അവര്‍ ചരിത്രം മാറ്റിയെഴുതുന്നത്  വെറുതെയല്ല!

By Ameera Ayshabeegum  |  First Published Mar 12, 2018, 9:01 PM IST

ഈ പശ്ചാത്തലത്തില്‍ വേണം, കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട, പ്രാചീന ഇന്ത്യാ ചരിത്രം, ഭരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ശ്രമങ്ങളെയും കാണേണ്ടത്.


ഈ പശ്ചാത്തലത്തില്‍ വേണം, കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട, പ്രാചീന ഇന്ത്യാ ചരിത്രം, ഭരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ശ്രമങ്ങളെയും കാണേണ്ടത്. കേന്ദ്ര സംസ്‌കാരിക വകുപ്പ് മന്ത്രിയും ആര്‍എസ്എസ് നേതാവുമായ മഹേഷ് ശര്‍മ്മയുടെ  മുന്‍കൈയില്‍ ചരിത്രം മാറ്റിയെഴുതുന്നതിനായി ആറു മാസങ്ങള്‍ക്കു മുമ്പ് 14 അംഗ സമിതിയെ നിയമിച്ചുവെന്നായിരുന്നു റോയിട്ടേഴ്‌സിന്റെ വാര്‍ത്ത. ചരിത്രപണ്ഡിതരും ഉദ്യോഗസ്ഥപ്രമുഖരും അടങ്ങുന്ന ഈ സമിതിയുടെ മുഖ്യ പഠന വിഷയങ്ങള്‍ ഇവയാണ്: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലേക്ക് ആദ്യമെത്തിയവരുടെ നേര്‍ പിന്‍മുറക്കാരാണ് ഇന്ന് ഇന്ത്യയിലുള്ള ഹിന്ദുമതക്കാരെന്ന് തെളിയിക്കുക, പ്രാചീന വേദങ്ങളും ഇതിഹാസങ്ങളും മിത്തുകളല്ല യാഥാര്‍ത്ഥ്യമാണെന്നു തെളിയിക്കുക.

Latest Videos

undefined

ചരിത്രം ആരുടേതാണ്? രാജ്യങ്ങളുടെയും രാജാക്കന്‍മാരുടെയും ഭരണപരിഷ്‌കാരങ്ങളുടെയും കഥാഖ്യാനങ്ങളാണോ അത്? സാധാരണ ജനങ്ങള്‍ക്കും സാധാരണ ജീവിതങ്ങള്‍ക്കും പ്രാദേശിക സംഭവവികാസങ്ങള്‍ക്കും ചരിത്രത്തില്‍ എന്താണ് സ്ഥാനം? 

ചരിത്രരചനയുമായി ബന്ധപ്പെട്ട് കാലങ്ങളായി ഉയരുന്ന ചോദ്യങ്ങളില്‍ ചിലതാണിത്. ചരി്രതമെന്ന് പറഞ്ഞ് നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നറേറ്റീവുകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ചരിത്രപഠനത്തിലെ അനേകം ധാരകള്‍ മുകളില്‍ ചോദിച്ച ചോദ്യങ്ങളേക്കാള്‍ ആഴമുള്ള ഒരുപാടു ചോദ്യങ്ങളും സമീപനങ്ങളും മുന്നോട്ടുവെക്കുന്നുമുണ്ട്. നിലവിലെ ചരിത്ര ഗവേഷണ, പഠന സമ്പ്രദായങ്ങളെ വ്യത്യസ്ത പ്രത്യയശാസ്ത്ര നിലപാടുകളുടെ അടിസ്ഥാനത്തിലും വ്യത്യസ്ത നിലപാടുകളുടെ അടിസ്ഥാനത്തിലും പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന ആഴത്തിലുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. തീര്‍ച്ചയായും, ഇത് ചരിത്രം എന്ന പഠനശാഖയെ പുതിയ കാലത്തിന് അനുസൃതമായി മാറ്റിപ്പണിയാനുള്ള ഗൗരവകരമായ സമീപനങ്ങളുടെ ഭാഗം തന്നെയാണ്. 

