ബർമ്മയിലേക്കൊക്കെ പോവും മുമ്പ്, മാനാഞ്ചിറ മൈതാനത്ത് ക്രിക്കറ്റുകളിക്കാൻ പോവുന്ന പതിവുണ്ടായിരുന്നു ലെസ്ലിക്ക്. കോംട്രസ്റ്റ് കമ്പനിയിലെ ബ്രിട്ടീഷുദ്യോഗസ്ഥരായിരുന്നു അന്നത്തെ കളിക്കൂട്ടുകാർ. ഏറെ താമസിയാതെ ലെസ്ലിയുടെ താത്പര്യം ക്രിക്കറ്റിൽ നിന്നും വഴിമാറി ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. കോഴിക്കോട്ടു വന്നുപോയിരുന്ന ഉസ്താദുമാരുടെ പാട്ടുകൾ ക്ലബ്ബുകളിലിരുന്ന് കേട്ട ലെസ്ലി അന്നേ മനസ്സിലുറപ്പിച്ചിരുന്നു, ഞാനും എന്നെങ്കിലും ഇങ്ങനെയുള്ള പാട്ടുകൾ പാടും എന്ന്..
അന്ന് കോഴിക്കോട്ട് ഹെഡ് കോൺസ്റ്റബിൾ കുഞ്ഞിമുഹമ്മദ് എന്നൊരു സഹൃദയനുണ്ടായിരുന്നു. അദ്ദേഹമാണ് ബാബുരാജ്, കെ ടി മുഹമ്മദ് എന്നിങ്ങനെ അനവധി കലാകാരന്മാർക്ക് അഭയമേകിയത് കുഞ്ഞിമുഹമ്മദ്. അബ്ദുൾ ഖാദറും അദ്ദേഹത്തിന്റെ കൂടെ കൂടുന്നു. പാട്ടു പഠിക്കുന്നു. പല വേദികളിലായി പാടാൻ അവസരം കിട്ടുന്നു. ചെറിയൊരു കലാസംഘം രൂപം കൊള്ളുന്നു അക്കാലത്ത്. അതിൽ പക്ഷേ, കല മാത്രമായിരുന്നില്ല. ഇത്തിരി രാഷ്ട്രീയവും കലർന്നിരുന്നു.
undefined
കൊല്ലം 1967... ഇന്നത്തെ പ്രസിദ്ധ പ്രാസംഗികനും മലയാളാധ്യാപകനുമായ എം എൻ കാരശ്ശേരി അന്ന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഒന്നാം വർഷ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. പൊക്കുന്ന് എന്നു പേരായ ഒരു കുന്നിന്റെ മുകളിലാണ് ഗുരുവായൂരപ്പൻ കോളേജ്. വല്ലപ്പോഴുമാണ് കോളേജ് വഴിക്കൊരു ബസ്സുണ്ടാവുക. കോളേജിലേക്കുള്ള ആളുകളെക്കൊണ്ടുതന്നെ അത് നിറഞ്ഞുകവിയും. കാരശ്ശേരി എങ്ങനെയോ തിക്കിത്തിരക്കി ഒരു സീറ്റൊപ്പിച്ച് അതിലിരുന്നു. ചുറ്റിനും കുട്ടികൾ, അധ്യാപകർ എന്നിങ്ങനെ പലരും നിൽക്കുന്നുണ്ട്. അന്നാണെങ്കിൽ ആളുകൾ ബസ്സിൽ സിഗററ്റു വരെ വലിക്കുന്ന കാലമാണ്. ബസ്സങ്ങനെ കുന്നുകേറി പൊയ്ക്കൊണ്ടിരിക്കവേ കാരശ്ശേരി ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോൾ തൊട്ടടുത്ത് കമ്പിയിൽ പിടിച്ചുകൊണ്ട് ഒരു ആജാനുബാഹു നിൽക്കുന്നു. തല ബസ്സിന്റെ ഉത്തരത്തിൽ തട്ടി നിൽപ്പാണ്. " ഞാനിയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ..? " കാരശ്ശേരി ഒരു നിമിഷമൊന്ന് അമ്പരന്നു. പെട്ടെന്ന് ഫോട്ടോയിൽ കണ്ട ഓർമ്മവന്നു. അടുത്ത നിമിഷം ചാടിയെണീറ്റ് കാരശ്ശേരി പറഞ്ഞു.." ദാ.. ഈ സീറ്റിൽ ഇരുന്നോളൂ.." അയാൾക്ക് പരിഭ്രമമായി.. " എന്താ.. ആരാ.. വേണ്ട.." എന്നായി. കാരശ്ശേരി ചോദിച്ചു.. " ങ്ങള്.. കോഴിക്കോട് അബ്ദുൾ ഖാദറല്ലെ..?" " അതേ..അതിനെന്താ.." എന്ന് മറുപടി.. അപ്പൊ കാരശ്ശേരി പറഞ്ഞു.. " കോഴിക്കോട് അബ്ദുൾ ഖാദർ നിൽക്കുമ്പോ.. എനിക്ക് ഇരിക്കാൻ കയ്യൂല്ല..."
