സോഷ്യല്‍ മീഡിയാ തള്ളു കണ്ട് അബോര്‍ഷന്‍ ചെയ്യാന്‍ പോയാല്‍ വിവരമറിയും!

By Speak Up  |  First Published Aug 10, 2021, 7:22 PM IST

ചുരുക്കി പറഞ്ഞാല്‍ സിനിമകള്‍ക്കും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കുമപ്പുറം വലിയ പുരോഗമനമൊന്നും നമ്മുടെ നാട്ടില്‍ ഇപ്പോഴും സംഭവിച്ചിട്ടില്ല. പച്ചയായ ജീവിതത്തില്‍ ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിന് മേല്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുമില്ല-എനിക്കും ചിലത് പറയാനുണ്ട്. നിംന വിജയ് എഴുതുന്നു


ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Latest Videos

undefined

സാറാസ് സിനിമക്ക് ശേഷം അബോര്‍ഷനെ കുറിച്ചു വലിയ തോതിലുള്ള ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുകയുണ്ടായി. ഒരു കുട്ടി വേണ്ടെന്ന തീരുമാനം എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഒരു സ്ത്രീക്കുണ്ടെന്നു പറയുമ്പോഴും കേരളത്തില്‍ ആ തീരുമാനം എളുപ്പമല്ലെന്നാണ് ചുറ്റുപാടും കാണുന്ന അനുഭവങ്ങള്‍. വിവാഹിതയായ ശേഷം അബോര്‍ഷന്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോയ ഒരു സുഹൃത്തിനുണ്ടായ അനുഭവം അറിഞ്ഞാല്‍, നിങ്ങള്‍ക്കുമത് മനസ്സിലാവും. 

കല്യാണം കഴിഞ്ഞ് മനോഹരമായ  ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോകുന്ന 26 വയസ്സുള്ള ഒരു പെണ്‍കുട്ടി   ഗര്‍ഭനിരോധ മാര്‍ഗം പരാജയപ്പെട്ടതിനാല്‍ ഗര്‍ഭിണിയാവുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞ നാലാം ആഴ്ചതന്നെ രണ്ടുപേരും ഒരുമിച്ചു ഇപ്പോള്‍  കുട്ടികള്‍ വേണ്ടെന്ന തീരുമാനം എടുക്കുന്നു. 

അബോര്‍ഷനു വേണ്ടി ആദ്യം പോയത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍. അവിടെ ചെന്നപ്പോള്‍, അബോര്‍ഷന്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ ഇല്ലെന്നായിരുന്നു മറുപടി. എന്നാലും ഉപദേശങ്ങള്‍ക്കും കൗണ്‍സലിംഗിനും കുറവുണ്ടായില്ല. കല്യാണം കഴിച്ചു നന്നായി ജീവിക്കുന്ന നിങ്ങള്‍ ഈ കുട്ടിയെ വേണ്ടെന്നു വയ്‌ക്കേണ്ടതില്ലെന്നതടക്കം അനേകം ഉപദേശങ്ങള്‍ നല്‍കി ആശുപത്രിക്കാര്‍ അവരെ പറഞ്ഞയച്ചു. 

ആ ഉപദേശം ചെവികൊള്ളാന്‍ മാനസികമായി തയ്യാറല്ലാത്തതിനാല്‍ അവര്‍ മറ്റൊരു ഹോസ്പിറ്റലിനെ സമീപിച്ചു.

18000 രൂപയാണ് അബോര്‍ഷനു വേണ്ടി അവര്‍ ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ വെറും 2000 രൂപ മാത്രം ചിലവ് വരുന്ന കാര്യത്തിനാണ് കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ നാലിരട്ടി പണം ആവശ്യപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു പെണ്‍കുട്ടി അബോര്‍ഷന്‍ വേണമെന്ന തീരുമാനം എടുത്താല്‍ പോലും പ്രാവര്‍ത്തികമാക്കുക ഇവിടെ വിദൂര സ്വപ്നമെന്നു സാരം. 

