ഒരു പുസ്തക മോഷണത്തിന്റെ കഥ

By K P Jayakumar  |  First Published Sep 14, 2020, 6:08 PM IST

ഇന്ന് ഗ്രന്ഥശാലാ ദിനമാണ്. കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ -സാംസ്‌കാരിക ജീവിതങ്ങളുടെ ധമനിയായിരുന്ന വായനശാലകള്‍, പുതിയ കാലത്ത് മറ്റുപലതുമായി വേഷം മാറുകയാണ്. ഹൈറേഞ്ചിലെ പല കാലങ്ങളിലെ വായനശാലകളെയും വായനാജീവിതങ്ങളെയും കുറിച്ച് എഴുതുന്നു, കെ. പി ജയകുമാര്‍
 


ബാബുരാജന്‍ വായശാലയില്‍ പോയിരുന്നില്ല. പുല്ലുമേഞ്ഞ് ചാണകം മെഴുകിയ ഒറ്റമുറിവീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറി സ്വപ്നംകണ്ട് ജീവിച്ചു. പത്താംക്ലാസില്‍ പഠിപ്പുനിര്‍ത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങിയത് സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങാനായിരുന്നു. എം.ടിയും വിജയനും മുകുന്ദനും ആനന്ദും മുഴുവന്‍ കൃതികളായി ബാബുരാജന്റെ വീട്ടിലേക്കെത്തി. പണിക്കുപോയി കിട്ടുന്ന കാശിന് ദിനേശ് ബീഡി മാത്രം വാങ്ങി.വീട്ടിലേക്കുള്ള അരിസാമാനങ്ങളേക്കാള്‍ പുസ്തകങ്ങളാണ് വാങ്ങിയത്.  പുസ്തകങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ അലമാരയോ, സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പഴയ 501 ബാര്‍സോപ്പ് വരുന്ന ഹാര്‍ബോര്‍ഡ് പെട്ടികള്‍ വാങ്ങി അതിനുള്ളില്‍ അടുക്കടുക്കായി പുസ്തകങ്ങള്‍ സൂക്ഷിച്ചു. ബാബുരാജന്റെ വീട് എന്റെ വായനശാലയായി.

 

Latest Videos

undefined

 

കൊച്ചിയില്‍ നിന്ന് ഹൈറേഞ്ചിലേക്കുള്ള യാത്രയ്ക്ക് മുമ്പ് മുന്നറിയിപ്പ് കിട്ടിയിരുന്നു. കൊടും തണുപ്പാണ്. ഇടക്കിടെ മഴയും. വെയില്‍ തലനീട്ടുമ്പോള്‍ ഉച്ചയാകും. കമ്പളിക്കുപ്പായവും തൊപ്പിയും കയ്യുറയും ബാഗില്‍ നിറച്ചു. പിന്നെ, ആ പുസ്തകങ്ങളും. ഹൈറേഞ്ച് എനിക്ക് വിദൂരമായ ഒരു വിനോദ സഞ്ചാര സ്ഥലമല്ല. ജനിച്ചുവളര്‍ന്ന നാടാണ്. അതുകൊണ്ടുതന്നെ അവിടേക്കുള്ള ഓരോ യാത്രയും വീട്ടിലേക്കുള്ള മടക്കമാണ്. എഴുപതുകളിലും എണ്‍പതുകളിലും വീട് വിട്ടുപോന്ന ഉണ്ണികളില്‍ നിന്നും ഇപ്പോള്‍ വീട്ടിലേക്ക് വിളിക്കുന്ന ഘര്‍വാപസിയില്‍ നിന്നും ഭിന്നവും ദൂരവുമാണ് ഈ സഞ്ചാരം.

നാട്ടിലെത്തിയാല്‍ വായനശാലയില്‍ പോകണം. സന്ധ്യക്ക് ഒറ്റക്കും കൂട്ടായും വന്നുകൂടുന്ന പഴയ കൂട്ടുകാരെ കാണണം. പുസ്തങ്ങള്‍ ചാഞ്ഞിരിക്കുന്ന അലമാരയോട് ചേര്‍ത്ത് ഇട്ടിരിക്കുന്ന മേശയുടെ വിളുമ്പില്‍ ഇരുന്നുകൊണ്ട് നഗരവിശേഷങ്ങള്‍ പറയണം. നാട്ടുകാര്യങ്ങള്‍ കേള്‍ക്കണം. ചില വാര്‍ത്തകളില്‍ സന്തോഷിച്ചും ചില മരണങ്ങളില്‍ ഖേദിച്ചും രോഗങ്ങളില്‍ പരിതപിച്ചും ജീവിതം അവസാനിപ്പിച്ച് ഇടക്കിറങ്ങിപ്പോയവരെക്കുറിച്ചുള്ള ചോദ്യങ്ങളാല്‍ കുഴങ്ങിയും അങ്ങനെ ഇരിക്കണം.

പിന്നെ, കയ്യില്‍ കരുതിയ ആ പുസ്തകങ്ങള്‍ എല്ലാവര്‍ക്കുമായി വെളിപ്പെടുത്തും. ചുമരലമാരയില്‍, ഞാന്‍ പലയാവര്‍ത്തി എടുത്തും വായിച്ചും വായിപ്പിച്ചും കടന്നുപോയ അനേകം പുസ്തകങ്ങള്‍ക്കൊപ്പം എന്റെ പുസ്തകങ്ങളും ചേര്‍ത്തുവയ്ക്കും. എത്ര ദൂരേക്ക് പോയാലും, ഏതേത് നഗരങ്ങളില്‍ ചെന്നുപാര്‍ക്കിലും എപ്പോഴും ഞാനിവിടെയുണ്ടായിരിക്കുമെന്ന ഒരു സ്ത്യവാങ്മൂലം. വായനശാല അടച്ച് എല്ലാവരും പോയി കഴിയുമ്പോള്‍, ഇരുട്ടില്‍ അക്ഷരങ്ങള്‍ കണ്‍തെളിയിച്ച് വായിച്ചുവായിച്ച് വന്ന വഴികളിലൂടെ ഞാനെന്ന പുസ്തകം ഒറ്റക്ക് നടക്കാനിറങ്ങും. ചരിത്രത്തിന്റെ നിഗൂഢമായ അടരുകളിലൂടെ പ്രണയകാമനകളുടെ കഥവരമ്പിലൂടെ ഭീതിയും മരണവും ഏകാന്തതയും നിസ്സഹായമാക്കിയ മലഞ്ചെരിവിലൂടെ, കവിയും സന്യാസിയും കാമുകനും ദാര്‍ശനികനും കുറ്റവാളിയുമൊക്കെയായി ജനിച്ചും മരിച്ചും കടന്നുപോയ വാക്കിന്റെ ഭൂഖണ്ഡങ്ങളിലൂടെ പിന്നെയും പിന്നെയും നടന്നലയാന്‍ അതുവരെ ഞാനെന്ന പുസതകം പതുങ്ങിയിരിക്കും.

രാത്രി വളരെ വൈകിയാണ് ഗ്രാമത്തിലെത്തിയത്. വായനശാലയുടെ പരിസരം ഇരുളും കോടമഞ്ഞും മറച്ചിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ നടക്കാനിറങ്ങി. ആ ദിവസങ്ങളില്‍ ഹൈറേഞ്ചില്‍ മഴ പെയ്തില്ല. വൃശ്ചിക്കാറ്റിന്റെ ശീതത്തിനപ്പുറം മജ്ജകൊത്തിപ്പറിക്കുന്ന ആ തണുപ്പുകാലവും വന്നില്ല. കുന്നിറങ്ങി നടക്കുമ്പോള്‍ ഗ്രാമം ഉണര്‍ന്ന് വരുന്നേയുണ്ടായിരുന്നുള്ളു. വീടിനടുത്ത് പുതുതായി നിര്‍മ്മിച്ച അമ്പലത്തിലേക്ക് അയ്യപ്പഭക്തരുടെ ഒറ്റയൊറ്റ നടത്തകള്‍ മാത്രം. ഞങ്ങളുടെ പഴയ വായനശാല മഞ്ഞുനീങ്ങി വെളിപ്പെട്ടിരുന്നു. കാലങ്ങളായി ആള്‍പ്പെരുമാറ്റമില്ലാതെ കാടുമൂടിയ മുറ്റം. മുറ്റത്തേക്ക് നീട്ടിക്കെട്ടിയ ചായ്പ്പിന്റെ നീല ടാര്‍പ്പാളിന്‍ മേല്‍ക്കൂര കീറിയും ദ്രവിച്ചും കാറ്റു പിടിച്ചു. ഏതോ കാലത്തിന്റെ കൊടിയടയാളം. മേല്‍ക്കൂരയുടെ അലകുകള്‍ ദ്രവിച്ചും കെട്ടഴിഞ്ഞും ഞാന്നുകിടന്നു. പുറം ഭിത്തി സിമന്റ് തേക്കാത്ത പ്രധാന കെട്ടിടത്തിന്റെ ചെങ്കല്‍ നഗ്‌നത, അഴകഴിഞ്ഞ് നരച്ചിരിക്കുന്നു. വെയിലും മഞ്ഞും മഴയുമേറ്റ് മരംവിണ്ട വാതിലിന്റെ പ്രാചീനതക്കുമേല്‍ തുരുമ്പിച്ച ഓടാമ്പല്‍. സ്റ്റീലിന്റെ ഒരു ചെറു താഴ് മാത്രം  തിളങ്ങിനിന്നു. മുദ്രവച്ച ആ അക്ഷരസ്മാരകത്തിന് പുറത്ത് നിലത്ത് ചാരിവെച്ച ഒരു പഴയ ബോര്‍ഡ്. നിറങ്ങള്‍ ഇളകിപ്പോയ അക്ഷരങ്ങളും ഓര്‍മ്മയും ചേര്‍ത്താല്‍ അതിങ്ങനെ വായിക്കാം. ദര്‍ശന വായനശാല, താന്നിമൂട്.

 

 

വാക്കിറങ്ങിപ്പോയ വഴി

പണ്ടുപണ്ട് വീടിന് അടുത്ത് ഒരു ഭജന സമിതിയുണ്ടായിരുന്നു. ശ്രീ മണികണ്ഠ ഭക്ത ഭജന സമിതി. മണ്ഡലകാലം തുടങ്ങുമ്പോള്‍ വൈകുന്നേരങ്ങളില്‍ ആളുകള്‍ ഒത്തുകൂടി ഭജന നടത്തും. നാനാജാതി മതസ്ഥരും ഒത്തുകൂടിയിരുന്നു. ഭക്തിയും ഭജനയും ഒത്തുകൂടലിനുള്ള ഉപാധികള്‍ മാത്രമായിരുന്നു. ഭജനസമതി മാത്രമായാല്‍ പോരെന്നും മണ്ഡല കാലം കഴിഞ്ഞാലും എല്ലാവര്‍ക്കും ഒത്തുകൂടാന്‍ ഒരിടംവേണമെന്നും ആലോചിച്ച കുടിയേറ്റത്തിന്റെ ഒന്നാം തലമുറ ഭജന സമിതിയെ ഒരു കലാകായിക ക്ലബ്ബാക്കി മാറ്റി. സെന്‍ട്രല്‍ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്. ക്ലബിന്റെ ചെറിയമുറിക്കുള്ളില്‍ ഒരു നഴ്സറി സ്‌കൂളും തുടങ്ങി. അവിടെയാണ് ഞാന്‍ അക്ഷരം പഠിച്ചത്.

അഞ്ചോ എട്ടോ കുട്ടികള്‍മാത്രമുള്ള സ്‌കൂള്‍ അടുത്തവര്‍ഷം തന്നെ പൂട്ടി. കാലക്രമത്തില്‍ ക്ലബ്ബും. ആണ്ടിലൊരിക്കല്‍ ഒത്തുകൂടിയിരുന്ന ഭജന സമിതിയും നിന്നു. വസ്തുവകകള്‍ അനാഥമായി, പഴയ കെട്ടിടം പൊളിഞ്ഞുപോയി. ആളുകള്‍ പലവഴിക്ക്, പലരീതികളില്‍ ഒത്തുകൂടി. സ്‌കൂളുകളും കോളജുകളും പാരലല്‍ കോളജുകളും വന്നു. പാര്‍ട്ടികള്‍, ക്ലബ്ബുകള്‍, കളിക്കളങ്ങള്‍, ചായക്കടകള്‍, ഷാപ്പുകള്‍, കലുങ്ക്്, ശാസ്ത്രസാഹിത്യ പരിഷത്, നാടകസംഘം അങ്ങനെ ഗ്രാമം കരകവിഞ്ഞു. അടുത്ത ഗ്രാമങ്ങളിലേക്കും നെടുങ്കണ്ടമെന്ന ചെറു പട്ടണത്തിലേക്കും അത് കവിഞ്ഞൊഴുകി.

പഠിക്കാനായി ചെറുപ്പക്കാര്‍ മലയിറങ്ങി. പഠിച്ചവര്‍ തൊഴില്‍ തേടി മലയിറങ്ങി. സമതല നഗരങ്ങളിലേക്കും ഗള്‍ഫുകളിലേക്കും കുടിയേറി. ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയി. ഒരു ദിവസം നാട്ടില്‍ നിന്ന് ഒരു പഴയ സഖാവ് വിളിച്ചു. നമ്മുടെ പഴയ ഭജനസമിതി പുനരുദ്ധരിച്ചു.... അവിടെ യഥാര്‍ത്ഥത്തില്‍ ഭജന സമതി ആയിരുന്നില്ല വേണ്ടിയിരുന്നത്. ശരിക്കും ദേവസാന്നിധ്യമുള്ള സ്ഥലമായിരുന്നു. അമ്പലം തന്നെ വേണം. ദേവപ്രശ്നത്തില്‍ തെളിഞ്ഞതാണെത്രെ. ഒട്ടും വൈകിയില്ല. പണി ആരംഭിച്ചു. ഏതാണ്ട് പൂര്‍ത്തിയാവുകയും ചെയ്തു. ''വരുന്ന മേടം പത്തിന് പ്രതിഷ്ഠയാണ്. വരണം. ക്ഷേത്ര സമര്‍പ്പണം എന്നൊരു ചടങ്ങുണ്ട് അതില്‍ രണ്ട് വാക്ക് സംസാരിക്കണം....'' 

ഏതോ ഒരില്ലത്തെ നമ്പൂതിരിയാണ് കാര്‍മികന്‍. ബ്രാഹ്മണരൊഴിച്ചുള്ള നാനാജാതിമതക്കാര്‍ ഒന്നിച്ചുകൂടിയ സ്ഥലത്തേക്കാണ് ബ്രാഹ്മണ വരവ്.  ഹൈറേഞ്ചില്‍ കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ ബ്രാഹ്മണര്‍ ഉണ്ടായിരുന്നില്ല. അമ്പലങ്ങളില്‍ തദ്ദേശീയര്‍ പൂജാരികളായി. എല്ലാവരെയും ശബരിമലക്കു കൊണ്ടുപോയ ശങ്കരന്‍ചേട്ടനായിരുന്നു നാട്ടിലെ ഗുരുസ്വാമി. കോമ്പയാര്‍ അമ്പലത്തിലെ പൂജാരി വായ്പ്പൂരുകാരനായ ഒരാശാന്‍. ഇപ്പോള്‍ എല്ലായിടത്തും ബ്രാഹ്മണരാണ് പൂജാരികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ കയ്യില്‍ കിട്ടിയ ഒരു നോട്ടീസാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. എറണാകുളത്തിന് തൊട്ട് തിരൂര്‍ അടുത്ത് ഒരു അമ്പലത്തിലെ ഭാഗവത സപ്താഹത്തിന്റെ നോട്ടീസായിരുന്നു അത്. വിശേഷാല്‍ പൂജകളിലൊരിടത്ത് കൗപീന പൂജ എന്നു എന്നു കണ്ടു. അതിന് ഒടുക്കേണ്ട തുകയുടെ വിവരവുമുണ്ട്. കൗപീനം എന്നാല്‍ കോണകം എന്നര്‍ത്ഥം. ആരുടെ കോണകം? കൃഷ്ണന്റെ കോണകം എന്ന് വിശ്വാസികള്‍. എന്നാല്‍ പൂജാവേളയിലും ജാത്യാചാരങ്ങള്‍ വെളിപ്പെടുത്തേണ്ട ഓരോ സന്ദര്‍ഭത്തിലും നേര്‍ത്ത മുണ്ടിന് താഴെ കോണകം ധരിക്കുന്നതാരാണ്? ബ്രാഹ്മണര്‍, നമ്പൂതിരികള്‍, അഥവാ കോണകത്തിലൂടെയും പൂണൂലിലൂടെയും തന്റെ ജാതിമേന്‍മ സ്ഥാപിക്കണം എന്ന് ഉദ്ദേശമുള്ളവര്‍. കുടുമമുറിച്ചും പൂണൂല്‍ പൊട്ടിച്ചും മനുഷ്യത്വത്തിന്റെ ആഘോഷം സമതല കേരളത്തില്‍ നടന്നു കഴിഞ്ഞാണ് ഹൈറേഞ്ചിലേക്ക് കുടിയേറ്റം ആരംഭിച്ചത്. അന്ന് ഭൂരഹിതരായ മനുഷ്യപ്പറ്റങ്ങളാണ് മലകയറിയത്. കാടും കാട്ടുമൃഗങ്ങളും കൊടും തണുപ്പും പട്ടിണിയും അടുപ്പിച്ചുനിര്‍ത്തിയ ആ മനുഷ്യപ്പറ്റങ്ങള്‍ അകലുകയാണ്. അവിടേക്കാണ് കോണകം അഥവാ പൂണൂല്‍ ഒരു മോക്ഷമാര്‍ഗമായി ആധ്യാത്മിക വഴിയായി കുടിയേറുന്നത്. ബ്രാഹമണ്യത്തിന്റെ കുടിയേറ്റം കൂടിയുണ്ട് ഹൈറേഞ്ചിന്റെ വര്‍ത്തമാനകാലത്ത്. ആ ക്ഷണത്തിലെ നിഷ്‌കളങ്കതയും ആ നിഷ്‌കളങ്കതയിലേക്ക് ആളുകളെ എത്തിക്കുന്ന കളങ്കിതമായ സാമൂഹ്യ സാഹചര്യങ്ങളും മനസില്‍ ഒരു നിമിഷം മിന്നിമറഞ്ഞു. സ്നേഹത്തോടെ ആ ക്ഷണം നിരസിച്ചു.

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളെല്ലാവരും ചേര്‍ന്ന് കഷ്ടപ്പെട്ടാണ് നാട്ടില്‍ വായനശാല സ്ഥാപിച്ചത്. ഒരുപാടു പേരുടെ അധ്വാന മിച്ചത്തില്‍ നിന്ന് സ്വരുക്കൂട്ടിയ പുസ്തകങ്ങള്‍ വീടുതോറും കയറി ഇറങ്ങി സ്വരുക്കൂട്ടിവച്ചു. പണം പിരിച്ച് സ്ഥലവും കെട്ടിടവും ഉണ്ടാക്കി. നാടിന്റെ സാംസ്‌കാരിക ജീവിതം ആ വായനശാലക്കു തണലില്‍ തിടംവച്ചു. ഇരുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ പുലര്‍കാലത്ത് ആ വായനശാലയുടെ മുന്നിലാണ് ഞാന്‍ നില്‍ക്കുന്നത്. അടഞ്ഞുകിടക്കുന്ന പുസ്തകസ്മാരകത്തിന് മുന്നില്‍. കൗമാര യൗവ്വനങ്ങളിലെ ദാരിദ്ര്യത്തെ തോല്‍പ്പിക്കാന്‍ പുസ്തകങ്ങളായിരുന്നു കൂട്ട്. സങ്കടങ്ങളെ അലിയിച്ച് കളഞ്ഞ് ജീവിതത്തിന്റെ അനവധി ലോകങ്ങള്‍ അത് തുറന്നു തന്നു. ദാരിദ്ര്യം കൂട്ടിവെച്ച് വാങ്ങിയ നിരവധി പുസ്തകങ്ങള്‍ അതിന്റെ അലമാരകളില്‍ അടുക്കിവെച്ചു. വായിക്കാന്‍ തുറന്നുകൊടുത്തു. രണ്ട് ദശകങ്ങള്‍ക്കിപ്പുറം ഞാനും എഴുതി. അത് അച്ചടിച്ച് പുസ്തകമായി വന്നു. ആ പുസ്തകവുമായാണ് ഈ വൃശ്ചികത്തിലും ഞാന്‍ മലകയറി വന്നത്. വായനശാല അപ്പോഴേക്കും അടഞ്ഞുപോയിരുന്നു. വായനശാല പൂട്ടിപ്പോയിടത്താണ് അമ്പലം നിര്‍മ്മിക്കപ്പെട്ടത്. ഒരുപാട് മനുഷ്യരുടെ അധ്വാനമിച്ചം സ്വരുക്കൂട്ടിയാവണം അതും സംഭവിച്ചത്. പുസ്തകങ്ങള്‍ ചിതലെടുക്കുന്നിടത്ത് ക്ഷേത്രംകൊണ്ട് എന്താണ് കാര്യം.? അറിയില്ല. അത് അറിഞ്ഞുവരുമ്പോഴേക്കും എത്ര സാക്ഷരകാലങ്ങള്‍ കഴിഞ്ഞുപോയിരിക്കും.

