മൊബൈല്‍ ശബ്ദിക്കുമ്പോള്‍ അതെടുത്ത് പുറത്തെ കത്തുന്ന വെയിലിലേക്കിറങ്ങും. എല്ലാവര്‍ക്കും വേണ്ടത് തങ്ങളുടേത് സ്വന്തം നാട്ടില്‍നിന്നുള്ള വിളികളാണല്ലോ. വീഡിയോ കാളില്‍ കടലുകള്‍ക്കക്കരെ, വിതുമ്പി നനവു വറ്റാത്ത ഒരു ജോഡി കണ്ണുകള്‍ കാണാമാദ്യം-കൊറോണക്കാലം. കമര്‍ മേലാറ്റൂര്‍ എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം
undefined
മാസങ്ങളായി തടവറസമാനമായ ജീവിതമായിരുന്നു. യാത്രയുടെ ചിട്ടകളെല്ലാം എവിടെയൊക്കെയോ വീണു പോയി. 'വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത' എന്ന പഴയ പ്രയോഗത്തിലെ വെള്ളിയാഴ്ചയുടെ പ്രസക്തി ഇന്നാണ് മനസ്സിലാകുന്നത്. പ്രത്യേകിച്ച് പ്രവാസലോകത്ത്, തന്നില്‍ ഇഞ്ചക്റ്റ് ചെയ്ത ജീവിതശൈലിയുമായി യാന്ത്രികമായി സഞ്ചരിക്കുമ്പോള്‍, വെള്ളിയാഴ്ചത്തെ ഒരു അവധിയും ജുമുഅ നമസ്‌കാരത്തിന്റെ കൂടിച്ചേരലുമാണ് ദിവസത്തെക്കുറിച്ചുള്ള ബോധ്യം നല്‍കുന്നത്.
എട്ടുവര്‍ഷത്തെ പ്രവാസജീവിതത്തിനിടെ ജോലിയില്ലാതെ ഇരുട്ടുമുറിയില്‍, അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടിലാഴ്ന്നു കഴിയുന്നത് ഇതാദ്യമായാണ്. ഇരട്ടക്കട്ടിലുകളുടെ ഞരക്കങ്ങള്‍ അടക്കിയ നിശ്വാസങ്ങള്‍ക്കൊപ്പം വേദനയുടേയും അനിശ്ചിതത്വത്തിന്റെയും ശബ്ദം കൂടിയാവുന്നു.
പുറത്ത് രാത്രിയാണോ പകലാണോ എന്നുപോലും അറിയുന്നത് നമസ്‌കാരത്തിന് അംഗശുദ്ധി വരുത്താന്‍ പുറത്തിറങ്ങുമ്പോള്‍ മാത്രം.
മൊബൈല്‍ ശബ്ദിക്കുമ്പോള്‍ അതെടുത്ത് പുറത്തെ കത്തുന്ന വെയിലിലേക്കിറങ്ങും. എല്ലാവര്‍ക്കും വേണ്ടത് തങ്ങളുടേത് സ്വന്തം നാട്ടില്‍നിന്നുള്ള വിളികളാണല്ലോ. വീഡിയോ കാളില്‍ കടലുകള്‍ക്കക്കരെ, വിതുമ്പി നനവു വറ്റാത്ത ഒരു ജോഡി കണ്ണുകള്‍ കാണാമാദ്യം.
'ന്താണ് ന്നത്തെ സ്ഥിതി?'
ഇന്നലെ പറഞ്ഞതില്‍ നിന്ന്, മിനിഞ്ഞാന്ന് പറഞ്ഞതില്‍ നിന്ന് കൂടിയ സംഖ്യയാണ് പറയാനുണ്ടാവുക, എന്നാലും സൂക്ഷിച്ചുവെച്ചൊരു കള്ളം വാക്കായി പൊഴിഞ്ഞു വീഴും. എല്ലാം ശരിയാവുമെന്ന പതിവു പല്ലവി. മറുപടിയായി ഒരു നെടുവീര്‍പ്പു കൂടി അടര്‍ന്നുവീഴും.
