തുണിയുടുക്കാത്ത സന്യാസിയും നാണമേയില്ലാത്ത നമ്മളും...

By Web Desk  |  First Published Aug 29, 2016, 6:18 AM IST

'പിറന്ന പടി' ഹരിയാനയുടെ നിയമനിര്‍മാണ സഭയിലേക്ക് കയറിവന്നു പ്രസംഗിക്കാന്‍ ജൈന ദിഗംബര സന്യാസിയായ തരുണ്‍ സാഗറിന് അനുമതി കിട്ടിയത് ഇന്ത്യയിലെ കീബോര്‍ഡ് ആക്ടിവിസ്റ്റുകളെ വലിയതോതില്‍ അസ്വസ്ഥരാക്കിയിരിക്കുന്നു.

Latest Videos

undefined

ഫേസ്ബുക്ക് യുവതയുടെ സന്ദേഹങ്ങളും മനോഗതികളും പോസ്റ്റുകളായും ട്രോളുകളായും ഒഴുകുന്നു. അതില്‍ പ്രധാനം ഈ അത്യന്താധുനിക യുഗത്തിലും 'മുഴുവന്‍കാളയായി ' നടക്കുന്ന ജൈന സന്യാസിയോടുള്ള പുച്ഛവും അദ്ദേഹത്തിന്റെ മതവിശ്വാസത്തെ കൂകിവിളിക്കാനുള്ള അഭിവാഞ്ചയുമാണ്. 'കിടുങ്ങാമണി കാട്ടി നടക്കാന്‍ ഇതേതോ പുരാതനയുഗമാണോ?'  നമ്മള്‍ പോസ്റ്റുകളില്‍ ചോദിക്കുന്നു.

പക്ഷെ,ജൈനമത തത്വസംഹിത സത്യത്തില്‍ നാം കാണുന്ന ഈ കേവലനഗ്‌നത മാത്രമല്ല. അനവധി നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മഹത്തായൊരു ആശയമാണത്. ഗാന്ധിജി അടക്കം അനവധി പേരെ പില്‍ക്കാലത്തു സ്വാധീനിച്ച അപൂര്‍വമായൊരു ചിന്താധാര.

ജീവികളോടുള്ള സാധ്യമായ പരമാവധി കാരുണ്യം ജൈനമതവിശ്വാസത്തിന്റെ അടിസ്ഥാന നിയമം ആണ്. 'എന്ത് സ്വന്തമാക്കിയാലും അതിനോട് ആഗ്രഹം ഉണ്ടാകും' എന്നതിനാല്‍ വസ്ത്രംപോലും സ്വന്തമാക്കാതെ ദിക്കുകളെ അംബരമാക്കി നഗ്‌നരായി നടക്കുന്ന ദിഗംബരന്മാര്‍ ജൈനമതത്തിന്റെ ഒരു കൈവഴി മാത്രമാണ്.

കേവല നഗ്‌നതയുടെ ഒരു കൂക്കിവിളിക്കു അപ്പുറം ഭാരതത്തിന്റെ വിചിത്രമായ മത പൈതൃകത്തിന്റെ സവിശേഷമായൊരു തുടര്‍ച്ചയാണ് ഈ 'മുഴുവനെ നടക്കുന്ന 'സ്വാമിമാര്‍. സ്വയം വരിച്ച കര്‍ശനമായ ചിട്ടകളുടെയും മൂല്യങ്ങളുടെയും ഭാണ്ഡമാണ് ജൈന ദിഗംബരന്മാരുടെ ജീവിതം.

പൊഴിഞ്ഞുവീണ മയില്പീലികള്‍കൊണ്ട് ഒരു ചൂലുണ്ടാക്കി, നടക്കുന്ന വഴിയും ഇരിക്കുന്ന ഇരിപ്പിടവും തുടച്ചുമാറ്റി കുഞ്ഞു ജീവികളെ പോലും കൊല്ലാതെ കാക്കുന്ന അതിസൂക്ഷ്മ അഹിംസ പാലിക്കുന്നവരാണ് അവര്‍.

കേവല നഗ്‌നതയുടെ ഒരു കൂക്കിവിളിക്കു അപ്പുറം ഭാരതത്തിന്റെ വിചിത്രമായ മത പൈതൃകത്തിന്റെ സവിശേഷമായൊരു തുടര്‍ച്ചയാണ് ഈ 'മുഴുവനെ നടക്കുന്ന 'സ്വാമിമാര്‍. സ്വയം വരിച്ച കര്‍ശനമായ ചിട്ടകളുടെയും മൂല്യങ്ങളുടെയും ഭാണ്ഡമാണ് ജൈന ദിഗംബരന്മാരുടെ ജീവിതം.

'ജൈനമതം വ്യവസ്ഥാപിത ഹിന്ദുമതത്തിന്റെ ഒരു ധാരയല്ല ' എന്നാണു സുപ്രീംകോടതി പോലും ഒരിക്കല്‍ വിലയിരുത്തിയത്. 45 ലക്ഷം ജൈനമത വിശ്വാസികള്‍ ഇന്ത്യയില്‍ ഉണ്ട്. രാജ്യത്തെ ആറാമത്തെ വലിയ മതം ആണത്. സിന്ധുനദീതട സംസ്‌കാരത്തോളം പഴക്കമുള്ള ചരിത്രവും അസ്തിത്വവും ആ മതത്തിനുണ്ട്.

സത്യത്തില്‍, ആ മതത്തെയും അതിന്റെ ഒരു ആചാര്യനെയും നാം കൂക്കിവിളിക്കുന്നത് അതിനൊപ്പമോ അതിലേറെയോ അന്ധമോ പ്രാകൃതമോ ആയ നമ്മുടെയൊക്കെ മതവിശ്വാസങ്ങളില്‍ നിന്നുകൊണ്ടാണ് എന്നതാണ് വിചിത്രം.

ആള്‍ദൈവങ്ങളെ മുതല്‍ അരമന ജ്യോത്സ്യന്മാരേവരെ മുട്ടുകുത്തി കുമ്പിടുന്ന അതെ നമ്മള്‍, തിരുമേനിമാരുടെ കൈ മുത്തി കിട്ടുന്ന അനുഗ്രഹത്തിനായി ഇടികൂടുന്ന നമ്മള്‍, റോക്കറ്റ് വിക്ഷേപിക്കാന്‍ പോലും തേങ്ങാ ഉടച്ചു രാഹുകാലം നോക്കുന്ന നമ്മള്‍, തിരുമുടി പള്ളിക്കുവേണ്ടി ഇപ്പോഴും വാദിക്കുന്ന നമ്മള്‍.

അതെ നമ്മളാണ് തുണി ഉടുത്തില്ല എന്നതിന്റെ പേരില്‍ ജൈനസന്യാസിയെ കൂക്കിവിളിക്കുന്നത്.

സത്യത്തില്‍, ആ മതത്തെയും അതിന്റെ ഒരു ആചാര്യനെയും നാം കൂക്കിവിളിക്കുന്നത് അതിനൊപ്പമോ അതിലേറെയോ അന്ധമോ പ്രാകൃതമോ ആയ നമ്മുടെയൊക്കെ മതവിശ്വാസങ്ങളില്‍ നിന്നുകൊണ്ടാണ് എന്നതാണ് വിചിത്രം.

ഉള്ളിന്റെ ഉള്ളില്‍ അന്ധമായ മതവിധേയത്വവും കൊടിയ ജാതീയതയും ദലിത് വിരുദ്ധതയും ഇപ്പോഴും ഒളിപ്പിച്ചുവച്ചിരിക്കുന്ന അതെ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ നഗ്‌നത വെളിപ്പെടുന്ന മുഹൂര്‍ത്തം!

തീരാത്ത കലിയോടെ നാം ചോദിക്കുന്നു: 'ഈ നഗ്‌നസ്വാമി ജീവിക്കുന്നത് അതി പുരാതന കാലത്താണോ?

പ്രിയപ്പെട്ടവരേ,
നിങ്ങളുടെയൊക്കെ മതങ്ങള്‍ പുരാതന കാലത്തല്ലേ നില്‍ക്കുന്നത്? എല്ലാ മതങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് ഉത്ഭവിച്ച 'പുരാതന കാലത്തു' തന്നെയാണ് നില്‍ക്കുന്നത്. മനുഷ്യനെ വര്‍ത്തമാനകാലത്തേക്കും ഭാവിയിലേക്കും കൈപിടിച്ച് നടത്താന്‍ പ്രാപ്തിയുള്ള ഏതു മതമാണ് ഇന്നു ഇവിടെയുള്ളത്? ചുരുങ്ങിയപക്ഷം മനുഷ്യന് കേവല സമാധാനം എങ്കിലും നല്‍കാന്‍ ഏതു മതത്തിനാണ് ഇന്ന് കഴിയുന്നത്?

എല്ലാ മതങ്ങളും മതസംഘടനകളും പുരോഹിതരും ഇന്ന് നഗ്‌നരാണ്..!

പര്‍ദ്ദയിലും ളോഹയിലും കന്യാസ്ത്രീ കുപ്പായത്തിലും കാഷായത്തിലും ഉള്ള അതെ പരിഹാസ്യത മാത്രമേ മതവിശ്വാസപരമായ ജൈന നഗ്‌നതയിലും ഉള്ളൂ. അതിലൊന്നും നിങ്ങള്‍ക്ക് പരിഹാസ്യത തോന്നുന്നില്ല എങ്കില്‍ ഈ സന്യാസിയുടെ നഗ്‌നതയില്‍ മാത്രം അത് തോന്നുന്നത് വലിയ കപടതയാണ്.

അപ്പോള്‍ നമ്മുടെ രണ്ടാമത്തെ സംശയം...പുണ്യഭൂമിയായ നിയമസഭയില്‍ സ്വാമിക്ക് പ്രസംഗിക്കാമോ?

നമ്മുടെ നിയമനിര്‍മാണ സഭകളില്‍ സാധാരണ ദിവസവും പ്രസംഗിക്കുന്നവര്‍ ആരൊക്കെയാണ്?

ഇപ്പോഴത്തെ ലോക്‌സഭയിലെ എം.പി മാരെ നോക്കുക. അവരില്‍ 186 പേരാണ് ക്രിമിനല്‍ കേസ് പ്രതികള്‍. വെറും കേസുകള്‍ അല്ല, കൊല, ബലാല്‍സംഗം, വധശ്രമം, കൊള്ള, ഭീഷണി.

രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു ജനപ്രതിനിധികളില്‍ ഒരാള്‍ വീതം ഒന്നാന്തരം ക്രിമിനല്‍ ആണെന്ന് അവര്‍തന്നെ നല്‍കിയ സത്യവാങ്മൂലങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

സഭ കൂടുന്ന ദിവസങ്ങളില്‍ എല്ലാം സഭക്കുള്ളിലും അല്ലാത്തപ്പോള്‍ പുറത്തും ഈ കൊലയാളികളുടെയും കൊള്ളക്കാരുടെയും പ്രസംഗം സഹിക്കുന്ന നമുക്ക് നഗ്‌നനായ, ലൗകിക മോഹങ്ങള്‍ ഇല്ലാത്ത ഒരു സന്യാസിയുടെ പ്രസംഗം സഹിച്ചൂടെ?അമൃതാനന്ദമയി യു.എന്‍ വേദിയില്‍ പ്രസംഗിക്കുമ്പോള്‍ തോന്നാത്ത എന്ത് അപകടമാണ് നമുക്ക് ഹരിയാന സഭയില്‍ തോന്നിയത്? ശ്രീ ശ്രീയുടെയും അമ്മയുടെയും ആശാറാം ബാപ്പുവിന്റെയും കാല്‍ക്കല്‍ വീഴുന്ന രാഷ്ട്രീയക്കാര്‍ ഒരു നഗ്‌നസന്യാസിയെ വണങ്ങുമ്പോള്‍ കൂടുതലായി എന്ത് അപഹാസ്യതയാണ് സംഭവിക്കുന്നത്?

തരുണ്‍ സാഗറിന്റെ പ്രസംഗം അങ്ങേയറ്റം സ്ത്രീ വിരുദ്ധം ആയിരുന്നു എന്നാണു നമ്മുടെ അടുത്ത ആരോപണം. 'ബലാല്‍സംഗത്തിന് കാരണം പെണ്ണുങ്ങള്‍ അടങ്ങി ഒതുങ്ങി നടക്കാത്തതാണ്' എന്ന് പരസ്യമായി പറഞ്ഞ ആളാണ് ഇപ്പോഴത്തെ ഹരിയാന മുഖ്യമന്ത്രിയും മുന്‍ ആര്‍ എസ് എസ് പ്രചാരകുമായ മനോഹര്‍ ലാല്‍ കത്തര്‍.

തുണിയുടുക്കാത്ത തരുണ്‍ സാഗറിന്റെ പ്രസംഗം ആ നിയമസഭയിലെ തുണിയുടുത്ത ഏതൊരു അംഗത്തേക്കാളും പുരോഗമനപരവും സത്യസന്ധവും ആയിരുന്നു..!

'മര്യാദക്ക് തുണി ഉടുത്തു നഗ്‌നത മറച്ച പെണ്ണിനെ ആരും നോക്കില്ല. പെണ്ണുങ്ങള്‍ ഒതുങ്ങി നടക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരം. പെണ്‍കുട്ടികള്‍ മാന്യത ഉള്ളവര്‍ ആയാല്‍ ഈ നാട്ടില്‍ ബലാല്‍സംഗം ഉണ്ടാവില്ല' എന്നായിരുന്നു മനോഹര്‍ലാലിന്റെ ആ പ്രസംഗം

ഇങ്ങനെ ഒരു മുഖ്യമന്ത്രി കൂടി ഇരുന്ന നിയമസഭയില്‍ ഈ നഗ്‌നസ്വാമി തന്റെ പ്രസംഗത്തില്‍ 'സ്ത്രീ പുരുഷ സമത്വം ' എന്ന വാക്ക് ആവര്‍ത്തിച്ചു ഉപയോഗിച്ചു. സൂക്ഷിച്ചുനോക്കിയാല്‍ 'സ്ത്രീവിരുദ്ധം' എന്നൊക്കെ വ്യാഖ്യാനിക്കാം എങ്കിലും തുണിയുടുക്കാത്ത തരുണ്‍ സാഗറിന്റെ പ്രസംഗം ആ നിയമസഭയിലെ തുണിയുടുത്ത ഏതൊരു അംഗത്തേക്കാളും പുരോഗമനപരവും സത്യസന്ധവും ആയിരുന്നു..!

ചാണകം പൊതിഞ്ഞു റേഡിയേഷന്‍ അകറ്റുന്ന വിഡ്ഢിത്തമോ ആണുങ്ങള്‍ വഴി തെറ്റാതിരിക്കാന്‍ പെണ്ണിനെ കറുത്ത തുണിയില്‍ പൊതിഞ്ഞേ പുറത്തിറക്കാവൂ എന്ന യുക്തിരാഹിത്യമോ ആ പ്രസംഗത്തില്‍ അശേഷം ഉണ്ടായിരുന്നില്ല.

സുഹൃത്തുക്കളെ,
നമ്മുടെയെല്ലാം പ്രശ്‌നം സത്യത്തില്‍ ആ സന്യാസിയുടെ നഗ്‌നതയാണ്. തുണികൊണ്ട് മറയ്ക്കാത്ത ലിംഗവുമായി 45 മിനിട്ടു നേരം ആണ്‍പെണ്‍ എം.എല്‍.എ മാരെ നോക്കി ആ സന്യാസി പ്രസംഗിച്ചതില്‍ തുണി ഉടുത്ത നമ്മള്‍ക്കുള്ള വിട്ടുമാറാത്ത കൗതുകം- അതുമാത്രമാണ് നമ്മുടെ കൂക്കിവിളികള്‍ക്കു കാരണം.

ഹരിയാനയില്‍ മാത്രമല്ല, നിയമം അനുവദിക്കുമെങ്കില്‍ നമ്മുടെ എല്ലാ നിയമനിര്‍മാണ സഭകളിലും എപ്പോഴെങ്കിലുമൊക്കെ മറ്റുള്ളവര്‍ കൂടി വന്നു സംസാരിക്കട്ടെ.

നഗ്‌നത എന്നാല്‍ നമുക്ക് ലൈംഗികത മാത്രമാണ്. പക്ഷെ, നഗ്‌നതയില്‍ ഉല്ലാസം ഉണ്ടെന്ന് യൂറോപ്പിലെ അസംഖ്യം നഗ്‌നബീച്ചുകള്‍ പറയുന്നു. നഗ്‌നതയില്‍ ആത്മീയത ഉണ്ടെന്ന് എത്ര കാലം മുന്‍പേ ഭാരതം തിരിച്ചറിഞ്ഞു. നഗ്‌നതയില്‍ കലയും സൗന്ദര്യവും ഉണ്ടെന്നു ലോകം എത്രയോ നൂറ്റാണ്ടു മുന്‍പ് അറിഞ്ഞു. നഗ്‌നതയില്‍ ത്യാഗം ഉണ്ടെന്ന് ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു തുണ്ടു വസ്ത്രം തെളിയിച്ചു. എന്നിട്ടും നമുക്ക് ഇപ്പോഴും നഗ്‌നത എന്നാല്‍ ഇണചേരല്‍ മാത്രമാണ്...

ഒടുവില്‍, എനിക്കു തോന്നുന്നത് ഇതാണ്: ഹരിയാനയില്‍ മാത്രമല്ല, നിയമം അനുവദിക്കുമെങ്കില്‍ നമ്മുടെ എല്ലാ നിയമനിര്‍മാണ സഭകളിലും എപ്പോഴെങ്കിലുമൊക്കെ മറ്റുള്ളവര്‍ കൂടി വന്നു സംസാരിക്കട്ടെ.

മതനേതാവോ ശാസ്ത്രപ്രതിഭയോ കായികതാരമോ ഒക്കെ...അതുകൊണ്ടുമാത്രം നമ്മുടെ മഹത്തായ ജനാധിപത്യ ശ്രീകോവിലുകള്‍ തകരാനൊന്നും പോകുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവിടെ നടക്കുന്ന പലതും എത്രത്തോളം ജനാധിപത്യപരമാണ് ?


(ഫേസ് ബുക്ക് പോസ്റ്റ്. അഭിപ്രായങ്ങള്‍ വ്യക്തിപരം.)
 

click me!