തുടര്‍ന്ന്, ഗവണ്മെന്റ് ഹോസ്പിറ്റലുകളിലെ സാധ്യതകളെ കുറിച്ചു അറിയാനായി അവരെ സമീപിച്ചു. ഗവ. ഹോസ്പിറ്റലുകളില്‍ ആദ്യ പ്രസവത്തിന് അബോര്‍ഷന്‍ ചെയ്യില്ലെന്നായിരുന്നു അവരുടെ നിലപാട്. കുട്ടിയുടെ നല്ല ആരോഗ്യത്തിനായി ചില മരുന്നുകള്‍ നല്‍കി അവരും കയ്യൊഴിഞ്ഞു. 

ആ സമയത്താണ് വനിതാ ശിശു വികസന വകുപ്പിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവളുടെ ശ്രദ്ധയില്‍ പെട്ടത്. 

'സ്ത്രീകള്‍ അമ്മയാകുന്നത്, നീട്ടി വെക്കുന്നത്, വേണ്ടെന്ന് വെക്കുന്നത് സ്വാഭാവികം.'

വനിതാ ശിശു വികസന വകുപ്പു പോലും ഇത്ര പുരോഗമന നിലപാടുകള്‍  കൈകൊള്ളുന്നു എന്നറിഞ്ഞ സന്തോഷത്തില്‍,  തനിക്കുണ്ടായ അനുഭവം പങ്കുവെക്കാനും തന്റെ അവസ്ഥക്ക് പരിഹാരം കാണാനുമായി അവള്‍ അവരെ വിളിച്ചപ്പോഴാണ് പുരോഗമനമെല്ലാം വാക്കില്‍ മാത്രമേ ഉള്ളൂ എന്ന സത്യം മനസ്സിലാക്കുന്നത്. അബോര്‍ഷന്‍ സ്ത്രീകളുടെ അവകാശമാണെന്നത് ശരിതന്നെ, പക്ഷെ അവര്‍ക്കതില്‍ ഒന്നും തന്നെ ചെയ്യാനില്ലത്രേ. മാത്രമല്ല ഗര്‍ഭം കാത്തുസൂക്ഷിക്കാനും നല്ല മാതാപിതാക്കള്‍ ആവാനുമായി ഭര്‍ത്താവിനും ഭാര്യയ്ക്കും നല്ല കൗണ്‍സിലിങ് നല്‍കാനും അവര്‍ മറന്നില്ല. 

ഗവ. ഹോസ്പിറ്റലുകള്‍ അബോര്‍ഷന്‍ ചെയ്യില്ലെന്നും പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ അത് ചെയ്യണോ വേണ്ടയോ എന്നത് ഡോക്ടറുടെ മാത്രം തീരുമാനം ആണെന്നുമാണ് അവിടെ നിന്നും ലഭിച്ച അവസാന മറുപടി. 

സോഷ്യല്‍ മീഡിയയില്‍ തള്ളുന്നതുപോലല്ല, നമ്മുടെ നാട്ടില്‍ സ്ത്രീക്ക് അവളുടെ ശരീരത്തിനുമേല്‍ ഒരു അവകാശവുമില്ല. 


അബോര്‍ഷന്‍ എന്ന ഒരു തീരുമാനത്തില്‍ എത്താന്‍ തന്നെ ആ കുട്ടി എത്രമാത്രം വിഷമങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും ? അതിനു ശേഷവും ഇത്രയും അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്ന ആ കുട്ടിയുടെ മാനസിക അവസ്ഥയെ കുറിച്ചു നിങ്ങള്‍ ഒന്നു ചിന്തിച്ചു നോക്കൂ . 


ഇവിടെ ഒരു  പെണ്‍കുട്ടിക്ക് അവളുടെ ശരീരത്തിന് മേലുള്ള അവകാശങ്ങളെക്കാള്‍ വലുത് മറ്റുള്ളവര്‍ക്ക് അതിനോടുള്ള നിലപാടുകളാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത സന്തോഷമുള്ള  ഒരു ദാമ്പത്യ ജീവിതം നയിക്കുന്ന ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാണെങ്കില്‍ കണ്ണടച്ചു ആ കുട്ടിയെ പ്രസവിച്ചേക്കുക. അവരുടെ മാനസിക ആരോഗ്യത്തിനോ, കരിയറിനോ സാമ്പത്തിക സ്ഥിതിക്കോ കുട്ടിക്ക് ലഭിക്കാന്‍ പോകുന്ന ജീവിതത്തിനോ ഇവിടെ ഒരു പ്രസക്തിയുമില്ല.

