കാലാപാനിയിലേക്ക് വീണ്ടും

By Yasmin N K  |  First Published Mar 1, 2017, 12:39 PM IST

നമ്മള്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്നും കാതങ്ങള്‍ക്കപ്പുറം, പൊടുന്നനെ നമ്മുടെ  മുന്നില്‍ നാട്ടിലെ ഒരു സ്ഥലപ്പേര് പ്രത്യക്ഷപ്പെടുക. അപ്പോള്‍ ഉണ്ടാകുന്ന ആ അഹ്ലാദം. അത് അനുഭവിച്ച് തന്നെ അറിയണം.


മരണം സത്യമാണ്. മരണത്തിന്റെ കടല്‍ കടന്ന് നീന്തിപ്പോയവരാരും അവിടത്തെ കഥകള്‍ പറയാന്‍  തിരിച്ച് വന്നിട്ടില്ല. അവരൊക്കെയിങ്ങനെ ഓര്‍മ്മകളായ് നമ്മുടെ സ്വപ്നങ്ങളുടെ അരികിലൂടെ അലഞ്ഞ് നടക്കുകയേ ഉള്ളു.പക്ഷെ , പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, തങ്ങളുടെ രാജ്യത്തിനു വേണ്ടി പോരാടിയതിന്റെ പേരില്‍ വെള്ളക്കാര്‍ പിടികൂടി കടല്‍ കടത്തിയ പലരും ഈ കാലാപാനിയെ അതിജയിച്ചു. തങ്ങള്‍ വിട്ടിട്ട് പോന്ന ദേശത്തെ കടലിനക്കരെ അവരെങ്ങനെയാണു പുനര്‍നിര്‍മ്മിച്ചിട്ടുണ്ടാകുക എന്നത് ഉള്‍ക്കിടലത്തോടെയല്ലാതെ ഓര്‍ക്ക വയ്യ.

Latest Videos

കാലാപാനി എന്നു വെച്ചാല്‍ മരണത്തിന്റെ കടല്‍ എന്നര്‍ത്ഥം. അക്ഷരാര്‍ത്ഥത്തില്‍ അത് അത് തന്നെയാണ് അന്തമാന്‍. ചീറിയടിക്കുന്ന തിരമാലകള്‍. അകം ഇളകി മറിയുമ്പോഴും പുറമെ ശാന്തത ഭാവിക്കുന്ന പുറം കടല്‍. നരഭോജികളും വന്യ മൃഗങ്ങളും നിറഞ്ഞ കൊടും കാടുകള്‍. അന്തമാന്‍ ദ്വീപ സമൂഹങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നും ഈ കാലങ്ങള്‍ക്കിടക്ക് സംഭവിച്ചിട്ടില്ല. വളരെ കുറച്ച് ദ്വീപുകളിലേ മനുഷ്യവാസം ഉള്ളു. വിജനമായ ഈ ദ്വീപുകളിലേക്കാണ് അന്നു ബ്രിട്ടീഷുകാര്‍ പാവം മനുഷ്യരെ നട തള്ളിയത്. 

കാലാപാനി എന്നു വെച്ചാല്‍ മരണത്തിന്റെ കടല്‍ എന്നര്‍ത്ഥം.

അന്തമാന്‍ ദ്വീപിനെ പറ്റി വിശദമായി വായിക്കുന്നത് അരവിന്ദന്റെ വാസ്തുഹാര എന്ന സിനിമക്ക് ശേഷം മാത്രമാണ്. മായാബന്തര്‍ എന്ന ദ്വീപിലേക്ക് ബംഗാളില്‍ നിന്ന് അഭയാര്‍ത്ഥികളെ കൃഷിപ്പണികള്‍ക്ക് കൊണ്ട്‌പോകാന്‍  വേണ്ടി കൊല്‍ക്കത്തയിലെത്തുന്ന വേണു, അവിടെ വെച്ച് തന്റെ ബന്ധുക്കളെ കണ്ടെത്തുന്നതും അവരുടെ നിസ്സഹായാവസ്ഥയില്‍ സഹായിക്കാന്‍ കഴിയാതെ ധര്‍മസങ്കടത്തില്‍ ഉഴലുന്നതും ആണ് കഥ. സിനിമയില്‍, പക്ഷെ, അരവിന്ദന്‍ വിഭജനകാലത്തെ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുന്നില്ല. എന്നാല്‍, അന്നത്തെ കേരളീയ സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ചയുണ്ട് ചിത്രത്തില്‍. അതില്‍ നിന്നും നമ്മള്‍ തെല്ലെങ്കിലും  മുന്നോട്ട് പോയോ എന്ന കാര്യം പഠിക്കേണ്ടതുണ്ട്. 

മായ ബന്തര്‍ ദ്വീപിലേക്ക് പുറപ്പെടുന്ന ഒരു കപ്പലിന്റെ സൈറന്‍ വിളി.

കൊല്‍ക്കത്ത ഹാര്‍ബറില്‍ നിന്നും അന്തമാനിലെ മായ ബന്തര്‍ ദ്വീപിലേക്ക് പുറപ്പെടുന്ന ഒരു കപ്പലിന്റെ സൈറന്‍ വിളി. ആരതീ മേനോന്‍ എന്ന ബംഗാളി സ്തീയുടെ കണ്ണടചില്ലിലൂടെ തെളിയുന്ന കണ്ണീര്‍തുള്ളികള്‍. വേര്‍പ്പാടിന്റെ വേദനകളും രോഷവും നിസ്സഹായാവസ്ഥയുംകൂടി നമ്മെ എത്തിക്കുന്ന മാനസിക വിഭ്രാന്തി. അതിനപ്പുറത്ത് അന്തമാന്‍ എന്നൊരു വിദൂര ദ്വീപുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു സിനിമ. അതായിരുന്നു  വാസ്തുഹാര.

ബാരട്ടാങ്ങ് ദ്വീപിലെ അങ്ങേയറ്റത്ത് കിടക്കുന്ന  ഉത്തര ജെട്ടിയില്‍ നിന്നും ഡിഗ്ലിപൂരിലേക്കും റാണാ ഘാട്ടിലേക്കും പിന്നെ മായാബന്തര്‍ വരേക്കും നീളുന്ന റോഡുണ്ടെന്ന് മൊയ്തീന്‍ ഭായ് പറഞ്ഞ് തന്നപ്പോള്‍ ഒരു നിമിഷം വീണ്ടും ആരതീ മേനോനെ ഓര്‍ത്തു പോയി.

ഈ സ്വാതന്ത്ര്യം ആരുടെയൊക്കെ  പ്രാണന്‍ കൊണ്ട് അടയാളപ്പെടുത്തിയതാണ്! 

യാത്രകള്‍ പലപ്പോഴും ഇങ്ങനെക്കൂടിയാണ്.  അറിയാത്ത ദേശങ്ങളില്‍ കൂടി മാത്രമല്ല കപ്പലോടുന്നത്, അറിയാത്ത മനസുകളിലേക്കു കൂടിയാണ്. ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്ത ആളുകളുടെ മനസ്സിലൂടെ ഇങ്ങനെ തുഴഞ്ഞ് പോകുക എന്നത് അത്യന്തം രസകരമായൊരു കളിയാണ്. അന്തം വിട്ടൊരു മനസ്സിനെ ചുമ്മാ കടലിലിറക്കി വിടല്‍.

ജെട്ടിയിലെ ഫെറിയില്‍ കയറി കൂറ്റന്‍ ലോറികളും ബസ്സുകളും അക്കരെ കടക്കുന്നു. കടലില്‍ ഒരു മാല പോലെ കിടക്കുന്ന ദ്വീപുകള്‍, അവയെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഫെറിയും റോഡുകളും. ദ്വീപില്‍ കരയിലൂടെയുള്ള യാത്രക്ക് ചിലവേറും, പെട്രോളും ഡീസലുമൊക്കെ കരയില്‍ നിന്നും വരണം.

നിലമ്പൂര്‍ , തിരൂര്‍, മഞ്ചേരി, കല്‍പകഞ്ചേരി, വണ്ടൂര്‍ എന്നൊക്കെ സ്ഥല പേരുകള്‍. 

നമ്മള്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ നിന്നും കാതങ്ങള്‍ക്കപ്പുറം, പൊടുന്നനെ നമ്മുടെ  മുന്നില്‍ നാട്ടിലെ ഒരു സ്ഥലപ്പേര് പ്രത്യക്ഷപ്പെടുക. അപ്പോള്‍ ഉണ്ടാകുന്ന ആ അഹ്ലാദം. അത് അനുഭവിച്ച് തന്നെ അറിയണം. നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ച് എന്ന് ചുവപ്പ് അക്ഷരങ്ങളില്‍ എഴുതി വെച്ച വെള്ള ബോര്‍ഡ് കണ്ടപ്പോള്‍ ഉണ്ടായ ഒരു സന്തോഷം. തൊട്ടടുത്ത് തന്നെ നിലമ്പൂര്‍ ഫിഷ് മാര്‍ക്കറ്റും ഉണ്ട്. പല വിധ മീനുകള്‍ നിരത്തിവെച്ച മീന്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോള്‍ നിലമ്പൂര്‍ ചന്തക്കുന്നിലെ മീന്‍ മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ഫീല്‍. അത് പോലെ തിരൂര്‍, മഞ്ചേരി, കല്‍പകഞ്ചേരി, വണ്ടൂര്‍ എന്നൊക്കെ സ്ഥല പേരുകള്‍. 

മഞ്ചേരി, കാളികാവ്, വണ്ടൂര്‍ എന്നുറക്കെ വിളിച്ച് പറഞ്ഞ് ഒരു പച്ച ബസിപ്പോള്‍ നിരത്തിലൂടെ  പാഞ്ഞ് വരുമെന്നു വെറുതെ ഓര്‍ത്ത് പോയി അത്രയ്ക്കുണ്ട് ആ താദാത്മ്യപ്പെടല്‍.

നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ഒറ്റപ്പെട്ടു പോയ മനുഷ്യന്‍ അതിജീവിക്കാന്‍ കൂട്ട് പിടിച്ചത് ഓര്‍മ്മകളെ. പൊക്കിള്‍ക്കൊടി പോലെ ആ ഓര്‍മ്മകളെ ചേര്‍ത്ത് പിടിച്ച്,  വിട്ട് പോന്ന ദേശത്തെ കടലിനിക്കരെ അവര്‍  കെട്ടിപ്പടുത്തു.

നിലമ്പൂര്‍ ചന്തക്കുന്നിലെ മീന്‍ മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ഫീല്‍

മാപ്പിള ലഹളക്കാലത്ത് തിരൂര്‍, മഞ്ചേരി, മമ്പുറം, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ നിന്നൊക്കെ തടവുകാരെ അന്തമാനിലേക്ക് നാടുകടത്തിയതിന്റെ രേഖകളും അവരുടെ ഫോട്ടോയുമൊക്കെ സെല്ലുലര്‍ ജയിലിനകത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രായം ചെന്നവരാണു പലരുമെന്ന് ഫോട്ടോയില്‍ വ്യക്തം. എങ്ങനെയാകും ആ പ്രായത്തിന്റെ അവശതയില്‍ അവര്‍ തങ്ങള്‍ക്കുവന്നുപെട്ട വിധിയെ അതിജീവിച്ചിട്ടുണ്ടാകുക. ഓര്‍ക്ക വയ്യ. നമ്മളനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ആരുടെയൊക്കെ  പ്രാണന്‍ കൊണ്ട് അടയാളപ്പെടുത്തിയതാണ്! 

ഞാനിപ്പോള്‍ കല്ലുപാകിയ സെല്ലുലര്‍ ജെയിലിന്റെ മുറ്റത്താണ്.

ഞാനിപ്പോള്‍ കല്ലുപാകിയ സെല്ലുലര്‍ ജെയിലിന്റെ മുറ്റത്താണ്. ഒരു വൃദ്ധന്‍ അവിടെ കുന്തിച്ചിരുന്നു കരയുന്നു. ബീഹാറിലെ ഏതോ ഗ്രാമത്തില്‍ നിന്നാണെന്ന് വേഷത്തില്‍ നിന്ന് വ്യക്തം. പിന്നിലേക്ക് വലിച്ച് കുത്തിയ മുണ്ടും നീളന്‍ കയ്യുള്ള ജുബയും. എഴുപത് -എണ്‍പത് വയസ്സുണ്ടാകും. മകനും കുടുംബവും ഉണ്ട് ഒപ്പം. അവര്‍ ജയില്‍ നടന്നു കാണാന്‍ പോയിരിക്കുന്നു. തിരിച്ച് വന്ന മകനാണു പറഞ്ഞത്, അച്ഛന്‍ ഈ ജയിലില്‍ ആറുമാസത്തോളം കിടന്നിട്ടുണ്ടെന്ന്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സര്‍ക്കാറിന്റെ ഇളവുകള്‍ ഉണ്ട്. ജയില്‍ സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റും യാത്രാ ചിലവുകളും ഗവണ്‍മന്റ് വഹിക്കും. അഛനെന്നും തിരഞ്ഞെടുക്കുക ഈയൊരു സ്ഥലം മാത്രമാണെന്ന് പറയുമ്പോള്‍ ആ മകന്റെ കണ്ണുകളില്‍ അച്ഛനോടുള്ള സ്‌നേഹവും ആദരവും. എനിക്കാ വൃദ്ധനോട് ഒന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. വെറുതെ അയാള്‍ക്കരികില്‍ കുറച്ച് നേരം ഇരിക്കുക എന്നല്ലാതെ.

വേര്‍പ്പാടിന്റെ വേദനകളും രോഷവും നിസ്സഹായാവസ്ഥയുംകൂടി നമ്മെ എത്തിക്കുന്ന മാനസിക വിഭ്രാന്തി.

പെണ്‍ യാത്രകള്‍:

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

അവള്‍ ജയിലില്‍ പോവുകയാണ്, ഒരിക്കലും കാണാത്ത അച്ഛനെ കാണാന്‍!

click me!