കൂടാതെ, അവൾക്ക് 20 വയസ്സുള്ളപ്പോൾ മുതൽ കേൾവിക്കുറവ് അവളെ അലട്ടാൻ തുടങ്ങി. ഇതോടെ ജീവിതം കൂടുതൽ ദുരിതപൂർണമാവുകയും ഏകാന്തത മാത്രം കൂട്ടായി മാറുകയും ചെയ്‍തു.
1889 സെപ്റ്റംബർ 10... പ്രസിദ്ധ നോവലിസ്റ്റും കവിയുമായ എമി ലെവി ആത്മഹത്യ ചെയ്‍ത ദിവസം. ജീവിതത്തിലെ സങ്കടങ്ങളും വേദനകളും, പ്രതീക്ഷകളും മോഹങ്ങളും എല്ലാം അവൾ വരികളിലൂടെ വായനക്കാർക്ക് പകർന്നു നൽകി. പിന്നീട് എപ്പോഴോ ജീവിതത്തിന്‍റെ കൗതുകങ്ങൾ നഷ്‍ടമായപ്പോൾ, അതവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചു. അങ്ങനെ 27 -ാമത്തെ വയസ്സിൽ അവൾ ആത്മഹത്യ ചെയ്‍തു. മുറിയിൽ കത്തിക്കൊണ്ടിരുന്ന തീയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് അവളെ പതുക്കെ മരണത്തിലേയ്ക്ക് നയിച്ചു. ഒട്ടും സുഖകരമല്ലാത്ത മരണമായിരുന്നു അവളുടേത്. അവളുടെ ജീവിതം പോലെ. ജീവിതകാലം മുഴുവൻ അവൾക്ക് അനുഭവപ്പെട്ട വീർപ്പുമുട്ടലാണ് ഇതിലൂടെ ഇല്ലാതാക്കാൻ അവൾ ആഗ്രഹിച്ചത്. എന്തിനായിരുന്നു അവൾ അത് ചെയ്‍തത്? എന്തായിരുന്നു അവൾക്ക് സംഭവിച്ചത്?
ഒരു യഹൂദ കുടുംബത്തിൽ ജനിച്ച എമി ലെവി, കാംബ്രിഡ്‍ജിൽ പഠിക്കുന്ന രണ്ടാമത്തെ ജൂത വനിതയാണ്. കൗതുകകരമെന്നു പറയട്ടെ, സംസ്‌കരിച്ച രണ്ടാമത്തെ ജൂത വനിത കൂടിയായിരുന്നു അവൾ. പഠിക്കുമ്പോൾ മുതലേ അവൾക്ക് ഒരുപാട് അപമാനങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നു. ഒരു സ്ത്രീയെന്ന നിലയിലും, ഒരു ജൂത വനിത എന്ന നിലയിലും പലപ്പോഴും ഒരുപാട് പരിഹാസത്തിന് പാത്രമാകേണ്ടി വന്നു അവൾ. പ്രണയം എന്നത് ഒരാണിനും പെണ്ണിനും ഇടയിൽ മാത്രം തോന്നുന്ന വികാരമാണ് എന്ന് ചിന്തിക്കുന്ന ഒരു യാഥാസ്ഥിതിക സമൂഹത്തിൽ സ്വവർഗ്ഗാനുരാഗിയായ ലെവി തീർത്തും ഒറ്റപ്പെട്ടു നിന്നു. താൻ ഒരു വലിയ തെറ്റാണ് എന്നോർമിപ്പിക്കുന്ന ഒരു സമൂഹമായിരുന്നു അവൾക്ക് ചുറ്റും. എന്നാൽ, ഒടുവിൽ അവൾ തന്റെ ആളുകളെ കണ്ടെത്തി, ബ്രിട്ടീഷ് ലൈബ്രറി റീഡിംഗ് റൂമുകളിൽ പങ്കെടുത്തു. അവിടെ ലണ്ടനിലെ ബുദ്ധിജീവികളായ ഒലിവ് ഷ്രൈനർ, ക്ലെമന്‍റിന ബ്ലാക്ക്, എലനോർ മാർക്സ് എന്നിവരുമായി അവൾ ചങ്ങാത്തത്തിലായി. സ്വഭാവത്തെകുറിച്ചും, ലക്ഷ്യങ്ങളെ കുറിച്ചും, താല്‍പര്യങ്ങളെ കുറിച്ചും സ്ത്രീകൾക്ക് സ്വന്തമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിക്ടോറിയൻ ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ, സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് പറയുന്ന 'ന്യൂ വുമൺ' എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ലെവി. ഒരു പുരുഷന്‍റെ ഭാര്യയായി മാത്രം ഒതുങ്ങി ജീവിക്കുക എന്നതിനേക്കാളും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാകാൻ എഴുത്തിലൂടെ അവൾ സ്ത്രീകളോട് അഭ്യർത്ഥിച്ചു.
വിക്ടോറിയൻ കാലഘട്ടത്തിലെ സ്ത്രീ അടിച്ചമർത്തപ്പെട്ടവളായിരുന്നു. തൊഴിലിടങ്ങളിൽ സംസാരിക്കാൻ അനുവദിക്കാതെ സ്ത്രീകളെ തലയ്ക്ക് മുകളിൽ ഒരു മെറ്റല്‍ ഫ്രെയിം ധരിപ്പിക്കുമായിരുന്നു. അവളുടെ സംസാരം തടയാൻ അവളുടെ നാവിനെ അമർത്തിപ്പിടിക്കുന്ന ഇരുമ്പ് കഷണങ്ങൾ അതിൽ ഘടിപ്പിച്ചിരുന്നു. അതുപോലെ വളരെയധികം വായിക്കുന്ന, സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെയൊക്കെ ഭ്രാന്തികളായിട്ടാണ് കണക്കാക്കിയിരുന്നത്. അത്തരം സ്ത്രീകളെ ആളുകൾ ഭ്രാന്താസ്‌പത്രികളിൽ ചങ്ങലയ്ക്കിടുമായിരുന്നു. പുരുഷന്മാരുടെ മുന്നിൽ സ്ത്രീകൾ സംസാരിക്കരുത്. ചിന്തിക്കാൻ സ്വാതന്ത്ര്യം നൽകുന്ന വായനാശീലം അവൾക്ക് പാടില്ല. പുരുഷന്മാരുടെ സുഖത്തിനെകുറിച്ചല്ലാതെ സ്വന്തം സുഖത്തിനെ കുറിച്ച് ഓർത്താൽ അവൾ ഭ്രാന്തി. ഇത്തരത്തിൽ പുരുഷന്‍റെ അടിമയാക്കി വച്ചിരുന്ന സ്ത്രീകൾക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടെന്നും, ചിന്താശേഷിയുണ്ടെന്നും, ആഗ്രഹങ്ങളുണ്ടെന്നും തന്‍റെ എഴുത്തിലൂടെ അവൾ സമൂഹത്തോട് പറയാതെ പറഞ്ഞു.
'മഗ്‍ദെലെൻ' എന്ന ഒരു കവിതയിൽ ഒരു അപരാധം ചെയ്‍ത സ്ത്രീയുടെ ദുഃഖമാണ് വിവരിക്കുന്നത്. ആ സ്ത്രീ ഒരു മതപരമായ തടവറയിൽ മരണപ്പെട്ടു. തുടർന്ന് അവളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനായി അവളോട് ആവശ്യപ്പെടുന്നു. അവൾ ഒരു ലൈംഗികത്തൊഴിലാളിയോ അല്ലെങ്കിൽ വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു സ്ത്രീയോ ആണ്. കവിതയിൽ കാമുകനെ കുറിച്ചോർത്ത് അവൾ വേദനിക്കുന്നതാണ് കാണാൻ കഴിയുക. അവൾക്കെതിരെ ചാർത്തപ്പെട്ട കുറ്റങ്ങളിൽ ഒന്ന് അവളുടെ കളങ്കരഹിതമായ ആ സ്നേഹമായിരുന്നു.
എഴുത്തിനെ മാത്രമല്ല പല രാജ്യങ്ങളിലും ചുറ്റി സഞ്ചരിക്കാനും ലെവി ഇഷ്ടപ്പെട്ടു. ഫ്ലോറൻസിൽ അവൾ പ്രശസ്‍ത പ്രേതകഥാ എഴുത്തുകാരിയായ വെർനോൺ ലീയെ കണ്ടുമുട്ടുകയുണ്ടായി. ലെവി അവളുമായി പ്രണയത്തിലാവുകയും ചെയ്‍തു. എന്നാൽ, ലെവിയുടെ പ്രണയങ്ങൾ പൂവിടാതെ പോയി. പലപ്പോഴും മരണത്തെ കുറിച്ച് എഴുതാൻ ഇത് അവളെ പ്രേരിപ്പിച്ചു. “ജീവിതം - അത് എന്റെ നാശമാണ് / ഒരു ശവകുടീരത്തിലെന്നപോലെ.” എന്ന് ലെവി എഴുതിയിട്ടുണ്ട്.
വെർനോൺ ലീ
കൂടാതെ, അവൾക്ക് 20 വയസ്സുള്ളപ്പോൾ മുതൽ കേൾവിക്കുറവ് അവളെ അലട്ടാൻ തുടങ്ങി. ഇതോടെ ജീവിതം കൂടുതൽ ദുരിതപൂർണമാവുകയും ഏകാന്തത മാത്രം കൂട്ടായി മാറുകയും ചെയ്‍തു. 'ആരും അത് ആഗ്രഹിക്കുന്നില്ല, ആരും കാണുന്നില്ല, ഇപ്പോൾ ആരും അത് കേൾക്കുന്നില്ലേ?' എന്നാണ് ലെവി വിലപിച്ചത്. അപ്പോഴാണ് നിരാശ ഒരു മൂടൽമഞ്ഞായി അവളുടെ ജീവിതത്തെ പൊതിഞ്ഞത്. അവൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന പരിമിതികൾ, അവളുടെ നഷ്‍ടമായ പ്രണയങ്ങൾ, വിഷാദം ഇതെല്ലാം അവളുടെ ജീവിതത്തിന്‍റെ പ്രകാശം കെടുത്തിക്കളഞ്ഞു. അവളുടെ മൂകമായ പകലുകളും, ഇരുട്ട് കട്ടപിടിച്ച ഏകാന്തരാത്രികളും വിഷാദത്തിന്‍റെയും, നിരാശയുടെയും ഉയർച്ച താഴ്ച്ചകളായിരുന്നു. എന്നാൽ, ഒടുവിൽ അവൾ എഴുതിയപോലെ മറ്റൊരു ലോകത്തേയ്ക്ക് അവൾ പറന്നുയർന്നു. മരണമായിരുന്നു അത്. എന്നാല്‍, ലെവിയുടെ എഴുത്തുകള്‍ ഇപ്പോഴും ആളുകള്‍ വായിക്കുന്നു.