Latest Videos

ട്രംപ് - ബൈഡന്‍ സംവാദം; പ്രായാധിക്യത്തില്‍ കിതയ്ക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

By Alakananda RFirst Published Jul 1, 2024, 2:55 PM IST
Highlights

ലോകം ഉറ്റുനോക്കിയ ഒരു സംവാദമായിരുന്നു യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികളായ ട്രംപിന്‍റെയും ബൈഡന്‍റെയും സംവാദം. ഇരുവരും കാഴ്ചക്കാരെ നിരാശരാക്കിയോ ? വായിക്കാം, ലോകജാലകം. 
 


ധികാരത്തിലിരിക്കുന്ന പ്രസിഡന്‍റും മുൻ പ്രസിഡന്‍റും തമ്മിലെ സംവാദം അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണ്. അതും തീവ്രപക്ഷക്കാരനും മിതവാദിയും തമ്മിൽ. രണ്ടുപേരുടെയും പ്രായം ചർച്ചാ വിഷയമായ സാഹചര്യം. എല്ലാം പുതിയത്. സംവാദത്തിന് പക്ഷേ കാഴ്ചക്കാരുമുണ്ടായിരുന്നില്ലെന്ന് മാത്രം. രാജ്യം മാത്രമല്ല, ലോകവും ഉറ്റുനോക്കിയത് ബൈഡന്‍റെ പ്രകടനം എങ്ങനെയെന്ന് അറിയാനാണ്. പക്ഷേ, ബൈഡൻ വിചാരിച്ചതിലുമപ്പുറം മോശമായോ എന്ന സംശയമാണ് സംവാദ ശേഷം അവശേഷിച്ചത്. 

പ്രസിഡന്‍റിന്‍റെ പ്രായം, ഇനിയൊരു ഭരണ കാലാവധി പൂർത്തിയാക്കാനുള്ള കഴിവ്, ഇതൊക്കെ ജനങ്ങൾക്കും സംശയമുണ്ടായിരുന്ന കാര്യങ്ങളാണ്. സംശയം ഇപ്പോൾ കൂടുതൽ ശക്തമായി എന്നാണ് പൊതു അഭിപ്രായം. സംവാദത്തിനിടെ ബൈഡൻ പലപ്പോഴും തപ്പിത്തടഞ്ഞു. അവ്യക്തമായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ചിലപ്പോൾ പഴയതും പുതിയതും കൂട്ടിക്കുഴച്ചു. പ്രസിഡന്‍റാകാനുള്ള ഊർജ്ജമോ മനഃശക്തിയോ ഉണ്ടെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നു പറഞ്ഞത് മറ്റാരുമല്ല ബൈഡന്‍റെ തന്നെ മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിംഗ്ഫീല്‍ഡ് (Kate Bedingfield) ആണ്. 

ക്രിമിനൽ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; എന്താകും രാഷ്ട്രീയഭാവി?

കുടിയേറ്റം, സാമ്പത്തികം ഇതൊക്കെയായിരുന്നു പ്രധാന സംവാദ വിഷയങ്ങൾ. രണ്ടിലും ബൈഡന് പാളി. 'ഉത്തരമെന്തെന്ന് തനിക്ക് വ്യക്തമായില്ല, ഉത്തരം പറഞ്ഞോയെന്ന് തന്നെ തോന്നുന്നില്ല' എന്നാണ് ട്രംപ് തന്നെ പ്രതികരിച്ചത്. അത് സത്യമെന്നാണ് നിരീക്ഷണവും. സ്വന്തം നേട്ടങ്ങൾ സ്ഥാപിക്കാൻ പോലും ബൈഡന് കഴിഞ്ഞില്ല. സിഎന്‍എന്‍ ആതിഥേയത്വം വഹിച്ച സംവാദത്തിന് ശേഷം അവർ നടത്തിയ ഫ്ലാഷ് പോളിൽ, ജനം പറഞ്ഞത് സംവാദം തങ്ങളുടെ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്നാണ്. അങ്ങനെയെങ്കില്‍ അത് ആര്‍ക്കാണ് എന്നുള്ളതാണ് പ്രശ്നം. ബൈഡന്‍റെ ജനപ്രീതി പിന്നെയും കുറഞ്ഞു. രണ്ട് സ്ഥാനാർത്ഥികളും മോശം എന്ന് പറഞ്ഞത് 22 ശതമാനം. 

ട്രംപ് കാഴ്ച വച്ചത് തികച്ചും അച്ചടക്കമുള്ള പ്രകടനമാണ്. പതിവുള്ള ഇടപെടലുകളോ ആക്രമണ സ്വഭാവമോ തീരെ പ്രകടമായില്ല. ഗർഭഛിദ്രത്തിലടക്കം കള്ളത്തരങ്ങൾ കണക്കിന് പറയുകയും ചെയ്തു. അതിൽ  മാത്രം ഒരു മാറ്റവും ഉണ്ടായില്ല. പക്ഷേ, ട്രംപിന്‍റെ വീഴ്ച പ്രയോജനപ്പെടുത്താൻ പോലുമായില്ല ബൈഡന്. അതേസമയം ബൈഡന്‍റെ ചില പ്രതികരണങ്ങൾ നന്നായെന്നും വിലയിരുത്തലുണ്ട്. സ്റ്റോർമി ഡൈനിയൽ വിവാദം ഒരു ഉദാഹരണം. അതിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രംപ് ചാടിക്കടിച്ചു. കാപ്പിറ്റോൾ കലാപം, 2020 -ലെ തെരഞ്ഞെടുപ്പ് ഫലം തുടങ്ങിയ ചോദ്യങ്ങളില്‍ നിന്നെല്ലാം ട്രംപ് ഒഴിഞ്ഞുമാറി.

