മതം, എണ്ണ, വംശീയത, കുടിപ്പക; അര്‍മേനിയ-അസര്‍ബൈജാന്‍ യുദ്ധത്തിനു പിന്നില്‍ എന്തൊക്കെയാണ്?

By Alaka Nanda  |  First Published Oct 10, 2020, 3:49 PM IST

അര്‍മേനിയ-അസര്‍ബൈജാന്‍: വെടിനിര്‍ത്തല്‍ കൊണ്ട് പരിഹരിക്കാനാവുമോ  ഈ മുറിവുകള്‍?  ലോകജാലകം.  അളകനന്ദ എഴുതുന്നു


ഈ വെടിനിര്‍ത്തല്‍ എത്രകാലത്തേക്കുണ്ടാവും? ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവുന്നതിന് തടസ്സം നില്‍ക്കുന്ന ഘടകങ്ങള്‍ ഏതെന്ന് അറിഞ്ഞാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും.  മതവും രാഷ്ട്രീയവും വംശീയതയും സാമ്പത്തിക താല്‍പ്പര്യങ്ങളും ജിയോ പൊളിറ്റിക്കല്‍ സമവാക്യങ്ങളും കുടിപ്പകയുമടക്കം അനേകം കാരണങ്ങളുണ്ട് ഈ തീരാത്ത പോരിന്. 

 

Latest Videos

undefined

 

അങ്ങനെ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ വെടിനിര്‍ത്താന്‍ തീരുമാനിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൈയില്‍ മോസ്‌കോയില്‍ നടന്ന പത്തുമണിക്കൂര്‍ നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചത്. പതിവുപോലെ നഗോര്‍ണോ കാരാബാക് മേഖല എന്ന കീറാമുട്ടിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ അര്‍മേനിയ-അസര്‍ബൈജാന്‍ യുദ്ധം ആരംഭിച്ചത്. 1994ല്‍-വിഘടന യുദ്ധം തുടങ്ങിയതുമുതല്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കണ്ടാണ് ഇപ്പോള്‍ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചത്. 

എന്നാല്‍, ഈ വെടിനിര്‍ത്തല്‍ എത്രകാലത്തേക്കുണ്ടാവും? ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവുന്നതിന് തടസ്സം നില്‍ക്കുന്ന ഘടകങ്ങള്‍ ഏതെന്ന് അറിഞ്ഞാല്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും.  മതവും രാഷ്ട്രീയവും വംശീയതയും സാമ്പത്തിക താല്‍പ്പര്യങ്ങളും ജിയോ പൊളിറ്റിക്കല്‍ സമവാക്യങ്ങളും കുടിപ്പകയുമടക്കം അനേകം കാരണങ്ങളുണ്ട് ഈ തീരാത്ത പോരിന്. 

 


തന്ത്രപരമായ സ്ഥാനം

കോക്കസസ്. കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടക്കുള്ള പ്രദേശം. റഷ്യയുടെയും തുര്‍ക്കിയുടെയും  ഇറാന്റെയും അതിര്‍ത്തി. അസര്‍ബൈജാന്‍, അര്‍മേനിയ, ജോര്‍ജിയ, പിന്നെ  വിഘടിച്ചുപോയ പ്രദേശങ്ങള്‍, അബ്കാസിയ, സൗത്ത് ഒസെറ്റിയ, ഇപ്പോഴത്തെ തര്‍ക്കവിഷയമായ നഗോര്‍ണോ കാരാബാക്ക്. കോക്കസസ്  എന്ന പേര് വന്നതുതന്നെ ഗ്രീക്ക്, റഷ്യന്‍ ഭാഷകളില്‍നിന്നാണ്. ഗ്രീക്ക് പുരാണത്തില്‍ പ്രോമിത്യൂസിനെ കെട്ടിയിട്ടിരുന്നത് കോക്കസസ് മലനിരയിലാണ്. ട്രോജന്‍ യുദ്ധത്തിനുശേഷം ഗ്രീക്ക് പുരാണത്തിലെ ആര്‍ഗോനോട്ടുകള്‍ സ്വര്‍ണത്തുകല്‍ തിരക്കിയെത്തിയത് ജോര്‍ജിയയിലാണ്.  

