ടിക്കറ്റ് ബാങ്കിൽ കൈമാറുന്നത് വരെ എല്ലാം രഹസ്യമായി വച്ചതാണെന്ന് പറയുകയാണ് ജയപാലന്റെ മകൻ.
കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ച സന്തോഷത്തിലാണ് മരട് മനോരമ നഗറിലെ ജയപാലനും കുടുംബവും. ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത് ഓട്ടോഡ്രൈവറായ ജയപാലനാണ്. നിനച്ചിരിക്കാതെ ഭാഗ്യദേവത കനിഞ്ഞതിൽ വളരെയധികം സന്തോഷമാണെന്ന് ഈ കുടുംബം ഒരേ സ്വരത്തിൽ പറയുന്നു.
മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കിടെയാണ് ജയപാലനാണ് കേരളമന്വേഷിക്കുന്ന ഭാഗ്യശാലിയെന്ന് പുറംലോകം അറിയുന്നത്. ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവി തനിക്കാണ് ഒന്നാം സമ്മാനമെന്ന വാദമുന്നയിച്ചതായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം. ഇപ്പോഴിതാ ടിക്കറ്റ് ബാങ്കിൽ കൈമാറുന്നത് വരെ എല്ലാം രഹസ്യമായി വച്ചതാണെന്ന് പറയുകയാണ് ജയപാലന്റെ മകൻ.
undefined
സെയ്തലവി അവകാശവാദമുന്നയിച്ച് വന്നുവല്ലോ എന്ന ചോദ്യത്തിന് "ഞങ്ങൾക്ക് സന്തോഷം. ഞങ്ങളുടെ പുറകെ ആരും വരില്ലല്ലോ. സാവദാനം ബാങ്കിൽ പോയി ടിക്കറ്റ് കൈമാറി എല്ലാം ചെയ്തു വന്നു. ഇല്ലെങ്കിൽ എല്ലാവരും ഞങ്ങളുടെ പുറകെ ആയിരിക്കുമായിരുന്നു. അതോണ്ട് അങ്ങനെ പോകട്ടെ എന്ന് വിചാരിച്ചു. അതാണ് എല്ലാം കഴിഞ്ഞ് ഞങ്ങൾ പറഞ്ഞത്. ടിക്കറ്റ് കൈമാറുന്നത് വരെ ആരോടും പറഞ്ഞില്ല. എല്ലാം രഹസ്യമായി വച്ചു", എന്നായിരുന്നു മകന്റെ മറുപടി.
ഇന്ന് രാവിലെയോടെയാണ് ഓണം ബമ്പറായ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി മലയാളിയായ സെയ്തലവി രംഗത്തെത്തിയത്. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. എന്നാൽ ടിക്കറ്റെടുത്തെന്ന് പറഞ്ഞ സുഹൃത്ത് ഈ വാദം നിഷേധിച്ചു. ടിക്കറ്റ് വിറ്റത് എറണാകുളത്ത് തന്നെയാണെന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസീസ് അപ്പോഴും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവിൽ കാനറാ ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ച ശേഷമാണ് ജയപാലൻ താനാണ് ആ ഭാഗ്യവാനെന്ന് മലയാളികളോട് വിളിച്ചുപറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona