ആണുങ്ങളേ, ഇങ്ങനെയാണ് ഭാര്യമാര്‍ വീടിനുള്ളില്‍ മലമറിക്കുന്നത്!

By Asha Susan  |  First Published Jan 25, 2018, 8:45 PM IST

രാത്രി എത്ര വൈകി കിടന്നാലും രാവിലത്തെ അലാറം കേട്ടുണരണം. അവിടെക്കിടന്നു തന്നെ അന്നത്തെ ദിവസത്തിന്റെ ഏകദേശ പ്ലാന്‍ മനസ്സില്‍ വരച്ച് ശരീരത്തില്‍ കിടക്കുന്ന പുതപ്പു മാറ്റാന്‍ എളുപ്പം കഴിയും, പക്ഷേ ശരീരത്തോട് പറ്റിപ്പിടിച്ചു കിടക്കുന്ന കൈക്കുഞ്ഞിനെ ഉണര്‍ത്താതെ എണീല്‍ക്കുക എന്നത് ഒരു കള്ളന്റെ വിരുതോടെ ചെയ്യേണ്ടതാണ്.


വീടിനു വെളിയിലിറങ്ങി എതിര്‍ രാഷ്ട്രീയത്തിന്റെ ഫാസിസത്തിനെതിരെ ഘോരഘോരം വാചാലരാവുന്ന ഭര്‍ത്താക്കന്മാര്‍ കേള്‍ക്കാതെ പോവുന്ന അകത്തളത്തിലെ ചില നെടുവീര്‍പ്പുകളില്‍ സ്വന്തം വീട്ടിലെ ഫാസിസം മുഴങ്ങി കേള്‍ക്കാം. നിനക്കൊക്കെ ഇവിടെ ഈ ഠാ വട്ടത്തില്‍ എന്തു മലമറിക്കുന്ന ജോലിയാണുള്ളതെന്ന ക്ളീഷേ ചോദ്യത്തില്‍ ജനാധിപത്യം തൂങ്ങി മരിക്കും. ഒരു നല്ല ഭാര്യയാണെന്ന് തെളിയിക്കാനുള്ള വെപ്രാളത്തില്‍ തങ്ങള്‍ക്ക് നഷ്ടമാവുന്ന അവകാശങ്ങളെക്കുറിച്ചോ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ബോധമില്ലാതെ എനിക്കെല്ലാ സ്വാതന്ത്ര്യവും എന്റെ ഭര്‍ത്താവ് തരുന്നുണ്ടെന്നു പറയുന്ന പാവം ഭാര്യാരത്‌നം അറിയുന്നില്ല, മറ്റൊരാള്‍ പിച്ച തരേണ്ട ഒന്നല്ല നമ്മുടെ സ്വാതന്ത്ര്യമെന്നത്.

Latest Videos

undefined

പുറത്തു പോയി ജോലി ചെയ്തു പണം സമ്പാദിക്കുന്നതിന്റെ അഹങ്കാരത്തില്‍ ഭര്‍ത്താവ് എന്ന രാജാവ് ഭാര്യ എന്ന സ്വയം പ്രഖ്യാപിത അടിമയോടു ചോദിക്കുന്ന ചില സ്ഥിരം ചോദ്യങ്ങളുണ്ട്, നിനക്കൊക്കെ ഇവിടെ എന്തു മലമറിക്കുന്ന പണിയാണുള്ളത്? പത്തു പൈസയുടെ ഉപകാരമുണ്ടോ? വെച്ചുണ്ടാക്കി തിന്നു കിടന്നുറങ്ങിക്കോളും, ഞാനൊരുത്തന്‍ മാത്രം കഷ്ടപ്പെടുന്നു, നീയൊക്കെ ചുമ്മായിരുന്നു സുഖിക്കുന്നു എന്നിങ്ങനെ ചോദ്യങ്ങള്‍ അനവധി നിരവധിയാണ്.