യൂറോപ്പിന്റെയും ഏഷ്യയുടേയും  ഇടയിലാണ്, ഇസ്ലാം ക്രിസ്തീയ മതങ്ങളുടെ സംഗമസ്ഥാനമെന്ന് സാസ്‌കാരിക ചരിത്രകാരന്‍മാര്‍ വിളിക്കുന്ന, സാംസ്‌കാരിക വൈവിധ്യത്തിന്റെ ഈ നാട്. ശരിക്കും തന്ത്രപ്രധാനമായ സ്ഥാനമാണ് ഇതിന്. അതിനാല്‍ ഈ മേഖലയില്‍ സ്വാധീനം ചെലുത്താന്‍ ഒരുപാട് രാജ്യങ്ങള്‍ക്കു താല്‍പ്പര്യമുണ്ട്. അധികാരത്തിനു വേണ്ടിയുള്ള ഈ പശ്ചാത്തലത്തില്‍ വേണം അസര്‍ബൈജാനും, അര്‍മേനിയയും തമ്മില്‍ നടക്കുന്ന പോരിനെ കാണാന്‍. ഏറ്റവുമൊടുവില്‍, വെടി നിര്‍ത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചെങ്കിലും സമാധാനം ശാശ്വതമാവാന്‍ സാധ്യതയില്ല എന്നാണ് ഈ പോരാട്ടത്തിനു പിന്നിലെ പല ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത്.

 

 

താല്‍പ്പര്യങ്ങളുടെ സംഘര്‍ഷഭൂമി

അസര്‍ബൈജാനാണ് കൂട്ടത്തില്‍ വലുത്. അവരുടെ എണ്ണസമ്പത്ത് അളവറ്റതാണ്. ഇസ്‌ലാമിക വിശ്വാസമാണ് അസര്‍ബൈജാന്‍ പിന്തുടരുന്നത്. തുര്‍ക്കി വംശജരായ ഷിയാ മുസ്ലിങ്ങളാണിവിടെ. ഇറാനിയന്‍, തുര്‍ക്കി, റഷ്യന്‍ സംസ്‌കാര പാരമ്പര്യങ്ങള്‍ ഇവരുടെ രക്തത്തിലലിഞ്ഞിരിക്കുന്നു. അര്‍മേനിയയും ജോര്‍ജിയയും ക്രൈസ്തവവിശ്വാസമാണ് പിന്തുടരുന്നത്. 

കോക്കേഷ്യന്‍ മലനിരകളിലെ ചില വഴികള്‍ പണ്ടുമുതലേ പടിഞ്ഞാറും കിഴക്കും തമ്മിലെ ബന്ധം നിലനിര്‍ത്തിയിരുന്നു. ഈ മേഖലയുടെ തന്ത്രപ്രധാനമായ സ്ഥാനം കാരണം യൂറോപ്പും റഷ്യയും അമേരിക്കയും ഇറാനും തുര്‍ക്കിയുമെല്ലാം ഇവിടത്തെ കാര്യങ്ങളില്‍ അതീവ തല്‍പരരാണ്. റഷ്യയെ പിടിച്ചുകെട്ടാനുള്ള
കെട്ടാനുള്ള പൂട്ട് ഇവിടെയാണെന്ന അറിവാണ് യൂറോപ്പിന്റെയും അമേരിക്കയുടെയും താല്‍പ്പര്യത്തിനു പിന്നില്‍. അമേരിക്കയും, യൂറോപ്പ് ഇങ്ങോട്ട് കടന്നുവരുമോ എന്ന പേടിയാണ് റഷ്യക്ക്.  ഷിയാ രാജ്യം കൈവിട്ടുപോകുമോ എന്ന ആധിയിലാണ് തുര്‍ക്കി. ഇപ്പറഞ്ഞ എല്ലാവര്‍ക്കും ഇവിടത്തെ എണ്ണസമ്പത്തിലൊരു കണ്ണ് ഉണ്ട്. അങ്ങനെ പലവഴിക്കാണ് കോക്കേഷ്യന്‍ മേഖല ഒരേസമയം എല്ലാവരേയും ആകര്‍ഷിക്കുന്നതും ഉറക്കംകെടുത്തുന്നതും.