'ഇനി നമ്മള്‍ കാണൂലേ'യെന്ന വിതുമ്പലിന് ഉത്തരമില്ല. കടലുകള്‍ക്ക് മീതെകൂടി ഒരപ്പൂപ്പന്‍ താടി കണക്കെ മനുഷ്യന്‍ തന്റെ അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നിന്ന് ഉതിര്‍ന്നു പാറിനടക്കുകയാണ്.
ഒരു കളിക്കോപ്പുമായി മോന്‍ മൊബൈല്‍ സ്‌ക്രീനിലെത്തുന്നു.
'വാപ്പാ, കൊണോറ കയിഞ്ഞിലേ, ഇനിക്ക് ബാലവാടീപ്പോണം, ജെനി ടീച്ചറുടെ പാട്ട് കേക്കണം.'
കൊണോറ എന്നാണവന്‍ പഠിച്ചു വെച്ചതെങ്കിലും കൊറോണയുടെ ഭീകരത എല്ലാവരേയും പോലെ അവനും മനസ്സിലാക്കിയിരിക്കുന്നു. വീട്ടില്‍ നിന്ന് പുറത്തുപോകുന്നവരെ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കും. പരമാവധി പോകുന്നത് തടയും. അവന്‍ പറയുന്ന ന്യായം 'പൊലീസ് അടിച്ചും' എന്നത് കൂടിയാണ്. പുറത്ത് പോയി വരുമ്പോള്‍ സോപ്പിട്ട് കഴുകീട്ട് കേറിയാല്‍ മതിയെന്നവന്‍ ശഠിക്കുമ്പോഴാണ് തലമുറകള്‍ ഈ ഭീകരാവസ്ഥയെ ഒരേപോലെ മനസ്സിലാക്കി എന്നറിയുന്നത്.
'മോളെവിടെ?'
അവളെ ചോദിക്കുക തന്നെ വേണം. അവള്‍ സ്വന്തം ചുറ്റുപാടുകളെ തേടാനും രൂപപ്പെടുത്തിയെടുക്കാനും പ്രാപ്തയായിട്ടുണ്ട്. സ്‌കൂളിലെ കൂട്ടുകാര്‍, വീട്ടിലെത്തിയാല്‍ അയല്‍പക്കകൂട്ടുകാര്‍, സ്വന്തമായ ഹോംവര്‍ക്കുകള്‍, കളിസാമാനങ്ങള്‍, അങ്ങിനെയങ്ങിനെ. തങ്ങളെ പോറ്റിവളര്‍ത്താന്‍ പ്രവാസഭൂമിയിലേക്ക് യാത്ര പോയ പിതാക്കന്മാരെ തന്റെ ജീവിതത്തിലേക്ക്, രണ്ടുവര്‍ഷത്തിലൊരിക്കല്‍ വലിയ പെട്ടികളില്‍ സമ്മാനങ്ങളുമായി കടന്നുവരുന്ന അതിഥികളായി എഴുതിച്ചേര്‍ക്കുന്ന കുരുന്നുകള്‍. ആ സമ്മാനങ്ങളെല്ലാം അവര്‍ക്ക് നഷ്ടപ്പെട്ട ബാല്യത്തിനുള്ള നഷ്ടപരിഹാരമാണ്. മണല്‍ക്കാടുകളില്‍ പൊടിഞ്ഞുവീണ തങ്ങളുടെ യൗവനകാലത്തിനു വേണ്ടി ഉള്ളിലൊരു പൊള്ളുന്ന ശ്വാസത്തെ തളച്ചിടാനേ അന്നേരം കഴിയൂ.
