ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദ ശക്തിയാണോ, എ കെ ആന്റണി പറഞ്ഞതിന്റെ പൊരുള്‍

By Biju S  |  First Published Dec 31, 2022, 5:24 PM IST

കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തിലും കേരളത്തിലും 'മൃദു ഹിന്ദുത്വം' ആക്ഷേപിക്കുന്ന സിപിഎമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീഴരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.  


ഇപ്പോഴിതാ 28 വര്‍ഷങ്ങള്‍ക്കിപ്പുറം ആരും ചോദിക്കാതെ തന്നെ എ.കെ.ആന്റണി തിരുവനന്തപുരത്ത് കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നു. ചന്ദനക്കുറി തൊടുന്നവരെ മൃദു ഹിന്ദുത്വം പറഞ്ഞു കോണ്‍ഗ്രസ് മാറ്റിനിര്‍ത്തരുതെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന വിവാദമായിരിക്കുന്നു.

 

Latest Videos

undefined

 

ഇത്തിരി പഴയ കാര്യമാണ്. റസ്റ്റ് ഹൗസിലെ പരിമിതിയില്‍ തിടുക്കത്തില്‍ ക്ഷൗരം ചെയ്തതിനാലാവാം കുറ്റി രോമങ്ങള്‍ അവിടവിടായി തെളിഞ്ഞു കാണാമായിരുന്നു. ദേഷ്യം കൊണ്ട് ചുവന്ന മുഖത്ത് അത് കൂടുതല്‍ തെളിഞ്ഞു വന്നു.. ആ ഭാവം എ. കെ. ആന്റണിക്ക് പതിവില്ല. ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചതോടെ  അദ്ദേഹം ഞങ്ങളോട് കടക്കൂ പുറത്തേക്ക് എന്നൊന്നും പറഞ്ഞില്ല. പകരം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം പുറത്തേക്ക് കടന്നു. പരപ്പനങ്ങാടിയിലെ റസ്റ്റ് ഹൗസില്‍ രാവിലെ മുഖ്യമന്ത്രിയെ കാണാനെത്തിയവര്‍ക്കും അവിടെയുണ്ടായിരുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും   മുന്നില്‍ ഞാന്‍ നോട്ടപുള്ളിയായി. വാര്‍ത്താ സമ്മേളനം തുടങ്ങിയിരുന്നേയുള്ളു. അതിനുള്ളില്‍ അത് കരിന്തിരി കെട്ടതിലെ ഈര്‍ഷ്യ എല്ലാവരിലും  പ്രകടമായിരുന്നു

1995-ലെ സംഭവമാണ്. ചാരക്കേസില്‍ രക്തസാക്ഷിയായ കെ.കരുണാകരന് പകരക്കാരാനായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിതനായ എ.കെ.ആന്റണിക്ക് നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെടാന്‍ സുരക്ഷിത മണ്ഡലം വേണം. തെക്കുള്ള കോണ്‍ഗ്രസ് മണ്ഡലങ്ങള്‍ ഒട്ടും സുരക്ഷിതമല്ല. അവിടെയെല്ലാം കരുണാകരന്‍ കണക്ക് തീര്‍ക്കുമെന്നറിയാമായിരുന്ന ആന്റണി വടക്കോട്ട് നീങ്ങി. 1957-ല്‍ ഒന്നാം നിയമസഭ കാലത്ത്l   മണ്ഡലം രൂപീകൃതമായ മുതല്‍ 2021ല്‍ 15ാം നിയമസഭ വരെ ഒരിക്കലും ലീഗുകാര്‍ പരാജയമറിയാത്ത മണ്ഡലമാണ്  തീരൂരങ്ങാടി. അടുത്ത കാലത്ത് പിണറായി വിജയന്‍ മുസ്ലീം ക്രിസ്ത്യന്‍   വോട്ടുകള്‍  ലാക്കാക്കി നടത്തിയ  സോഷ്യല്‍ എന്‍ജിനീയറിങ്ങിന് മുന്‍പ് വരെ ലീഗിന്റെ പുന്നാപുരം കോട്ടയായിരുന്നു അത്. അങ്ങനെ  ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്ന് ലീഗ് ആന്റണിക്കായി ഒഴിഞ്ഞു കൊടുത്തു.   