 

 

വായനശാലക്കു മുമ്പ്, അതിനും മുമ്പ്

ഇന്നേക്ക് രണ്ട് ദശകങ്ങള്‍ക്കപ്പുറം കോളജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ മാത്രം വായനശാലയില്ല, എന്ന അപകര്‍ഷത കൂട്ടുകാരുമായി ഒന്നിച്ച് പങ്കിട്ട്. ഒന്നിച്ച് ചിന്തിച്ച്, ഒന്നിച്ച് പണിപ്പെട്ടാണ് ദര്‍ശന വായനശാല എന്ന ആശയം സാര്‍ത്ഥകമാകുന്നത്. അതിനുമുമ്പ് വായനശാല തേടി ഞങ്ങള്‍ മൂന്ന് കിലോമീറ്റര്‍ നടന്ന കോമ്പയാറ്റിലേക്കും എട്ട് പത്ത് കിലോമീറ്റര്‍ നടന്ന് തൂക്കുപാലത്തേക്കും പോയിരുന്നു. നെടുങ്കണ്ടം പഞ്ചായത്ത് ലൈബ്രറി അക്കാലം തുറക്കാതെ, പരിചരിക്കാതെ, ലൈബ്രറേറിയനില്ലാതെ അനാഥമായി അടഞ്ഞ് കിടപ്പായിരുന്നു.

അതിനും മുമ്പ്,  കറുത്ത ചായം തേച്ച ഒരു ട്രങ്ക് പെട്ടിയില്‍ ആധാരങ്ങള്‍ക്കും കരമടച്ച രസീതുകള്‍ക്കും ആശുപത്രി കടലാസുകള്‍ക്കും ചേട്ടന്റെ ഒടിഞ്ഞ കയ്യുടെ എക്സ് റേക്കുമൊപ്പം കുറച്ച് പുസ്തകങ്ങള്‍ അച്ഛന്റെ സൂക്ഷിപ്പായുണ്ടായിരുന്നു. എഴുത്തച്ഛന്റെ അധ്യാത്മരാമായണം. കമ്പരാമായണം, ചങ്ങമ്പുഴയുടെ വാഴക്കുല, രമണന്‍, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി പിന്നെ, ചുവന്ന കട്ടിപ്പുറംചട്ടയുള്ള കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1950കളുടെ ആദ്യപാദത്തില്‍ എറണാകുളം ജില്ലയിലെ പറവൂരെ കാര്‍ഷിക ഗ്രാമമായ ഏഴിക്കരയില്‍ നിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറിയ കാലത്ത് അച്ഛന്‍ കൊണ്ടുവന്നതാണ് ഈ തകരപ്പെട്ടി എന്ന് ഞങ്ങള്‍ വിശ്വസിച്ചു. കൊടുംതണുപ്പും കഷ്ടപ്പാടുകളും ഏറിവരുന്ന പഞ്ഞമാസങ്ങളില്‍ 'ഓ... നിന്റച്ഛന്റെ കുടുംബസ്വത്ത്...' എന്ന് അമ്മ ആ പെട്ടിയെ പരിഹസിക്കും. അതില്‍ നിന്നാവണം സമതലത്തില്‍ നിന്നും പര്‍വതം കയറിവന്ന ഒരു ഭൂതകാലം ഞങ്ങള്‍ ആ പെട്ടിക്കും സങ്കല്‍പിച്ചത്.

നെടുങ്കണ്ടം അമ്പലത്തില്‍ ഉല്‍സവം, പള്ളിപ്പെരുന്നാള്‍ ദിവസങ്ങളില്‍ മാലയും വളയും ബലൂണും പമ്പരവും മാജിക്കും കൈനോട്ടവുമായി മലയകറിവന്നവര്‍ക്കൊപ്പം വഴിയോരത്ത് പുസ്തകം വില്‍ക്കുന്ന കച്ചവടക്കാരും വന്നിരുന്നു. അവിടെനിന്നാണ് കുമാരനാശാന്റെ കരുണയും ലീലയും കല്യാണ സൗഗന്ധികം തുള്ളലും അച്ഛന്റെ തകരപ്പെട്ടിയിലേക്ക് വന്നത്. ലീലക്കും കരുണക്കും ചണ്ഡാലഭിക്ഷുകിക്കും ഒരേ ഛായയുള്ള പുറം ചട്ടയായിരുന്നു.

പില്‍ക്കാലത്ത് ആ തകരപ്പെട്ടിയില്‍ ചിതല്‍ കയറി. കമ്പരാമായണം പൂര്‍ണ്ണമായും ചിതല്‍ തിന്നു. അധ്യാത്മരാമായണത്തിന്റെ പുറം ചട്ട ചിതലെടുത്തു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രം അതിജീവിച്ചു. പക്ഷെ, ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കെ. എസ്. യുക്കാരനായ സുഹൃത്ത് രാഷ്ട്രീയം പഠിക്കാന്‍ വാങ്ങിക്കൊണ്ടുപോയ ആ പുസ്തകം പിന്നീട് തിരിച്ചുതന്നില്ല. ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറം അച്ഛന്‍ പുറപ്പെട്ടുവന്ന അതേ നഗരത്തില്‍ നിന്ന് മലമുകളിലേക്ക് യാത്രചെയ്യുമ്പോള്‍ കയ്യിലുണ്ടായിരുന്നതും പുസ്തകങ്ങളാണ്. സ്വന്തം പുസ്തകങ്ങള്‍. വിയര്‍പ്പോഹരിപോലെ സമര്‍പ്പിക്കാന്‍ കയ്യില്‍ കരുതിയത്. പക്ഷെ, വായനശാല എന്നേക്കുമായി അടഞ്ഞുപോയിരുന്നു.

വായനയില്‍ എല്ലാകാലത്തും വിസ്മയിപ്പിച്ചതും തോല്‍പ്പിച്ചതും അച്ഛനാണ്. ഒരു സന്ധ്യാനേരത്ത് അധ്യാത്മരാമായണം സുന്ദരകാണ്ഡത്തില്‍ തപ്പിത്തടഞ്ഞു നില്‍ക്കുകയായിരുന്നു. എത്ര വായിച്ചാലും വാക്കുംനാക്കും പിഴക്കുന്ന വിഷമപര്‍വ്വം. മുറ്റത്ത് സന്ധ്യാനടത്തത്തിലായിരുന്ന അച്ഛന്‍ ''സകലശുകകുലവിമല തിലകിത കളേബരേ...സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ, കഥയമമ കഥയമമ കഥകളതിസാദരം...'' എന്ന് ഇടമുറിയാതെ ചൊല്ലിത്തന്നു. വിശ്വസിക്കാനായില്ല. കമ്യൂണിസ്റ്റുകാരനായ അച്ഛന്‍ രാമായണം കാണാതെ ചൊല്ലുകയോ?