കൊറോണക്കാലം മകളേയും വീട്ടില്‍ തളച്ചിട്ടിരിക്കുന്നു. അവളുടെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ കരകൗശലപ്രവര്‍ത്തനങ്ങളിലാണ്. ഓരോ ദിവസവും ഉണ്ടാക്കിയ വസ്തുക്കളുടെ ഫോട്ടോ അയച്ച് തരുന്നു. അത് സ്റ്റാറ്റസാക്കി വെക്കാനുള്ള വാട്‌സപ്പ് നമ്പരായിട്ടെങ്കിലും കൊറോണക്കാലം പല പിതാക്കന്മാര്‍ക്കും സന്തോഷമാകുന്നു.
ചൈനയില്‍ നിന്നും ലോകമെമ്പാടും പടര്‍ന്ന കൊറോണ സത്യത്തില്‍ കാലത്തിനു നടുവില്‍ ഒരു അടയാളപ്പെടുത്തലായി അവശേഷിക്കുമായിരിക്കും; കൊറോണയ്ക്ക് മുമ്പ്, ശേഷം എന്നിങ്ങനെ. അത് വ്യക്തമായി ഫീല്‍ ചെയ്യുന്നത് തീര്‍ച്ചയായുമൊരു പ്രവാസിക്കായിരിക്കും.
'കമറൂ..'
ഇരുട്ടില്‍ വിളിയൊച്ച കേട്ട ഭാഗത്ത് മൊബൈലിന്റെ വെട്ടത്തില്‍ രണ്ടു തുള്ളി കണ്ണുനീര്‍ തിളങ്ങുന്ന മുഖം.
'എന്താ നൗഫല്‍..!'
'ഇല്ല, ഇന്നും കിട്ടിയില്ല. ഇനി വരട്ടെ, എല്ലാരും സഹായം ചോദിച്ച്, ആര്‍ക്കും ഒന്നും കൊടുക്കില്ല.'-അമര്‍ഷം തൊണ്ടയില്‍ കുരുങ്ങിയ സങ്കടങ്ങളെ പൊടിച്ചുകളഞ്ഞ ശബ്ദം.
നൗഫലിന്റേത് വലിയ വീടാണ്. പ്രവാസം തുടങ്ങിയിട്ടൊരു വ്യാഴവട്ടം കഴിഞ്ഞു. ഉള്ളതെല്ലാം പെറുക്കി വലിയൊരു വീട് വെച്ചു. ഭാവിയിലേക്ക് ഒരുപാട് സ്വപ്നങ്ങള്‍ കൂടി ഉണ്ടായിരുന്നു നൗഫലിന്.
കൊറോണ നാടിനെ ഗ്രസിച്ചിട്ട് മാസങ്ങളല്ലേ ആയുള്ളൂ. അതിനു മുമ്പൊക്കെ എന്തുമാത്രം ഫോണ്‍കാളുകളാണ് വന്നിരുന്നത്, നാട്ടില്‍ നിന്ന്. മക്കളുടെ കല്യാണം, പ്രസവം, ഹോസ്പിറ്റല്‍ ആവശ്യം, നാട്ടിലൊരാള്‍ക്ക് വീടു വെച്ചുകൊടുക്കല്‍, ഗൃഹപ്രവേശം, അങ്ങനെ ഓരോ കാള്‍ വരുമ്പോഴും തന്റെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴുമെല്ലാം സന്തോഷവും സംതൃപ്തിയുമായിരുന്നു. തന്റെ നാടിന്റെ നെടുംതൂണാണ് താന്‍ എന്നൊരു അഭിമാനം ഓരോ പ്രവാസിക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് പ്രവാസിക്കും കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണൊലിച്ചു തുടങ്ങിയിരിക്കുന്നു.
എല്ലാ പ്രദേശങ്ങളും കൊറോണ കയ്യടക്കിത്തുടങ്ങി. കമ്പനികള്‍ ജോലി മതിയാക്കി മുറിയിലിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗവണ്മെന്റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തെരുവുകള്‍ നിശ്ചലമായി. പതിയെ വര്‍ക്ക് അറ്റ് ഹോം എന്ന രീതിയിലേക്കും പിന്നീട് പൂര്‍ണ്ണമായും ജോലിയില്ലാത്ത അവസ്ഥയിലേക്കും മാറി.
