സമുദ്രനിരപ്പുയരുന്നു; ചുഴലിക്കാറ്റുകള്‍ മാരകമാവുന്നു, ഇത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലം!

By Gopika Suresh  |  First Published Dec 5, 2019, 4:27 PM IST

ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിനെ അവലോകനം ചെയ്ത് ഗോപിക സുരേഷ് തയ്യാാക്കിയ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് 


പനാജി (ഗോവ): ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെയോ മൂന്നാമത്തെയോ വര്‍ഷമായിരിക്കും 2019 എന്ന് പഠന റിപ്പോര്‍ട്ട്. ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ (WMO) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരം. 2010 മുതല്‍ 2019 വരെയുള്ള ദശകമായിരിക്കും ചരിത്രത്തിലെ ഏറ്റവും ചൂടേറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും തിരിച്ചുപിടിക്കാനാവാത്ത വിധത്തില്‍ ഭൂമി അതിഗുരുതര അവസ്ഥയിലേക്ക് പോവുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Latest Videos

undefined

 

റെക്കോര്‍ഡിട്ട് ഹരിതഗൃഹ വാതക സാന്നിധ്യം
ഭൂമിയെ ചൂടുപിടിപ്പിക്കുന്ന  ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ഘടകമാണ്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള കാര്‍ബണ്‍ പുറംതള്ളലും , ജൈവമണ്ഡലത്തിന്റെയും  സമുദ്രത്തിന്റെയും ആഗിരണവും തമ്മിലുള്ള കൂടിച്ചേരലും വ്യക്തമാക്കുന്ന മാനകമാണ് ആഗോള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2)  കോണ്‍സെന്‍ട്രേഷന്‍.  ഇപ്പോളത്തെ  കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (CO2) ശരാശരി അന്തരീക്ഷത്തിലെ  അളവ്  407.8 ± 0.1ppm ആണ്. ഇത് വ്യാവസായിക വിപ്ലവത്തിന് മുന്‍പുള്ളതിനേക്കാള്‍ 147 % കൂടുതലാണ്. 1980 കള്‍ മുതല്‍ തുടര്‍ച്ചയായുള്ള  ഓരോ ദശകവും അതിനു മുമ്പുള്ള ഏതൊരു ദശകത്തേക്കാളും ചൂടു കൂടിയതാവാന്‍ കാരണം ഇതാണ്.

ചരിത്രത്തിലെ ഏറ്റവും  ഉയര്‍ന്ന സമുദ്രനിരപ്പ്
ഹരിതഗൃഹ വാതകങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ ഭൂമിയില്‍  കൂടുന്ന  താപത്തിന്റെ 90 ശതമാനവും സമുദ്രം ആഗിരണം ചെയ്യുന്നു. അതിനാല്‍  സമുദ്രത്തിലെ ചൂടും 2019 വര്‍ഷത്തില്‍ റെക്കോര്‍ഡ് നിലയിലെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്രം ചൂടാകുമ്പോള്‍ സമുദ്രനിരപ്പ് ഉയരുന്നു. കരയിലുള്ള ഹിമം  ഉരുകി കടലിലേക്ക് ഒഴുകുന്നതിലൂടെ സമുദ്ര നിരപ്പ് കൂടുതല്‍ ഉയരുന്നു. അടുത്തിടെയായി  ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും  ഹിമപാളികള്‍ ഉരുകിയതുമൂലം സമുദ്രനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നിരുന്നു. അള്‍ട്ടിമീറ്റര്‍ റെക്കോര്‍ഡ് വച്ചാണ് സമുദ്രനിരപ്പ് കണക്കാക്കുന്നത്. 1993 ലെ അള്‍ട്ടിമീറ്റര്‍ റെക്കോര്‍ഡിന്റെ തുടക്കം മുതല്‍ നോക്കിയാല്‍ 2019 ലെ ശരത്കാലത്താണ് ഏറ്റവും ഉയര്‍ന്ന ആഗോള ശരാശരി സമുദ്രനിരപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2009 മുതല്‍ 2018 വരെയുള്ള ദശകത്തില്‍,  22% കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് സമുദ്രം ആഗിരണം ചെയ്തത്.  ആഗിരണം ചെയ്യപ്പെട്ട കാര്‍ബണ്‍ ഡൈ ഓക്‌സൈഡ സമുദ്രജലവുമായി പ്രതിപ്രവര്‍ത്തിച്ചതിനാല്‍ സമുദ്രത്തിലെ pH മൂല്യം കുറഞ്ഞ് അസിഡിറ്റി വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  

 

 