വായനശാലകളില്‍ നിന്നും പലപല സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിവരുന്ന പുസ്തകങ്ങള്‍ ആദ്യം ഞാനാണ് വായിച്ചു തുടങ്ങുന്നതെങ്കിലും ആദ്യം വായിച്ചവസാനിപ്പിക്കുന്നത് അച്ഛനായിരുന്നു. പകല്‍ ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ അച്ഛന്‍ പറമ്പും കൃഷിയും മറന്ന് പുസ്തകം വായിച്ചു. ഒരു മധ്യവേനല്‍ അവധിക്കാലത്താണ് തകഴിയുടെ കയര്‍ കിട്ടുന്നത്. പ്ലസ് ടു കാലത്തെ സഹപാഠിയായിരുന്ന പയസാണ് പുസ്തകം കൊണ്ടുതന്നത്. മറ്റൊരു കുടിയേറ്റ ഗ്രാമമായ മഞ്ഞപ്പാറ ലൈബ്രറിയില്‍ നിന്ന് ചുമന്നുകൊണ്ടുതന്ന പുസ്തകം. സി. രാധാകൃഷ്ണന്റെ കരള്‍പിളരും കാലംവരെയുള്ള മുഴുവന്‍ പുസ്തകങ്ങളും ഞാന്‍ വായിക്കുന്നത് മഞ്ഞപ്പാറ ലൈബ്രറിയില്‍ നിന്നാണ്. അതെല്ലാം കൊണ്ടുതന്നത് പയസായിരുന്നു. അങ്ങനെയൊരവധിക്കാലത്താണ് 'കയര്‍' കിട്ടുന്നത്. ചോദിച്ചുവാങ്ങിയതാണ്. ആ അവധിക്കാലം മുഴുവന്‍ ചെലവഴിച്ചിട്ടും അത് വായിച്ചു തീര്‍ക്കാനായില്ല.

കയറിന്റെ മടുപ്പകറ്റാന്‍ കോമ്പയാര്‍ സംസ്‌കാര പോഷിണി വായനശാലയില്‍ പോയി 'ഖസാക്കിന്റെ ഇതിഹാസം' വീണ്ടും എടുത്തുകൊണ്ടുവന്നു. ഇതിഹാസത്തില്‍ ആണ്ട് മുങ്ങിയപ്പോള്‍ കയര്‍ വേണെമെന്നായി. കവിതകണക്കെ വാക്യങ്ങള്‍ കാണാതെ പഠിച്ചു. ഖണ്ഡികകള്‍ മനഃപ്പാഠമാക്കി. കയറിന്റെ ഇടമുറിഞ്ഞ വായന അവസാനിപ്പിച്ച് തിരികെ കൊടുക്കാന്‍ ഇറങ്ങുമ്പോള്‍ അച്ഛന്‍ പറമ്പില്‍ നിന്ന് വരുകയായിരുന്നു. ''അത് നീ വായിച്ചു തീര്‍ത്തോ?'' ഇല്ല എന്നുത്തരം. 'ഖസാക്കിന്റെ ഇതിഹാസം' വീണ്ടും വായിച്ചു എന്ന് അഭിമാനത്തോടെ കൂട്ടിച്ചേര്‍ത്തു. മണ്‍വെട്ടിയും വെട്ടുകത്തിയും മുറ്റത്തിന്റെ മൂലയില്‍ വെച്ച് തിണ്ണയിലേക്ക് കയറുന്നതിനിടെ അച്ഛന്‍ പറഞ്ഞു. ''കയറാണ് വലിയ ഇതിഹാസം''. എനിക്കത് മനസ്സിലാകാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു.

 


പുസ്തകമോഷണം

കുട്ടിക്കാലത്ത് ഒരു ലൈബ്രറി ആദ്യമായി കാണുന്നത്, നെടുങ്കണ്ടം പഞ്ചായത്ത് യു. പി, സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. എ. ഇ. ഒ പരിശോധനക്ക് വരുന്നതിന്റെ മുന്നോടിയായി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നു. താരതമ്യേന അധ്വാനം കുറഞ്ഞ ഒരു പണിയാണ് ഞങ്ങള്‍ക്ക് കുറച്ചുപേര്‍ക്ക് കിട്ടിയത്. ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറിക്ക് തൊട്ടു ചേര്‍ന്നുള്ള ചെറുമുറിയിലേക്ക് ഞങ്ങള്‍ നയിക്കപ്പെട്ടു. അവിടെ നിരത്തിവെച്ചിരിക്കുന്ന അലമാരകളുടെ ചില്ലുകള്‍ തുടക്കലാണ് ഞങ്ങളുടെ പണി. അതായിരുന്നു ലൈബ്രറി. മൂന്നുനാല് അലമാരകളില്‍ നിറയെ പുസ്തകങ്ങള്‍! 

അത്രയധികം പുസ്തകങ്ങള്‍ ആദ്യമായി കാണുകയാണ്. അലമാരയുടെ വാതിലുകള്‍ പൂട്ടിയിരുന്നു. അത്ര അടുത്തായിരുന്നിട്ടും അവയെ ഞങ്ങള്‍ക്ക് തൊടാനായില്ല. എ. ഇ. ഒ വന്നുപോയതില്‍ പിന്നെ ലൈബ്രറി ഇരുട്ടിലേക്ക് പിന്‍വാങ്ങി.

ലൈബ്രറി പുസ്തകം ആവശ്യപ്പെട്ട് ഞങ്ങള്‍ ക്ലാസ് ടീച്ചറെ കണ്ടു. നിവേദനം പലവഴിക്ക് പോയി. അവസാനം നിരസിക്കപ്പെട്ടു. കുട്ടികള്‍ക്ക് പുസ്തകം വായിക്കാനുള്ള പ്രായമായില്ലന്നും, ലൈബ്രറി കൈകാര്യം ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ ഇല്ലെന്നുമുള്ള കാരണത്താല്‍ നിവേദനം തള്ളി. അടുത്തവര്‍ഷം എ.ഇ.ഒ വരുന്നതിനുമുമ്പുള്ള ശുചീകരണ യജ്ഞത്തിന് എങ്ങനെയും ലൈബ്രറിയില്‍ കയറണമെന്നും പുസ്തകങ്ങള്‍ മോഷ്ടിക്കണമെന്നും ഞങ്ങള്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം വന്നു. മോഷണം തീരുമാനിച്ച സംഘത്തില്‍ ഞങ്ങള്‍ രണ്ട് പേരൊഴികെ മറ്റെല്ലാവരെയും പല പണിക്കാണ് നിയോഗിച്ചത്. ഹെഡ്മാസ്റ്ററുടെ മുറി, ഇരുട്ടുമുറി, അലമാര, പൂട്ടിക്കെട്ടിയ പുസ്തകങ്ങള്‍. ചില്ലുകള്‍ തുടക്കുന്നതിനിടെ അലമാര തുറക്കാന്‍ ശ്രമിച്ചു. ഒരു അലമാരയുടെ വാതിലുകള്‍ അല്‍പം തുറക്കാമെന്ന് കണ്ടെത്തി. അതിലൂടെ വിരലുകള്‍ കടത്തി പുസ്തകം വലിച്ചു. പുസ്തകം കയ്യില്‍ വന്നതോടെ ശരീരത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു. ഭയം, കൈകാലുകള്‍ വിറക്കാന്‍ തുങ്ങി. ആ പുസ്തകങ്ങള്‍ ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ച് പുറത്തേക്ക് പാഞ്ഞു.

