'പശുവായി ജനിച്ചാല്‍ മതിയായിരുന്നു', ആത്മഹത്യയുടെ സ്വന്തം നാട്ടിലിരുന്ന്  ഈ കര്‍ഷകര്‍ പറയുന്നു

By Anoop Balachandran  |  First Published May 20, 2019, 4:09 PM IST

കുടിവെള്ളം കിട്ടാതെ 21,000 ഗ്രാമങ്ങള്‍; ദിവസം ശരാശരി ആറു കര്‍ഷക ആത്മഹത്യകള്‍; ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനത്തിലെ ഞെട്ടിക്കുന്ന കാഴ്ചകള്‍.  റിപ്പോര്‍ട്ട്: അനൂപ് ബാലചന്ദ്രന്‍. ചിത്രങ്ങള്‍: കൃഷ്ണപ്രസാദ് ആര്‍.പി


ഈ വരള്‍ച്ചാകാലത്ത് പ്രത്യേക റേഷനില്ല. കിണറുകള്‍ പോലും ഉറവവറ്റി വിണ്ടുകീറുമ്പോള്‍ കുടിവെള്ളം എത്തുന്നത് എട്ടും പത്തും ദിവസം കൂടുമ്പോള്‍. ദാഹജലം എഴുന്നൂറ് രൂപ കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്ന് ബീഡ് ജില്ലയിലെ തുക്കാറാം മറാഠാ എന്ന ഗ്രാമീണന്‍ പറയുന്നു. സര്‍ക്കാരില്‍ നിന്നും കാലികള്‍ക്കുള്ള പരിഗണപോലും കിട്ടാതെ കുറെ ഗ്രാമീണര്‍.

Latest Videos

ഇന്ത്യയില്‍ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് മഹാരാഷ്ട്രയെങ്കില്‍ വികസനത്തിന്റെയും സമൃദ്ധിയുടെയും നിര്‍വചനങ്ങള്‍ക്ക് കാര്യമായ പൊരുത്തക്കേടുകളുണ്ട്. കാരണം സമൃദ്ധിയുടെ ഈ നാട്ടില്‍ ദിവസം ശരാശരി ആറ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. പലരും സ്വകാര്യ പണമിടപാടുകാരുടെ കുടിശ്ശികയില്‍ കുരുങ്ങി കൃഷി സ്ഥലവും വീടും നഷ്ടപ്പെട്ട് വഴിയാധാരമാകുന്നു. മണ്ണ് മാത്രമല്ല ശരീരവും വരളുന്നു. കുടിവെള്ളം പോലും കിട്ടാനില്ലാതെ 21,000 ഗ്രാമങ്ങളുടെ തൊണ്ട വറ്റുകയാണ്.

സച്ചിനും ബച്ചനും അംബാനിയും ക്രിക്കറ്റും ബോളിവുഡും ബിസിനസും എല്ലാമുള്ള മഹാരാഷ്ട്രയില്‍ തന്നെയാണ് കര്‍ഷകരുടെ ശവപ്പറമ്പായി മാറുന്ന വിദര്‍ഭയും മറാത്ത്‌വാഡയും. ഭൂഗര്‍ഭ ജലം വറ്റി, കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെട്ട് ഒരിറ്റ് വെള്ളത്തിനായി കുടങ്ങള്‍ നിരത്തി ടാങ്കറുകളെ കാത്തിരിക്കുന്ന ഗ്രാമീണരും ഈ സംസ്ഥാനത്തിന്റെ മറ്റൊരു മുഖമാണ്. ഈ കര്‍ഷകരുടെ വിളകളില്‍ കച്ചവടമിറക്കി അഭിവൃദ്ധി നേടിയ വ്യവസായികള്‍ക്ക് പോലും ഇന്ന് ഈ ഗ്രാമങ്ങള്‍ വികൃത ചിഹ്നങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകളല്ലാതെ വന്‍ വ്യവസായ സംരംഭകരുടെ ഒരാശ്വാസവും ഇവിടങ്ങളിലേക്ക് എത്തിയിട്ടില്ല.