 

 

വെടിനിര്‍ത്തലുകളുടെ ചരിത്രം

നഗോര്‍ണോ കാരാബാക് മേഖലയാണ് ഇപ്പോഴത്തെയും അര്‍മേനിയ-അസര്‍ബൈജാന്‍ തര്‍ക്കവിഷയം. നൂറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയതാണ് ഇവിടത്തെ സംഘര്‍ഷം.  ക്രിസ്ത്യന്‍ അര്‍മേനിയക്കാരും തുര്‍ക്കി അസറികളുമാണ് കരാബാകിലെ താമസക്കാര്‍.  19ാം നൂറ്റാണ്ടില്‍ ഇത് റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോയിരുന്നു അന്ന്. പക്ഷേ ബോള്‍ഷെവിക് വിപ്ലവത്തിലൂടെ സോവിയറ്റ് യൂണിയനില്‍ പുതിയ മേധാവികള്‍ വന്നപ്പോള്‍ അവര്‍ നഗോര്‍ണോ കാരാബാക് സ്വയംഭരണാധികാര പ്രദേശമാക്കി. 

അസര്‍ബൈജാന്റെ ഭൂമിയാണ് ഇത്. താമസിക്കുന്നവരില്‍ ഏറെയും അര്‍മേനിയക്കാര്‍. അര്‍മേനിയയുടെ പിന്തുണ അവര്‍ക്കുണ്ട്. സോവിയറ്റ് ആധിപത്യത്തിന് ശക്തി കുറഞ്ഞതോടെ അര്‍മേനിയക്കാരും തുര്‍ക്കി അസറി വംശജരും തമ്മിലെ അടികൂടി. സംഘര്‍ഷം കനത്തു. പ്രാദേശിക ഹിതപരിശോധനയില്‍ ഇവിടത്തുകാര്‍ അര്‍മേനിയയുടെ ഭാഗമാകാന്‍ താല്‍പര്യമറിയിച്ചു. ഇതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 

എന്തായാലും, അര്‍മേനിയക്കാര്‍ക്കാണ് ഈ മേഖലയില്‍ നിയന്ത്രണം കിട്ടിയത്. കരാബാക്കിന് പുറത്തുള്ള അസര്‍ബൈജാന്റെ പ്രദേശവും അവര്‍ പിടിച്ചെടുത്തു. 1991 -ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ കാരാബാക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍, അര്‍മേനിയയുടെ സൈനികസഹായത്തോടെ പിന്നെയും യുദ്ധം നടന്നു. തുടര്‍ന്നാണ് റഷ്യയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. 

പക്ഷേ അസര്‍ബൈജാന്റെ കുറേയേറെ പ്രദേശങ്ങള്‍ അര്‍മേനിയ ഇതിനകം പിടിച്ചെടുത്തിരുന്നു. രണ്ടുപക്ഷത്തുനിന്നും അര്‍മേനിയക്കാരും അസറികളും പലായനം ചെയ്തു. അവര്‍ക്കൊന്നും തിരിച്ചുവരാനായിട്ടില്ല.  പിടിച്ചെടുത്ത പ്രദേശമൊന്നും അര്‍മേനിയ ഇതുവരെ തിരിച്ചുനല്‍കിയിട്ടില്ല. തങ്ങളില്‍നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കുമെന്നാണ് അസര്‍ബൈജാന്റെ പക്ഷം. അതിര്‍ത്തിയില്‍ നിന്ന് പലായനം ചെയ്തവര്‍ക്കായി അസര്‍ബൈജാന്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ കെട്ടിക്കൊടുത്തു. പക്ഷേ എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണം എന്നാണ് ഈ അഭയാര്‍ത്ഥികളുടെ ആഗ്രഹം. സ്വന്തം നാട്ടില്‍ തന്നെ അഭയാര്‍ത്ഥികളായി ജീവിക്കുന്നവരുടെ എണ്ണത്തില്‍ മുന്നിലാണ് അസര്‍ബൈജാന്‍.

 

 