" എങ്ങനെ നീ മറക്കും.. കുയിലേ.." എന്ന ഗാനം അബ്ദുൾ ഖാദറിനെ താരമാക്കി
1915 -ലായിരുന്നു അബ്ദുൾ ഖാദറിന്റെ ജനനം. ആൻഡ്രൂസ് എന്നുപേരായൊരു പള്ളീലച്ചന്റെ മകനായിരുന്നു അദ്ദേഹം. അബ്ദുൾ ഖാദറിന്റെ യഥാർത്ഥ പേര് ലെസ്ലി ആൻഡ്രൂസ് എന്നായിരുന്നു. കോഴിക്കോട് മുട്ടായിത്തെരുവിൽ 'എക്സെൽ' എന്നുപേരായ ഒരു വാച്ചുകമ്പനി നടത്തിയിരുന്നു അദ്ദേഹത്തിന്റെ കുടുംബം. കുട്ടിക്കാലത്ത് അദ്ദേഹം ബർമയിലെ തന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോവുകയുണ്ടായി. അവിടെ വെച്ച് എന്തൊക്കെയോ പറഞ്ഞുപറഞ്ഞ് ചേച്ചിയുമായി കലഹിച്ചു ലെസ്ലി. കലഹമെന്നുവെച്ചാൽ ചില്ലറ കലഹമൊന്നുമല്ല. സന്ധിയില്ലാത്ത കലഹം. കലിമൂത്ത് ലെസ്ലി വീടുവിട്ടിറങ്ങി. എന്തു ചെയ്യും എന്നൊന്നും ലെസ്ലി ഓർത്തില്ല.. 'ഇനിയീ പടി ചവിട്ടില്ലെ'ന്നു ശപഥം ചെയ്താണ് ഇറങ്ങിപ്പോരുന്നത്. അപ്പോഴത്തെ ക്രോധത്തിന് അങ്ങനെ പറഞ്ഞതാണെങ്കിലും ഇനി തിരികെച്ചെല്ലാൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. അങ്ങനെ റംഗൂണിലെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നു വിശന്നു വലഞ്ഞപ്പോഴാണ് അവിടെയൊരു മലയാളി മുസ്‌ലിം ജമായത്ത് ലെസ്ലിയുടെ കണ്ണിൽപ്പെടുന്നത്. അവിടെച്ചെന്നു കാര്യം പറഞ്ഞപ്പോൾ അവർ സഹായിക്കാമെന്നായി. പക്ഷേ, ഒരു കാര്യം.. ലെസ്ലി മതം മാറണം. ഇസ്‌ലാം മതം സ്വീകരിച്ചാൽ വിശപ്പുമാറാൻ വയറുനിറയെ ഭക്ഷണം തരാം. നാട്ടിലേക്കുള്ള കപ്പൽകൂലിയും വഹിക്കാം എന്നായിരുന്നു അവരുടെ ഓഫർ. ആകെ മുങ്ങിയ ലെസ്ലിയ്ക്ക് പിന്നീടൊന്നും നോക്കാനുണ്ടായിരുന്നില്ല. അങ്ങനെ ലെസ്ലി തല മുണ്ഡനം ചെയ്ത്, സുന്നത്ത് ചെയ്ത് അബ്ദുൾ ഖാദറായി പുനർജനിക്കുന്നു. അവിടെ കുറേക്കാലം കൂടി താമസിക്കുന്നുണ്ട് ഖാദർ. അടുത്ത കപ്പലിൽ അദ്ദേഹത്തെ അവർ നാട്ടിലേക്കയച്ചു. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ലെസ്ലിയെന്ന കോഴിക്കോട്ടുകാരൻ ഏതോ മുസ്‌ലിം സ്ത്രീയെ വിവാഹം കഴിക്കാൻ വേണ്ടിയാണ് മതം മാറി മുസ്ലീമായത് എന്നാണ്. അത് വളരെ തെറ്റായ ഒരു ധാരണയാണ്.
