മരൂഭൂമിയിലെ ക്വാറന്റീന്‍ സെന്റര്‍ . കൊറോണക്കാലം. ജിന്‍സി ബിജു തോമസ് എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം
undefined
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന നഴ്‌സ് ആണ് ഞാന്‍. ഫെബ്രുവരി പകുതിയോടെ കുവൈറ്റില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഹോസ്പിറ്റലുകളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. മാര്‍ച്ച് ആദ്യ ആഴ്ചയോടു കൂടി ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ നിര്‍ത്തിവച്ചു. ഒരു യുദ്ധം തുടങ്ങാന്‍ പോകുന്ന പ്രതീതി. ആരോഗ്യപ്രവര്‍ത്തകരും പോലീസും പട്ടാളവുമെല്ലാം സദാ സന്നദ്ധമായി നില്‍ക്കുന്നു. കേസുകള്‍ ദിനംപ്രതി കൂടി വരുന്നു. പല സ്ഥലങ്ങളിലും കൊവിഡ് ആശുപത്രികള്‍ തുറന്നു. ആരോഗ്യപ്രവര്‍ത്തകരെ ആദ്യമേ പല ഗ്രൂപ്പുകള്‍ ആക്കിയിരുന്നു. കൊവിഡ് ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക പ്രത്യേക താമസസൗകര്യങ്ങള്‍ ഒരുക്കി.
മിനിസ്ട്രി തന്നിരിക്കുന്ന ഹോസ്റ്റലില്‍ ആണ് ഞാന്‍ താമസിക്കുന്നത്. പല ഹോസ്പിറ്റലുകളിലെ സ്റ്റാഫുകള്‍ക്കായി 11 നിലയുള്ള ഒരു കെട്ടിടം. ഓരോ ഫ്‌ളാറ്റിലും മൂന്നുപേര്‍ വീതം. കൊവിഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവര്‍ ആരും ഞങ്ങളുടെ ഹോസ്റ്റലില്‍ ഇല്ല.
ഹോസ്റ്റലും ഹോസ്പിറ്റലും ആയി അങ്ങിനെ ജീവിതം കടന്നു പോയിക്കൊണ്ടിരുന്നു. ക്യാന്‍സര്‍ ഹോസ്പിറ്റലില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത്. വേദനകള്‍ അനുഭവിച്ചു ജീവിക്കുന്ന ഒരുപാടു പ്രവാസ ജീവിതങ്ങള്‍ മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. അതിനാലാവണം, കൊവിഡിനെക്കുറിച്ച് സാവിശേഷമായ ഭയമൊന്നും തോന്നിയില്ല. എങ്കിലും ആദ്യം മുതല്‍ എല്ലാ മുന്‍കരുതലും എടുത്തിരുന്നു .
ഏപ്രില്‍ അവസാന ആഴ്ചയോടുകൂടി ചെറിയ തലവേദനയും ശരീരവേദനയും ചെറിയ പനിയും അനുഭവപ്പെട്ടു. കൊവിഡിന്റെ പ്രാരംഭ ലക്ഷണമാണോ എന്നു സംശയം. പക്ഷെ കൊവിഡ് രോഗികളുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. എങ്കിലും ഹോസ്പിറ്റലില്‍ പോയി. ഡോക്ടര്‍ ആന്റിബയോട്ടിക് തന്നുവിട്ടു. ഒരാഴ്ചയോടുകൂടി രോഗലക്ഷങ്ങള്‍ പതിയെ മാറി തുടങ്ങി. അതിനിടയില്‍ ഹോസ്റ്റലില്‍ ഒന്നു രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്ക് ഐസോലേഷനായി പ്രത്യേക മുറി ഒരുക്കി. പിന്നീട് അവരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സിനു മാത്രമായി ഒരുക്കിയ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റി. ഞങ്ങളുടെ ഹോസ്റ്റലിലുള്ളവര്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍. അവധി കിട്ടിയ സന്തോഷത്തില്‍ അയിരുന്നു ഞങ്ങള്‍. പോലീസ് വണ്ടി ഹോസ്റ്റലിനു മുന്‍പില്‍ കാവല്‍ കിടക്കുന്നു. എങ്ങും പോവാന്‍ പറ്റില്ല. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ല.
ഏപ്രില്‍ അവസാന ആഴ്ചയോടെ റമദാന്‍ ആരംഭിച്ചു. ക്വാറന്റീന്‍ കാരണം മുസ്ലിം സ്റ്റാഫിസ് പുറത്തു പോയി ഒന്നും വാങ്ങിക്കാനോ കഴിക്കാനോ കഴിയാത്ത അവസ്ഥയായി. എന്നാല്‍ കുവൈറ്റ് പോലീസ് എല്ലാ ദിവസവും വൈകുന്നേരം ഭക്ഷണവുമായി വന്നു. രാവിലെ വ്രതമാരംഭിക്കുന്നതിനു മുമ്പേ അവര്‍ എല്ലാ മുറികളിലും ഭക്ഷണപ്പൊതി എത്തിച്ചു. ജാതിയോ മതമോ രാജ്യമോ ഒന്നും അവര്‍ നോക്കിയിരുന്നില്ല.
