കേരളത്തിലേക്കൊഴുകിയ കൊവിഡ് രോഗികളെ വിമാനത്താവളങ്ങളില്‍ തിരിച്ചറിഞ്ഞത് ഇങ്ങനെ

By corona days  |  First Published Mar 29, 2020, 5:27 PM IST

'കൊറോണക്കാലം: ലോകമെങ്ങുമുള്ള മലയാളികളുടെ അനുഭവക്കുറിപ്പുകള്‍ തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കൊറോണ ദിനങ്ങളെക്കുറിച്ച് ഡോ.ഹസ്‌നത് സെബിന്‍ എഴുതുന്നു


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.


 

Latest Videos


കാസര്‍കോട്ടെ ആദ്യ രോഗി പോസിറ്റീവ് ആവുന്നതിന്റെ പിറ്റേ ദിവസം മുതലാണ് ആരോഗ്യ വകുപ്പ് എന്നെ കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍  കൊറോണ സ്‌ക്രീനിങ് ഡെസ്‌കില്‍  ഡ്യൂട്ടിക്ക് നിശ്ചയിക്കുന്നത്. ആരോഗ്യ വകുപ്പിലെ അസി. സര്‍ജന്മാരെ ഒന്നിടവിട്ട ദിവസങ്ങളില്‍ റൊട്ടേഷന്‍ ആയാണ് നിയമനം.ഒരു ഡോക്ടര്‍ക്ക് അങ്ങനെ മൂന്ന് ഡ്യൂട്ടികള്‍. എയര്‍പോര്‍ട്ടില്‍ യുപിഎസ്‌സി വഴി നിയമിച്ച ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിന്റെ കൂടെ ഒപ്പം ഉണ്ട്. കൂടാതെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റും ഊര്‍ജ സ്വലരായി ഞങ്ങര്‍ രണ്ട് വിഭാഗങ്ങളോടും ഒപ്പം ചേര്‍ന്നു. 
 
വിമാന യാത്രക്കാര്‍ വന്നിറങ്ങുമ്പോള്‍ തന്നെ അവരെ ബാച്ചുകളായി തിരിക്കും പിന്നെയവരെ ഒരു മീറ്ററില്‍ കൂടുതല്‍ അകലത്തില്‍ നിര്‍ത്തി മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറും മെഡിക്കല്‍  വിദ്യാര്‍ത്ഥികളും രോഗത്തെ പറ്റിയും ക്വാറന്റൈനില്‍ ഇരിക്കേണ്ട ആവശ്യകതയെക്കുറിച്ചു ബോധ്യപ്പെടുത്തും. രാത്രിയെന്നോ  പകലെന്നോ വ്യത്യാസം ഇല്ലാതെ  നിര്‍ബാധം തുടരുന്ന  ഓര്‍മപ്പെടുത്തലുകള്‍. ഞാന്‍ ഡ്യൂട്ടി എടുത്ത ദിവസങ്ങളില്‍ ഡോ.ഷാഹുലും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും അത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ടായിരുന്നു. കാസര്‍കോട്ടെ കോവിഡ് ബാധിതന്‍ ഈ ഉപദേശങ്ങളെല്ലാം കാറ്റില്‍ പറത്തി നാട്ടില്‍ വിലസിയതിന്റെയുംഅയാളുടെ സമ്പര്‍ക്ക ശൃംഖലയെപ്പറ്റിയും മാധ്യമ വാര്‍ത്തകള്‍ വരുന്നതിനു മുമ്പ് തന്നെ ഡോ. ഷാഹുല്‍ ഇക്കാര്യം അവിടിരുന്നു ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു. ഫ്‌ളൈറ്റില്ലാത്ത നട്ടപ്പാതിരാ നേരങ്ങളില്‍, അവിടെയുള്ള രണ്ട് കസേരകളില്‍ ഇരുന്നുറങ്ങി ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, അന്ന് വന്ന രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. 

ഒരു വട്ടം, കാര്യങ്ങളെല്ലാം കേട്ടുവരുന്ന യാത്രക്കാരെ ടെമ്പറേച്ചര്‍ സ്‌ക്രീനിംഗ്  നടത്തുന്നത് ആരോഗ്യ വകുപ്പ് നിയമിക്കുന്ന സ്റ്റാഫ് നേഴ്‌സ് ആണ്. ചില നേരങ്ങളില്‍ ഒന്നിന് പുറകെ ഒന്നായി ഫ്‌ളൈറ്റുകള്‍ വന്നിറങ്ങുമ്പോള്‍ സിസ്റ്റര്‍ തെര്‍മീറ്ററും പിടിച്ചു ദീര്‍ഘനേരം നില്‍പ്പ് തുടരും. അവസാന യാത്രക്കാരന്റെ  താപനില അളന്ന് തിട്ടപ്പെടുത്തുന്നതുവരെ അതു നീളും. 