ഇത്രയുമൊക്കെ ഇവര്‍ പറഞ്ഞ സ്ഥിതിക്ക് ആ മല മറിക്കുന്ന ഒറ്റ ജോലിയിലേക്ക് നമുക്കൊന്ന് വെറുതെ എത്തി നോക്കിയാലോ? ഒരു പുരുഷനു ഭര്‍തൃ വേഷമിടാന്‍ പുരുഷാധിപത്യ സമൂഹത്തില്‍ വലിയ വേഷപ്പകര്‍ച്ചയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ വിവാഹമെന്ന ഒറ്റ വേഷമാടാന്‍ കച്ച കെട്ടി അതിനുള്ള ചമയങ്ങള്‍ അണിയുന്നതോടെ ഒരു പെണ്‍കുട്ടിയുടെ മാറ്റം വര്‍ണ്ണനാതീതവും സങ്കടജനകവുമാണ്.

അതായത് തലേന്ന് വരെയുണ്ടായിരുന്ന മകള്‍, പെങ്ങള്‍, പേരക്കുട്ടി എന്നൊക്കെയുള്ള ഓമനത്തമുള്ള ഭാവങ്ങളൊക്കെ അവളില്‍ നിന്നും എവിടെയോ പോയി മറയും. അന്ന് വരെയും താലോലിച്ചു കൊണ്ടു നടന്ന ഉറക്കവും മടിയും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം തലപൊക്കാന്‍ പേടിച്ച് ഒരു മൂലയിലൊളിക്കും. ഒരിക്കലും കാണാത്ത പ്രഭാത സൂര്യനെയും പുലര്‍കാലത്തെയും കാണാനും അലാറത്തിന്റെ നിലവിളി കേള്‍ക്കാനുമാവും.

'ഞാനൊരുത്തന്‍ മാത്രം കഷ്ടപ്പെടുന്നു, നീയൊക്കെ ചുമ്മായിരുന്നു സുഖിക്കുന്നു' 

 നുഴഞ്ഞു കയറ്റക്കാര്‍ പോലും തോറ്റുപോകും അന്നേരം
രാത്രി എത്ര വൈകി കിടന്നാലും രാവിലത്തെ അലാറം കേട്ടുണരണം. അവിടെക്കിടന്നു തന്നെ അന്നത്തെ ദിവസത്തിന്റെ ഏകദേശ പ്ലാന്‍ മനസ്സില്‍ വരച്ച് ശരീരത്തില്‍ കിടക്കുന്ന പുതപ്പു മാറ്റാന്‍ എളുപ്പം കഴിയും, പക്ഷേ ശരീരത്തോട് പറ്റിപ്പിടിച്ചു കിടക്കുന്ന കൈക്കുഞ്ഞിനെ ഉണര്‍ത്താതെ എണീല്‍ക്കുക എന്നത് ഒരു കള്ളന്റെ വിരുതോടെ ചെയ്യേണ്ടതാണ്. കുഞ്ഞിനെ അച്ഛന്റെ അരികിലോട്ട് ചേര്‍ത്ത് കിടത്തി അച്ഛന്റെ കൈ കുഞ്ഞിന്റെ മുകളില്‍ വെപ്പിച്ചു ഉള്ളിടത്തോളം തലയിണ ചുറ്റിലും നിരത്തി ഭംഗിയായി പുതപ്പിച്ചു ശ്വാസമടക്കിപ്പിടിച്ച് ഒരു ശബ്ദവുമുണ്ടാക്കാതെ മുറിയുടെ വാതില്‍ മെല്ലെ ചാരി ഒരു വിധം പുറത്തു വന്ന് ഒരു ദീര്‍ഘശ്വാസം വിടലുണ്ട്, അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റക്കാര്‍ പോലും തോറ്റുപോകും അന്നേരം. അതോടെ ആദ്യഘട്ടം വിജയിച്ചു.