ഒരാഴ്ച കഴിഞ്ഞു. ഹോസ്റ്റലിലുള്ളവര്‍ക്ക് കൊവിഡ് ടെസ്റ്റ്. പോലീസ് അകമ്പടിയോടെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി. രണ്ടാം ദിവസം റിസള്‍ട്ട് വന്നപ്പോ ഞാനും ഒരു പാക്കിസ്ഥാനി സിസ്റ്ററും മാത്രം പോസിറ്റീവ്. വാര്‍ഡന്‍ വന്നു റിസള്‍ട്ട് പറഞ്ഞപ്പോ ആദ്യം ഒന്നു പേടിച്ചു. എങ്കിലും ലക്ഷണം ഇല്ലാത്തകൊണ്ട് മനസ്സിനെ സമാധാനിപ്പിച്ചു. നാട്ടിലുള്ള ഭര്‍ത്താവിനെ വിവരം അറിയിച്ചു. അദ്ദേഹമെനിക്ക് ധൈര്യം തന്നു. ആര്‍ക്കും രോഗം വരാതിരിക്കാന്‍ സ്വയം ഐസൊലേറ്റ് ആവാനും ഉപദേശിച്ചു. എത്രയും പെട്ടന്ന് തന്നെ ഞാന്‍ ഹോസ്റ്റലിലെ ഐസൊലേഷന്‍ റൂമിലേക്ക് മാറി.
രണ്ടുമുറികള്‍. ഒന്നില്‍, ഞാന്‍. ഇന്ത്യക്കാരി. മറ്റേതില്‍, പാകിസ്താനില്‍നിന്നുള്ള ആ നഴ്‌സ്. നേരത്തെ യാതൊരു പരിചയവും ഇല്ലാത്തവരായിരുന്നു ഞങ്ങള്‍. എന്റെ അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. ഭര്‍ത്താവ് മരിച്ച അവര്‍ നാട്ടിലുള്ള മക്കളെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചു. രണ്ടു മുറികളിലിരുന്ന് ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിച്ചു. പിറ്റേദിവസം ഞങ്ങളെ മിനിസ്ട്രിയുടെ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റി.
മരുഭൂമിയിലെ മണല്‍ പരപ്പുകള്‍ക്കിടയിലായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായുള്ള അല്‍സൗര്‍ ക്വാറന്റീന്‍ സെന്റര്‍. ഓരോ റൂമിനു മുന്‍പിലും ചെറിയ പൂന്തോട്ടം. അവിടെ, മരുഭൂമിയിലെ ചൂടിനെ അതിജീവിച്ചു കൊണ്ട് വിരിഞ്ഞു നില്‍ക്കുന്ന കടലാസു പൂവുകള്‍. എല്ലാ ചെടികളിലും ചെറിയ പൂക്കള്‍.
എല്ലാ സൗകര്യങ്ങളോടും കൂടിയ ഒറ്റമുറിയാണ് ഓരോരുത്തര്‍ക്കുമായി അവിടെ ഒരുക്കിയിരുന്നത്. എല്ലാവരും പോസിറ്റീവ് ആണെങ്കിലും കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാത്തവരാണ്. അതിനാല്‍, ആവശ്യമെങ്കില്‍ മാത്രമേ ഡോകടര്‍മാരും നഴ്‌സുമാരും വരൂ. വൈകുന്നേരം എല്ലാ രോഗികളും മാസ്‌കു വച്ചും അകലം പാലിച്ചും നടക്കാനിറങ്ങും. മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ ഓരോരുത്തരുടെയും വിഷമങ്ങള്‍ അങ്ങിനെ പതിയെ ഇല്ലാതായി കൊണ്ടിരുന്നു .
റൂമില്‍ ഇരുന്നു ഞാന്‍ തന്നെ എന്റെ സമ്പര്‍ക്ക പട്ടിക ഉണ്ടാക്കി. കഴിഞ്ഞ ആഴ്ച സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരെയും വിളിച്ചു പറഞ്ഞു, ഞാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന്. കൂടെ താമസിച്ച രണ്ടു പേരുള്‍പ്പെടെ ഞാനുമായി അടുത്തിടപഴകിയ എല്ലാവരും ക്വാറന്റീനില്‍ ആയി. എന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ടെസ്റ്റ് ചെയ്തപ്പോള്‍, സഹപ്രവര്‍ത്തകയായ ഒരു സ്റ്റാഫ് നേഴ്‌സ് മാത്രമാണ് പോസിറ്റീവ് ആയത്.