മണ്ണ് മാത്രമല്ല ശരീരവും വരളുന്നു. കുടിവെള്ളം പോലും കിട്ടാനില്ലാതെ 21,000 ഗ്രാമങ്ങളുടെ തൊണ്ട വറ്റുകയാണ്. 

തെരഞ്ഞെടുപ്പിന് ശേഷം വിശ്രമത്തിനായി നേതാക്കള്‍ ഉല്ലാസ യാത്രപോയപ്പോള്‍ ഐപിഎല്ലില്‍ മുംബൈയുടെ ജയത്തില്‍ മഹാനഗരം ആഘോഷങ്ങളില്‍ നിറഞ്ഞപ്പോള്‍ ബീഡും അഹമ്മദ് നഗറും ലാത്തൂരും പര്‍ഭണിയും ദാഹജലമില്ലാതെ വലയുകയായിരുന്നു. മണ്ണും മനസും വരണ്ട് ആത്മഹത്യ മുനമ്പുകളാവുകയായിരുന്നു ഈ ഗ്രാമങ്ങള്‍.

ചൊവ്വയില്‍ വെള്ളം കണ്ടെത്താം എന്നാല്‍ മറാത്ത്‌വാഡയിലെ മഴ നിഴല്‍ പ്രദേശങ്ങളില്‍ ഇനി വെള്ളം കിട്ടില്ല. ഇനിയും കുഴിച്ചാല്‍ ഈ മണ്ണില്‍ ഇനി പുറത്തുവരുക ലാവയായിരിക്കും. വരള്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയില്‍ മറാത്ത്‌വാഡയിലെ കര്‍ഷകരുടെ വാക്കുകള്‍ ഇതായിരുന്നു. അത്രമേല്‍ വറ്റി വരളുകയാണ് ഈ നാട്. തൊണ്ട നനക്കാന്‍ പോലും വെള്ളമില്ലാതാകുമ്പോള്‍ കൃഷിക്കായി മണ്ണ് നനക്കുക ഈ നാട്ടുകാര്‍ക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്. മറാത്ത്‌വാഡയിലും വിദര്‍ഭയിലും ഡാമുകളില്‍ അവശേഷിക്കുന്നത് അഞ്ച് ശതമാനത്തില്‍ താഴെ വെള്ളം മാത്രം.

ചൊവ്വയില്‍ വെള്ളം കണ്ടെത്താം എന്നാല്‍ മറാത്ത്‌വാഡയിലെ മഴ നിഴല്‍ പ്രദേശങ്ങളില്‍ ഇനി വെള്ളം കിട്ടില്ല

യവത്മാല്‍ കലാവതിയുടെ നാടാണ്. കൃഷി നശിച്ച് ആത്മഹത്യ ചെയ്ത പരശുറാം ബാന്ദോര്‍ക്കറുടെ ഭാര്യ. ഏഴ് പെണ്‍മക്കളെയും രണ്ട് ആണ്‍മക്കളെയും ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവിന്റെ ശവത്തിനരികില്‍ നിന്ന കലാവതി ഒരു കാലത്ത് വിദര്‍ഭയുടെ ദയനീയ ചിത്രം ലോകത്തെ അറിയിച്ചു. എന്നാല്‍ ഒരു പതിറ്റാണ്ടിന് ശേഷവും യവത്മാലില്‍ കര്‍ഷക ആത്മഹത്യകള്‍ അവസാനിക്കുന്നില്ല. കലാവതിയുടെ നാട്ടിലെ പരുത്തി കര്‍ഷന്‍ക ധനരാജ് ബലിറാം നാമത്ത് ആത്മഹത്യ ചെയ്യുമ്പോള്‍ കീശയില്‍ അവശേഷിച്ചത് പത്ത് രൂപമാത്രം. ധനരാജിന്റെ വീട്ടില്‍ എത്തിയ ഞങ്ങള്‍ കണ്ടത് രണ്ട് പെണ്‍മക്കളെയും ഒരു മകനെയും ചേര്‍ത്ത് പിടിച്ച് ഇനി എന്തെന്ന് അറിയാതെ നില്‍ക്കുന്ന ധനരാജിന്റെ ഭാര്യയെ. ഇന്ത്യയുടെ ഹൃദയമായ നാഗ്പൂരിന് തൊട്ടയലത്ത് ഇങ്ങനെ എത്രയോ പേര്‍ ദിനവും അനാഥരാവുകയാണ്.