അടുത്തതായി സ്‌കൂള്‍ ബസ്സ് പിടിക്കാനുള്ള ഓട്ടപ്രദക്ഷണം ആരംഭിക്കുകയായി. ചൂടനൊരു ചായയിട്ടു കപ്പിലൊഴിച്ച് ഒന്നു മോന്തി ആ മേശപ്പുറത്തു വെക്കുക എന്നതൊരു ചടങ്ങാണ്. ചൂടോടെ ആറ്റി പതപ്പിച്ചൊക്കെ എടുക്കുന്നത് കണ്ടാല്‍ തോന്നും ചൂട് ആസ്വദിച്ചു കുടിക്കുമെന്ന്, ആ ചായ തണുത്തു പാട കെട്ടാതെ കുടിക്കുന്ന വീട്ടമ്മമാര്‍ ഉണ്ടെങ്കില്‍ ഭാഗ്യവതികള്‍ എന്നേ പറയാനുള്ളൂ. രാവിലെ കഴിക്കാനുള്ള ചായയും കടിയും ഉച്ചഭക്ഷണത്തിനുള്ള ചോറും കറിയും സ്നാക്സും വെള്ളവുമെല്ലാം അതാതിന്റെ  പാത്രത്തില്‍ ആക്കുന്നതിനിടയില്‍ ആ ചായ ഓരോ കവിള്‍ കുടിച്ചു കൊണ്ടങ്ങു തീര്‍ക്കും.

ഇതെല്ലാം പെറുക്കി ബാഗില്‍ വെക്കാന്‍ പോകുന്ന പോക്കിന് സ്‌കൂളുകാരിയെ കുത്തിപ്പൊക്കി എണീപ്പിച്ചു ബ്രഷില്‍ പേസ്റ്റും തൂത്തു വേഗം വേഗം പ്രാഥമിക കൃത്യങ്ങളൊക്കെ ചെയ്ത് ഓടി വരാന്‍ ഓര്‍ഡര്‍ ഇട്ടു യൂണിഫോം തേക്കാനും ഷൂ തുടക്കാനും ടൈയ്യും ടാഗും ബെല്‍റ്റും സോക്സും ടവ്വലുമൊക്കെ എടുക്കാന്‍ ഓടും. അതിനിടയില്‍ ഒരു നൂറു വട്ടം സമയം നോക്കിയിട്ടുണ്ടാവും, കൂടാതെ കുട്ടിയോട് വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. തിടുക്കത്തില്‍ ഇതെല്ലാമെടുത്തു കട്ടിലില്‍ നിരത്തി വെച്ചിട്ടും അണിയാനുള്ള ആള്‍ മാത്രം രംഗപ്രവേശം ചെയ്തിട്ടുണ്ടാവില്ല. ഇത്രയും നേരമായിട്ടും കഴിഞ്ഞില്ലേയെന്നു ചോദിച്ചുകൊണ്ട് ചെന്ന് നോക്കിയാല്‍ കാണും കടവത്തു ചൂണ്ട ഇടാന്‍ ഇരിക്കും പോലെ ബ്രഷും പിടിച്ചു ഇരിക്കുന്ന ഒരു മാക്രിക്കുഞ്ഞിനെ. ദേഷ്യം ഉരുള്‍പൊട്ടി വരുമെങ്കിലും ഒച്ചയിട്ടാല്‍ സൈറണ്‍ മുഴക്കി കുഞ്ഞുവാവ എണീക്കും എന്നതിനാല്‍ ഒന്നും മിണ്ടാതെ വേഗം പല്ലും തേപ്പിച്ചു മേലും കഴുകിച്ച് ആഹാരവും തീറ്റിച്ച് അണിയിച്ചൊരുക്കി നിര്‍ത്തും.

ആ അരമണിക്കൂറില്‍ നടക്കുന്ന നടത്തം നേരെ നടന്നാല്‍ കേരളത്തില്‍ നിന്നും ശ്രീലങ്കയില്‍ എത്തും.

ആ നടത്തം നേരെ നടന്നാല്‍...
ബസ്സ് വരാന്‍ അഞ്ചോ പത്തോ മിനിറ്റുള്ളപ്പോളാവും ഒരു കരച്ചിലിന്റെ അകമ്പടിയോടെ ഏതെങ്കിലും ഹോം വര്‍ക്കോ ക്രാഫ്‌റ്റോ ചെയ്തിട്ടില്ലെന്നു പറയുന്നത്. പിന്നെ ആദ്യം വിളിക്കാതെ വെച്ച ചീത്തയും ഒരു നുള്ളും ഒക്കെയായി പടപടേന്നു അതും ചെയ്‌തോ ചെയ്യിപ്പിച്ചോ തീര്‍ക്കുമ്പോഴേക്കും ബസ്സിന്റെ ഹോണ്‍ മുഴുങ്ങും. ഓടിപ്പിടിച്ചു കുട്ടിയെ ബസ്സില്‍ കയറ്റി കൈ വീശി കാണിക്കുമ്പോള്‍ മുഖത്ത് വിരിയുന്ന സന്തോഷത്തിനും ആത്മവിശ്വാസത്തിനും ഒരു യുദ്ധം ജയിച്ചതിന്റെ ഇരട്ടി കാണും. ഗേറ്റില്‍ ഇരിക്കുന്ന പത്രം വലിച്ചൂരി അതിന്റെ മുഖ്യവാര്‍ത്ത നോക്കാന്‍ തുടങ്ങുമ്പോഴേക്കും ഭര്‍ത്താവിന് പേപ്പര്‍ കൈയ്യില്‍ കിട്ടാത്ത കൊണ്ട് ചായ കീഴ്‌പ്പോട്ടേക്ക് ഇറങ്ങാതെ തൊണ്ടയില്‍ തടഞ്ഞിരിക്കുന്നുണ്ടാവും. പിന്നെ അത് ഭവ്യതയോടെ ഏല്‍പ്പിച്ചു മുറ്റം തൂത്തു വീണ്ടും അദ്ദേഹത്തെ വിടാനുള്ള അടുത്ത യുദ്ധം തുടങ്ങുകയായി . വണ്ടിയുടെ ചാവി ഉള്‍പ്പെടെ ഫോണ്‍, പേഴ്‌സ്, പേന, ടവ്വല്‍ എന്നിങ്ങനെ ഓരോന്ന് ഓരോന്ന് കൈയ്യില്‍ പിടിപ്പിച്ചു യാത്രയാക്കി വിടും വരെ മറ്റൊന്നിനും പോവാതിരുന്നാല്‍ അത്രയും ദൂരം അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു ഓടിയാല്‍ മതി. അതല്ലെങ്കില്‍ ആ അരമണിക്കൂറില്‍ നടക്കുന്ന നടത്തം നേരെ നടന്നാല്‍ കേരളത്തില്‍ നിന്നും ശ്രീലങ്കയില്‍ എത്തും.

പോവാനുള്ളവരെയൊക്കെ പറഞ്ഞുവിട്ടു കഴിയുമ്പോഴേക്കും വീടൊരു കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ മട്ടിലായിട്ടുണ്ടാവും. അതിനിടയില്‍ ഉറക്കം എണീറ്റ കുഞ്ഞുവാവയെയും നോക്കി കൊണ്ട് ഒരു മൂലയില്‍ നിന്ന് അടുക്കി ഒതുക്കി ,കുടഞ്ഞു വിരിച്ചു തൂത്തു തുടച്ച് അലക്കാനുള്ളതും വാരിക്കൂട്ടി പിന്നെ കല്ലിന്റെ ചുവട്ടിലേക്ക്. അലക്കി വിരിച്ചു വീട്ടിലെ മിണ്ടാപ്രാണികളോടും സമാധാനം പറഞ്ഞു തലകുത്തനെ കിടക്കുന്ന അടുക്കളയും നേരെ ചൊവ്വേ ആക്കി ഇതിനിടയില്‍ എപ്പോഴോ ആഹാരവും കഴിച്ചു ഒന്നിരിക്കാമെന്നു കരുതുമ്പോഴേക്കും വൈകിട്ടത്തെ ചായയുടെയും കടിയുടെയും പണി തുടങ്ങാനായിട്ടുണ്ടാവും. അത് റെഡി ആവുമ്പോഴേക്കും സ്‌കൂളില്‍ നിന്ന് വന്ന ആളുടെ ഒരു ദിവസത്തെ മുഴുവന്‍ കഥകളും കേട്ട് ചായ കുടിപ്പിച്ചു കുളിപ്പിച്ച് പഠിപ്പിച്ച് അത്താഴവും ഒരുക്കി കുഞ്ഞുവാവയോടും സമാധാനം പറഞ്ഞ് എല്ലാരേയും തീറ്റിച്ചു പാത്രം കഴുകി അടിച്ചു വാരി പിറ്റേന്നേക്കുള്ള അരിയും അരച്ച് വെച്ച് അടുക്കള വാതില്‍ അടക്കുമ്പോള്‍ നേരം പാതിരാത്രി കഴിയും.

എല്ലാം കഴിഞ്ഞ് എങ്ങനെയെങ്കിലും നടുവൊന്നു നിവര്‍ത്തിയാല്‍ മതിയെന്ന് കരുതി കിടക്കാന്‍ തുടങ്ങുമ്പോഴേക്കും കൃത്യമായി സ്വിച്ചിട്ടപോലെ ചെറിയ സന്തതി എണീറ്റ് കരയാന്‍ തുടങ്ങിയിട്ടുണ്ടാവും. ഉറങ്ങുന്നവരെ ശല്യം ചെയ്യിപ്പിക്കാതിരിക്കാന്‍ പിന്നെ അതിനെ എടുത്തു ടീവിയില്‍ പാട്ടും വെച്ച് തോളില്‍ ഇട്ടു ആട്ടി ഉറക്കി കിടത്തുമ്പോഴേക്കും അടുത്ത ദിവസത്തിന് മണിക്കൂറുകള്‍ മാത്രമായിരിക്കും ബാക്കി.

അകത്തളത്തിലെ ചില നെടുവീര്‍പ്പുകളില്‍ സ്വന്തം വീട്ടിലെ ഫാസിസം മുഴങ്ങി കേള്‍ക്കാം

സ്വന്തം വീട്ടിലെ ഫാസിസം
വളരെ ചെറിയ കുടുംബത്തിലെ കാര്യം മാത്രമാണിത്. ഇനി വളര്‍ത്തൃമൃഗങ്ങളും പറമ്പിലെ കൃഷിയും പണിക്കാര്‍ക്ക് വെച്ച് വിളമ്പലുമൊക്കെയുള്ളതു വേറെ കിടക്കുന്നു. ഇതൊക്കെ കേള്‍ക്കുമ്പോ തോന്നും പഠിക്കാന്‍ വിട്ട കാലത്തു പഠിച്ചു ജോലി വാങ്ങി ജോലിക്ക് പോയിരുന്നെങ്കില്‍ ഇതൊന്നും ചെയ്യേണ്ടി വരില്ലായിരുന്നല്ലോ എന്ന്. വെറുതെയാണ് കേട്ടോ. ഒന്‍പതു മണിക്ക് ജോലിക്ക് പോകേണ്ട ഭര്‍ത്താവിന് മാത്രമാണ് എട്ടരക്ക് എണീക്കാന്‍ നിയമമുള്ളൂ. ജോലിക്ക് പോകുന്ന ഭാര്യ മിനിമം നാലുമണി വെളുപ്പിനെയെങ്കിലും എണീക്കണം. രാത്രില്‍ പിറ്റേദിവസത്തിനുള്ള കറിക്ക് അരിഞ്ഞു വെക്കുകയോ കറി ഉണ്ടാക്കി വെക്കുകയോ, പിറ്റേന്ന് എല്ലാര്‍ക്കും ഉടുക്കാനുള്ള വസ്ത്രം തേക്കലും കഴിഞ്ഞു കിടക്കുമ്പോള്‍ അവര്‍ക്ക് ഉറങ്ങാന്‍ കിട്ടുന്നത് മൂന്നോ നാലോ മണിക്കൂര്‍ മാത്രമായിരിക്കും.