എന്നാല്‍ തിരൂരങ്ങാടിക്ക് പുറപ്പെടും മുമ്പ് തിരുവനന്തപുരത്ത് ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദ ശക്തിയാകുന്നുവെന്നും ഭൂരിപക്ഷ വിഭാഗങ്ങളുടെ വികാരം കൂടി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മത്തായി മാഞ്ഞൂരാന്‍ അനുസ്മരണത്തില്‍ ആയിരുന്നു ആ പറച്ചില്‍ എന്നാണ് ഓര്‍മ്മ. കെ.കരുണാകരനാകട്ടെ തന്റെ ദൈവവിശ്വാസം പ്രകടിപ്പിക്കുന്നതില്‍ ഒരു ലോഭവും കാണിക്കാത്ത ആളായിരുന്നു. ഗുരൂവായൂരില്‍ എല്ലാ മലയാള മാസപ്പിറവിയിലും അദ്ദേഹം കണ്ണനെ വണങ്ങാന്‍ പോകുന്നുതുള്‍പ്പടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഒരു തതരം പ്രകടനപരത എന്ന് വരെ തോന്നിപ്പിക്കും വിധമായിരുന്നു അന്ന് മാധ്യമങ്ങള്‍ അത് കവര്‍ ചെയ്തിരുന്നത്.   എന്തായാലും സെക്കുലര്‍ നേതാവായ ആന്റണിയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത നിലപാടായിരുന്നു, ന്യനപക്ഷങ്ങള്‍ സമ്മര്‍ദ്ദശക്തി ആകരുതെന്ന പറച്ചില്‍. അതിനാല്‍ തന്നെയാണ് ഞങ്ങള്‍ തിരൂരങ്ങാടിയില്‍ അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിക്കാന്‍ മുതിര്‍ന്നതും. അന്ന് നമ്മള്‍ ഏഷ്യാനെറ്റ് മാത്രമേ സര്‍ക്കാറിതര ചാനലായിട്ട് ഉണ്ടായിരുന്നുള്ളു തിരുവനന്തപുരത്തായിരുന്നു എന്റെ പ്രവര്‍ത്തന മേഖലയായതിനാല്‍ എ.കെ ആന്റണിയുമായി നല്ല പരിചയമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് അന്നാ ചോദ്യം വല്ലാതെ അലോസരപ്പെടുത്തി. കുറ്റം പറയാനാകില്ല.  മുസ്ലീം ലീഗിന്റെ കോട്ടയില്‍ വന്ന് അവര്‍ വിട്ടുകൊട്ടുത്ത സീറ്റില്‍ വന്ന് അവരുടെ താത്പര്യങ്ങള്‍ക്കെതിരെ പറയുന്നത് നടയ്ക്കല്‍ കലം കൊണ്ടിട്ടു ഉടക്കും പോലെയാകുമായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് നിഷേധിക്കാനും ആന്റണയിലെ ആദര്‍ശ പരിവേഷം അനുവദിച്ചിരുന്നില്ല. മെച്ചം ഉത്തരം പറയാതെ കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണ്. 

ഞങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. തിരൂരങ്ങാടിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു അവിടന്നുള്ള ആദ്യ ജനപ്രതിനിധിയും പിന്നീട്  ഉപമുഖ്യമന്ത്രിയുമായ കെ. അവുക്കാദര്‍ക്കുട്ടി നഹ. മലപ്പുറം ജില്ല രൂപീകരിക്കാന്‍ ഒക്കെ മുന്‍കൈയെടുത്ത, കമ്യൂണിസ്റ്റ് , കോണ്‍ഗ്രസ് നേതൃത്വ മുന്നണികളിലൊക്കെ മാറി മാറി മന്ത്രിയായിരുന്ന ആളാണദ്ദേഹം. അതിനാല്‍ തന്നെ, പരേതനായ അദ്ദേഹത്തിന്റ തറവാട്ടിലേക്കായിരുന്നു ആന്റണിയുടെ ആദ്യ യാത്ര. അവിടെ മകനും പിന്നീട് മന്ത്രിയുമൊക്കെയായ പി.കെ അബ്ദുറബിനെയും കുടുംബാംഗങ്ങളെയും കണ്ടിറങ്ങി. ഞങ്ങളെ അവിടെയും കണ്ടപ്പോള്‍ ആന്റണി സ്വകാര്യമായി  ഇങ്ങനെ പറഞ്ഞു. ''ഇക്കാര്യങ്ങളൊക്കെ നമുക്ക് തിരുവന്തപുരത്ത് വിശദമായി സംസാരിക്കാം.''  

ആ സംസാരമൊന്നും ഉണ്ടായില്ല.   ഇപ്പോഴിതാ 28 വര്‍ഷങ്ങള്‍ക്കിപ്പുറം ആരും ചോദിക്കാതെ തന്നെ എ.കെ.ആന്റണി തിരുവനന്തപുരത്ത് കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നു. ചന്ദനക്കുറി തൊടുന്നവരെ മൃദു ഹിന്ദുത്വം പറഞ്ഞു കോണ്‍ഗ്രസ് മാറ്റിനിര്‍ത്തരുതെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന വിവാദമായിരിക്കുന്നു.

കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തിലും കേരളത്തിലും 'മൃദു ഹിന്ദുത്വം' ആക്ഷേപിക്കുന്ന സിപിഎമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീഴരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.  ഭൂരിപക്ഷ വിഭാഗങ്ങളിലെ വിശ്വാസികളെ 'സംഘി ലേബല്‍' ചാര്‍ത്തി മാറ്റിനിര്‍ത്തിയാല്‍ അതു യുഡിഎഫിനു ക്ഷീണവും ബിജെപി.ക്കും എല്‍ ഡി എഫിനും ഗുണകരമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

തിരൂരങ്ങാടി ഉപതരതെഞ്ഞെടുപ്പ് കഴിഞ്ഞ്,  28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം ഏറെ മാറി.ഒരു വര്‍ഷത്തിനപ്പുറം  വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോയിട്ട്, മുന്നണി ഉണ്ടാക്കിയെങ്കിലും വിജയം നേടുകയെന്നത് കോണ്‍ഗ്രസിന് വിദൂര ലക്ഷ്യമാണ്. കേന്ദ്രത്തിലെ പോലെ സംസ്ഥാനത്തും ബി.ജെ.പി കാര്യമായി മുന്നേറി. അവര്‍ക്ക് ജനപ്രതിനിധികള്‍ സംസ്ഥാനത്ത്  ഇല്ലെങ്കിലും   11 ശതമാനത്തില്‍ അധികം വോട്ട് നേടാനായി. സി.പി എമ്മിനൊപ്പം   25 ശതമാനം വോട്ട് നേടിയെങ്കിലും പതിവ് ഭരണ മാറ്റം കഴിഞ്ഞ 2021-ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞില്ല. ഉറച്ച കോട്ടയായ മലപ്പുറത്ത് പോലും  കഴിഞ്ഞ 2 തെരഞ്ഞടുപ്പില്‍ ലീഗിനും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ചില  സീറ്റുകള്‍ നഷ്ടമായെന്ന് മാത്രമല്ല വിജയിച്ചിടങ്ങളില്‍ പോലും അവരുടെ ഭൂരിപക്ഷം കുറഞ്ഞു. 

തിരൂരങ്ങാടിയുടെ തന്നെ കാര്യമെടുത്താല്‍ 2011-ല്‍ 30 ശതമാനത്തിലധികം വോട്ടിനാണ് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ അബ്ദുറബ് തൊട്ടടുത്ത സി.പി.ഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്,. എന്നാല്‍ 2016-ല്‍ അബ്ദുറബ് കടന്നുകൂടിയത് കഷ്ടിച്ച് 4.47 ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു. കഴിഞ്ഞ തവണയും ഭരണ വിരുദ്ധ വികാരാവസ്ഥയിലും  ലീഗിന്റെ കെ.പി എ മജീദ് കടന്ന് കൂടിയത്   6.48  ശതമാനം വോട്ടിന്റെ മാര്‍ജിനില്‍. ബി.ജെ.പിയാകട്ടെ കള്ളിയത്ത് സത്താര്‍ ഹാജിയെ ഇറക്കി  5 ശതമാനം കടന്ന് വോട്ട് നേടി. ഇങ്ങനെ സി.പി.എമ്മും, ബി.ജെ.പിയുമൊക്കെ സോഷ്യല്‍ എന്‍ജിനീയറിങ്ങ് തന്ത്രങ്ങളും ഭരണ സ്വാധീനവും ഉപയോഗിച്ചുള്ള പയറ്റുകള്‍ നടത്തിയതിനാലാണ്  യു.ഡി.എഫിന് ഭരണം തിരിച്ചു പിടിക്കാന്‍ പറ്റാതെ പോയത്. 

ബി.ജെ.പി  പണ്ടൊക്കെ കൊണ്ടുപോയിരുന്നത് മുന്നോക്ക ഹിന്ദു വോട്ടുകളായിരുന്നു. ഒടുവില്‍ അവര്‍ പിന്നാക്ക ഹിന്ദു വോട്ടുകളും, അവരുടെ നേതാക്കളെ തന്ത്രപരമായി ഉപയോഗിച്ചു കരസ്ഥമാക്കി തുടങ്ങി. നഷ്ടമായ ഹിന്ദു വോട്ടുകള്‍  സി.പി.എം തിരിച്ചുപിടിച്ചത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ അടര്‍ത്തിയെടുത്തും മുസ്ലീം സമുദായത്തിലെ ഒരു ചേരിയെ പിടിച്ചുമാണ്. മുസ്ലിം ലീഗാകട്ടെ എന്നും പ്രതിപക്ഷത്തിരിക്കാനാവില്ലെന്ന നിലപാടില്‍ സി.പി.എമ്മിനെ അങ്ങനെയങ്ങ് തുറന്ന് എതിര്‍ക്കുന്നുമില്ല. ചുരുക്കത്തില്‍ എല്ലാം കൊണ്ടും നഷ്ടം കോണ്‍ഗ്രസിനാണ്. ഇനിയും ഒരു പരാജയം വന്നാല്‍ കൂടെയുള്ള പലരും കൊഴിയും. ആസന്നമാകുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 2019-ലെ കഴിഞ്ഞ തെരഞ്ഞടുപ്പിലെ വമ്പന്‍  ഭൂരിപക്ഷം ആവര്‍ത്തിക്കുകയെന്നതും തികച്ചും ദുഷ്‌കരമാണ്. അതിനാല്‍ തന്നെയാണ് നിസ്‌കാര തഴമ്പിനും കുരിശുമാലക്കൊപ്പം ചന്ദനക്കുറിയെയും വര്‍ഗ്ഗീയ ചിഹ്നത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരൂമാനം.      

click me!