അത് കഴിഞ്ഞ് യാത്രക്കാരുടെ സമ്പര്‍ക്ക മേഖല, ബുദ്ധിമുട്ടുകള്‍, രോഗ ലക്ഷണങ്ങള്‍ എന്നിങ്ങനെയുള്ള  കാര്യങ്ങള്‍ അവലോകനം ചെയ്യാനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട് അവിടെ. ഈ ആവശ്യത്തിനായി താല്‍ക്കാലികമായി ആരോഗ്യ വകുപ്പ് നിയമിച്ചതാണ്, ചുറുചുറുക്കോടെ ജോലി ചെയ്യുന്ന ഇവരെ. യാത്രക്കാരുടെ കൂട്ടത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍, ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ ഇവരോടൊക്കെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍ വീണ്ടും സംസാരിക്കും. വീടുകളില്‍ ക്വാറന്‍ൈറന്‍ ഇരിക്കേണ്ട പ്രാധാന്യം, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നേരിട്ട് ആശുപത്രിയില്‍ പോവാതെ ദിശയില്‍ വിളിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തും. (യാത്രക്കാര്‍ ഇത് മൂന്നാം വട്ടം ആയിരിക്കും കേട്ട് കൊണ്ടിരിക്കുന്നത് ). 

എയര്‍പോര്‍ട്ട് ഡ്യൂട്ടി കഴിഞ്ഞു കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും വന്ന നേരങ്ങളുണ്ട്. അവിടെ നിന്ന് കേട്ട കാര്യങ്ങള്‍ അതേ പടി പാലിച്ച് സമൂഹത്തിനോടുള്ള ബാധ്യത നിറവേറ്റിയവരെ അതില്‍ കാണാം. അന്നേരം ഉള്ളില്‍ അവരോടുള്ള കൃതജ്ഞത നുരപൊന്തും. മറുവശത്ത്, എന്ത് കൊറോണ, ഏത് കൊറോണ എന്ന മനോഭാവത്തോടെ കാര്യങ്ങളെല്ലാം കാറ്റില്‍ പറത്തി സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ച്  തനിക്കു ചുറ്റുമുള്ളവര്‍ക്ക് രോഗം സംഭാവന ചെയ്ത് 'പ്രതിബദ്ധത ' കാണിച്ച മറ്റൊരു കൂട്ടരുണ്ട്. ഒന്ന് നേരില്‍ കണ്ടിരുന്നെങ്കില്‍ എന്ന ആത്മരോഷമായിരിക്കും അന്നേരം ഉയരുക. 

ആരോഗ്യ വകുപ്പിലെ ജോലി എന്നാല്‍ ആതുര സേവനം തന്നെ എന്ന ആപ്തവാക്യം നെഞ്ചോടു ചേര്‍ക്കുന്നവര്‍ തന്നെയാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍. എങ്കിലും അന്ന് ഡ്യൂട്ടിക്കിടെ പരിചയപ്പെട്ട രണ്ട് മനുഷ്യരുണ്ട്. ഞാന്‍ എന്ന വാക്ക് പാടെ മാറ്റി നിര്‍ത്തി നിങ്ങള്‍ക്ക് വേണ്ടിയാണു ഞങ്ങള്‍ എന്ന കാര്യം വ്രതമായി കൊണ്ട് നടക്കുന്ന രണ്ടു പേര്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഡോ. സായൂജ്. തുടര്‍ച്ചായി 48 മണിക്കൂര്‍ ഒക്കെയാണ് അദ്ദേഹം ഡ്യൂട്ടി എടുക്കാറ്. യാത്രക്കാര്‍ക് ആര്‍ക്കെങ്കിലും കോവിഡ് അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടര്‍ ഓട്ടം തുടങ്ങും. അവരുടെ സെക്യൂരിറ്റി ചെക്കപ്പ്് തുടങ്ങി ക്ലിയറന്‍സ് വരെ എല്ലാം ഡോക്ടര്‍ ഏറ്റെടുക്കുകയായി. എല്ലാം കഴിഞ്ഞു യാത്രക്കാരനൊപ്പം ആംബുലന്‍സിലേക്ക് നീങ്ങുമ്പോഴും 'ഞങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ട്' എന്ന് അവരെ സമാധാനിപ്പിച്ചു കൊണ്ടിരിക്കും.
 