പപ്പിനി മെട്ടിനോട് ചേര്‍ന്നുള്ള മൂത്രപ്പുരയുടെ പിന്നില്‍ പുല്ലുകല്‍ക്കിടയിലേക്ക് വീണുപോവുകയായിരുന്നു ഞങ്ങള്‍. എത്രയോ നേരമെടുത്തു ശ്വാസം നേരേകിട്ടാന്‍. ഉടുപ്പിനുള്ളില്‍ നിന്നും പുസ്തകം പുറത്തെടുത്തു. രണ്ട് പുസ്തകങ്ങള്‍. കുമാരനാശാന്റെ 'കരുണ'. സി.ജി. ശാന്തകുമാറിന്റെ 'ഞാനൊരു ശാസ്ത്രജ്ഞനാകും'. ഞങ്ങള്‍ ക്ലാസിലേക്ക് പോയി. പാഠപുസ്തകത്തിനുള്ളില്‍ കള്ളമുതല്‍ ഒളിപ്പിച്ചു. വിറയാര്‍ന്ന ഒരു പകല്‍ മുഴുവന്‍ എങ്ങനെയോ തള്ളി നീക്കി. അന്ന് വീട്ടിലേക്കുള്ള വഴി മുഴുവന്‍ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു. രാത്രി പഠിക്കാനിരിക്കുമ്പോള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആ പുസ്തകങ്ങള്‍ പലയാവര്‍ത്തി മറിച്ചുനോക്കി. ചേച്ചിയെ കാണിച്ച് എനിക്കും ലൈബ്രറി പുസ്തകം കിട്ടിയെന്ന് വീമ്പു പറഞ്ഞു. ഒരു രാത്രി വെളുത്തു. എ. ഇ. ഒ വന്നുപോയി. അടുത്ത ഒരു വര്‍ഷത്തേക്ക് ലൈബ്രറി അടഞ്ഞു. ഇനിയെങ്ങനെ ആ പുസ്തകം തിരിച്ചുവെക്കും. ഭയവും കുറ്റബോധവും വേട്ടയാടി. എത്രയോ കാലങ്ങള്‍....

പിന്നീട് താന്നിമൂട് ദര്‍ശന ലൈബ്രറിക്ക് പുസ്തകം സംഭാവന ചെയ്ത കൂട്ടത്തില്‍ ആ രണ്ട് പുസ്തകവുമുണ്ടായിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ കുറ്റബോധമില്ല. നീണ്ട ഏഴ് വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ നിതാന്തമായി അടഞ്ഞുകിടന്ന ലൈബ്രറിയില്‍ നിന്ന് പുസ്തകം മോഷ്ടിക്കുന്നതാണ് ശരി.

പഞ്ചായത്ത് സ്‌കൂളില്‍ നിന്ന് എത്രയും വേഗം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഒന്ന് അവിടെ രാഷ്ട്രീയമുണ്ട്, സമരമുണ്ട്. രണ്ട് ലൈബ്രറി പുസ്തകങ്ങള്‍ എല്ലാവര്‍ക്കും കിട്ടും. ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന ചേച്ചി ലൈബ്രറി പുസ്തകങ്ങളുമായി അന്ന് വീട്ടില്‍ വന്നിരുന്നു. ചേച്ചി പുസ്തകം കയ്യില്‍ തന്നില്ല, കഥകള്‍ വായിച്ചുതന്നു. കവിതകള്‍ ചൊല്ലിത്തന്നു. ചേച്ചി പഠിച്ച ഹൈസ്‌കൂളില്‍ ഒരു മുറിനിറയെ പുസ്തകമുണ്ടെന്ന് ചേച്ചി പറഞ്ഞു. അവരെ പഠിപ്പിച്ചിരുന്ന രാമന്‍കുട്ടി സാര്‍ എല്ലാവര്‍ക്കും പുസ്തകം തരുമെന്നും. അല്‍ഭുതം അതായിരുന്നില്ല. ഈ രാമന്‍കുട്ടിസാറിന്റെ വീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറിയുണ്ടത്രെ. ഹൈസ്‌കൂളിലെത്തുമ്പോള്‍ എല്ലാവര്‍ക്കും ലൈബ്രറിയില്‍ നിന്ന് പുസ്തകം കിട്ടുമെന്ന പ്രതീക്ഷയില്‍,  വീട്ടില്‍ സ്വന്തമായി ലൈബ്രറിയുള്ള രാമന്‍കുട്ടിസാര്‍ എന്ന അത്ഭുത മനുഷ്യനെ ഞാന്‍ ആദരവോടെ കണ്ടു. സ്‌കൂളിലേക്ക് പോകും വഴിക്ക് എസ്.ഡി.എ സ്‌കൂളിന്റെ കയറ്റത്തില്‍ റോഡിനോട് ചേര്‍ന്നുള്ള ആ ചെറിയ വീട്ടില്‍ നിറയെ പുസ്തകങ്ങളാണെന്ന് സ്‌കൂളിലെ കൂട്ടുകാരോട് പറഞ്ഞു. ഞാനത് കണ്ടിട്ടുണ്ടെന്നും തൊട്ടിട്ടുണ്ടെന്നും നുണപറഞ്ഞു.
ആ പുസ്തക ശേഖരം കാണാനാവുന്നതിനും ഞാന്‍ ഹൈസ്‌കൂളിലേക്ക് എത്തുന്നതിനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമന്‍കുട്ടിസാര്‍ മരിച്ചു. ഹൃദയാഘാതമായിരുന്നു. കറുത്ത ബാഡ്ജ് ധരിച്ച് കുട്ടികള്‍ വരിവരിയായി ഹൈസ്‌കൂളിലേക്ക് നടന്നു. ഒരു പാട് റീത്തുകള്‍ക്ക് നടുവില്‍ രാമന്‍കുട്ടിസാര്‍ കിടന്നു. ഞാന്‍ അന്നാണ് ആ മനുഷ്യനെ ഇത്ര അടുത്ത് കണ്ടത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈസ്‌കൂളിലെത്തുമ്പോള്‍ എനിക്ക് കൂട്ടായി കിട്ടിയത് രാമന്‍കുട്ടിസാറിന്റെ മകന്‍ രാജീവിനെയാണ്. രാജീവ് അന്ന് പത്താം ക്ലാസില്‍ പഠിക്കുന്നു. ആ ചങ്ങാത്തം എന്നെ ആ വീട്ടിലെത്തിച്ചു. കഥകളില്‍ ഞാന്‍ മെനഞ്ഞുണ്ടാക്കിയ പുസ്തക ശേഖരത്തിന് മുന്നില്‍. മാക്സിം ഗോര്‍ക്കിയുടെ 'അമ്മ', മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍', വി.എസ് ഖാണ്ഡേക്കറുടെ 'യയാതി', 'കരമസോവ് സഹോദരങ്ങള്‍', 'സിദ്ധാര്‍ത്ഥ', 'കുറ്റവും ശിക്ഷയും', 'പാവങ്ങള്‍'....എണ്ണിയാല്‍ തീരാത്ത ക്ലാസിക്കുകളുടെ വാതിലുകള്‍ എനിക്കായി തുറന്നുകിട്ടി. ആ ഒറ്റവര്‍ഷം ഞാന്‍ ആര്‍ത്തിയോടെ വായിച്ചുകൂട്ടിയ പുസ്തകങ്ങളെത്ര. രാജീവ് കോളെജില്‍ ചേര്‍ന്നതോടുകൂടി ആ സൗഹൃദം അയഞ്ഞു. വായനശാലകള്‍ തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത് അവിടെനിന്നാണ്. 