എന്നാല്‍, അത്ര ലളിതമല്ല, പോസിറ്റീവല്ല ചരിത്രത്തിനു മേലുള്ള ഈ പുനര്‍വായനകള്‍. പ്രത്യേകിച്ചും ലോകമെങ്ങും തീവ്രവലതുപക്ഷങ്ങള്‍ ശക്തിപ്പെടുന്ന കാലത്ത് ചരിത്രം രാഷ്ട്രീയ അധികാരം കൈയേറാനുള്ള മൂര്‍ച്ചയുള്ള ഒരായുധം കൂടിയാണ്. ജര്‍മന്‍ ദേശീയ വികാരം ആളിക്കത്തിച്ച് ലോകത്തിനു ഭീഷണിയായി വളര്‍ന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ രാഷ്ട്രീയാധികാരം നേടാനും അത് വിനിയോഗിക്കാനും ഉപയോഗിച്ച ഒരായുധം ചരിത്രമാണ്. സമാനമായ തന്ത്രങ്ങളും സമീപനങ്ങളും തന്നെയാണ് നിയോ നാസികളും വിവിധ രാജ്യങ്ങളില്‍ വിവിധ പേരുകളില്‍ ശക്തിപ്പെടുന്ന തീവ്രവലതുപക്ഷങ്ങളും ഉപയോഗിക്കുന്നത്. ദേശീയത, വംശീയ മേധാവിത്വം, ന്യൂനപക്ഷ വിരോധം എന്നിങ്ങനെ അനേകം സമാന ഘടകങ്ങളാല്‍ പരോക്ഷമായി ചേര്‍ന്നുനില്‍ക്കുന്നവയാണ് ഈ തീവ്ര വലതുപക്ഷ സംഘടനകള്‍. സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി നിലവിലെ ചരിത്രവും സാംസ്‌കാരിക പഠനങ്ങളും മാറ്റിയെഴുതാനും അവ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനും ഇവര്‍ നിരന്തരം ആവശ്യപ്പെടുന്നത് വെറുതെയല്ല. 

ഈ പശ്ചാത്തലത്തില്‍ വേണം, കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട, പ്രാചീന ഇന്ത്യാ ചരിത്രം, ഭരിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ശ്രമങ്ങളെയും കാണേണ്ടത്. കേന്ദ്ര സംസ്‌കാരിക വകുപ്പ് മന്ത്രിയും ആര്‍എസ്എസ് നേതാവുമായ മഹേഷ് ശര്‍മ്മയുടെ  മുന്‍കൈയില്‍ ചരിത്രം മാറ്റിയെഴുതുന്നതിനായി ആറു മാസങ്ങള്‍ക്കു മുമ്പ് 14 അംഗ സമിതിയെ നിയമിച്ചുവെന്നായിരുന്നു റോയിട്ടേഴ്‌സിന്റെ വാര്‍ത്ത. ചരിത്രപണ്ഡിതരും ഉദ്യോഗസ്ഥപ്രമുഖരും അടങ്ങുന്ന ഈ സമിതിയുടെ മുഖ്യ പഠന വിഷയങ്ങള്‍ ഇവയാണ്: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലേക്ക് ആദ്യമെത്തിയവരുടെ നേര്‍ പിന്‍മുറക്കാരാണ് ഇന്ന് ഇന്ത്യയിലുള്ള ഹിന്ദുമതക്കാരെന്ന് തെളിയിക്കുക, പ്രാചീന വേദങ്ങളും ഇതിഹാസങ്ങളും മിത്തുകളല്ല യാഥാര്‍ത്ഥ്യമാണെന്നു തെളിയിക്കുക. തീവ്രവലതു പക്ഷ കക്ഷിയായ ആര്‍എസ്എസ് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ് ഇക്കാര്യം. ഈ സമിതിയുടെ കണ്ടെത്തലുകള്‍ ചരിത്രമെന്ന നിലയില്‍ ഇനി പാഠപുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്നാണ് മന്ത്രി ശര്‍മ്മ പറയുന്നത്. പ്രാചീന ചരിത്രത്തിലെ ചില കാര്യങ്ങള്‍ മാറ്റിയെഴുതാനുള്ള സര്‍ക്കാര്‍ താല്‍പ്പര്യത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയെ നിശ്ചയിച്ചതെന്നാണ് സമിതി അധ്യക്ഷനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥനുമായ കെ.എന്‍ ദീക്ഷിത് പറയുന്നത്. 

ചരിത്രം തങ്ങളുടെ താല്‍പ്പര്യത്തിന് അനുസൃതമായി മാറ്റിയെഴുതുന്ന ഈ ഭരണകൂട ശ്രമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരു കാര്യം അറിയണം. ചരിത്ര പുന: സംശോധനവും ചരിത്ര ഖണ്ഡനവും രണ്ടും രണ്ടാണ്. ചരിത്രത്തിലെ പിഴവ് തിരുത്തലുകള്‍ അനിവാര്യമാണ്. ഇന്നലെയും ഇന്നും തമ്മില്‍ ഉള്ള നിലയ്ക്കാത്ത ആശയവിനിമയങ്ങള്‍ പലപ്പോഴും അധികാര പ്രമത്തതയില്‍  ബോധപൂര്‍വം തിരസ്‌കരിക്കപ്പെട്ട പല സത്യങ്ങളെയും മറ നീക്കി കൊണ്ട് വന്നിട്ടുണ്ട്. ചരിത്ര പുനര്‍വ്യാഖ്യാനം അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ശബ്ദം വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അധികാര സംസ്ഥാപനത്തിനായി ചരിത്രത്തെ വളച്ചൊടിച്ചു ഇന്നലെകളെ മാറ്റിയെഴുതുന്നത് മറ്റൊന്നാണ്. അതിലൊരു രാഷ്ട്രീയമുണ്ട്. പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങളുണ്ട്. തീവ്രവലതുപക്ഷ സമീപനമുണ്ട്. 

