Lottery Winner :‍ ഇവരാണ് ശരിക്കും ഭാ​ഗ്യവാന്മാർ ! ലക്ഷപ്രഭുക്കളായി വയനാട്ടിലെ ആദിവാസി കുടുംബം

By Web Team  |  First Published Jul 7, 2022, 4:05 PM IST

കഴിഞ്ഞ മാസം 30ന് അസുഖബാധിതനായ അച്ഛന്‍ ചന്ദ്രന് മരുന്നു വാങ്ങാന്‍ വേണ്ടി മാനന്തവാടിയില്‍ പോയ സുനീഷ് മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്ക് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു.


മാനന്തവാടി: നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ (Nirmal Lottery) ഒന്നാം സമ്മാനമായ 70 ലക്ഷം വയനാട്ടിലെ ആദിവാസി യുവാവിന്. മാനന്തവാടി കോറോം മൊട്ടമ്മല്‍ കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകന്‍ സുനീഷ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തനിക്കാണ് എഴുപത് ലക്ഷം അടിച്ചതെന്നറിഞ്ഞതിലുള്ള അമ്പരപ്പിലാണ് സുനീഷും കുടുംബവും ഇപ്പോൾ. 

കഴിഞ്ഞ മാസം 30ന് അസുഖബാധിതനായ അച്ഛന്‍ ചന്ദ്രന് മരുന്നു വാങ്ങാന്‍ വേണ്ടി മാനന്തവാടിയില്‍ പോയ സുനീഷ് മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്ക് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. ഇടക്കിടക്ക് ലോട്ടറി എടുക്കാറുള്ള സുനീഷ് അത് അച്ഛനെ ഏല്‍പ്പിക്കാറാണ് പതിവ്. ഒന്നാം തീയതി വൈകുന്നേരം മാതൃസഹോദരിയുടെ മക്കളായ കണ്ണനും വിജീഷും കൂടിയാണ് ഫലം നോക്കിയത് ചെറിയ തുകള്‍ ഒന്നും ഇല്ലെന്നറിഞ്ഞതോടെ വെറുതെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ നമ്പര്‍ ഒത്തുനോക്കിയപ്പോള്‍ തങ്ങള്‍ ഞെട്ടി പോയതായി ഇവര്‍ പറഞ്ഞു. 

Latest Videos

undefined

Lottery Winner :‍ ചങ്ങാതി കടം കൊടുത്ത 50 രൂപയുടെ വില ഒരു കോടി; കോടീശ്വരനായി ദിവാകരൻ

ആകെ അമ്പരന്നു പോയ ഇവര്‍ വീട്ടില്‍ പോയി അച്ഛനോടും ഭാര്യ മോളിയോടും കാര്യം പറഞ്ഞു. തുടര്‍ന്ന് ചന്ദ്രന്‍ സമ്മാനമായ ടിക്കറ്റ് ഭദ്രമായി ഒരു കവറില്‍ സൂക്ഷിച്ചു വെച്ചു. തുടര്‍നടപടികളെ കുറിച്ച് ചന്ദ്രനും വലിയ നിശ്ചയമില്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ രണ്ടു ദിവസം ടിക്കറ്റ് വീട്ടില്‍ തന്നെ സൂക്ഷിച്ചു. ഈ സമയം പുറത്തുള്ളവര്‍ ആരും സംഭവം അറിഞ്ഞിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞ് അയല്‍പ്പക്കത്തെ ഷമീറിന്റെ വീട്ടിലെത്തുകയും ഷമീറിന്റെ ഭാര്യ ബെന്‍സീറ ചന്ദ്രനെയും കുടുംബത്തെയും കൂട്ടി കോറോം കനറാ ബാങ്കില്‍ എത്തി ബാങ്ക് മാനേജര്‍ ജോയിയെ ടിക്കറ്റ് ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. 

കയറിക്കിടക്കാന്‍ ചോര്‍ച്ചയില്ലാത്ത വീടും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്‍കണമെന്നാണ് ചന്ദ്രന്റെ  ആഗ്രഹം. നിലവില്‍ പഞ്ചായത്തില്‍ നിന്നും അനുവദിച്ച വീടിന്റെ പണി തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. കരാറുകാരന്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ മൂന്നു തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ഇവര്‍ പറയുന്നു. വീടുപണി തീരാത്തതിനാല്‍ തൊട്ടടുത്തായി എടുത്ത ഷെഡും ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയി. ഇപ്പോള്‍ കുടുംബ വീടായ മൊട്ടമ്മല്‍ കോളനിയിലാണ് ഇവർ താമസിക്കുന്നത്. അഞ്ചു മക്കളും അമ്മയും രണ്ടു ഭാര്യ സഹോദരിമാരും ഉള്‍പ്പെടെ പത്ത് പേരാണ് ഈ കൊച്ചു വീട്ടില്‍ കഴിയുന്നത്. മകള്‍ സുസ്മിത മാനന്തവാടി സ്വകാര്യ കോളേജില്‍ ബിരുദത്തിന് പഠിക്കുകയാണ്.

click me!