 

 

കുത്തഴിഞ്ഞ കാലം

ഹൈസ്‌കൂള്‍ പഠനകാലത്ത് ഏറ്റവും അടുത്തുള്ള വായനശാല കോമ്പയാര്‍ സംസ്‌കാര പോഷിണി വായനശാലയായിരുന്നു. ഹൈറേഞ്ചിലെ ആദ്യകാല ലൈബ്രറികളില്‍ ഒന്നാണത്. അമ്പതുകളുടെ ആദ്യപാദത്തില്‍ ആരംഭിച്ച കുടിയേറ്റത്തിന്റെ ആദ്യ തലമുറയാണ് 1963-ല്‍ ഈ വായനശാല സ്ഥാപിച്ചത്. ഹൈറേഞ്ചിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലേക്ക് ഉയര്‍ന്നുവന്നവരില്‍ ഏറെയും കോമ്പയാറുകാരായിരുന്നു. 

1977 ഓടെ ഈ വായനശാല പ്രവര്‍ത്തനം നിലച്ചു. അതോടെ ഗ്രാമത്തിന്റെ സാമൂഹ്യ ജീവിതം കുത്തഴിഞ്ഞു. കുട്ടിക്കാലത്ത് കേട്ടിരുന്ന കഥകളില്‍ സന്ധ്യയ്ക്കു സ്ത്രീകളും കുട്ടികളും ആ വഴി പോകാറില്ലെന്നായിരുന്നു. മദ്യപന്‍മാരും ചട്ടമ്പികളും നിറഞ്ഞാടിയ കാലമത്രെ. എണ്‍പതുകളുടെ മധ്യത്തില്‍ പുതിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ പൂട്ടിക്കിടന്ന വായനശാല കയ്യേറി തുറന്നു. ആ കൂട്ടായ്മ കുത്തഴിഞ്ഞ ഗ്രാമത്താളുകളെ പുനരേകീകരിച്ചു. എണ്‍പതുകളുടെ അവസാനം ഒരു സന്ധ്യാ നേരത്ത് വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ നടന്നാണ് ആ വായനശാലയിലെത്തി അംഗത്വമെടുക്കുന്നത്. 

പിന്നീടുള്ള എത്രയോ സായാഹ്നങ്ങളില്‍ സാംസ്‌കാരികപോഷിണിയുടെ പുസ്തക്കൂട്ടങ്ങളില്‍ മേഞ്ഞുനടന്നു. ആ വായനശാലയുടെ തണലില്‍ യുവാക്കളും കുട്ടുകളും ഒത്തുകൂടി. വായിച്ചു. ചര്‍ച്ച ചെയ്തു. പഠിച്ചു. പി. എസ്. സി പരീക്ഷകളില്‍ വിജയിച്ച് നാട്ടില്‍ തന്നെ തൊഴിലെടുത്തു ജീവിച്ചു. എല്ലാ യുവാക്കളും സര്‍ക്കാര്‍ ജോലി നേടിയ ഗ്രാമം എന്ന് കോമ്പയാര്‍ പിന്നീട് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ആ വായനശാല ഇന്നും സജീവമാണ്. സംസ്ഥാനത്തെ മാതൃകാ ഗ്രാമീണ ഗ്രന്ഥശാലയായി സംസകാരപോഷിണി വളര്‍ന്നു. കുത്തഴിഞ്ഞ ചെറുഭൂതകാലത്തെ തിരുത്തി നാട് ഒരു പൂര്‍ണ്ണ പുസ്തകമായി മാറി.  

 

 

മനുഷ്യപ്പറ്റ്

വീട്ടില്‍ നിന്ന് എട്ട് പത്ത് കിലോമീറ്റര്‍ നടന്നുവേണം തൂക്കുപാലം പബ്ലിക് ലൈബ്രറിയില്‍ എത്താന്‍. വണ്ടിക്ക് പോകാന്‍ കയ്യില്‍ പൈസയുണ്ടാവില്ല. ഇനി പൈസ കിട്ടിയാലും എത്രയോ സമയം കാത്തുനിന്നാലാണ് ഒരു വണ്ടിവരുക. കാല്‍നടയാണ് എല്ലാവരുടെയും പ്രിയ വാഹനം. വീട്ടില്‍ നിന്ന് പറമ്പ് മുറിച്ചു കടന്ന് മമ്മുക്കണ്ണന്റെ പറമ്പിലൂടെ നേരെ നടന്നാല്‍ ആറ്റുതീരത്തെത്താം. നല്ല ഒഴുക്കുണ്ടാകുമെങ്കിലും ആഴം കുഴഞ്ഞ ഭാഗത്തൂടെ ഉയര്‍ന്നുനില്‍ക്കുന്ന മിനുസമാര്‍ന്ന പാറക്കല്ലുകളില്‍ ചവിട്ടി ചാടിക്കടന്നാല്‍ പുഴ കുറുകെ കടക്കാം. പിന്നെ കുത്തനെയുള്ള  പണ്ടാരക്കുന്ന് കയറണം. പണ്ടാരക്കുന്നിന്റെ നെറുകയില്‍ നിന്നും മറുഭാഗത്തേക്കുള്ള ഇറക്കം മുണ്ടിയെരുമയിലാണ് അവസാനിക്കുന്നത്. അവിടെ നിന്നും രാമക്കല്‍മേട് റോഡിലൂടെ നടന്ന് പുഞ്ചിരിവളവെത്തിയാല്‍ വീണ്ടും കുറുക്കുവഴി. ചെമ്പരത്തിവേലികള്‍ അതിരിട്ട ഒറ്റയടിപ്പാതയിലൂടെ നടന്നാല്‍ തൂക്കുപാലം പട്ടണത്തിലേക്കെത്താം. പത്ത് കിലോമീറ്റര്‍ ദൂരത്തെ ഏതാണ്ട് ആറാക്കി കുറച്ചാണ് ഈ നടത്ത. 

