Malayalam Poem: കാട് പൂക്കുമ്പോള്‍, ഷീബ പി വിനോദ് എഴുതിയ കവിത

By Chilla Lit Space  |  First Published Jan 23, 2023, 4:12 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷീബ പി വിനോദ്  എഴുതിയ കവിത


 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

രോ തവണയും
അതിനിഗൂഢവും വന്യവുമായ
ഭാവങ്ങള്‍ ഒളിപ്പിച്ചുവച്ച്
അവള്‍  പൂക്കാറുണ്ട്

കാട് പൂക്കുമ്പോള്‍
പ്രകൃതി ഉറക്കത്തിലായിരിക്കും
കാറ്റ് പോലും കടക്കാത്ത വിധം
അവിടം
ശൂന്യമായ ഒരു മൗനം
മൂടി നില്‍ക്കുന്നത് അറിയാം നമുക്ക്.

നിലാവിന്‍റെ ഒരിതള്‍ പോലും
കടക്കാന്‍ അനുവദിക്കാത്ത രാവില്‍
കൈതപ്പൂവിന്റെ
മാദകഗന്ധം പോലെ
അവളില്‍ നിന്നും
അനിര്‍വചനീയമായ ഗന്ധം പരക്കും
ഋതുമതിപ്പെണ്ണിന്റെ ഗന്ധം പോലെ
അവ അവളിലേക്ക് വലിച്ചടുപ്പിക്കും

കൂടുതല്‍ വായനയ്ക്ക്:  ജൂലാനിലെ ഉരുപ്പണിക്കാര്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

ഇടതൂര്‍ന്ന
മരങ്ങളാല്‍
തിങ്ങി നിറഞ്ഞ
ഇരുള്‍ മൂടിയ ഒരിടത്ത്
തണല്‍ മരങ്ങള്‍ പോലെ
ചില ഒറ്റ മരങ്ങള്‍ നമുക്ക് കാണാം
പെണ്ണിന്റെ മനസ്സിലെ
ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത  
ഒറ്റതുരുത്ത് പോലെ.

കാടിന്റെ അഗാധതയിലേക്ക്
ഇറങ്ങി ചെല്ലുമ്പോള്‍
അവിടെ നിറയെ
വ്യത്യസ്തമായ
നിറത്തിലും മണത്തിലുമുള്ള
ഇനിയും തിരിച്ചറിയപ്പെടാത്ത
പൂക്കള്‍ പുഞ്ചിരി തൂകി നില്‍ക്കുന്നുണ്ടാകും.

ആരും കാണാതെ മനസ്സില്‍ ഒളിപ്പിച്ച
ഒരിഷ്ടത്തെ ഓര്‍ക്കുമ്പോള്‍ തുടുക്കുന്ന
പെണ്ണിന്റെ കവിള്‍ പൂവ് പോലെ.

പെണ്ണിന്റെ ഉള്ള് പോലെയാണ് കാട്
നിഗൂഢതകളുടെ ഒരു താഴ്വാരം
എത്രമേല്‍ അടുത്തെന്നോ
അറിഞ്ഞെന്നോ തോന്നുമ്പോഴും
അറിയാന്‍,
ഇനിയും ഏറെ
എന്തൊക്കെയോ ബാക്കിയുണ്ടെന്ന്
തോന്നുമാറ്
ഇരുള്‍ മൂടിയ ചില ഭാഗമുണ്ടാകും
കാടിന്റെ ഉള്ളിലായ്....
ഓരോരുത്തരിലും ഉണ്ടാകും
അങ്ങനെ ഒരിടം.

കൂടുതല്‍ വായനയ്ക്ക്:   ക്യാമറക്കണ്ണില്‍, പ്രിന്‍സി പ്രവീണ്‍ എഴുതിയ കവിത

കാടിനെ അറിയണമെങ്കില്‍
രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍
അവിടേക്ക് ഒരു യാത്ര പോകണം.
ചില മനുഷ്യരെ അറിയണമെങ്കില്‍
ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും
പെണ്ണുടലിന്റെ ആഴം
അളക്കുന്നത് പോലെ
അത്ര എളുപ്പമല്ലത്..

ആര്‍ത്തലയ്ക്കുന്ന കടലിന്റെ കരയില്‍
നാം അനുഭവിക്കുന്ന
ശാന്തത
ആ ഇരുളിലും നമ്മള്‍ അറിയും

മനസ്സിനെ മദിക്കുന്ന ചിന്തകള്‍
ഓരോ ചുവടിലും
നമ്മെ വിട്ടകലും.
ഒടുവില്‍ തിരികെ നടക്കുമ്പോള്‍
അലയടങ്ങിയ ഒരു ഹൃദയവും
മനോഹരമായ കുറെ നല്ല നിമിഷങ്ങളും
മാത്രം അവശേഷിക്കും..

കാട് പൂക്കുമ്പോള്‍
അവളിലേക്ക്
നാം ഇറങ്ങി ചെല്ലണം..
ഒരു വിസ്മയം നമുക്കായ്
അവള്‍ ഒരുക്കി വച്ചിട്ടുണ്ടാകും..
പ്രിയപ്പെട്ട ചിലരുടെ സാമീപ്യം പോലെ
ആര്‍ദ്രം

വന്യമെങ്കിലും
ഗൂഢമെങ്കിലും
ആഴത്തില്‍
ആത്മാവിലേക്ക്
ആഴ്ന്നിറങ്ങുന്നത്.

 


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!