കാലത്തിനപ്പുറത്തേക്ക് ചൂണ്ടയെറിഞ്ഞ് അംബാനിയും ടാറ്റയും.മണി ടൈം. അഭിലാഷ് ജി നായര്‍ എഴുതുന്നു
ഊര്‍ജ്ജ സംഭരണത്തിന് മികച്ച ബാറ്ററികള്‍ നിര്‍മ്മിക്കുകയാണ് ഈ സംയുക്ത സംരംഭത്തിന്റെ നീക്കം. നൂറുകണക്കിന് ജിഗാവാട്ട് സംഭരണ ശേഷയുള്ള ബാറ്ററികള്‍ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ വരെയുള്ള വ്യത്യസ്ത മോഡലുകളാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. വെയിലില്‍ നിന്നും വായുവില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് ഉപയോഗിക്കാന്‍ ലോകത്തെ ശീലിപ്പിക്കുവാന്‍ പോവുകയാണ് മുകേഷ് അംബാനിയും ബില്‍ഗേറ്റ്‌സും.
undefined
കാലത്തിനൊപ്പമല്ല രണ്ട് അടി മുമ്പേ നടന്നാലേ വിജയിക്കാനാകൂ എന്നതാണ് ബിസിനസിന്റെ വിജയമന്ത്രം. രാജ്യത്തെ രണ്ട് വ്യവസായ ഭീമന്മാര്‍ കഴിഞ്ഞ ദിവസം നടത്തിയ സുപ്രധാന നീക്കങ്ങള്‍ ഇതിന് അടിവരയിടുന്നതാണ്. വരും വര്‍ഷങ്ങളില്‍ നമ്മുടെ നാട്ടിലുണ്ടാക്കാന്‍ പോകുന്ന വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ആ തീരുമാനങ്ങള്‍.
പെട്രോളിയത്തിന്റെ കാലം കഴിയുകയാണെന്നും ലോകം ഗ്രീന്‍ എനര്‍ജിയിലേക്ക് അതിവേഗം മാറുകയാണെന്നും നമ്മള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എണ്ണ ആര്‍ക്കും വേണ്ടാതാകുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വരുമാനത്തിന് ഭാവിയില്‍ വേറെ വഴി നോക്കേണ്ടിവരുമെന്നൊക്കെ പ്രവചിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ആ മാറ്റം അത്ര വേഗത്തില്‍ സംഭവിക്കുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഗ്രീന്‍ എനര്‍ജി മേഖലയിലേക്ക് വലിയ നിക്ഷേപങ്ങള്‍ കടന്നുവരാത്തതും ഇതിനൊരു തടസ്സമായിരുന്നു.
എന്നാല്‍ കളി ഇനി വേറെ ലവല്‍ എന്ന സൂചന നല്‍കിയ വമ്പന്‍ നീക്കമാണ് റിലയന്‍സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നേരത്തെ റിലയന്‍സ് ഇന്‍സ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഗ്രീന്‍ എനര്‍ജി പദ്ധതികളെക്കുറിച്ച് മുകേഷ് അംബാനി സൂചന നല്‍കിയിരുന്നുവെങ്കിലും തുടര്‍നീക്കം ഇത്ര വേഗം ഉണ്ടാകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയിലെ മുന്‍നിര ഊര്‍ജ്ജ സംഭരണ ഉത്പന്ന കമ്പനിയായ ആംബ്രിയില്‍ 144 മില്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപമാണ് റിലയന്‍സ് നടത്തിയിരിക്കുന്നത്. ഇതില്‍ റിലയന്‍സിന്റെ വിഹിതം 50 മില്യണ്‍ മാത്രമാണെങ്കിലും ഒപ്പമുള്ള നിക്ഷേപകന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്‌സാണ്. കൂടാതെ പോള്‍സണ്‍ ടെക് എന്ന കമ്പനിയും.
ഊര്‍ജ്ജ സംഭരണത്തിന് മികച്ച ബാറ്ററികള്‍ നിര്‍മ്മിക്കുകയാണ് ഈ സംയുക്ത സംരംഭത്തിന്റെ നീക്കം. നൂറുകണക്കിന് ജിഗാവാട്ട് സംഭരണ ശേഷയുള്ള ബാറ്ററികള്‍ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ വരെയുള്ള വ്യത്യസ്ത മോഡലുകളാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. വെയിലില്‍ നിന്നും വായുവില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് ഉപയോഗിക്കാന്‍ ലോകത്തെ ശീലിപ്പിക്കുവാന്‍ പോവുകയാണ് മുകേഷ് അംബാനിയും ബില്‍ഗേറ്റ്‌സും.