ഇനി സാറാസ് എന്ന സിനിമ. കുട്ടി വേണ്ടെന്ന തീരുമാനവുമായി ഹോസ്പിറ്റലില്‍ പോയ സാറയെ ചേര്‍ത്തു പിടിച്ചു അവളുടെ തീരുമാനത്തെ മാനിച്ച സിദ്ധിക്കിന്റെ കഥാപാത്രത്തെ പോലുള്ള ഡോക്ടര്‍മാരെ കേരളത്തില്‍ മഷി ഇട്ടു നോക്കിയാലും കിട്ടാന്‍ പ്രയാസമാണെന്നു സാരം. 

സോഷ്യല്‍ മീഡിയയിലെ പുരോഗമന നിലപാടുകളിലൂടെയല്ല നിങ്ങള്‍ ഒരു സ്ത്രീക്ക് വേണ്ടി നിലകൊള്ളേണ്ടത് ആ പറയുന്ന നിലപാടുകള്‍ അല്പമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍  നിങ്ങളെടുക്കുന്ന  ശ്രമങ്ങളിലൂടെയാണ് . ഒരു പെണ്കുട്ടിക്ക് ധൈര്യമായി അബോര്‍ഷന്‍ ചെയ്യാന്‍ സമീപിക്കാന്‍ കഴിയുന്ന ഒരു ഡോക്ടറിനെയോ ഹോസ്പിറ്റലിനെയോ റഫര്‍ ചെയ്യാന്‍ എങ്കിലും വനിതാ ശിശു വികസന വകുപ്പിന് കഴിയേണ്ടതുണ്ട്. തന്റെ അവകാശങ്ങളെ കുറിച്ചു ബോധ്യമുള്ള ഒരു പെണ്‍കുട്ടിക്ക് കേരളത്തില്‍ നേരിടേണ്ടി വന്ന അവസ്ഥ ഇതാണെങ്കില്‍ അതൊന്നുമില്ലാത്ത സാധാരണക്കാരായ പെണ്‍കുട്ടികളെ കുറിച്ചു ചിന്തിച്ചു നോക്കൂ. ഈ ബുദ്ധിമുട്ടുകളെക്കാള്‍ നല്ലത് പ്രസവിക്കുന്നതാണെന്നു കരുതി മാനസികമായി തയ്യാറല്ലാതെ അമ്മയാവേണ്ടി വന്ന ഒരുപാട് പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്. അങ്ങനെ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ലഭിക്കാനിടയുള്ള ജീവിതത്തെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. 

സ്വാഭാവികമായും ഇതിനു താഴെ വരുന്ന കമന്റുകളിലേറെയും ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ചുള്ള വലിയ ബോധവത്കരണമാകും. അതിനുള്ള മറുപടി കൂടി ഇവിടെ പറയാം. ഗര്‍ഭ നിരോധന മര്‍ഗങ്ങളില്‍ പ്രധാനമായ IUD (Intrauterine device) ചെയ്യണമെന്ന ആവശ്യവുമായി ഞാനാദ്യം പറഞ്ഞ അതേ സുഹൃത്ത് കേരളത്തിലെ ആശുപതികളെ സമീപിച്ചു. പ്രതികരണം നീണ്ട കൗണ്‍സിലിംഗ് സെഷനുകളും അമ്മയാവുന്നതിന്റെ മഹത്വത്തെ കുറിച്ചുള്ള ക്ലാസ്സുകളുമായിരുന്നു. 

ചുരുക്കി പറഞ്ഞാല്‍ സിനിമകള്‍ക്കും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കുമപ്പുറം വലിയ പുരോഗമനമൊന്നും നമ്മുടെ നാട്ടില്‍ ഇപ്പോഴും സംഭവിച്ചിട്ടില്ല. പച്ചയായ ജീവിതത്തില്‍ ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിന് മേല്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുമില്ല. 

Stop telling women what to do with their bodies. HER BODY HER CHOICE.

click me!