ജോര്‍ജ് ഓര്‍വെല്ലിന്റെ പ്രശസ്തമായ '1984' ലേക്ക് പോയാല്‍ നമുക്കൊരാളെ കാണാം. നായകനായ വിന്‍സ്റ്റണ്‍ സ്മിത്ത്. രസകരമായ ഒരു ജോലിയാണ് അയാള്‍ക്ക്.  ഓഷ്യാനിയയിലെ മിനിസ്ട്രി ഓഫ് ട്രൂത്തിനു വേണ്ടി പഴയ ന്യൂസ്പേപ്പര്‍ ആര്‍ട്ടിക്കിള്‍സ് മാറ്റിയെഴുതുക. 

കേട്ടാല്‍ ലളിതമാണ്. എന്നാല്‍, അത്ര ലളിതമല്ല സ്മിത്ത് ചെയ്യുന്ന കാര്യം. അയാള്‍ വാസ്തവത്തില്‍ ചരിത്രം മാറ്റിയെഴുതുകയാണ്. ചരിത്ര രേഖകള്‍  പാര്‍ട്ടി അജണ്ടക്കനുസൃതമായി തിരുത്തലുകള്‍ക്ക് വിധേയമാക്കികൊണ്ടിരിക്കല്‍.  കഥ പറയുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്തും പൊതു രേഖകളില്‍ നിന്ന് പാര്‍ട്ടിക്ക് സമ്മതരല്ലാത്തവരെ ചവറ്റു കുട്ടയിലേക്കിട്ടും സ്മിത്ത് സമര്‍ത്ഥമായി ആ ജോലി നിര്‍വഹിക്കുന്നു. തെറ്റായ വിവരങ്ങള്‍ തിരുത്തുകയാണ് എന്ന്  കീഴ്ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നേരുകള്‍ക്കു പകരം നുണകള്‍ എഴുതിപിടിപ്പിക്കുന്നു. സര്‍ക്കാറിനെതിരായ തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാന്‍ മുന്‍കാല രേഖകളൊക്കെ സമയാസമയം അയാള്‍ നശിപ്പിക്കുന്നു.   

അവിടെ നില്‍ക്കുന്നില്ല കാര്യങ്ങള്‍. സ്മിത്തിനെ പോലുള്ളവരെ ഉപയോഗിച്ച് പഴയ മാധ്യമ വാര്‍ത്തകള്‍ തിരുത്തിയെഴുതുക മാത്രമല്ല സര്‍ക്കാര്‍ ചെയ്യുന്നത്. പുതിയ വാര്‍ത്തകളിലും അവര്‍ കൈവെക്കുന്നു. അത് പക്ഷേ, നേരിട്ടാണ്. സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രം വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് അവര്‍. അതിനാലാണ്,  ഓഷ്യാന യുറേഷ്യയുമായി യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ അവിടത്തെ ദൃശ്യാ വാര്‍ത്താ മാധ്യമങ്ങള്‍, ഈ രണ്ട് രാജ്യങ്ങളും നിത്യ ശത്രുതയില്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരസ്പരം സമാധാന സന്ധിയില്‍ ഏര്‍പ്പെടുമ്പോള്‍, ഈ രണ്ട് രാജ്യങ്ങളും ഈസ്‌റ്റേഷ്യക്കെതിരെ ഒരുമിച്ചു പോരാടുന്നവര്‍ ആണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത് അതിനാലാണ്. 

ചുരുക്കി പറഞ്ഞാല്‍ അവിടെ നടക്കുന്നത്, ഭരണകക്ഷി താല്‍പര്യങ്ങള്‍ക്കൊപ്പം ചരിത്രവും വര്‍ത്തമാനവും മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ്, തന്ത്രങ്ങളാണ്. 

ചരിത്രത്തെ അമ്മാനമാടി കളിക്കുന്നതിനിടെ, സ്മിത്ത് കുറിക്കുന്ന ഒരു വാചകമുണ്ട് ... 'ആരാണോ വര്‍ത്തമാന കാലത്തെ നിയന്ത്രിക്കുന്നത്, അയാള്‍ക്കു ഭൂതകാലത്തെയും നിയന്ത്രിക്കാം. ഇന്നലെകളെ അധീനതയില്‍ വെക്കുന്നവന് ഭാവിയെയും ചൊല്‍പ്പടിയില്‍ നിര്‍ത്താം.'

അതെ, സ്മിത്തിന്റെ ഈ വെളിപാട് ആണ് വര്‍ത്തമാനകാല ഇന്ത്യയ്ക്കും പറയാനുള്ളത്. അല്ലെങ്കില്‍ സ്മിത്തിന്റെ ഫിലോസോഫിയുടെ ഇന്ത്യന്‍ പതിപ്പാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. 