ബാഹ്യസമ്മര്‍ദ്ദങ്ങള്‍, താല്‍പ്പര്യങ്ങള്‍

സംഘര്‍ഷങ്ങളുടെ ഈ പശ്ചാത്തലമാണ് ഇരു രാജ്യങ്ങളെയും ഇടയ്ക്കിടെ തോക്കെടുപ്പിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ഇടക്കിടെ ഇരു കൂട്ടരും ലംഘിക്കാറുണ്ട്. ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നിവരുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. പക്ഷേ ജിയോപൊളിറ്റിക്കല്‍ താല്‍പര്യങ്ങളും മറ്റനേകം ഘടകങ്ങളും സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നു. അസര്‍ബൈജാനെ പിന്തുണക്കുന്നത് തുര്‍ക്കിയാണ്. തുര്‍ക്കിവംശജരാണ് അവിടെ ഉള്ളത് എന്നതാണ് കാരണം. സിറിയയില്‍ നിന്ന് പോരാളികളെ തുര്‍ക്കി അര്‍മേനിയയിത്തെിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കി ആ ആരോപണം തള്ളിക്കളഞ്ഞെങ്കിലും അതിനുള്ള സാധ്യത നിലനില്‍ക്കുന്നു. അര്‍മേനിയന്‍ സൈന്യം നഗോര്‍ണോാ കാരാബാക് മേഖലയില്‍ നിന്ന് പിന്‍മാറുന്നതുവരെ യുദ്ധം എന്നാണ് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അല്യേവ് പ്രതിജ്ഞയെടുത്തിരിക്കുന്നത്.

അര്‍മേനിയയ്ക്ക് റഷ്യയുമായാണ് സൗഹൃദം. പക്ഷേ റഷ്യയുടെ നിലപാടിന് പല തലങ്ങളുണ്ട്. റഷ്യയുടെ സൈനികത്താവളമുണ്ട് അര്‍മേനിയയില്‍. എന്നാല്‍, അത് നഗോനോ കാരാബാക് മേഖലയ്ക്ക് ബാധകമല്ല. കാരണം, റഷ്യ ആ മേഖല അസര്‍ബൈജാന് വിട്ടുകൊടുത്തതാണ്. റഷ്യ രണ്ടുരാജ്യങ്ങള്‍ക്കും ആയുധം വില്‍ക്കാറുണ്ട്. സമാധാനചര്‍ച്ചകള്‍ നടക്കുന്നതും റഷ്യയുടെ മധ്യസ്ഥതയിലാണ്. അതേസമയം അര്‍മേനിയയുടെ പുതിയ രാഷ്ട്രത്തലവനുമായി റഷ്യക്ക് അത്ര നല്ല ബന്ധമല്ല. അര്‍മേനിയയാവട്ടെ ഉപാധികള്‍ പേടിച്ച് റഷ്യയോട് സഹായങ്ങള്‍ ചോദിക്കില്ല. തല്‍ക്കാലം റഷ്യ ഇടപെടില്ല എന്നാണ് ധാരണ. എന്നാല്‍, തുര്‍ക്കി ഇടപെടുകയോ തങ്ങളുടെ അതിര്‍ത്തിയില്‍ തുര്‍ക്കിയുടെ സ്വാധീനം കൂടുന്നുവെന്ന് തോന്നിയാലോ റഷ്യ പിന്നെ മാറിനില്‍ക്കില്ല.

 


 

അവിടെ ഒതുങ്ങില്ല, ഈ സംഘര്‍ഷം 

ഫ്രാന്‍സില്‍ വലിയൊരു വിഭാഗം അര്‍മേനിയക്കാരുണ്ട്. അര്‍മേനിയക്ക് പിന്തുണ വാഗ്ദാനം ചെയിതത് ഫ്രാന്‍സ് ആണ്.  ലിബിയയിലെ അധികാരത്തര്‍ക്കം, കിഴക്കന്‍ മെഡിറ്ററേനിയനിലെ ഊര്‍ജസ്രോതസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് അല്ലെങ്കില്‍ തന്നെ ഏറ്റുമുട്ടലിന്റെ വഴിയിലാണ് ഫ്രാന്‍സും തുര്‍ക്കിയും. ഫ്രാന്‍സിനൊപ്പം റഷ്യയും സമാധാനചര്‍ച്ചയുടെ മധ്യസ്ഥരാണ് എന്നതുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിനുമായി സംസാരിക്കാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നീക്കം.

അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ഒരു യുദ്ധം ഉണ്ടായാല്‍ അത് അവിടെ ഒതുങ്ങി നില്‍ക്കില്ല. പല ശക്തികള്‍ തമ്മിലാകും, പോരാട്ടം.  കോക്കേഷ്യന്‍ മേഖലയിലെ തന്നെ മറ്റൊരു രാജ്യമായ ജോര്‍ജിയക്ക് അതില്‍ ആശങ്കകള്‍ ഉണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇറാനും ആശങ്കയുണ്ട്. അതിനാല്‍, രണ്ടുകൂട്ടരും സംയമനത്തിന് ആഹ്വാനം നല്‍കിയിരിക്കയാണ്.

click me!