ഫ്രീ വിസയില്‍ വന്നവരാണ് ഏറെ പ്രശ്‌നത്തിലായത്. കമ്പനിജോലിക്കാര്‍ക്ക് താമസവും ഭക്ഷണവും കമ്പനി നല്‍കും. പക്ഷേ ഫ്രീവിസയ്ക്ക് വന്ന് അന്നന്നത്തെ അന്നം തേടിയിരുന്നവര്‍ക്ക് റൂം വാടക, ഭക്ഷണം, മരുന്ന് ഒക്കെ താങ്ങാവുന്നതിനുമപ്പുറമായിരുന്നു.
നാട്ടില്‍ ജോലിയില്ലാതെ വീട്ടിലിരിക്കുന്നവരേക്കാള്‍ ദയനീയമായ അവസ്ഥയാണ് ഗള്‍ഫില്‍ നിലനില്‍ക്കുന്നത്. ജോലിയില്ലാത്ത അവസ്ഥയ്ക്ക്പുറമേ നാട്ടിലെ ഉറ്റവരുടെ അവസ്ഥയെന്താവുമെന്ന ചിന്ത, ആകാശനൗകകള്‍ എന്ന് ചലിച്ചുതുടങ്ങുമെന്നും ജന്മനാടിനി കാണാനാവുമോയെന്നുമൊക്കെ പ്രവാസിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്.
'നൗഫല്‍..!' ആശ്വാസ വാക്കുകളൊക്കെ ഏത് ഇരുട്ടിലാണോ ഒളിച്ചുകളിക്കുന്നത്.!
'അവരൊക്കെ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ വീട്ടിലേക്കവര്‍ തിരിഞ്ഞുപോലും നോക്കിയില്ല.'
ലോക്ക്ഡൗണ്‍ തുടങ്ങിയ സമയം മുതല്‍ അവന്റെ ഫോണിലേക്ക് വന്ന കാളുകള്‍ ഒക്കെ സഹായം ചോദിച്ചിട്ടായിരുന്നു. അവസാനം മിനിമം ബാലന്‍സും തീര്‍ന്ന അക്കൗണ്ടുകളുടെ ശൂന്യതയില്‍, ആ വലിയ വീടിന്റെ ജനാല പാതി തുറന്ന്, ഗേറ്റ് കടന്നാരെങ്കിലും ഭക്ഷണക്കിറ്റുമായി വരുമോയെന്നൊരു ജോഡി പ്രതീക്ഷകള്‍ മിഴി പിടച്ചുകൊണ്ടേയിരുന്നു.
ശരിയാണ്, പ്രവാസി വീണുവെന്ന് എല്ലാവരും അറിഞ്ഞുകഴിഞ്ഞോ? അതോ പ്രവാസിയെ കൊറോണ പരത്തുന്ന വൈറസായി സ്ഥീരികരിച്ചുവോ? ഇപ്പോള്‍, സുഖമാണോ എന്ന ഒരു കുശലാന്വേഷണമായിപ്പോലും ഒരു ഫോണ്‍കാള്‍ വരുന്നില്ല. വാട്‌സാപ്പില്‍ ഒരു മെസേജ് പോലും ഒരു സ്‌മൈലി പോലും വരുന്നില്ല.