അധികാര സംസ്ഥാപനത്തിനായി ചരിത്രത്തെ വളച്ചൊടിച്ചു ഇന്നലെകളെ മാറ്റിയെഴുതുന്നത് മറ്റൊന്നാണ്.

കാവിവല്‍കരണത്തിന്റെ രാഷ്ട്രീയം
ഇന്ത്യന്‍ ചരിത്രം കാവിവത്കരിക്കണം എന്ന് മുരളി മനോഹര്‍ ജോഷി നേരത്തെ പറഞ്ഞത് വെറുതെയല്ല. വാജ്‌പേയീ യുഗത്തില്‍ ജോഷി മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി  ആയപ്പോള്‍, പരിഷ്‌കരിക്കപ്പെട്ട സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ 'മനുവിന്റെ മക്കള്‍ ആയതു കൊണ്ടാണ് നമ്മള്‍ മാനവര്‍ എന്ന് അറിയപ്പെടുന്നത്' എന്ന വരികള്‍ ചേര്‍ത്തിരുന്നു. 'സതിയെന്ന രാജ്പുത് ആചാരത്തെ ചൊല്ലി നമ്മള്‍ അഭിമാന പുളകിതരാകണം' എന്നൊക്കെയുള്ള വാചകങ്ങളും അന്ന് ബോധപൂര്‍വം തിരുകിക്കയറ്റി. അതിന്റെ ബാക്കി പത്രമാണ് സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ മുന്‍കൈയില്‍ സൃഷ്ടിക്കപ്പെട്ട ചരിത്രം മാറ്റിയെഴുതാനുള്ള സമിതി. മധ്യേഷ്യയില്‍ നിന്നുള്ള കുടിയേറ്റം ഇന്ത്യാ ചരിത്രത്തില്‍ തിരുകിക്കയറ്റിയ താള്‍ ആണെന്ന ആര്‍ എസ് എസ് വാദത്തിന് ആധികാരികത നല്‍കാനുള്ള ശ്രമത്തിലേക്കുള്ള ചുവട്. 

ഖുത്തബ് മിനാര്‍ സമുദ്രഗുപ്തന്‍ നിര്‍മിച്ച വിഷ്ണു സ്തംഭമാണെന്നും താജ് മഹല്‍ ശിവക്ഷേത്രം ആയിരുന്നെന്നും  സ്വാതന്ത്ര്യ സമരം യഥാര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള യുദ്ധങ്ങളായിരുന്നെന്നും മുസ്ലിം ഭരണാധികാരികള്‍ മതഭ്രാന്തരാണെന്നും  ഇവിടത്തെ അമ്പലങ്ങളുടെ നാശത്തിനു യത്‌നിച്ചവരാണെന്നും ഇവിടെ ഇസ്ലാം പ്രചരിപ്പിക്കപ്പെട്ടത് വാള് കൊണ്ടാണെന്നും പ്രചരിപ്പിച്ചതിന്റെ തുടര്‍ച്ച തന്നെ ഇത്. മുഗള്‍ പൈതൃകത്തെയും സംഭാവനകളെയും തള്ളിപ്പറഞ്ഞവരുടെയും  ശിവജിയും അഫ്‌സല്‍ഖാനും തമ്മില്‍ അക്ബറും മഹാറാണാ പ്രതാപും തമ്മില്‍ ഗുരു ഗോവിന്ദ് സിങ്ങും ഔറംഗസിബും തമ്മില്‍ ഉണ്ടായ അധികാര വടംവലികള്‍ക്കു വര്‍ഗീയതയുടെ നിറം കൊടുക്കാന്‍ യത്‌നിച്ചവരുടെയും പുതിയ നീക്കം. ഈ നീക്കങ്ങള്‍ ലക്ഷ്യം വെക്കുന്നത് ഒരേ കാര്യമാണ്. തീവ്രവലതുപക്ഷ അജണ്ടകള്‍ നടപ്പാക്കല്‍. ഹിന്ദുക്കള്‍ ഈ രാജ്യത്തിന്റെ ആദ്യ അവകാശികളുടെ പിന്മുറക്കാരാണെന്നു സ്ഥാപിക്കല്‍. ന്യൂനപക്ഷങ്ങളുടെഅരികുവത്കരണം. 

മാനവികതയിലും മതേതര മൂല്യങ്ങളിലും ഊന്നിയ, നിശിതമായി അപഗ്രഥിക്കപ്പെട്ട ചരിത്ര ഗ്രന്ഥങ്ങള്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കള്‍ക്കു സ്വീകാര്യമാകില്ല. അത് കൊണ്ട് തന്നെയാണ് ദീന നാഥ് ബത്രയെയും സുദര്‍ശനറാവുവിനെയും പോലുള്ളവര്‍ ചരിത്ര ഗവേഷണ സ്ഥാപനങ്ങളുടെ നെറുകയില്‍ ഇരിക്കാനെത്തുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ 'അനശ്വര രഥങ്ങള്‍' എന്ന ഇന്ത്യന്‍ സൃഷ്ടിയുടെ മോഡേണ്‍ രൂപമാണെന്നും സ്റ്റം സെല്‍ സാങ്കേതികവിദ്യ ഗാന്ധാരിയുടെ സംഭാവന ആണെന്നും പുഷ്പക  വിമാനത്തിനോട് റൈറ്റ് സഹോദരന്മാര്‍ കടപ്പെട്ടിരിക്കുന്നുവെന്നും ദിവ്യദൃഷ്ടി ടെലിവിഷന്റെ മുന്‍ഗാമിയാണെന്നും പ്ലാസ്റ്റിക്  സര്‍ജറി ആദ്യം ചെയ്യപ്പെട്ടത് ഗണപതിക്കാണെന്നുമൊക്കെ നാം പഠിക്കേണ്ടി വരുന്നത്. 

പൊതുബോധ നിര്‍മിതിക്കായി സിനിമ, സാഹിത്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനേക്കാളും പതിന്മടങ്ങ് ശക്തമാണ് യുവതലമുറയെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ ബ്രെയിന്‍ വാഷ് ചെയ്യുക എന്നതെന്ന് എക്കാലത്തും ഫാഷിസ്റ്റ് പ്രതിലോമ ശക്തികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നാസികള്‍ ജൂത വിരോധം കുത്തിവെക്കാനായി പാഠ്യക്രമം  മാറ്റിയതിന്റെയും പാഠപുസ്തകങ്ങള്‍ ദുരുപയോഗം ചെയ്തതിന്റെയും ഭീതിദമായ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മുസോളിനിയുടെ ഇറ്റലി, സ്റ്റാലിനിസ്റ്റ് സോവിയറ്റ് യൂണിയന്‍, സാമ്രാജ്യത്വ ജപ്പാന്‍, ഓട്ടോമന്‍ സാമ്രാജ്യം...വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പ്രയോഗവത്കരണത്തിന്റെ കളരികളാക്കിയ ഈ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയും ഇടം പിടിക്കുന്നത്. മാറ്റിയെഴുതപ്പെടുന്ന ചരിത്രമായിരിക്കും ഇനി മുതല്‍ പാഠപുസ്തകങ്ങളില്‍ ഉണ്ടാകുക എന്ന പ്രഖ്യാപനം ഇപ്പോഴേ വന്നുകഴിഞ്ഞു. അത് വീണ്‍വാക്കല്ല എന്ന് മുന്‍വര്‍ഷങ്ങളില്‍ നാം അറിഞ്ഞിട്ടുള്ളതുമാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി ഇറങ്ങിയ സ്‌കൂള്‍ പുസ്തകങ്ങള്‍, മുഗളന്മാരെ ഇകഴ്ത്തിക്കാണിക്കാന്‍ തയ്യാറാകാതിരുന്ന റോമില ഥാപ്പര്‍, ബിപിന്‍ ചന്ദ്ര തുടങ്ങിയവരുടെ ചരിത്ര പുസ്തകങ്ങള്‍ പിന്‍വലിപ്പിക്കാനുള്ള ഭരണതല ശ്രമങ്ങള്‍, മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി പൗരന്മാരെ വിദേശികള്‍ എന്ന് മുദ്രകുത്തുന്ന ഗുജറാത്തിലെ പാഠപുസ്തകങ്ങള്‍, ഹിറ്റ്‌ലറുടെ വംശമഹിമാ സിദ്ധാന്തത്തെ പ്രകീര്‍ത്തിച്ചുള്ള പാഠങ്ങള്‍ എന്നിവ കൂട്ടിവായിച്ചാലറിയാം, പാഠപുസ്തകങ്ങളുടെ കാവിവത്കരണം ഇതിനകം പ്രയോഗത്തിലായിട്ടുണ്ട് എന്നകാര്യം. 

രാജസ്ഥാന്‍ ബിജെപി നേതാവ് വാസുദേവ് ദേവനാനി പ്രഖ്യാപിച്ച പോലെ, ഇനിയൊരു കനയ്യ കുമാര്‍ ഈ രാജ്യത്തുണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്ന ചരിത്രപുസ്തകങ്ങളേ വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക് എത്തൂ, എന്നുറപ്പിച്ച ഒരു ഭരണകൂടം നാളെ ഗാന്ധിജിയെയും നെഹ്രുവിനെയും അംബേദ്കറെയും എല്ലാം പാഠപുസ്തകങ്ങളില്‍നിന്ന് ഇറക്കി വിട്ടേക്കാം. സിന്ധു നദീ തട സംസ്‌കാരവും ഹാരപ്പന്‍ സംസ്‌കാരവും മറന്ന് സരസ്വതി നദീ തട സംസ്‌കാരം മാത്രം പഠിപ്പിച്ചേക്കാം...അതിശയോക്തിയല്ല, ഗോഡ്സെ ധീര ദേശാഭിമാനി ആയി വാഴ്ത്തപ്പെട്ടേക്കാവുന്ന കാലമാണ് വരാനിരിക്കുന്നത്. 

വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിലോ ധാബോല്‍ക്കറിലോ പന്‍സാരയിലോ കല്‍ബുര്‍ഗിയിലോ ഒതുങ്ങണമെന്നില്ല.

മരണമണി മുഴങ്ങുക തന്നെയാണ്
ഇത് കേവലം പാഠപുസ്തകങ്ങളുടെയോ ചരിത്ര പഠനത്തിന്റെയോ മാത്രം കാര്യമാണെന്ന് കരുതരുത്. ബഹുസ്വരമായ സംസ്‌കാരത്തില്‍ ഊന്നി സ്ഥാപിതമായ ഒരു റിപ്പബ്ലിക് ഒരു മതത്തിന്‍േറതു മാത്രമായി ഒതുങ്ങുന്നതിന്റെ മാത്രം കാര്യവുമല്ല. മറിച്ച് ഒരു വിഭാഗത്തെ അപരരായി മാറ്റിനിര്‍ത്തി, ശത്രുക്കളായി കണ്ട് രാഷ്ട്രീയാധികാരം കൈയാളുന്നതിന്റെ കാര്യം കൂടിയാണ്.  ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും സംഘ്പരിവാരങ്ങള്‍ ചരിത്രത്തെ വഴി മാറ്റി വിടുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ എന്ത് മാത്രം അരക്ഷിതാവസ്ഥയും അവഗണനയും ഏറ്റുവാങ്ങേണ്ടി വരുമെന്ന് ആലോചിച്ചുനോക്കൂ. 

നരേന്ദ്ര മോദി ഭരണമേറിയതിനു ശേഷം മത ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അരക്ഷിതാബോധവും ഭീതിയും മുന്‍പൊന്നും ഇല്ലാത്ത വിധം വര്‍ദ്ധിച്ചിട്ടുണ്ട്. നാള്‍ക്കു നാള്‍ ആ ഭയം വര്‍ധിപ്പിക്കുവാനല്ലാതെ ആ ഭയാശങ്കകളുടെ മാറാല തുടച്ചു മാറ്റാനുള്ള ഒരു ശ്രമവും  ഉണ്ടായിട്ടില്ല. രാമജന്മ ഭൂമി വിവാദം, ഗുജറാത്ത്, മുസാഫര്‍ നഗര്‍ തുടങ്ങിയ ഇടങ്ങളിലെ കലാപം, ദളിതരുടെ നേരെയുള്ള ആക്രമണങ്ങള്‍, ഘര്‍ വാപസി യജ്ഞങ്ങള്‍, ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേരെയുള്ള അതിക്രമം  തുടങ്ങിയവ മത ന്യൂനപക്ഷങ്ങളുടെ ഭയം അധികരിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ എടുത്തുപയോഗിക്കാവുന്ന ആയുധങ്ങളത്രയും ഉപയോഗിക്കുന്നതാണ് വര്‍ത്തമാന ഇന്ത്യ കണ്ടു കൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആഹാര പൊലീസായും സദാചാര പൊലീസായും അതിക്രമിച്ചെത്താന്‍ ഭരണകൂടം ഒത്താശ ചെയ്യുന്നു. മാംസാഹാരികളെ ക്രൂരന്മാരായും ബലാത്സംഗ വീരന്മാരായും ചിത്രീകരിക്കുന്ന പാഠപുസ്തകങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ  പ്രക്രിയയുടെ ഭാഗമാകുന്നു. ഹിന്ദുത്വ വരേണ്യതയുടെ അടയാളങ്ങള്‍ സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളില്‍ പതിപ്പിക്കാന്‍, ഏക മതാത്മകത അടിച്ചേല്‍പ്പിക്കാന്‍, ബഹുസ്വരതയെ കേട്ട് മറന്നൊരു വാക്ക് മാത്രമാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയുകയാണ്. 

മത ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ഇതിന്റെ ഇരകള്‍. ആദിവാസികളും ദളിതരും ഇതേപോലെ അപരരാക്കി മാറ്റപ്പെടുകയാണ്. ഏകാംഗ വിദ്യാലയം, ആദിവാസി കുംഭമേള തുടങ്ങിയവയിലൂടെ, അതുവരെ ഹിന്ദു മതത്തിന്റെ വര്‍ണ സങ്കല്പങ്ങളില്‍ പോലും പുറത്തു നിന്നിരുന്ന ആദിവാസികളിലേക്ക് കയറിച്ചെല്ലാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതോടൊപ്പം കൂട്ടിവായിക്കണം. ഏകാംഗ വിദ്യാലയം, ആദിവാസി കുംഭമേള തുടങ്ങിയവയിലൂടെ പ്രത്യേകം കെട്ടി ചമച്ച ഹിന്ദു മിത്തുകളും വെറുപ്പിന്റെ രാഷ്ട്രീയവും മുസ്ലിം ക്രിസ്ത്യന്‍ വൈരവും ആദിവാസികളില്‍ കുത്തിവെച്ച് തങ്ങളുടെ ഹിന്ദു രാഷ്ട്ര നിര്‍മാണത്തിനുള്ള കൂലി പട്ടാളമാക്കാനാണ് സംഘ പരിവാര്‍ ശ്രമം. ജനാധിപത്യ രാഷ്ട്ര സംസ്‌കാരത്തിന് ബദലായി ഹിന്ദു ദേശീയവാദവും ഹിന്ദു രാഷ്ട്രവാദവും ഉയര്‍ത്തിക്കാട്ടുന്ന ഒരു പാര്‍ട്ടി ഭരിക്കുമ്പോള്‍ മത ന്യൂനപക്ഷങ്ങളും പിന്നാക്ക, ദളിത്, ആദിവാസി ഗോത്ര സമൂഹവുമെല്ലാം എന്ത് ചെയ്യാനാണ്? 

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തു വിട്ട കണക്കനുസരിച്ച് മോദി ഭരണത്തിന്‍ കീഴില്‍ പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് ഇരട്ടിയോളം വര്‍ധിച്ചു. 2013 ല്‍ 6793 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കില്‍ 2014 ല്‍ അത് 11451 ആയി.പട്ടിക ജാതിക്കാര്‍ക്കെതിരെ 2012 ല്‍ 33655 അക്രമങ്ങളും 2013 ല്‍ 39408 അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കില്‍ 2014 ല്‍ അത് 47064 ആയി. ഇതില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.  ക്വില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു കൂട്ടം ഗവേഷകര്‍  ക്രോഡീകരിച്ച വിവരങ്ങളനുസരിച്ചു  2014 മുതല്‍ ബീഫ്  അടക്കമുള്ള വിഷയങ്ങളുടെ മറവില്‍  ആള്‍ക്കൂട്ടം അടിച്ച് കൊന്നത് 54 പേരെയാണ്. അതില്‍ 40 പേരും മുസ്ലിം, ന്യൂനപക്ഷങ്ങളാണ്. ബാക്കിയുള്ളവരില്‍ മിക്കവാറും ദലിതര്‍. 21 പേര്‍ കൊല്ലപ്പെട്ടത് ഗോരക്ഷയുടെ പേരിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
 
2000 ല്‍ മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ ഘടനാ പരിഷ്‌കരണത്തിന് ലക്നൗ സന്യാസി സന്‍സദ് ആവശ്യപ്പെട്ടതും വാജ്‌പേയി പ്രശ്‌ന പഠനത്തിനു കമ്മിറ്റിയെ ഏല്‍പിച്ചതും തുടര്‍ന്നുണ്ടായ ദളിത് പ്രതിരോധവും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു കളയാന്‍ പാടില്ലാത്ത ഏടുകളാണ്.  അക്കാദമിക് രംഗങ്ങളില്‍ മാത്രമല്ല സംസ്‌കാരം, ചരിത്രം, ശാസ്ത്രം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും ജാതി സ്വത്വങ്ങളെ അഴിച്ചു വിട്ടു കൊണ്ട് ജനാധിപത്യ തത്വങ്ങളെ തുരത്താന്‍ സംഘ പരിവാര്‍  നടത്തുന്ന ശ്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. മനുസ്മൃതിയും ഭഗവദ് ഗീതയും ബ്രാഹ്മണ ബോധവും കുത്തി വെച്ചും ചരിത്രത്തെ തിരുത്തിയെഴുതിയും ശാസ്ത്രത്തെയും യുക്തി ബോധത്തെയും നിരാകരിച്ചും ആണധികാരങ്ങളെ  ബലപ്പെടുത്തിയും അവര്‍ ഭാരതത്തെ എങ്ങോട്ട് നയിക്കുന്നുവെന്നത് വ്യക്തമാണ്. സ്വന്തം ഭാഗധേയം നിര്‍ണയിക്കാനൊരുങ്ങുന്ന ഒരു ജനതയെ ആവേശഭരിതരാക്കാന്‍ മിത്തുകള്‍ക്കു മാത്രമേ കഴിയൂ എന്ന മുസോളിനിയുടെ ഫിലോസഫി തന്നെയാണ് സംഘപരിവാര്‍ ഫാസിസ്റ്റു ശക്തികളും ഉപയോഗിക്കുന്നത്. രാമായണത്തിലേക്കും മഹാഭാരതത്തിലേക്കും മനുസ്മൃതിയിലേക്കും തിരിച്ചു നടക്കാന്‍ പറയുന്നവര്‍ ഈ ജനതയെ നോക്കി കൊഞ്ഞനം കുത്തുകയാണ്. പുരാതന ഇന്ത്യ മൂലകോശ ഗവേഷണവും വിമാനവും  പ്ലാസ്റ്റിക് സര്‍ജറിയും അവയവം മാറ്റി വെക്കലും ആധുനിക ശാസ്ത്രത്തിനു മുമ്പേ  ചെയ്തിരുന്നുവെന്നു പ്രചരിപ്പിച്ചു യുക്തി ചിന്തയെ നിരസിക്കാന്‍ വരും തലമുറയെ പ്രേരിപ്പിക്കുകയാണ്. 

നാസികളുടെ ജൂത വിദ്വേഷ ചരിത്രത്തെ  വിസ്മരിച്ചു കൊണ്ട്, ഹിറ്റ്‌ലര്‍ ജൂതരെ യൂറോപ്പില്‍ നിന്ന് പുറത്താക്കാന്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂ അവരെ കത്തിച്ചു കളയാന്‍ അയാളെ പ്രേരിപ്പിച്ചത് ജറുസലേമിലെ ഗ്രാന്‍ഡ് മുഫ്തി ആയിരുന്ന ഹജ് അമിന്‍ അല്‍ ഹുസൈനി ആയിരുന്നെന്ന് പറഞ്ഞ ഇസ്രായേലിലെ ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെ ചരിത്രത്തെ ചില്ലറപൈസക്കായി തെരുവോരത്തു വില്‍പനയ്ക്ക് വെക്കുകയാണ് ഈ ഭരണകൂടം.

ഇതിവിടെ മാത്രം നടക്കുന്നതല്ല എന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നമ്മോട് പറയുന്നുണ്ട്. വാര്‍ത്തകള്‍ മാത്രമല്ല ചരിത്രവും. തീ പാറുന്ന അക്ഷരങ്ങളെയും ചരിത്ര സത്യങ്ങളെയും ഭയക്കുന്നവര്‍ അഗ്‌നിക്കിരയാക്കിയ  അലക്‌സാണ്ഡ്രിയന്‍ ലൈബ്രറി, ജാഫ്‌ന ലൈബ്രറി, ഐസിസ് തകര്‍ത്ത ഇറാഖിലെ ലൈബ്രറികള്‍, നാസി ജര്‍മനിയില്‍ സാംസ്‌കാരിക ശുദ്ധികലശമെന്ന പേരില്‍ നടത്തപ്പെട്ട പുസ്തകം കത്തിക്കല്‍ ആഘോഷങ്ങള്‍ എന്നീ ചരിത്രപാഠങ്ങള്‍ ഇതോടു ചേര്‍ത്തുവായിക്കുമ്പോഴാണ് നാം ചെന്നുനില്‍ക്കുന്ന അപകടമുനമ്പിന്റെ ആഴമറിയുക. 

ഇതിവിടം കൊണ്ട് നില്‍ക്കുമെന്നും കരുതരുത്. പുരാതന ചൈനയിലെ ക്വിന്‍ രാജവംശം നമുക്ക് മുന്നില്‍ വെച്ച കുപ്രസിദ്ധമായ ആ മാതൃക ഉണ്ടല്ലോ. പുസ്തകം കത്തിക്കലും പണ്ഡിതരുടെ ശവമടക്കും. അതും പരീക്ഷിക്കാവുന്ന തന്ത്രമാണ്. ഇതുപോലൊരു ഭരണകൂടത്തിന് ചെന്നെത്താവുന്ന എളുപ്പ ക്രിയകള്‍. 

അതിനാല്‍, ഓര്‍ക്കുക, വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിലോ ധാബോല്‍ക്കറിലോ പന്‍സാരയിലോ കല്‍ബുര്‍ഗിയിലോ ഒതുങ്ങണമെന്നില്ല. ചരിത്ര ബോധമുള്ള ഓരോരുത്തര്‍ക്കും മരണമണി മുഴങ്ങുക തന്നെയാണ് ഇന്ത്യയില്‍. 

അമീറ എഴുതിയ മറ്റു കുറിപ്പുകള്‍
കുരീപ്പുഴ ആ പട്ടികയിലെ ആദ്യത്തെ പേരല്ല; അവസാനത്തെയും!

പെണ്ണ് മിണ്ടിയാല്‍ തെറിയുമായെത്തുന്ന ഫേസ്ബുക്ക് ആണ്‍പടയുടെ ഉള്ളിലെന്ത്?

പ്രണയികള്‍ക്കെതിരെ ആയുധമെടുക്കുന്നവരേ, നിങ്ങള്‍ക്കറിയുമോ ഇവരെ?

ആ കൊലയാളികള്‍ പിരിഞ്ഞുപോയിട്ടില്ല; അവര്‍ നമ്മുടെ വീട്ടുമുറ്റത്തുണ്ട്

മമ്മൂട്ടിക്ക് വയസ്സായാല്‍  എന്താണ് പ്രശ്‌നം?

അവര്‍ സിറിയന്‍ കുഞ്ഞുങ്ങളെ  ലക്ഷ്യംവെക്കുന്നത് വെറുതെയല്ല

click me!