വിള ഇന്‍ഷുറന്‍സ്, കടാശ്വാസം, താങ്ങുവില തെരഞ്ഞെടുപ്പ് കാലത്ത് എത്ര വാഗ്ദാനങ്ങളാണ് ഒഴുകിയത്. എന്നാല്‍ മണ്ണിലേക്ക്, കര്‍ഷകരുടെ ജീവിതത്തിലേക്ക് ഇതൊന്നും എത്തിയിട്ടില്ലെന്ന് ഈ ദുരിത ചിത്രങ്ങള്‍ കാട്ടിത്തരുന്നു. അഹമ്മദ് നഗര്‍ ബീഡ് അതിര്‍ത്തിയിലെ കരഞ്ചി ഗ്രാമത്തില്‍ കൃഷി നശിച്ച് ആത്മഹത്യുടെ വക്കിലാണ് കാശിനാഥ്. കടം എഴുതിതള്ളാന്‍ വിളനഷ്ടം തെളിയിക്കുന്ന രേഖകളും അപേക്ഷയുമായി ചെന്നപ്പോള്‍ അധികൃതര്‍ ഇറക്കിവിട്ടുവെന്ന് കാശിനാഥ് പരാതിപ്പെടുന്നു. കൃഷിയിടത്തില്‍ ഓറഞ്ചും മാതളവും എല്ലാം കരിഞ്ഞുണങ്ങുമ്പോള്‍ വറുതിയുടെ കാലത്ത് ഈ കര്‍ഷകരുടെ പ്രതീക്ഷകളും കരിഞ്ഞുണങ്ങുകയാണ്.

ദാഹജലം എഴുന്നൂറ് രൂപ കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്ന്  തുക്കാറാം മറാഠാ എന്ന ഗ്രാമീണന്‍ പറയുന്നു

കാലികളായി ജനിച്ചിരുന്നെങ്കില്‍ ഈ വരള്‍ച്ചാകാലത്ത് പിന്നെയും രക്ഷപ്പെട്ടേനെ എന്ന് പരാതിപ്പെടുകയാണ് പാത്തര്‍ഡി താലൂക്കിലെ ഗ്രാമീണര്‍. ഈ വരള്‍ച്ചാകാലത്ത് പശുക്കള്‍ക്ക് മാത്രം സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ സംരക്ഷണം. വരള്‍ച്ചാകാലത്ത് എല്ലാ കാലികളെയും സര്‍ക്കാര്‍ ഏറ്റെടുത്ത് കാലിക്യാമ്പുകളിലേക്ക് മാറ്റി. സിസിറ്റിവി അടക്കം സ്ഥാപിച്ച് തീറ്റ ഉറപ്പാക്കി വലിയ സൗകര്യങ്ങളോടെയാണ് ഗോ സംരക്ഷണം. ഒരു പശുവിന് ഒരു ദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ ചിലവഴിക്കുന്നത് 100രൂപ. ക്ഷീരകര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് പാവപ്പെട്ട ഗ്രാമീണര്‍ക്ക് ഇത്തരം സഹായങ്ങളില്ല. ഈ വരള്‍ച്ചാകാലത്ത് പ്രത്യേക റേഷനില്ല. കിണറുകള്‍ പോലും ഉറവവറ്റി വിണ്ടുകീറുമ്പോള്‍ കുടിവെള്ളം എത്തുന്നത് എട്ടും പത്തും ദിവസം കൂടുമ്പോള്‍. ദാഹജലം എഴുന്നൂറ് രൂപ കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്ന് ബീഡ് ജില്ലയിലെ തുക്കാറാം മറാഠാ എന്ന ഗ്രാമീണന്‍ പറയുന്നു. സര്‍ക്കാരില്‍ നിന്നും കാലികള്‍ക്കുള്ള പരിഗണപോലും കിട്ടാതെ കുറെ ഗ്രാമീണര്‍.