തൂക്കുപാലം പബ്ലിക് ലൈബ്രറി പുസ്തകത്തിന്റെ പേരില്‍ മാത്രമായിരുന്നില്ല ആകര്‍ഷിച്ചത്. മുതിര്‍ന്ന ഒരു സംഘം യുവാക്കളുടെ ഊര്‍ജ്ജം പകരുന്ന സാന്നിധ്യം. സംവാദം, പ്രസംഗം, ചര്‍ച്ചകള്‍, പാട്ടുക്കൂട്ടങ്ങള്‍, കാവ്യപാരായണം, പുറത്തെ മൈതാനത്ത് വോളിബോള്‍. എപ്പോഴും തടിച്ച പുസ്തകങ്ങള്‍ കയ്യില്‍ കൊണ്ടുനടക്കുന്ന സലിന്‍ എന്ന മനുഷ്യനെ കാണുന്നത് അവിടെ വച്ചാണ്. വളരെ വര്‍ഷങ്ങള്‍ പിന്നിട്ട് ഞങ്ങള്‍ സുഹൃത്തുക്കളായിമാറിയ കാലത്തും സലിന്റെ കയ്യില്‍ വലിയ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ തത്വമസി എനിക്ക് തന്നത് സലിനാണ്. കയ്യിലുള്ള പുസ്തകങ്ങള്‍ ആര്‍ക്കും വായിക്കാന്‍ തരും. ആവശ്യമുള്ളവ നമ്മുടെ കയ്യില്‍ നിന്നും എടുക്കും. തന്ന പുസ്തകങ്ങള്‍ തിരിച്ച് ചോദിച്ചില്ല, എടുത്തുകൊണ്ടുപോയവ തിരിച്ചു തന്നുമില്ല. വായിക്കാന്‍ മോഹിച്ച മറ്റാര്‍ക്കെങ്കതിലും അത് കൊടുത്തിരിക്കും. കമ്യൂണിസ്റ്റായും തീവ്രകമ്യൂണിസ്റ്റായും കോണ്‍ഗ്രസായും സമുദായ നേതാവായും തന്റെ സാമൂഹ്യ സ്വത്വത്തെ ആവിഷ്‌ക്കരിക്കാനാവാതെ സലിന്‍ എന്നും അലഞ്ഞു, ഇന്നും. ഒരു തോക്കും ഒരു ലൈബ്രറിയുമുണ്ടെങ്കില്‍ ഇവിടെ വിപ്ലവം നടത്താനാകുമെന്ന് വിശ്വസിച്ച ഒരു ക്ഷുഭിത യൗവ്വനം. ജയന്‍ചേട്ടന്‍ എന്ന് പിന്‍തലമുറയാല്‍ വിളിക്കപ്പെട്ട ജയചന്ദ്രന്‍. ലൈബ്രറി മൈതാനത്ത് ചുറ്റിത്തിരിഞ്ഞ എന്നെ ഒരു ഉച്ചസമയത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം തന്ന്, അകാലത്തില്‍ വിടപറഞ്ഞ കുറുപ്പുചേട്ടന്‍ തൂക്കുപാലം ലൈബ്രറി പുസ്തകങ്ങളേക്കാള്‍ ഒരുപാട് മനുഷ്യപ്പറ്റാണ് എനിക്ക് വായിക്കാന്‍ തന്നത്.

 

 

പുസ്തക സ്മാരകം

ബാബുരാജന്‍ വായശാലയില്‍ പോയിരുന്നില്ല. പുല്ലുമേഞ്ഞ് ചാണകം മെഴുകിയ ഒറ്റമുറിവീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറി സ്വപ്നംകണ്ട് ജീവിച്ചു. പത്താംക്ലാസില്‍ പഠിപ്പുനിര്‍ത്തി കൂലിപ്പണിക്ക് പോയിത്തുടങ്ങിയത് സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങാനായിരുന്നു. എം.ടിയും വിജയനും മുകുന്ദനും ആനന്ദും മുഴുവന്‍ കൃതികളായി ബാബുരാജന്റെ വീട്ടിലേക്കെത്തി. പണിക്കുപോയി കിട്ടുന്ന കാശിന് പുസ്തകങ്ങള്‍ കഴിഞ്ഞാല്‍, ദിനേശ് ബീഡി മാത്രം വാങ്ങി..വീട്ടിലേക്കുള്ള അരിസാമാനങ്ങളേക്കാള്‍ പുസ്തകങ്ങളാണ് വാങ്ങിയത്. 

പുസ്തകങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ അലമാരയോ, സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പഴയ 501 ബാര്‍സോപ്പ് വരുന്ന ഹാര്‍ബോര്‍ഡ് പെട്ടികള്‍ വാങ്ങി അതിനുള്ളില്‍ അടുക്കടുക്കായി പുസ്തകങ്ങള്‍ സൂക്ഷിച്ചു. ബാബുരാജന്റെ വീട് എന്റെ വായനശാലയായി. പില്‍ക്കാലത്ത് ഞങ്ങള്‍ 'ദര്‍ശന വായനശാല' സ്ഥാപിക്കുമ്പോള്‍ ആ അട്ടപ്പെട്ടികളില്‍ നിന്ന് പ്രിയപ്പെട്ട എത്രയോ പുസ്തകങ്ങള്‍ മനസ്സു തേങ്ങിക്കൊണ്ടെങ്കിലും ബാബു സംഭാവന ചെയ്തു. ആ പുസ്തകങ്ങള്‍ക്കൊപ്പമാണ് ബാബുവും വായനശാലയിലേക്ക് വന്നത്. ആ പുസ്തകങ്ങളെ വീണ്ടും വീണ്ടും കാണാനാവണം അയാള്‍ ലൈബ്രറിയുടെ സജീവ സംഘാടകരില്‍ ഒരാളായത്. ഇന്ന്, പുറം ചട്ടയടര്‍ന്നും മുഷിഞ്ഞും പൂപ്പല്‍ കയറിയും ആ അടഞ്ഞ വാതിലുകള്‍ക്കപ്പുറം ആ പുസ്തകങ്ങളും ഉണ്ടാവണം. പുസ്തകങ്ങളുടെ അകാല വാര്‍ദ്ധക്യം. വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ യാത്രയില്‍ ബാബുരാജനെ കണ്ടിരുന്നു. വായനശാലയില്‍ പോകാറില്ലെന്നുപറഞ്ഞു. താന്‍ മുമ്പ് കൊടുത്ത ഒരു പുസ്തകം വീണ്ടും വായിക്കാന്‍ തോന്നി ചെന്നപ്പോള്‍ അംഗത്വം പുതുക്കിയില്ലെന്നു പറഞ്ഞ് ഒഴിവാക്കി. ''കുറച്ചുനേരം അവിടെ നിന്നിട്ട് ഞാനിങ്ങ് പോന്നു....'' അങ്ങനെ വീണ്ടും ബാബുരാജന്‍ വായനശാലയില്‍ പോകാതെയായി.

click me!