ബർമ്മയിലേക്കൊക്കെ പോവും മുമ്പ്, മാനാഞ്ചിറ മൈതാനത്ത് ക്രിക്കറ്റു കളിക്കാൻ പോവുന്ന പതിവുണ്ടായിരുന്നു ലെസ്ലിക്ക്. കോംട്രസ്റ്റ് കമ്പനിയിലെ ബ്രിട്ടീഷുദ്യോഗസ്ഥരായിരുന്നു അന്നത്തെ കളിക്കൂട്ടുകാർ. ഏറെ താമസിയാതെ ലെസ്ലിയുടെ താത്പര്യം ക്രിക്കറ്റിൽ നിന്നും വഴിമാറി ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. കോഴിക്കോട്ടു വന്നുപോയിരുന്ന ഉസ്താദുമാരുടെ പാട്ടുകൾ ക്ലബ്ബുകളിലിരുന്ന് കേട്ട ലെസ്ലി അന്നേ മനസ്സിലുറപ്പിച്ചു, താനും എന്നെങ്കിലും ഇങ്ങനെയുള്ള പാട്ടുകൾ പാടും എന്ന്..
അന്ന് കോഴിക്കോട്ട് ഹെഡ് കോൺസ്റ്റബിൾ കുഞ്ഞിമുഹമ്മദ് എന്നൊരു സഹൃദയനുണ്ടായിരുന്നു. ബാബുരാജ്, കെ ടി മുഹമ്മദ് എന്നിങ്ങനെ അനവധി കലാകാരന്മാർക്ക് അഭയമേകിയത് അദ്ദേഹമാണ്. അബ്ദുൾ ഖാദറും അദ്ദേഹത്തിന്റെ കൂടെ കൂടുന്നു. പാട്ടു പഠിക്കുന്നു. പല വേദികളിലായി പാടാൻ അവസരം കിട്ടുന്നു. ചെറിയൊരു കലാസംഘം രൂപം കൊള്ളുന്നു അക്കാലത്ത്. അതിൽ പക്ഷേ, കല മാത്രമായിരുന്നില്ല. ഇത്തിരി രാഷ്ട്രീയവും കലർന്നിരുന്നു.
അബ്ദുൾ ഖാദറുമൊത്തുളള അക്കാലം ചലച്ചിത്രനടൻ മാമുക്കോയ ഓർത്തെടുക്കുന്നത് ഇങ്ങനെ "കോഴിക്കോട് അബ്ദുൾ ഖാദറിനെ ഞാൻ ആദ്യമായി കാണുന്നത് സിപിഎമ്മിന്റെ സമ്മേളനത്തിന് മാനാഞ്ചിറ മൈതാനത്തു വെച്ചാണ്. അന്നൊക്കെ പാർട്ടിയുടെ ഏത് സമ്മേളനത്തിലും കെ ടി മുഹമ്മദിന്റെ നാടകമുണ്ടാവും ഒപ്പം ആളെക്കൂട്ടാൻ ബാബുക്ക, ശാന്താദേവി, അബ്ദുൾ ഖാദർ ടീമിന്റെ പാട്ടും..."
അന്നത്തെ ഒരു സ്ഥിതി എന്ന് പറയുന്നത് ഇങ്ങനെയായിരുന്നു. പി എം കാസിമിക്കാ പാട്ടെഴുതുക, ബാബുക്ക ചിട്ടപ്പെടുത്തുക, ഖാദറിക്ക പാടുക.. ഇവർ ത്രിമൂർത്തികളായിരുന്നു. ഈ ത്രിമൂർത്തികളുടെ കലാപ്രകടനത്തിന്റെ വേദികളായി മാറി മലബാറിലെ അന്നത്തെ പല ട്രേഡ് യൂണിയൻ സമ്മേളനങ്ങളും പാർട്ടി ക്യാമ്പുകളും മറ്റും.