ആംബ്രിയുടെ വന്‍കിട ബാറ്ററി നിര്‍മ്മാണ കേന്ദ്രം ഇന്‍ഡ്യയിലും ഉണ്ടാകും. ലോകത്തെ മാറ്റി മറിക്കാന്‍ പോകുന്ന പുതിയ വിപ്ലവമാണ് അണിയറയില്‍ ഒരുങ്ങുന്നത്. വാഹനങ്ങള്‍ മുതല്‍ വന്‍കിട ഫാക്ടറികള്‍ വരെ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്തിലേക്ക് ഇനി അധിക ദൂരമില്ല . ചിലവു കുറഞ്ഞ വൈദ്യുതിയുടെ ലഭ്യത എല്ലാ മേഖലയേയും മാറ്റി മറിക്കും.
വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുമായുള്ള ശതകോടികളുടെ ചിലവ് സര്‍ക്കാരുകള്‍ക്കും ലാഭിക്കാം. ആണവോര്‍ജ്ജ നിലയങ്ങള്‍ തന്നെ അനാവശ്യമാകുമ്പോള്‍ നമ്മുടെ കെഎസ്ഇബിയുടെ കാര്യമൊന്നും പറയേണ്ടതില്ലല്ലോ.
പക്ഷെ ഇതൊക്കെ സംഭവിക്കാന്‍ കുറെ വര്‍ഷങ്ങള്‍ എടുത്തേക്കും. എങ്കിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഈ മാറ്റങ്ങളൊക്കെ അനിവാര്യമാണെന്ന് മാത്രം. ഒടുവില്‍ വൈദ്യുതിയും റിലയന്‍സിന്റെ കുത്തകയാകുമോയെന്ന് ദോഷൈകദൃക്കുകള്‍ ചോദിച്ചേക്കാം. അവരോടൊക്കെ 'കണ്ടറിയണം കോശീ' എന്നേ പറയാനുള്ളൂ.
സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് രംഗത്തേക്ക് ടാറ്റ
റിലയന്‍സിനെ കടത്തിവെട്ടുന്ന മറ്റൊരാശയവുമായാണ് ടാറ്റായുടെ വരവ്. നേരത്തെ സ്‌പേസ് എക്‌സ് പ്രഖ്യാപിച്ച സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് രംഗത്തേക്ക് ടാറ്റയുടെ ഉടമസ്ഥതയിലുള്ള നെല്‍കോ കടക്കുകയാണ്. സംഗതി സിംപിള്‍. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് ഇനി കേബിളുകളൊന്നും വേണ്ട. ഇന്റര്‍നെറ്റ്, സാറ്റലൈറ്റില്‍ നിന്നും നേരിട്ട് വീട്ടിലെത്തും. കേബിള്‍ ടിവി കണക്ഷനു പകരം ഡിടിഎച്ച് ഉപയോഗിക്കുന്നതുപോലെ ലളിതം.
2024 -നകം ഇന്‍ഡ്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനമെത്തിക്കാന്‍ കാനഡയിലെ ടെലിസാറ്റുമായി സഹകരിച്ച് നീങ്ങാനാണ് ടാറ്റായുടെ നീക്കം. സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളെ കൈപ്പിടിയിലൊതുക്കി പണം കൊയ്യുന്ന ലോകത്തെ അതിസമ്പന്നന്മാരിലൊരാളായ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഈ മേഖലയിലേക്ക് നേരത്തെ തന്നെ പ്രവേശിച്ചുകഴിഞ്ഞതാണ്. ഭാരതി എയര്‍ടെല്‍ വണ്‍ വെബ്ബുമായി സഹകരിച്ച് സമാന പദ്ധതിയുമായി മുന്നോട്ട് പോവുന്നുണ്ട്. കേബിളുകള്‍ എത്താത്ത ഗ്രാമീണ ഇന്‍ഡ്യയാണ് പ്രധാന വിപണി. രാജ്യം മുഴുവന്‍ വൈഫൈ പോലെ ശക്തമായ ബ്രോഡ്ബാന്‍ഡ് സിഗ്‌നലുകള്‍ ലഭ്യമായാല്‍ ഡിജിറ്റല്‍ മേഖലയില്‍ എന്തൊക്കെ സാധ്യതകള്‍ ഉണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പോലുമാകില്ല.