മണ്ണടിഞ്ഞ് പതിറ്റാണ്ടുകൾ പലതുകഴിഞ്ഞിട്ടും ഉമ്മുകുൽസുമിന്റെ മാസ്മര ശബ്ദത്തിൽ നിന്ന് അറബികൾക്ക് മോചനമില്ല. അവരുടെ ദിനങ്ങൾ പുലരാൻ ഉമ്മുകുൽസും വേണം. എവിടെ നിന്നും ഏതുനിമിഷവും ഉമ്മുകുൽസുമിന്റെ സ്വരം ഇറങ്ങിവരാം. ഈജിപ്തിന്റെ ആ മഹാപ്രസ്ഥാനത്തെ അറബികൾ വിളിക്കുന്നത് തന്നെ ‘കൗക്കബ് അശ്ശർഖ്’ എന്നാണ്. 'കിഴക്കിന്റെ താരകം' എന്നർഥം.
ഈജിപ്ത്കാരിയായ അറബി സംഗീതജ്ഞ, ഉമ്മു കുൽസും. ഗായിക, ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്ത. അറബി സംഗീത ചരിത്രത്തിലെ ഏറ്റവും പ്രശസ്ത ഗായിക എന്നും വിശേഷിപ്പിക്കാം. പ്രേമം, വിരഹം, മോഹഭംഗം എന്നിവ ഉമ്മു കുൽസും പാടുന്നത് അടഞ്ഞ മിഴികളോടും, തുറന്ന ഹൃദയത്തോടും ജനങ്ങള്‍ കേട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ മരിച്ചെങ്കിലും ഇന്നും അവരെ ഓരോരുത്തരും കേള്‍ക്കുന്നു. ഇപ്പോഴിതാ വീണ്ടും ഉമ്മു കുൽസും വേദിയില്‍ പാടുന്നു. മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയാണവര്‍ വേദിയില്‍ പാടുക?
മണ്ണടിഞ്ഞ് പതിറ്റാണ്ടുകൾ പലതുകഴിഞ്ഞിട്ടും ഉമ്മുകുൽസുമിന്റെ മാസ്മര ശബ്ദത്തിൽ നിന്ന് അറബികൾക്ക് മോചനമില്ല. അവരുടെ ദിനങ്ങൾ പുലരാൻ ഉമ്മുകുൽസും വേണം. അറബികളുടെ ടാക്സികളിൽ, കാപ്പിക്കടകളിൽ, ബസിൽ അടുത്തിരിക്കുന്ന അറബിപ്പയ്യന്റെ മൊബൈല്‍ ഫോണിൽ, നഗരചത്വരങ്ങളിൽ ഷൂ പോളിഷ് ചെയ്യാനിരിക്കുന്ന സാധാരണക്കാരന്റെ കയ്യിലെ ചെറിയ ബാറ്ററി ടേപ്റിക്കോഡറിൽ... എവിടെ നിന്നും ഏതുനിമിഷവും ഉമ്മുകുൽസുമിന്റെ സ്വരം ഇറങ്ങിവരാം. ഈജിപ്തിന്റെ ആ മഹാപ്രസ്ഥാനത്തെ അറബികൾ വിളിക്കുന്നത് തന്നെ ‘കൗക്കബ് അശ്ശർഖ്’ എന്നാണ്. 'കിഴക്കിന്റെ താരകം' എന്നർഥം.
ഇന്ന്, യുട്യൂബിലും അവരുടെ പേരിലുള്ള അസംഖ്യം ആപ്പുകളിലും ഉമ്മുകുൽസുമിനെ കേൾക്കുന്ന തലമുറക്ക് അവരെ നേരിട്ട് കാണാനുള്ള അവസരമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മരണത്തിന് വർഷങ്ങൾക്ക് ശേഷം ഉമ്മുകുൽസും നിങ്ങൾക്ക് മുന്നിൽ പാടുമെന്ന് പറയുമ്പോൾ അറബികൾക്ക് അത് ഉത്സവമാകുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹോളോഗ്രാം പ്രൊജക്ഷനിൽ ഉമ്മുകുൽസുമിനെ പുനരവതരിപ്പിക്കുമെന്ന് സൗദി അറേബ്യയിലെ ഒരു ആർട് ഹൗസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യമായാണ് ഹോളോഗ്രാം പ്രൊജക്ഷനിൽ ഒരുപരിപാടി സൗദിയിൽ നടക്കുന്നത്. ഉമ്മുകുൽസും ഈ വിദ്യയിൽ പുനർജനിക്കുന്നതും ആദ്യമായി.
വൻ പ്രതികരണമാണ് ഉമ്മു കുത്സുമിന്‍റെ ആരാധകർക്കിടയിൽ നിന്നും ഉണ്ടായത്
അടുത്തവർഷം നടക്കുന്ന പരിപാടിയുടെ വീഡിയോ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘ഉമ്മുകുൽസും ഇൻ സൗദി അറേബ്യ’ എന്ന ഹാഷ്ടാഗ് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിങ് ആയി. പരിപാടിയുടെ വേദിയോ, തിയതിയോ പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ടും വൻ പ്രതികരണമാണ് ആരാധകർക്കിടയിൽ ഉണ്ടായത്.
ലെൻസുകൾ വഴി രൂപപ്പെടുന്ന ഇമേജുകൾക്കപ്പുറത്ത് പലകോണുകളിൽ, പലവിതാനങ്ങളിലുള്ള പ്രകാശത്തിന്റെ ഫോട്ടോഗ്രാഫിക് റെക്കോഡിങ് വഴി ത്രിമാന ചിത്രാനുഭവം സൃഷ്ടിക്കപ്പെടുന്ന രീതിയാണ് ഹോളോഗ്രാം. പ്രത്യേക കണ്ണടകളുടെ സഹായമില്ലാതെ തന്നെ ഇതുവഴി വേദികളിലെ ത്രിമാന വീഡിയോ കാണാനാകും. അസാധാരണമായ നിലയിൽ സ്വാഭാവികത സൃഷ്ടിക്കാനാകുന്നുവെന്നതാണ് ഹോളോഗ്രാം പ്രൊജക്ഷന്റെ പ്രത്യേകത. ചുരുക്കത്തിൽ വേദികളിൽ ഒരു വീഡിയോ ആണ് പ്രദർശിപ്പിക്കപ്പെടുന്നതെങ്കിലും തത്സമയം അവിടെ ഒരു പരിപാടി നടക്കുകയാണെന്ന തോന്നൽ ഇതുവഴി സൃഷ്ടിക്കപ്പെടുന്നു. ഉമ്മുകുൽസുമിന്റെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോകൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതിനായി ബഹുവർണത്തിൽ പുനർനിർമിച്ച് കഴിഞ്ഞു.
ഏതൊക്കെ ഗാനങ്ങൾ ഇങ്ങനെ അവതരിപ്പിക്കുമെന്നോ, എത്രമണിക്കൂർ പരിപാടി ഉണ്ടാകുമെന്നോ വ്യക്തമായിട്ടില്ല. ഇപ്പോഴും ഹിറ്റ് ചാർട്ടുകളിലുള്ള ‘അൽ അത്ലാൽ’, ‘എൽഹുബ്ബു കുല്ലു’, ‘യാ സാലിമെനി’ , ‘ഹൈറാത്ത് അൽബി മഅക്’ എന്നീ അനശ്വര ഗാനങ്ങൾ അവതരിപ്പിക്കപ്പെടുമെന്ന് സൗദിയിലെ ആരാധകർ പ്രതീക്ഷിക്കുന്നു.
ആറുദിന യുദ്ധത്തിന് ശേഷം ഉമ്മുകുൽസും പുറത്തിറക്കിയ ദേശാഭിമാന ഗാനങ്ങൾ അറബ് ലോകത്തെങ്ങും അലയടിച്ചു
1898 ൽ നൈൽ തടത്തിലെ ദാഖ്ലിയയിൽ ജനിച്ച ഉമ്മുകുൽസും ചെറുപ്പത്തിലേ തന്നെ സംഗീതരംഗത്തേക്ക് കടക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ അറബ് വനിതകളിലൊന്നായി അവർ മാറിയത് പിൽക്കാല ചരിത്രം. 1944 ൽ അന്നത്തെ ഈജിപ്തിലെ രാജാവായി ഫാറൂഖ് അവർക്ക് നിഷാൻ ഇ കമാൽ എന്ന പരമോന്നത ബഹുമതി നൽകി ആദരിച്ചു. 1967 -ലെ ആറുദിന യുദ്ധത്തിന് ശേഷം ഉമ്മുകുൽസും പുറത്തിറക്കിയ ദേശാഭിമാന ഗാനങ്ങൾ അറബ് ലോകത്തെങ്ങും അലയടിച്ചു. 80 ദശലക്ഷം റെക്കോഡുകളാണ് അവരുടേതായി ഇതുവരെ വിറ്റുപോയിട്ടുള്ളത്. 1975 ഫെബ്രുവരി മൂന്നിന് വൃക്ക രോഗത്തെ തുടർന്നാണ് അവർ മരിച്ചത്. കൈറോയിൽ നടന്ന ഖബറടക്ക ചടങ്ങുകൾക്ക് അരക്കോടിയോളം പേർ പങ്കെടുത്തു. മരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷവും ഉമ്മുകുൽസുമിന് സൗദിയിൽ ഉൾപ്പെടെ വൻ സ്വീകാര്യതയുണ്ട്. അതിനുള്ള തെളിവാണ് അവരുടെ പ്രത്യേക പരിപാടി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഉണ്ടായ പ്രതികരണം.