ആര്‍ട്ടിക്കും അന്റാര്‍ട്ടിക്കും ഉരുകുന്നതിലും റെക്കോര്‍ഡ്

ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക് പ്രദേശങ്ങളില്‍ 2019 ല്‍ സമുദ്ര-ഹിമത്തിന്റെ വ്യാപ്തി വളരെ കുറവാണ്. 2019 സെപ്റ്റംബറിലെ പ്രതിദിന ആര്‍ട്ടിക് ഹിമത്തിന്റെ വ്യാപ്തി സാറ്റലൈറ്റ് റെക്കോര്‍ഡിലെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന വ്യാപ്തിയാണ്. ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് മണ്ണിടിച്ചില്‍ ഉണ്ടാക്കിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇടായി ചുഴലിക്കാറ്റ്. ഇത് ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നാശനഷ്ടം ഉണ്ടാക്കുകയും സാമ്പത്തിക ഭക്ഷ്യ മേഖലകളെ തകര്‍ക്കുകയും ചെയ്തു.

 

 

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളിലും റെക്കോര്‍ഡ്

ആഗോളതലത്തില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പ്രവര്‍ത്തനം 2019 ല്‍ (നവംബര്‍ 17 മുതല്‍) ശരാശരിയേക്കാള്‍ അല്‍പം കൂടുതലായിരുന്നു. വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഇന്നുവരെ 66 ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളാണുണ്ടായത്. 2018-19 തെക്കന്‍ അര്‍ദ്ധഗോള സീസണും ശരാശരിയേക്കാള്‍ കൂടുതലായിരുന്നു, 27 ചുഴലിക്കാറ്റുകളുണ്ടായി. ഉത്തരേന്ത്യന്‍ മഹാസമുദ്രത്തിലെ അതിശക്തമായ ചുഴലിക്കാറ്റ് കാലമായിരുന്നു ഇത്. മൂന്ന് ചുഴലിക്കാറ്റുകള്‍ പരമാവധി 100 നോട്ട് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വേഗതയില്‍ തീവ്രമാക്കപ്പെട്ടു, ആദ്യമായാണ് ഒരു സൈക്ലോണിക് സീസണില്‍ ഇത്തരത്തില്‍ സംഭവിക്കുന്നത്. തെന്നിന്ത്യന്‍ മഹാസമുദ്ര തടത്തിലും സ്ഥിതി വ്യത്യസ്തമായില്ല.  18 ചുഴലിക്കാറ്റുകളില്‍ 13 ചുഴലിക്കാറ്റുകള്‍ തീവ്രതയിലെത്തി. ഇതും  റെക്കോര്‍ഡിലെ ഏറ്റവും വലിയ സംഖ്യയാണ്.

കടുത്ത ചൂട് മനുഷ്യന്റെ ആരോഗ്യത്തെയും, മറ്റു ആരോഗ്യ സംവിധാനങ്ങളെയും ബാധിക്കുന്നു. പ്രായമാകുന്ന ജനസംഖ്യ, നഗരവല്‍ക്കരണം, അര്‍ബന്‍ ഹീറ്റ് അയലന്റിന്റെ പ്രത്യാഘാതങ്ങള്‍, ആരോഗ്യ അസമത്വങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ കടുത്ത ചൂട് സംഭവിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ആഘാതം രേഖപ്പെടുത്തുന്നു. അരക്ഷിതാവസ്ഥ, സാമ്പത്തിക മാന്ദ്യം എന്നിവയ്ക്കുപുറമെ, കാലാവസ്ഥാ വ്യതിയാനവും അങ്ങേയറ്റത്തെ അന്തരീക്ഷവസ്ഥ മാറ്റങ്ങളും ആഗോള ഭക്ഷ്യക്ഷാമത്തിലെ സമീപകാലത്തെ ഉയര്‍ച്ചയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. ഒരു പതിറ്റാണ്ടിന്റെ സ്ഥിരമായ ഇടിവിന് ശേഷം, പട്ടിണി വീണ്ടും വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് - 2018 ല്‍ 820 ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണി അനുഭവിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 2019 വര്‍ഷത്തില്‍ വെള്ളപ്പൊക്കവും കൊടുങ്കാറ്റും വരള്‍ച്ചയും വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിച്ചു. തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ ഇഡായ് ചുഴലിക്കാറ്റ്, ഇന്ത്യന്‍ സമുദ്രത്തിലെ  ഫാനി ചുഴലിക്കാറ്റ്, കരീബിയന്‍ ചുഴലിക്കാറ്റ്, ഇറാനിലെ വെള്ളപ്പൊക്കം, എന്നിവയുള്‍പ്പെടെ നിരവധി പ്രത്യാഘാതങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നവംബറിലെ ബള്‍ബുള്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന്  ബംഗ്ലാദേശിലും  ഓഗസ്റ്റില്‍ ടൈഫൂണ്‍ ലെക്കിമ മൂലം ചൈനയിലും  20 ലക്ഷത്തിലധികം ആളുകളെ  ഒഴിപ്പിച്ചിരുന്നു.

click me!