഫോണ്‍ വിളികള്‍ക്ക് തുടക്കമിട്ടു. പോസിറ്റീവ് ആയ ഒരാളെ  വീട്ടിലേക്കു വിടണമെങ്കില്‍ പല തലത്തില്‍ നിന്നുള്ള അനുമതികള്‍ വേണം.

എണ്‍പതിന്റെ റിസ്‌ക് ഉള്ളത് കൊണ്ട് അത്ര എളുപ്പം ഈ അനുമതികള്‍ കിട്ടിയില്ല. പിന്നെ ഓരോരുത്തരെയും ഏറെ ക്ഷമയോടെ സാഹചര്യം പറഞ്ഞു ബോധ്യപെടുത്തിയപ്പോള്‍, അസാധ്യം എന്ന് വിചാരിച്ച അനുമതികള്‍ ഓരോന്നും ലഭിച്ചു തുടങ്ങി. പോസിറ്റീവ് ആണെങ്കില്‍ കൂടി 
ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നത് അനുമതികള്‍ ലഭിക്കുന്നതിന് ഏറെ സഹായകമായി.

ഇത്രയും സ്‌നേഹവും കരുതലുമുള്ള  രണ്ടു പേരുടെ മകനായത് കൊണ്ടാവും, അവരെ ഞാന്‍ നോക്കിക്കൊള്ളാം, ഇങ്ങോട്ട് വിട്ടോളു എന്നൊറ്റ വാക്കിന്റെ കരുതല്‍ ആയിരുന്നു മകന്റെ പ്രതികരണം.

രണ്ട് ജീവനുകള്‍ വേര്‍പെടുത്താന്‍ സാധ്യമാകാത്തവിധം ചേര്‍ന്ന് നില്‍ക്കുന്നത് ഇരുപതുകളിലോ മുപ്പതുകളിലോ അല്ല. അത് എണ്‍പതുകള്‍ക്കു മുകളിലാണ്. പതിറ്റാണ്ടുകളുടെ സ്‌നേഹം കൊണ്ട് ഒരൊറ്റ ഹൃദയമായി മാറി കഴിഞ്ഞിരുന്നവര്‍. അവര്‍ക്ക് കൈ വിടാനാകില്ലല്ലോ...

അതിമൃദുലമായി കൈ കോര്‍ത്തു പിടിച്ചുകൊണ്ട്, എണ്‍പതുകളിലെ ആ പ്രണയം  സെന്ററിന്റെ പടിയിറങ്ങി പോയി.

തുലാമഴപോലെയാണീ CFLTC കാലം. എപ്പോള്‍ വേണമെങ്കിലും ഇരമ്പിയാര്‍ത്തു പെയ്യാം...

 

(ലേഖിക, എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ജീവനക്കാരിയാണ്. ഇപ്പോള്‍ നോര്‍ത്ത് പറവൂര്‍ നഗരസഭയില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റും നഗരസഭയുടെ CFLTC അസിസ്റ്റന്റ് കോഡിനേറ്റര്‍ ആയും ജോലി ചെയ്യുന്നു.)

click me!