മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉദ്വേഗം നിറഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു ഇന്ന് വിരാമമാകുമ്പോള്‍ കേരളജനതയ്ക്ക് മുന്നില്‍ അഴിഞ്ഞുവീണത് നമ്മള്‍ ഏറ്റവും അധികം സ്നേഹിച്ച, ആരാധിച്ച ചില സൂപ്പര്‍ താരങ്ങളുടെ മുഖമൂടികള്‍ ആണ്. അഭ്യൂഹങ്ങളും അപസര്‍പ്പകകഥകളും ആവോളം നിറഞ്ഞ ഒരു കഥയായി ഇത് മാറിയപ്പോഴും കേരളാപോലീസില്‍ , ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിച്ച ഓരോരുത്തര്‍ക്കും മുന്നിലാണ് സത്യത്തിന്റെ വെളിച്ചം വീശി എല്ലാം പുറത്തു വന്നത്.
ദിലീപ് കാവ്യ ....ഈ ജോഡികളുടെ സിനിമകള്‍ കൈയ്യടിച്ചു സ്വീകരിച്ചവര്‍ ആണ് നമ്മള്‍ എല്ലാവരും. അവരെ ആരാധനയോടെ നോക്കിനിന്നവര്‍. പക്ഷെ മേക്അപ്പ് അണിഞ്ഞ ആ മുഖങ്ങള്‍ക്കു പിന്നിലെ ക്രിമിനല്‍ മനസ്സ് പക്ഷെ പാവം പ്രേക്ഷകര്‍ കാണാതെ പോയി. എത്രയോ ചിത്രങ്ങളില്‍ കൂടെ അഭിനയിച്ച, ഒരുപാട് സൗഹൃദത്തില്‍ കഴിഞ്ഞൊരു സഹപ്രവര്‍ത്തകയെ എങ്ങനെ ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ ഇവര്‍ക്കായി എന്ന് അത്ഭുതം തോന്നുന്നു. നിങ്ങളുടെ ക്രിമിനല്‍ മനസ്സ് മൂടുപടം നീക്കി പുറത്തുവന്നപ്പോള്‍ സത്യത്തില്‍ തലകുനിക്കേണ്ടത് നിങ്ങളുടെ സിനിമകള്‍ക്ക് കൈയ്യടിച്ച ഞങ്ങള്‍ ജനങ്ങളാണ്.
ഒരുപക്ഷെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാകും ഒരു താര ദമ്പതികള്‍ ഇത്തരത്തില്‍ ഒരു ക്രിമിനല്‍ കേസില്‍ ഉള്‍പെടുന്നത്. മലയാളസിനിമയില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശേഷം ഒരു നായകന് സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിച്ചെങ്കില്‍ അത് ദിലീപ് ആയിരുന്നു. ജനപ്രിയനായകന്‍ എന്ന നിലയിലേക്ക് ദിലീപ് എന്ന ശരാശരി നടനെ ഉയര്‍ത്തികൊണ്ടു വന്നത് അയാളെ സ്നേഹിച്ച പ്രേക്ഷകര്‍ ആയിരുന്നില്ലേ. മഞ്ജു വാരിയര്‍ എന്ന നടിയ്ക്ക് മലയാളസിനിമാപ്രേക്ഷകര്‍ ഇടംനല്‍കിയത് സ്വന്തം ഹൃദയത്തിലായിരുന്നു. ആ സ്നേഹം ഒരര്‍ഥത്തില്‍ ദിലീപിനും നമ്മള്‍ നല്‍കിയിട്ടില്ലേ. മഞ്ജുവും ദിലീപും വേര്‍പിരിയുന്നു എന്ന വാര്‍ത്ത നമ്മള്‍ സ്വന്തം വീട്ടിലെ ഒരു അംഗത്തിനു സംഭവിച്ച വേദനയോടെയാണ് കേട്ടത്. കാര്യകാരണങ്ങള്‍ അറിയില്ലെങ്കിലും ആ ജോഡികള്‍ വീണ്ടും പിണക്കങ്ങള്‍ മറന്നു ഒന്നകണേയെന്നു പ്രാര്‍ഥിച്ചവ്ര്‍ ഏറെ. ഒന്നുമുണ്ടായില്ല! മീശമാധവനില്‍ തുടങ്ങിയ ഗോസ്സിപ്പ് വാര്‍ത്തകള്‍ ശരിവെയ്ക്കുന്ന തരത്തില്‍ ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോള്‍ നമ്മള്‍ പറഞ്ഞു സമാധാനിച്ചു ,അതവരുടെ ജീവിതമെന്ന്.
ഫെബ്രുവരിയിലാണ് മലയാളസിനിമയിലെ മുന്‍നിര നടി കൊച്ചിയില്‍ അക്രമിക്കപെട്ടത്. ആ വാര്‍ത്ത കേട്ടുണര്‍ന്ന കേരളം ആദ്യദിവസങ്ങളില്‍ ആ സംഭവത്തിനു പിന്നിലെ സത്യങ്ങള്‍ തേടാതെ ഇരയ്ക്കായി വിലപിച്ചു. സിനിമാകൂട്ടായ്മ മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ഒത്തുചേരലിലാണ് ആദ്യമായി ഇതിനു പിന്നിലെ 'ക്രിമിനല്‍ ഗൂഡാലോചന' എന്ന സാധ്യതയെ കുറിച്ചു നമ്മള്‍ കേട്ടത്. അത് വിളിച്ചു പറഞ്ഞത് മഞ്ജുവും. സ്വന്തം സഹോദരിയെ പോലെ അക്രമിക്കപെട്ട നടിയെ മഞ്ജു ചേര്‍ത്തുപിടിച്ചു. ആദ്യം ശബ്ദമുയര്‍ത്തിയ പലരുടെയും ശബ്ദങ്ങള്‍ ആള്‍കൂട്ടത്തില്‍ അലിഞ്ഞില്ലാതെ പോയപ്പോഴും മഞ്ജു തന്റെനിലപാടില്‍ ഉറച്ചു നിന്നു.
സ്വത്ത്തര്‍ക്കമോ,ഭൂമിഇടപാടുകളോ എന്തുമാകട്ടെ ഒരു സഹപ്രവര്‍ത്തകയെ ക്രൂരമായി ആക്രമിക്കാന്‍, അവളുടെ ആത്മാഭിമാനത്തെ പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കാന്‍ തക്ക ക്രിമിനല്‍ മനസ്സിന് ഉടമകള്‍ ആയിരുന്നോ നമ്മള്‍ ഇത്രകാലവും ആരാധിച്ച ഈ താരങ്ങള്‍ എന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജതോന്നുന്നു. അക്രമിക്കപെട്ടവളെ വീണ്ടും സ്വഭാവഹത്യ നടത്തി, അവളുടെ സൌഹൃദങ്ങളെ തെറ്റായി വ്യാഖാനിച്ചു നമ്മുക്ക് മുന്നില്‍ ദിലീപ് ഞെളിഞ്ഞിരുന്നപ്പോള്‍ അകലെ എവിടെയോ സത്യം വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ 'അവള്‍' ഉണ്ടായിരുന്നു.
മാധ്യമവിചാരണയെ കുറ്റം പറഞ്ഞു, ജനങ്ങള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ ആണ് സകലപ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്ന് പറയാതെ പറഞ്ഞ ദിലീപും സംഘവും ഒന്ന് മറന്നു. മധ്യമങ്ങള്‍ ഈ നാട്ടില്‍ ഉള്ളത് കൊണ്ടാണ് 'മിസ്റ്റര്‍ ദിലീപ് ' ഈ ലോകം ഇന്നും ചിലതിനെയൊക്കെ ഭയക്കുന്നത്, ജനങ്ങള്‍ സത്യമറിയുന്നത്. 'അമ്മ'യുടെ കൂട്ടായ്മയില്‍ മാധ്യമങ്ങളെ കൂക്കിവിളിച്ച ചില സിനിമാക്കാര്‍ അറിയണം നിങ്ങളെ ഈ താരങ്ങളാക്കിയതില്‍ ഈ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്ന്.
ഒരു കള്ളം മറയ്ക്കാന്‍ അതിനെ നൂറുവട്ടം സത്യമെന്ന് ആവര്‍ത്തിച്ചാലും ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഏതെങ്കിലും ഒരു തെളിവ് ഓരോ കുറ്റകൃത്യത്തിലും ഉണ്ടാകാറുണ്ട്. ഈ കേസിലും അതെല്ലാം ഉണ്ടായി. ദിലീപ് പോലും ഒരിക്കലും സ്വപ്നം പോലും കാണാത്ത ഒരു തെളിവ്. തൃശ്ശൂരിലെ ക്ലബ്ബില്‍ വെച്ചു ആരോ എടുത്ത ആ സെല്‍ഫി അതായിരുന്നു. പള്‍സര്‍ സുനിയേ ജീവിതത്തില്‍ കണ്ടിട്ടേയില്ല എന്ന് പറഞ്ഞ ദിലീപിന് പിന്നിലായി സുനി നില്‍ക്കുന്ന ആ ചിത്രം കണ്ടെടുത്തത് കേരള പോലീസിന്റെ അന്വേഷണത്തിലാണ്. ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട് ഈ തെളിവ്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരപരാധിയെന്നു ആവര്‍ത്തിച്ചു പറഞ്ഞപ്പോഴെല്ലാം ദിലീപ് സത്യത്തില്‍ കൊഞ്ഞനംകുത്തി കാണിച്ചത് ഇവിടുത്തെ നീതിപീഠത്തെയും നിങ്ങളെ ആരാധിച്ച ജനങ്ങളെയും ആയിരുന്നു. പിന്നെ നിങ്ങള്ക്ക് വേണ്ടി കാമ്പയിന്‍ നടത്തിയ, സത്യം അറിയാതെയെങ്കില്‍ നിങ്ങള്ക്ക് വേണ്ടി വാദിച്ച നിങ്ങളുടെ സഹപ്രവര്‍ത്തകരെയുമായിരുന്നു നിങ്ങള്‍ നാണംകെടുത്തിയത്.
ചൂണ്ടികാണിക്കാന്‍ മുന്‍മാതൃകകള്‍ പോലുമില്ലാത്ത ഒരു കേസ് സാഹചര്യതെളിവുകളുടെയും ശാസ്ത്രീയതെളിവുകളുടെയും അടിസ്ഥാനത്തില്‍ തെളിയിക്കപെട്ടപ്പോള്‍ കേരളപോല്സിന്റെ തൊപ്പിയില്‍ ഇതൊരു പൊന്‍തൂവലാകുമെന്നു സംശയമില്ല. പ്രതികള്‍ സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ളവര്‍, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാലോ അറസ്റ്റോ ചെയ്യുക അത്ര നിസ്സാരമായിരുന്നില്ല. എതിര്‍ഭാഗത്ത് പ്രശസ്തയെങ്കിലും വാദി ഒരു പെണ്‍കുട്ടിയായിരുന്നു. ഇരയായവള്‍..മാനഹാനി ഭയന്നു നാല്ചുവരുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കാതെ തന്റെ തെറ്റ് കൊണ്ടല്ലാതെ സംഭവിച്ച ഒരു ദുരന്തത്തിനെതിരെ പ്രതികരിച്ചു ധൈര്യപൂര്‍വ്വം നീതി ലഭിക്കും വരെ പോരാടുമെന്നു തുറന്നു പറഞ്ഞവള്‍. സത്യത്തില്‍ അക്രമത്തിനു ഇരയായ ആ പെണ്‍കുട്ടിയാണ് ഈ കഥയിലെ നായിക. നമ്മള്‍ ആരാധിച്ച, ചായം പൂശിയ പല മുഖങ്ങളുടെയും കപടത നമുക്ക് മുന്നില്‍ തുറന്നു കാട്ടിയ ആ പെണ്‍കുട്ടിയെയല്ലേ നമ്മള്‍ ആരാധിക്കേണ്ടത്.....