മുമ്പൊക്കെ നാട്ടിലേക്കു പോകുമ്പോള്‍ ടിക്കറ്റ് കിട്ടിയെന്ന് അനൗണ്‍സ് ചെയ്ത് കഴിഞ്ഞാല്‍ ഫോണ്‍ കാളുകള്‍ തുടങ്ങും. സ്‌പ്രേ, പൗഡര്‍,സോപ്പ്, മൊബൈല്‍ഫോണ്‍, ടാബ്, അങ്ങനെ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാത്ത സന്തോഷങ്ങള്‍! ഫ്‌ലൈറ്റില്‍ അനുവദിച്ചതിലുമധികം സാധനങ്ങള്‍ ഡ്യൂട്ടി കെട്ടിയും കാര്‍ഗോ വഴിയും നാട്ടിലെത്തിക്കും. എയര്‍പോര്‍ട്ടില്‍ വലിയ സ്വീകരണം, നാട്ടിലെത്തിയാല്‍ പെട്ടി പൊട്ടിക്കല്‍, സന്തോഷം കൊണ്ട് വികസിക്കുന്ന മുഖങ്ങള്‍,ആരുടെയെങ്കിലും മുഖത്ത് ദൃശ്യമാകുന്ന വ്യസനങ്ങളെ തനിക്കായ് മാറ്റി വെച്ച സാധനങ്ങള്‍ നല്‍കി പരിഹരിച്ച്, ഒടുക്കം ഒഴിഞ്ഞ കീശയുമായി തിരികെ പോകാനുള്ള കണക്കുകൂട്ടല്‍ തുടങ്ങുകയായി.
പുറത്തിറങ്ങിയാല്‍ എന്നാ വന്നത്, എത്രയാ ലീവ്, എന്നാ പോകുന്നത് എന്നീ മൂന്ന് ചോദ്യങ്ങള്‍ ഈ നാട് തനിക്കുള്ളതല്ലെന്ന് ഉറപ്പിച്ചുകൊണ്ടിരുന്നു. ആ ഇരട്ടക്കട്ടിലിന്റെ ഇടുങ്ങിയ ഇരുട്ടിലെ സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്നിട്ടും പ്രവാസി തന്റെ നാടിനെയാണ് സ്‌നേഹിച്ചത്.
കൊറോണക്കാലം ഒരു പ്രവാസിയെ സംബന്ധിച്ച് ഒരു വലിയ പ്രതിസന്ധിയൊന്നുമല്ല, അതിനപ്പുറം നേരിട്ടവനാണവന്‍. പക്ഷെ ജന്മനാട്ടില്‍ നിന്ന് നേരിട്ട അവഗണന അവനു നല്‍കിയ വേദനയായിരുന്നു ഏറെ വലുത്.
'ഹലോ..'
നെറ്റ്വര്‍ക്ക് ക്ലിയറാവാതെ മുറിഞ്ഞുപോയ കാളുമായി കുഞ്ഞാക്ക വാതില്‍ തുറന്ന് പുറത്തിറങ്ങി. മുപ്പത് വര്‍ഷമായി കുഞ്ഞാക്ക പ്രവാസജീവിതം തുടങ്ങിയിട്ട്. ഓരോ ആവശ്യങ്ങള്‍ മധ്യവയസ്സും കഴിഞ്ഞ് ഈ വാര്‍ദ്ധക്യത്തിലെത്തിച്ചു.
'വീട്ടില്‍ പോയി വാങ്ങിക്കോ. ഞാന്‍ വിളിച്ചുപറയാം..'
'എന്താ കുഞ്ഞാക്കാ' ഫോണ്‍ കട്ട് ചെയ്ത കുഞ്ഞാക്കയോട് ചോദിച്ചു.
'പഞ്ചായത്ത് മെമ്പറാ വിളിച്ചത്. എന്റെ വീടിന്റെ അടുത്ത് ഒരു കോളനിയില്‍ ഭക്ഷണവും ജോലിയുമില്ലാതെ കുറെ കുടുംബങ്ങള്‍. അവര്‍ക്ക് സഹായം ചെയ്യണമെന്ന് പറഞ്ഞ് വിളിച്ചതാ..'
'അതിന് , നിങ്ങള്‍ടെ അക്കൗണ്ട് കാലിയായില്ലേ കുഞ്ഞാക്കാ..'