ഇതിനിടയിൽ മുംബൈയിലെത്തി അബ്ദുൾ ഖാദർ അവിടെ സംഗീത കമ്പക്കാരുടെ ഒരു കൂട്ടായ്മയിൽ കുന്ദൻ ലാൽ സൈഗാളിന്റെ പാട്ടുകൾ പാടി. അക്കാലത്ത് എങ്ങും സൈഗാളിന്റെ പാട്ടുകൾ തന്നെയായിരുന്നല്ലോ ചർച്ചാ വിഷയം. ആ പാട്ടു പരിപാടി കഴിഞ്ഞതിന്റെ അടുത്തപ്രഭാതത്തിൽ പുറത്തിറങ്ങിയ ഒരു ബോംബെ പത്രം, അബ്ദുൾ ഖാദറിന് പുതിയൊരു വിശേഷണം നൽകി.." മലബാർ സൈഗാൾ.." അങ്ങനെ അദ്ദേഹം മലബാർ സൈഗാളും കേരളാ സൈഗാളുമായി.
അദ്ദേഹം അന്ന് ബോംബെ ടാക്കീസിലും മറ്റും നിരന്തരം അവസരങ്ങളന്വേഷിച്ചു ചെല്ലുമായിരുന്നു . പാട്ടുകൾ പാടുമായിരുന്നു. അങ്ങനെ എപ്പോഴോ അദ്ദേഹത്തിട്നെ പാട്ടുകേട്ട, ബിമൽ റോയ് തന്റെ അടുത്ത ഹിന്ദി സിനിമയിൽ അബ്ദുൾ ഖാദറിന് ഒരു റോൾ കൊടുക്കുന്നു. ആ സിനിമയിൽ അഭിനയിക്കാനായി അദ്ദേഹം ബോംബെയിൽ കഴിയവെയാണ് അദ്ദേഹത്തിന് നാട്ടിൽ നിന്നും ഒരു അടിയന്തിര കമ്പിസന്ദേശമെത്തുന്നത്. മൂത്ത കുട്ടിക്ക് സുഖമില്ല.. പെട്ടെന്നെത്തണം. അബ്ദുൾ ഖാദർ അടുത്ത വണ്ടിക്കു തന്നെ നാട്ടിലേക്കു പുറപ്പെട്ടെങ്കിലും അങ്ങെത്തും മുമ്പ് തന്നെ കുഞ്ഞു മരിക്കുകയും മറവുചെയ്യപ്പെടുകയും ഒക്കെ ചെയ്തിരുന്നു. പിന്നീട് ആ ദുഃഖത്തിൽ നിന്നും മോചിതനാവാൻ കഴിയാതിരുന്ന ഖാദർ തിരികെ ബോംബെയിലേക്ക് പോയില്ല.
1952 -ലാണ് അബ്ദുൾ ഖാദർ ആദ്യമായി സിനിമയിൽ പാടുന്നത്. ദക്ഷിണാമൂർത്തിയായിരുന്നു അവസരം നൽകുന്നത്. അന്നാണ് മലയാളികൾ ആദ്യമായി തങ്ങളുടെ ശബ്ദത്തിൽ ഒരു പാട്ടുകേൾക്കുന്നത്.. "പരിതാപമിതേ മമ ജീവിതമേ.." എന്നപാട്ട്, ചിത്രം നവലോകം. അക്കൊല്ലം തന്നെ 'അച്ഛൻ' എന്ന ചിത്രത്തിലും, അടുത്ത കൊല്ലം 'തിരമാല'യിലും ഖാദർ പാടി. " താരകം ഇരുളിൽ മായുകയോ .." എന്ന ഗാനം അബ്ദുൾ ഖാദറിനെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവന്നു. എന്നാലും, യഥാർത്ഥത്തിലുള്ള മാജിക്ക് സംഭവിച്ചത് അടുത്ത വർഷമാണ്. യഥാർത്ഥത്തിലുള്ള 'തനി' മലയാള സിനിമയായ നീലക്കുയിൽ പിറന്നുവീണ വർഷം. നീലക്കുയിലിലെ " എങ്ങനെ നീ മറക്കും.. കുയിലേ.." എന്ന ഗാനം അബ്ദുൾ ഖാദറിനെ താരമാക്കി. മുട്ടായിത്തെരുവിലും മട്ടാഞ്ചേരിയിലും പാളയത്തും ഖാദറെന്ന താരത്തെകാണാൻ അന്ന് ആരാധകർ തിക്കിത്തിരക്കി.