വര്‍ഷാവര്‍ഷമുള്ള പ്രതിഭാസമായിട്ടുകൂടി എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ വരള്‍ച്ചാദുരിതത്തിന് പരിഹാരമില്ല. വരള്‍ച്ച തന്നെ ഒരു കൊയ്ത്തുകാലമാണെന്ന് പ്രശസ്ത പരിസ്ഥിതി ശസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ പറയുന്നു. എല്ലാ വര്‍ഷം കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത് ആയിരക്കണക്കിന് കോടികള്‍. കുടിവെള്ളം വിറ്റ് കാശാക്കുന്ന ടാങ്കര്‍ മാഫിയയാണ് വരള്‍ച്ചാകാലത്ത് മഹാരാഷ്ട്ര വാഴുന്നത് .ടാങ്കര്‍ മാഫിയക്ക് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം. പല ടാങ്കറുകളും രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തില്‍.വരള്‍ച്ച മറികടക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ടായിട്ടും ഒരിക്കലും ഇതിനായി ആത്മാര്‍ത്ഥ ശ്രമങ്ങള്‍ മഹാരാഷ്ട്രയില്‍ ഉണ്ടാകില്ലെന്ന് മാധവ ഗാഡ്ഗില്‍ പറയുന്നു.

വരള്‍ച്ച തന്നെ ഒരു കൊയ്ത്തുകാലമാണെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍ പറയുന്നു

പശ്ചിമ മഹാരാഷ്ട്രയിലെ കരിമ്പ് കൃഷിയാണ് മറ്റൊരു വില്ലന്‍. കരിമ്പ് കൃഷിക്കായി ഊറ്റിയെടുക്കുന്ന ജലസമ്പത്ത് മഹാരാഷ്ട്രയിലാകെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. പഞ്ചസാരയില്‍ തൊട്ടാല്‍ മഹാരാഷ്ട്രയില്‍ കളിമാറും. പ്രമുഖരുടെ ഈ സംരംഭങ്ങള്‍ക്കെതിരെ നടപടികളെടുക്കാനോ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനോ ഉള്ള ആര്‍ജ്ജവം ഭരണകൂടത്തിനില്ല.

തുടര്‍ച്ചയായ മൂന്ന് വര്‍ഷം മഴകിട്ടാതെ മഹാരാഷ്ട്രയെ ഉണക്കിയ 1972ലെ വരള്‍ച്ച ഈ നാട് മറികടന്നത് സമൃദ്ധമായിരുന്ന ഭൂഗര്‍ഭ ജലംകൊണ്ടായിരുന്നു. 1972 ആവര്‍ത്തിച്ചാല്‍ മഹാരാഷ്ട്രയെ രക്ഷിക്കാന്‍ പ്രകൃതിയുടെ ഈ കരുതല്‍ നിക്ഷേപം ഇന്നില്ല. മഹാരാഷ്ട്രക്ക് ഇനി എല്ലാം ഭാഗ്യപരീക്ഷണം. മഴപെയ്താല്‍ രക്ഷ ഇല്ലെങ്കില്‍ നാടിനെ കാത്തിരിക്കുന്നത് വലിയ വിപത്ത്. സമ്പന്നമെന്ന് പ്രചാരണങ്ങളില്‍ നിറയുന്ന മഹാരാഷ്ട്രയിലെ ഉള്ളിലേക്ക് ഇറങ്ങിയാല്‍ ഗ്രാമങ്ങളിലെ ഉള്ളുലക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇതെല്ലാമാണ്. 

click me!