വീടിനു വെളിയിലിറങ്ങി എതിര്‍ രാഷ്ട്രീയത്തിന്റെ ഫാസിസത്തിനെതിരെ ഘോരഘോരം വാചാലരാവുന്ന ഭര്‍ത്താക്കന്മാര്‍ കേള്‍ക്കാതെ പോവുന്ന അകത്തളത്തിലെ ചില നെടുവീര്‍പ്പുകളില്‍ സ്വന്തം വീട്ടിലെ ഫാസിസം മുഴങ്ങി കേള്‍ക്കാം. നിനക്കൊക്കെ ഇവിടെ ഈ ഠാ വട്ടത്തില്‍ എന്തു മലമറിക്കുന്ന ജോലിയാണുള്ളതെന്ന ക്ളീഷേ ചോദ്യത്തില്‍ ജനാധിപത്യം തൂങ്ങി മരിക്കും. ഒരു നല്ല ഭാര്യയാണെന്ന് തെളിയിക്കാനുള്ള വെപ്രാളത്തില്‍ തങ്ങള്‍ക്ക് നഷ്ടമാവുന്ന അവകാശങ്ങളെക്കുറിച്ചോ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ബോധമില്ലാതെ എനിക്കെല്ലാ സ്വാതന്ത്ര്യവും എന്റെ ഭര്‍ത്താവ് തരുന്നുണ്ടെന്നു പറയുന്ന പാവം ഭാര്യാരത്‌നം അറിയുന്നില്ല, മറ്റൊരാള്‍ പിച്ച തരേണ്ട ഒന്നല്ല നമ്മുടെ സ്വാതന്ത്ര്യമെന്നത്.

ഭാര്യമാരൊക്കെ ഒരിക്കല്‍ ഒരുനാളൊന്ന് നടുനിവര്‍ത്തിയാല്‍ താഴെ വീഴാവുന്നതേ ഉള്ളൂ അവളുടെ മുതുകത്തു കെട്ടിയുയര്‍ത്തിയ കുടുംബം എന്ന കൂന്.

കുടുംബം എന്ന കൂന്
പകലന്തിയോളം വീട്ടിലെ ജോലിയും കഴിഞ്ഞു ഓടിക്കിതച്ചു ജോലിസ്ഥലത്തു വന്നു ജോലി ചെയ്തു സമ്പാദിക്കുന്ന പണത്തിന്റെ  എടിഎം കാര്‍ഡ് ഭര്‍ത്താവിനെ ഏല്‍പ്പിച്ചു വീടിന്റെ ഭരണകര്‍ത്താവ് അദ്ദേഹമാണെന്നു പറയിപ്പിക്കുന്ന ഭാര്യമാരൊക്കെ ഒരിക്കല്‍ ഒരുനാളൊന്ന് നടുനിവര്‍ത്തിയാല്‍ താഴെ വീഴാവുന്നതേ ഉള്ളൂ അവളുടെ മുതുകത്തു കെട്ടിയുയര്‍ത്തിയ കുടുംബം എന്ന കൂന്. ഭാര്യയായതു കൊണ്ട് നീ അത് ചെയ്യണം നീ ഇങ്ങനെയാവണം എന്ന ഉത്തരവുകള്‍ക്ക് നേരെ നിന്ന് എന്തുകൊണ്ട് എന്നൊരു ചോദ്യം ചോദിച്ചാല്‍ അന്ന് വരെയും മാറ്റമില്ലാതെ ഒഴുകിക്കൊണ്ടിരുന്ന പലരുടെയും സമാധാനത്തിനെറ നദി നിശ്ചലമാകും. അതോടെ മല മറിക്കല്‍ എന്താണെന്ന ചോദ്യത്തിന് ഉത്തരം കിട്ടും.

അതുകൊണ്ടു വീണ്ടും പറയട്ടെ, അവകാശങ്ങളും ചുമതലകളും ഒപ്പം വെക്കുന്നിടത്തു സമത്വത്തിന്റെ കുട താനേ വിരിയും. അത്തരം കുടുംബങ്ങളില്‍ നിന്നും തുല്യതക്ക് വേണ്ടിയുള്ള നിലവിളി ഉയരില്ല. 

കുടുംബമാണ് രാജ്യത്തിന്റെ ഏറ്റവും ചെറിയ ഘടകവും രാജ്യത്തിന്റെ അടിത്തറയും. അതുകൊണ്ടു തന്നെ ജനാധിപത്യത്തിന്റെ ആദ്യപാഠം തുടങ്ങേണ്ടതും നിലവില്‍ വരുത്തേണ്ടതും കുടുംബത്തില്‍ നിന്ന് തന്നെയാണ്.

click me!