14 ദിവസം പെട്ടെന്ന് കടന്നു പോയി. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, സ്‌കൂള്‍ , കോളജ്, ഫാമിലി വാട്ട്‌സാപ്പ് കൂട്ടായ്മകളിലെ കൂട്ടുകാര്‍ എന്നിവരെല്ലാം ഈ നാളുകളില്‍ ഫോണില്‍ ഒപ്പം നിന്നു. ഇവരെല്ലാം പകര്‍ന്നു തന്ന പോസിറ്റീവ് എനര്‍ജി പറഞ്ഞറിയിക്കാന്‍ പറ്റാത്തത് ആണ്. ആരൊക്കെയോ നമ്മോടൊപ്പമുണ്ട് എന്ന ആത്മവിശ്വാസം വലിയൊരു ആയുധമായിരുന്നു. അങ്ങിനെയാണ് ഞാന്‍ കോറോണയെ തോല്‍പ്പിച്ചതും. വീണ്ടും ടെസ്റ്റ് ചെയ്തപ്പോ നെഗറ്റീവ് ആയി. ദൈവത്തിനു നന്ദി.
വീണ്ടും ഹോസ്റ്റലില്‍ തിരിച്ചെത്തി.എങ്കിലും വീണ്ടും 14 ദിവസം വീണ്ടും അവിടെ ക്വാറന്റീനിലായി. അതുകൊണ്ട് വേറേ റൂമില്‍ തന്നെ തുടര്‍ന്നു. അപ്പോഴേക്കും കൊവിഡ് വ്യാപനം അപകടകരമായി വര്‍ദ്ധിച്ചു. ഹോസ്റ്റലിലും ഹോസ്പിറ്റലിലും കുറേ നേഴ്‌സുമാര്‍ പോസിറ്റീവ് ആയി. സ്റ്റാഫ് കുറഞ്ഞതിനാല്‍, രണ്ടാഴ്ച ക്വാറന്റീന്‍ കഴിയുന്നതിനു മുമ്പു തന്നെ ജോലിക്കു പോകാന്‍ ഓര്‍ഡര്‍ വന്നു. നെഗറ്റീവ് ആണെന്ന് ഉറപ്പിക്കാന്‍ ഒന്നു കൂടി ടെസ്റ്റ് ചെയ്തു.
ഡ്യൂട്ടിക്ക് പോയി തുടങ്ങിയതോടെ സ്വന്തം മുറിയിലേക്ക് പോകാനുള്ള അനുവാദം കിട്ടി.പക്ഷെ റൂമില്‍ വന്നപ്പോള്‍ എന്റെ അടുത്ത റൂമിലുള്ള, മറ്റൊരു അറബ് രാജ്യത്തുനിന്നും വന്ന നേഴ്‌സ് ഭയങ്കര ബഹളം. എന്നെ ഫ്‌ളാറ്റില്‍ കയറ്റി വിട്ടതിനാണ് അധികാരികളോടും ഹോസ്റ്റലിലെ മറ്റുള്ളവരോടും അവര്‍ ബഹളം വെച്ചത്. കൊറോണയെക്കാള്‍ വലിയ ദുരന്തം അതാണെന്ന് എനിക്കു അന്ന് മനസ്സിലായി. അവര്‍ കുറച്ചു പ്രായം ഉള്ള സ്ത്രീ ആണ്. അതായിരിക്കണം, അവരുടെ പ്രശ്‌നത്തിനു കാരണമെന്നു തോന്നി. എന്താണെങ്കിലും ഞാന്‍ അവരുമായി അധികം സമ്പര്‍ക്കത്തിന് പോയില്ല. രോഗത്തെ നമുക്ക് ഒറ്റപ്പെടുത്താം. പക്ഷെ രോഗിയെ ഒറ്റപ്പെടുത്തരുത്. അവര്‍ കടന്നു പോകുന്ന മാനസികാവസ്ഥ നാളെ നമ്മളും രോഗി ആകുമ്പോഴേ മനസ്സിലാകൂ.
ഇന്ന് ഞാന്‍ കൊറോണ വാര്‍ഡിലാണ് ജോലി ചെയ്യുന്നത. ക്യാന്‍സറിനൊപ്പം കൊറോണ കൂടി വന്ന പാവം പിടിച്ച കുറച്ചു മനുഷ്യര്‍. അവരുടെ അടുത്തേക്ക് പോകുമ്പോള്‍ ഞാന്‍ അനുഭവങ്ങള്‍ അവരോട് പങ്കുവക്കാറുണ്ട്. മിഴികളില്‍ നിറയുന്ന അശ്രുബിന്ദുക്കള്‍ ആരും കാണാതെ ഉള്ളിലൊതുക്കി വേദനിക്കുന്നവരുടെ ഇടയില്‍ ഒരാളായി, നിസ്സഹായത നിഴലിക്കും മുഖങ്ങളില്‍ പ്രതീക്ഷയുടെ തിരിനാളമായി തെളിയാന്‍ കഴിയുമ്പോള്‍ ഭൂമിയിലെ മാലാഖ ജീവിതം കൃതാര്‍ത്ഥമാകുന്നു.