അദ്ദേഹത്തെ ഗായകൻ വിടി മുരളി ഓർക്കുന്നു, "കോഴിക്കോട് അബ്ദുൾ ഖാദറിനെ ജനങ്ങളിലേക്കടുപ്പിച്ച പാട്ട് ചിലപ്പോൾ "എങ്ങനെ നീ മറക്കും കുയിലേ .." ആയിരിക്കും.. എന്നാൽ അദ്ദേഹത്തിന്റെ അത്ഭുതഗാനം അതൊന്നുമല്ല.. അതൊരു സിനിമാപ്പാട്ടുപോലുമല്ല.. അന്നദ്ദേഹം ആകാശവാണിക്കുവേണ്ടി പാടിയ ഒരു പാട്ടുണ്ട്.. " പാടാനോർത്തൊരു മധുരിത ഗാനം..." ആണത്.
അങ്ങനെ മൂന്നു മതങ്ങളിൽ ഖാദർ ജീവിച്ചു
പാർട്ടി വേദികളിൽ അബ്ദുൾ ഖാദറിന്റെ ഹാർമോണിസ്റ്റായിരുന്നു ബാബുരാജ്. അങ്ങനെ പല സ്റ്റേജുകളിലായി പാടിയും പാട്ടുകൾ ചിട്ടപ്പെടുത്തിയും തെളിഞ്ഞു വന്ന ബാബുരാജ് സംഗീത സംവിധായകനുമായി. അന്നത്തെ പ്രസിദ്ധ പാട്ടെഴുത്തുകാരനും സംവിധായകനുമായ പി ഭാസ്കരൻ മാസ്റ്ററെ ബാബുരാജിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത് അബ്ദുൾ ഖാദറാണ്. 1957ൽ ആ സൗഹൃദത്തിന്റെ പുറത്താണ് ബാബുരാജിന് സംഗീതസംവിധാനത്തിനുള്ള ആദ്യാവസരം കിട്ടുന്നത്. ചിത്രം മിന്നാമിനുങ്ങ്.. അതിലെ മൂന്നു പാട്ടുകൾ ബാബുരാജ് തന്റെ സൃഹുത്തിനു വേണ്ടി നീക്കിവെച്ചു. അവരുടെ കൂട്ടുകെട്ടിൽ നിന്നും പിന്നെയും അനേകം അനശ്വരഗാനങ്ങൾ പിറന്നുവീഴുമെന്ന് അവരുടെ സുഹൃത്തക്കളെല്ലാം തന്നെ കരുതിയിരുന്നെങ്കിലും നിർഭാഗ്യവശാൽ അവർ പിന്നീടൊരിക്കലും ഒന്നിക്കയുണ്ടായില്ല. 'അനുരാഗ നാടകത്തിൽ...' എന്ന അനശ്വര ഗാനം ബാബുക്ക അബ്ദുൾ ഖാദറിനെ മനസ്സിൽ കണ്ടുകൊണ്ടുണ്ടാക്കിയത് തന്നെയാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് പാടാനുള്ള ഭാഗ്യം പിന്നീട് തേടിയെത്തിയത് ഉദയഭാനുവിനെയാണ്.
അബ്ദുൾ ഖാദറിന്റെ മരുമകനായ ബീരാൻ കൽപ്പുറത്ത് പറയുന്നു, " അത് അബ്ദുൾ ഖാദറിന് ബാബുരാജ് എന്തോ സൗന്ദര്യപ്പിണക്കത്തിന്റെ പേരിൽ കൊടുക്കാതിരുന്ന പാട്ടാണ്. ഖാദർ പാടണമെന്ന് മനസ്സിൽ ഒരുപാട് ആഗ്രഹിച്ചിരുന്നതും.. "
ആകാശവാണിയാണ് പിന്നീട് അബ്ദുൾ ഖാദറിന്റെ അന്നം മുടക്കാതെ കാത്തത്. അദ്ദേഹം തുടർച്ചയായി ഏറെക്കാലം അതിരാവിലെ ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്ന ഭക്തിഗാനങ്ങൾ പാടി.