'അത് കുഴപ്പമില്ല, ഞാന്‍ ഭാര്യയോട് വിളിച്ച് പറഞ്ഞോളാം. ഓള്‍ടെ കയ്യിന്മേല്‍ രണ്ട് വളകള്‍ കിടക്ക്ണുണ്ട്. ഒന്ന് കൊടുത്താല്‍ തല്‍ക്കാലം കാര്യം നടക്കും.'
ഇരുട്ടിലേക്ക് കയറിയതുകൊണ്ട് ആ മുഖം കാണാന്‍ കഴിഞ്ഞില്ല. പക്ഷെ തൊണ്ടയിടറിയ ശബ്ദത്തെ ഒളിക്കാന്‍ ഒരിരുട്ടിനും ആവില്ലല്ലോ.
പുറത്തെല്ലാവരും ചോദിക്കും പ്രവാസി എന്നാണിനി ജീവിക്കാന്‍ പഠിക്കുന്നതെന്ന്. അല്ല , അങ്ങനെയല്ല, പ്രവാസി ഇങ്ങനെ ജീവിക്കാനാണ് പഠിച്ചത്. ഇനിയുമെത്ര ദുരിതങ്ങളില്‍ ഒറ്റപ്പെട്ടാലും പ്രവാസി ഇങ്ങനെയൊക്കെ തന്നെയാണ്. തന്റെ ജന്മനാടിനെ സ്‌നേഹിച്ചും സഹായിച്ചുമങ്ങനെ.
'ഇന്നും ഫ്‌ളൈറ്റിന്റെ വിവരമൊന്നുമായില്ല അല്ലേ..?'
ഏതൊക്കെയോ മൂലകളില്‍ നിന്ന് നെടുവീര്‍പ്പുകളുയര്‍ന്നു.
തങ്ങളുടെ വിയര്‍പ്പില്‍ ഉയര്‍ന്നുപൊങ്ങിയ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പള്ളികള്‍ , ആശുപത്രികള്‍, സമുച്ചയങ്ങള്‍, ഒക്കെ തങ്ങളെ ഉള്‍ക്കൊള്ളാനാവാത്ത വിധം ചെറുതായിപ്പോകാന്‍ ഒരു കൊറോണ വരേണ്ടി വന്നു.
'ഇല്ല , ശരിയാവും. അവര്‍ക്ക് നമ്മെ അങ്ങനെയങ്ങ് തള്ളാനാവുമോ? ലക്ഷക്കണക്കിന് പ്രവാസികളില്ലേ, ഒരു തീരുമാനമാക്കാന്‍ സമയം വേണ്ടേ?'-
ആരെയും ഒറ്റപ്പെടുത്താതെ സമാശ്വാസത്തിന്റെ ഉള്ളറകളിലേക്ക് സ്വയം എരിഞ്ഞടങ്ങും.
ഈ കൊറോണക്കാലവും കടന്നുപോകും. നിശ്ചലമായ വീഥികളെല്ലാം പൂര്‍വ്വസ്ഥിതിയിലാവും. മരുഭൂമിയിലെ എണ്ണക്കിണറുകള്‍ വീണ്ടും ചുരത്തും. വിദേശനാണ്യങ്ങള്‍ വീണ്ടും നാട്ടിലേക്കൊഴുകും. പ്രവാസിയെ മറക്കാത്ത, നെഞ്ചോടണയ്ക്കുന്ന ദിനങ്ങള്‍ വീണ്ടും ആഗതമാകും.
ഈ ദുരിതാവസ്ഥയിലും നാടണയാനാവാതെ ഈ ഇരുട്ടുമുറികളില്‍ നന്മയുടെ വെളിച്ചം സൂക്ഷിച്ച് പ്രവാസികള്‍ കാത്തിരിക്കുന്നത് ഈ പ്രതീക്ഷകള്‍ കൊണ്ടു കൂടിയാണ്.