മറ്റൊരാള്‍ സീനിയര്‍ ജെ എച്ച് ഐ റഊഫ്. എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിംഗ് തുടങ്ങിയ അന്ന്  മുതല്‍ ജോലി എന്നാല്‍ ദിവസങ്ങളും ആഴ്ചകളും ഒരാള്‍ക്കു തുടര്‍ച്ചയായി ചെയ്യാനാവുമെന്ന് തെളിയിച്ച ഒരാള്‍. എയര്‍പോര്‍ട്ടിലെ സേവനങ്ങളെ മൊത്തമായി ഏകോപിപ്പിക്കുന്നതിനിടയില്‍ അദ്ദേഹം ഡ്യൂട്ടി ഓഫിനെ പറ്റിയോ വിശ്രമിക്കുന്നതിനെ പറ്റിയോ ചിന്തിക്കാറുപോലുമില്ല. ആംബുലന്‍സിനു വേണ്ടി, ഐസൊലേഷനിലാക്കുന്ന രോഗിയുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി, ഡ്യൂട്ടിയില്‍ ഉള്ള മറ്റുള്ളവരുടെ സൗകര്യങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഇങ്ങനെ പരക്കം പാഞ്ഞു കൊണ്ടിരിക്കും . രണ്ട് ടെര്‍മിനലുകളിലും ഫ്‌ളൈറ്റില്ലാത്ത നേരങ്ങളില്‍ മാത്രം 'ഞാന്‍ കുറച്ചൊന്നു നടു നീര്‍ക്കട്ടെ' എന്നും പറഞ്ഞു ഡ്യൂട്ടിക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന റൂമിന്റെ മൂലയ്ക്ക് ചുരുണ്ടു കൂടി കിടക്കും, റഊഫ്. 

കൊറോണ കാലങ്ങളില്‍ പല പല ആവലാതികളുമായി വന്നിറങ്ങുന്നവയായിരുന്നു യാത്രക്കാരൊക്കെയും. നമുക്ക് ഒന്ന് കോവിഡ് ടെസ്റ്റ് ചെയ്യുന്നതല്ലേ നല്ലത് എന്ന് ചോദിക്കുമ്പോള്‍ ചിലര്‍ക്കു സ്വാഭാവികമായും അങ്കലാപ്പ്, നിരാശ ഒക്കെ ഉടലെടുക്കുകയായി. അപ്പോഴേക്കും സ്വാന്തനം പകരാനും ആശ്വാസ വാക്കുകള്‍ പറയാനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഓടിയെത്തും. 

ഐ സി യുവില്‍ കിടക്കുന്ന ഉമ്മയെ ഒരു നോക്ക് കാണാന്‍ ഓടിപ്പിടിച്ചുവന്ന യാത്രകാരനോട് 'നിങ്ങളെ കോവിഡ് ബാധയുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ ഹോസ്പിറ്റല്‍ ഐസൊലേഷനില്‍ മാറ്റുകയാണ് എന്ന് പറഞ്ഞപ്പോഴുണ്ടായ വിങ്ങി പൊട്ടല്‍, അതു മറക്കാനാവില്ല. രണ്ട് കൈക്കുഞ്ഞുങ്ങളുമായി വന്നിറങ്ങിയ അമ്മയോട് കുഞ്ഞുങ്ങളില്‍ ഒരാളെ ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഹോം ക്വാറന്റൈനെ പറ്റി പറഞ്ഞു തുടങ്ങുമ്പോഴേക്കും തങ്ങള്‍ അതിനു വേണ്ടി ഒരുക്കിയ സജ്ജീകരണങ്ങളെപ്പറ്റി വാചാലരാവും വേറെ ചിലര്‍. വെറും രണ്ട് ദിവസത്തെ ഡ്യൂട്ടി എന്നില്‍ അവശേഷിപ്പിച്ചത് ഒരു കൂട്ടം ഓര്‍മകളാണ് 