" അബ്ദുൾ ഖാദർ ശരിക്കുപറഞ്ഞാൽ മതമില്ലാത്ത ഒരു മനുഷ്യനായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ജനിച്ചത് കൃസ്ത്യാനിയായിട്ട്. ലെസ്ലി എന്ന പേരിൽ. പിന്നീട് ബർമയിലെത്തിയപ്പോൾ മുസ്ലീമായി. തിരിച്ചുവന്നു വിവാഹം കഴിച്ച് മുസ്ലീമായി കുറേക്കാലം ജീവിച്ചു. ഒടുവിൽ അവസാന കാലത്ത് ശാന്താദേവിയെ വിവാഹം കഴിച്ച് അവരോടൊപ്പം ജീവിതത്തിന്റെ അവസാനകാലം കഴിച്ചുകൂട്ടി. അങ്ങനെ മൂന്നു മതങ്ങളിൽ ഖാദർ ജീവിച്ചു.." മാമുക്കോയ ഓർക്കുന്നു. പാട്ടിന്റെ വഴിയിൽ ഖാദറിന്റെ പിന്തുടർന്നത് ആദ്യഭാര്യയിലുണ്ടായ മകൻ നജ്മൽ ബാബുവും പിന്നീട് ശാന്താദേവിയിൽ ജനിച്ച മകൻ സത്യജിത്തും ആയിരുന്നു.
ഇടക്കുവെച്ച് ഓർമകളുടെ കുത്തൊഴുക്കിൽ പെട്ട് ഖാദറിക്കയ്ക്ക് കരച്ചിൽ വരും
എന്നാൽ, സിനിമയുടെയും നാടകങ്ങളുടെയും ഗാനമേളകളുടെയും സ്വകാര്യ സദസ്സുകളുടേയുമൊക്കെ വെള്ളിവെളിച്ചത്തിൽ ഒരുപാടുകാലം തിളങ്ങി നിന്ന കോഴിക്കോട് അബ്ദുൾ ഖാദറിന് അവസാനകാലത്ത് പാട്ടിന്റെ പേരിൽ തന്നെ ഏറെ സങ്കടപ്പെടേണ്ടിയും വന്നു. പോകെപ്പോകെ അദ്ദേഹത്തിന്റെ സ്റ്റേജ് പരിപാടികൾ പലതും വിജയിക്കാതെയായി. കാരണം, എവിടെച്ചെന്നാലും കാണികൾ അദ്ദേഹത്തോട് ആദ്യം തന്നെ " എങ്ങനെ നീ മറക്കും കുയിലേ.." എന്ന അനശ്വരഗാനം ആലപിക്കാൻ ആവശ്യപ്പെടും.. അദ്ദേഹം അത് പാടിത്തുടങ്ങുമെങ്കിലും മുഴുമിക്കാനാവില്ല. ഇടക്കുവെച്ച് ഓർമകളുടെ കുത്തൊഴുക്കിൽ പെട്ട് ഖാദറിക്കയ്ക്ക് കരച്ചിൽ വരും... പാട്ട് പാതിവഴി നിർത്തി അദ്ദേഹം സ്റ്റേജിലിരുന്ന് വിതുമ്പിക്കരയും.. അക്കാലത്ത് പാർട്ടിക്കാർ അദ്ദേഹത്തിനായി പിരിച്ചെടുത്തിരുന്ന കാശുപോലും കിട്ടാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. കലാരംഗത്തുള്ള അവഗണന, സാമൂഹ്യരംഗത്തുളള അവഗണന, സാമ്പത്തിക രംഗത്തുള്ള തകർച്ച.. ഇതിനൊക്കെ നടുക്കുകിടന്ന് ശരിക്കും വീർപ്പുമുട്ടി ഒടുക്കം മരിച്ചുപോവുകയായിരുന്നു 1977 ഫെബ്രുവരി 13ന് ഖാദറിക്ക.
അബ്ദുൾ ഖാദർ എന്ന നാദം നിലച്ചിട്ട് നാലു പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു. പാട്ടുകൊണ്ടും ജീവിതം കൊണ്ടും അമ്പരപ്പിച്ച ആ ഭാവഗായകൻ ജനിച്ചിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. എങ്കിലും അവസാനിക്കാത്ത ഒരു പാട്ടായി ഇപ്പോഴുമെപ്പോഴും അദ്ദേഹം നമുക്കിടയിൽ നിറഞ്ഞു നിൽക്കുന്നു. അബ്ദുൽ ഖാദറിനെ തൊട്ടുനടന്നവരും ഒരിക്കലും കണ്ടിട്ടില്ലാത്തവരും പഴയ തലമുറയും പുതിയ തലമുറയും ഒക്കെ അഗാധമായ ആ ശബ്ദത്തിന്റെ ഓർമയിൽ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നു.