പാർട്ടി ദേശീയ കൺവെൻഷനുകളേക്കാൾ മുമ്പേ സംവാദം നടത്തിയത് ബൈഡന്‍റെ തീരുമാന പ്രകാരമായിരുന്നു. ട്രംപിന്‍റെ ഭരണകാലം ജനങ്ങളെ ഓർമ്മിപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ബൈഡന്‍റെ പ്രകടനം പാളിയതോടെ ആ ലക്ഷ്യം നഷ്ടമായി. ഇനി സെപത്ംബറിൽ ഒരു സംവാദം കൂടി ബാക്കിയുണ്ട് . അതിൽ ബൈഡന് പ്രകടനം മെച്ചപ്പെടുത്താനായാൽ നവംബറിലെ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ കൂടൂം. ഡെമോക്രാറ്റുകൾ ഇപ്പോഴും പരസ്യമായി ഒന്നും പറയാൻ തയ്യാറായിട്ടില്ല. പക്ഷേ, രഹസ്യമായി സ്ഥാനാർത്ഥി മാറ്റം ചിന്തിക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അതേസമയം പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയെ മാറ്റുക എന്നത് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. സംവാദത്തിന്‍റെ അവസാനം ബൈഡൻ മെച്ചപ്പെട്ടു എന്നു പറഞ്ഞത് വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി കമലാ ഹാരിസ്.

ഉയരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധവും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രതിസന്ധിയും

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് ഇപ്പോള്‍ തന്നെ 81 വയസുള്ള ബൈഡൻ. അടുത്ത കാലാവധി കൂടി ഭരിച്ച് കഴിയുമ്പോള്‍ വയസ് 86 ആകും.  യുഎസ് പ്രസിഡന്‍റിന് പ്രായപരിധി വേണമെന്ന് മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടർ പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത്. 80 വയസായാൽ തനിക്ക് പ്രസിഡന്‍റിന്‍റെ ചുമതലകൾ നിർവഹിക്കാൻ കഴിയില്ല എന്ന് പറഞ്ഞ കാർട്ടർ അതിനൊപ്പം തമാശ മട്ടിൽ കൂട്ടിച്ചേർത്തതാണ് പ്രായപരിധി വേണമെന്ന പരാമർശം. അത് 2019 -ലായിരുന്നു. 2020 -ലെ പ്രസിഡന്‍റ് സ്ഥാനാർത്ഥികൾ മൂന്നുപേരും - ബൈഡൻ, ട്രംപ്, ബേണി സാൻഡേഴ്സ് - അന്ന് 70 കളിലായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജിമ്മി കാർട്ടർ അന്ന് അങ്ങനെ സംസാരിച്ചത്. 2024 -ല്‍ മത്സര രംഗത്തുള്ളത് ബെഡനും (81) ട്രംപും (78).

ആശയകുഴപ്പങ്ങളും നാക്കുളുക്കുകളും നിറഞ്ഞതാണ് ട്രംപിന്‍റെ പ്രചാരണങ്ങളെല്ലാം തന്നെ. ബൈഡനും ഒബാമയും പലപ്പോഴും ട്രംപിന് മാറിമറിഞ്ഞു. 'ടെലിപ്രോംറ്ററുമായി ട്രംപ് വിവാഹിതനാണ്' എന്ന ആരോപണം കേട്ടത് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ. അതേസമയം മറുവശത്ത് നിശബ്ദനായ, ചലിക്കാന്‍ പോലും മറന്ന ബൈഡനെ പലതവണ ജനം കണ്ടു. അത് അങ്ങ് ജി 7 ഉച്ചകോടിയില്‍ വരെ. ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം ചിന്തകളും വിശകലനങ്ങളും മാറ്റാനുളള കഴിവ് വേണം, മനക്കരുത്ത് വേണം, പുതിയ ആശയങ്ങളോട് യോജിച്ചു പോകാൻ കഴിയണം ഇതൊക്കെയാണ് ജിമ്മി കാർട്ടറുടെ കണ്ണിൽ യുഎസ് പ്രസിഡന്‍റിന് വേണ്ട ഗുണങ്ങൾ. പക്ഷേ, ആദ്യ സംവാദം കഴിയുമ്പോള്‍  ബൈഡൻ സംഘം പരാജയം സമ്മതിച്ചിട്ടില്ല. അപ്പുറത്ത്, ട്രംപ് സംഘം ജയ പ്രഖ്യാപനം തന്നെ നടത്തി. ഇനി സെപ്തംബറിലെ സംവാദത്തിനായുള്ള കാത്തിരിപ്പാണ്.

കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സൗഹൃദം തേടി, സഹായം തേടി പുടിന്‍റെ യാത്രകള്‍

click me!