രണ്ടാം ദിനം ഒരു യാത്രക്കാരന്‍,  ഒരു ന്യൂജന്‍ സ്‌റ്റൈലില്‍  വന്നിറങ്ങി. പനിയുണ്ട്, നല്ല വരണ്ട ചുമ... എനിക്കും സംശയം തോന്നി. എന്നെക്കാളേറെ സംശയം അവനുമുണ്ട്. നേരെ മെഡിക്കല്‍ കോളേജില്‍ വിട്ടു. കുറച്ചു ദിവസം കഴിഞ് അവന്റെ നമ്പറില്‍ ഞാന്‍ വിളിച്ചു നോക്കി.  ആരാണെന്ന് പറഞ്ഞതും അപ്പുറത്ത് നിന്നും ആ ഫ്രീക്കന്‍ പയ്യന്‍ പറയുന്നു: 'ഡോക്ടറെ എന്തൊരു ടൈമിംഗ് ആണ്? റിസല്‍റ്റ് നെഗറ്റീവ് ആണ്.. ഞാനിതാ ഡിസ്ചാര്‍ജ്  ആയി വീട്ടിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന വഴിയാണ്'

അന്ന് കൂടെ ഡ്യൂട്ടി എടുത്തു കൊണ്ടിരുന്ന്  ഇപ്പൊ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന റിന്‍സി സിസ്റ്റര്‍ വിളിച്ചു, മാഡം ചെറിയ ഒരു ജലദോഷം, ചുമ വരുന്നത് പോലെയൊക്കെ. എ സിയില്‍ ഡ്യൂട്ടി എടുത്തതിന്റെ ആവും അല്ലെ?'

'ആണ് സിസ്റ്റര്‍ ആണ്..  ഉറപ്പായിട്ടും'-ഞാന്‍ മറുപടി നല്‍കി. 

അന്ന് പോരാന്‍ നേരം, ബാച്ചിലര്‍ ആയി നടക്കുന്ന ഡോ. സൂരജിനോട്, അപ്പോള്‍ അടുത്ത പ്ലാന്‍ കല്യാണം ആയിരിക്കും അല്ലേ എന്ന് തമാശ ചോദിച്ചപ്പോള്‍ കേട്ട മറുപടി രസകരമായിരുന്നു. 'ഇനിയിപ്പോ സ്വന്തം കോറോണയുടെ കാര്യം ഒക്കെ ഒരു തീരുമാനം ആവട്ടെ, എന്നിട്ടു മതിയല്ലോ പെണ്ണ് കാണാന്‍ പോവല്‍'. 

പാന്‍ഡെമിക് അഥവാ മഹാമാരികളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളെ പറ്റി, അന്ന് അവിടെ ഇരുന്ന് എല്ലാവരോടുമായി ഞാനൊരു ചോദ്യം ചോദിച്ചത് ഓര്‍മ്മയുണ്ട്. 'സത്യത്തില്‍ എയര്‍പോര്‍ട്ടുകള്‍ കുറച്ചൂടെ നേരത്തെ അടക്കണമായിരുന്നു അല്ലേ' എന്ന്. അപ്പോള്‍ അവരെല്ലാം ഒറ്റക്കെട്ടായി പറഞ്ഞത് ഇതായിരുന്നു: 'കണ്ടില്ലേ ഈ മനുഷ്യരൊക്കെ എന്ത് മാത്രം ആവലാതികളുമായാണ് ഇവിടെ വന്നിറങ്ങുന്നത്. കൊറോണ എങ്ങാനും വന്നാല്‍ വിദേശത്ത്  ചികിത്സ താങ്ങാവുന്നതിനപ്പുറം ആയിരിക്കും  എന്ന് കരുതി ഉള്ളതെല്ലാം പെറുക്കി ഓടി നാട്ടില്‍ പോരുന്ന സാധാരണക്കാരില്‍ സാധാരണക്കാരാണ് ഇവരില്‍ ഭൂരിഭാഗം പേരും'. 

അന്നേരം മനസ്സിലായതിനേക്കാള്‍ ഇപ്പോള്‍ എനിക്കു മനസ്സിലാവും ആ ഉത്തരത്തിന്റെ ശരി. 

 

കൊറോണക്കാലം കുറിപ്പുകള്‍: 

സീനാ ശ്രീവല്‍സന്‍: ഒന്നുശ്രമിച്ചാല്‍ സമ്പര്‍ക്കവിലക്കിന്റെ ഈ കാലവും മനോഹരമാക്കാം

റഫീസ് മാറഞ്ചേരി: വൈറസിനെ മൈക്രോസ്‌കോപ്പിലെങ്കിലും  കാണാം; പ്രവാസിയുടെ ആധികളോ?

 

 

click me!